പി.പി.ദിവ്യ
കണ്ണൂർ: പി.പി.ദിവ്യക്കെതിരായ ബെനാമി ആരോപണത്തിൽ അന്വേഷണം ഊർജിതമാക്കി വിജിലൻസ്. അന്വേഷണത്തിന്റെ ഭാഗമായി കാർട്ടൺ ഇന്ത്യ കമ്പനി മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ആസിഫിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് മൊഴിയെടുത്തത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലും കാർട്ടൺ ഇന്ത്യയുടെ ഓഫീസിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കമ്പനി എംഡിയുടെ മൊഴി രേഖപ്പെടുത്തിയത്. കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാറുമായി ബന്ധപ്പെട്ട രേഖകളും ജിഎസ്ടി അടച്ചതിന്റെ രേഖകളും ഹാജരാക്കാൻ വിജിലൻസ് നേരത്തെ നിർദേശം നൽകിയിരുന്നു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ ടെൻഡർ നടപടികൾ ഒഴിവാക്കി കാർട്ടൺ അലൈൻസ് ഇന്ത്യ എന്ന സ്വകാര്യ കമ്പനിക്ക് നിർമാണ കരാർ നൽകിയെന്നാണ് പ്രധാന ആരോപണം. 12 കോടിയുടെ അനധികൃത ഇടപാട് നടന്നെന്നും കമ്പനി ദിവ്യയുടെ ബെനാമി സ്ഥാപനമാണെന്നുമാണ് പരാതിയിലെ ആരോപണം. വിജിലൻസ് ഉത്തരമേഖലാ എസ്പിക്കാണ് അന്വേഷണ ചുമതല.
കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് അന്വേഷണം. കാർട്ടൺ ഇന്ത്യ ദിവ്യയുടെ ബെനാമി കമ്പനിയാണെന്നും വഴിവിട്ട് കരാറുകൾ നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്നുമാരോപിച്ചാണ് മുഹമ്മദ് ഷമ്മാസ് വിജിലൻസിന് പരാതി നൽകിയത്.
Tags : Cartoon India PP Divya Muhammad Asif Vigilance Investigation Benami Allegation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash