Image for representation
വടകര: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ച് ഓണ്‍ലൈന്‍ ട്രേഡിംഗിന്‍റെ പേരില്‍ കോടഞ്ചേരി, തിരുവമ്പാടി സ്വദേശികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സൈബര്‍ തട്ടിപ്പിനിരയായി കോടഞ്ചേരി സ്വദേശിയായ വീട്ടമ്മയ്ക്ക് 49,20,000 രൂപയും തിരുവമ്പാടി സ്വദേശിയായ കര്‍ഷകന് 49,10,000 രൂപയുമാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ സൈബര്‍ ക്രൈം പൊലിസും തിരുവമ്പാടി പൊലിസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫേസ്ബുക്കിലൂടെ കാണാനിടയായ, കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍റേതുള്‍പ്പെടെയുള്ള വ്യാജ വീഡിയോ കാണിച്ചാണ് തട്ടിപ്പുകാര്‍ വീട്ടമ്മയെ വിശ്വസിപ്പിച്ചത്. ട്രേഡിംഗിലൂടെ മികച്ച ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞ് പറഞ്ഞ് ഇവരില്‍ നിന്നു പണം തട്ടിയെടുക്കുകയായിരുന്നു.
യൂട്യൂബിലൂടെ കണ്ട വീഡിയോ വിശ്വസിച്ച്, വിദേശത്ത് നിന്നു മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താല്‍ മികച്ച ലാഭം നേടാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മുന്‍ പ്രവാസിയായ തിരുവമ്പാടിയിലെ കര്‍ഷകനെ തട്ടിപ്പില്‍ കുടുക്കിയത്. തട്ടിപ്പുകാര്‍ നിര്‍ദ്ദേശിച്ച അക്കൗണ്ടിലേക്ക് ഇദ്ദേഹം പണം നിക്ഷേപിക്കുകയായിരുന്നു.
പ്രതികള്‍ വാടകയ്ക്ക് എടുത്ത വിവിധ മ്യൂള്‍ അക്കൗണ്ടുകളിലേക്കും കറന്‍റ് അക്കൗണ്ടുകളിലേക്കുമാണ് തട്ടിപ്പിനിരയാകുന്നവരുടെ പണം ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി ഇത്തരം വ്യാജ വീഡിയോകള്‍ പ്രചരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നു പൊലിസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാങ്ക് ജീവനക്കാരും ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പൊലിസ് അറിയിച്ചു.
Tags : CyberCrime Crime PoliceCase Housewife