വളർമതി വീണ്ടും സമരപ്പന്തലിൽ എത്തിയപ്പോൾ.
തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി എസ്. വളർമതി ആശുപത്രിയിൽ നിന്ന് വീണ്ടും സമരപ്പന്തലിലെത്തി നിരാഹാര സമരം പുനരാരംഭിച്ചു. അടിച്ചമർത്താൻ ശ്രമിച്ചാലും സമരം തുടരുമെന്നും വളർമതി വ്യക്തമാക്കി. പൊലിസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയ വളർമതി വ്യാഴാഴ്ചയാണ് സമരപ്പന്തലിലെത്തിയത്.
ഇതിനിടെ എസ്എഫ്ഐയും എഐവൈഎഫും സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്നിട്ടും തന്നെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് വളർമതി ആരോപിച്ചു. സമരവേദിയിൽ സംസാരിക്കുന്നതിൽ നിന്ന് തടയുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു. സമരം വീണ്ടും പന്തലിൽ തുടരുമെന്നും സമരത്തെ അടിച്ചമർത്താമെന്ന് ആരും കരുതേണ്ടെന്നും വളർമതി വ്യക്തമാക്കി.
ആരോഗ്യനില മോശമായ ഒരാളോടാണോ പൊലിസ് ഇത്രയും ബലപ്രയോഗം നടത്തിയതെന്ന് അവർ ചോദിച്ചു. തന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടത് സർക്കാരാണെന്നും വളർമതി പറഞ്ഞു. ഇന്ന് മുതൽ രണ്ടുപേർ കൂടി നിരാഹാര സമരം ആരംഭിക്കുമെന്നും സമരക്കാർ അറിയിച്ചു. സമരപ്പന്തൽ പൊളിച്ചുനീക്കാൻ നേതൃത്വം നൽകിയത് കന്റോൺമെന്റ് സിഐ സതീഷ് കുമാറാണെന്നും വളർമതി ആരോപിച്ചു.
കാലാനുസൃതമായി എല്ലാ സ്കൂളുകളിലും അധ്യാപക- വിദ്യാർഥി അനുപാതം കുറച്ച് കൊടുക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. അതൊന്നും സാമ്പത്തിക ബാധ്യതയുടെ പേരിൽ തള്ളിക്കളയേണ്ടതല്ല. ബാധ്യതയുണ്ടായിട്ടും ഖജനാവ് ധൂർത്തടിക്കുന്ന ഒരുപാട് രംഗങ്ങൾ നമ്മൾ കണ്ടതാണ്. അതിനേക്കുറിച്ച് ഇനി പറയുന്നില്ല. സമരം തുടരുമെന്നും വളർമതി വ്യക്തമാക്കി.
Tags : Valarmathi LPSAProtest SecretariatProtest HungerStrike Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash