കാഷ്മീരിൽ വീരമൃത്യുവരിച്ച സ്പെഷ്യൽ പൊലിസ് ഓഫീസർമാർ.
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കിഷ്ത്വാറിൽ പട്രോളിങ്ങിനിടെ കാണാതായ രണ്ട് സ്പെഷ്യൽ പൊലിസ് ഓഫീസർമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. റീഷിപാൽ (40), ബോബി ചന്ദ് (54) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും ദേഹമാസകലം വെടിയേറ്റ നിലയിലാണ്.
സംഭവത്തിന് പിന്നിൽ ഭീകരരാണെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ സേനയുടെ സംയുക്ത തെരച്ചിൽ ശക്തമാക്കി. സൈന്യം, പൊലിസ്, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.കിഷ്ത്വാറിലെ മർവാർ മേഖലയിലുള്ള ദെഹാർന വനമേഖലയിൽ ബുധനാഴ്ച ഉച്ചയ്ക്ക് പട്രോളിങ്ങിന് പോയ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു ഇരുവരും.
കിയാർ ദച്ചനിൽനിന്ന് ഇന്ദർവാൻ മേഖലയിലെ ബസ്നാനിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇവരെ കാണാതായത്. ബസ്നാനിൽ വിന്യസിച്ചിരുന്ന കരസേനയുടെ 17 രാഷ്ട്രീയ റൈഫിൾസ് വിഭാഗത്തിന് പകരം ചുമതലയേൽക്കാനായിരുന്നു ഇവരുടെ യാത്ര. അതേസമയം ബുധനാഴ്ച ഉച്ചയ്ക്ക് 3.30ഓടെ വനമേഖലയിൽ വെടിയൊച്ച കേട്ടതായി പ്രദേശവാസികൾ അറിയിച്ചു. ഇതിന് പിന്നാലെ മർവാർ മേഖലയിലെ മൊബൈൽ നെറ്റ്വർക്ക് സേവനങ്ങളും തടസപ്പെട്ടു.
തുടർന്ന് ഉദ്യോഗസ്ഥരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെ വൈകുന്നേരം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള എസ്ഒജി സംഘം വനമേഖലയിലേക്ക് തിരിച്ചു. തുടർന്നുള്ള തെരച്ചിലിലാണ് വ്യാഴാഴ്ച ദച്ചൻ വനമേഖലയിൽനിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ ആയുധങ്ങളും കാണാതായിട്ടുണ്ട്.
Tags : Terrorism Kashmir Kishtwar JammuAndKashmir PoliceOfficers SpecialPoliceOfficers SecurityForces AntiTerrorOperation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash