തിരുവനന്തപുരം: സമരവേദിയിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് ശ്രദ്ധനേടിയ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരസമിതി നേതാവ് വളർമതിയെ പൊലിസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരാഹാരസമരം അനുഷ്ഠിക്കുകയായിരുന്ന വളർമതിയുടെ ആരോഗ്യനില മോശമായെന്നാരോപിച്ചാണ് പൊലിസ് ഇന്നലെ ഉച്ചയ്ക്ക് വളർമതിയെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്.
സമരത്തിന് പിന്തുണയുമായെത്തിയ എബിവിപി. യുവമോർച്ച പ്രവർത്തകർ പൊലിസ് നടപടിയെ എതിർത്തു. എട്ടോളം വരുന്ന യുവമോർച്ച പ്രവർത്തകരെപൊലിസ് ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് വളർമതിയെ അറസ്റ്റ് ചെയ്തത്.
ഗതാഗത തടസം, സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി സമരസമിതിക്കാർക്കെതിരെ കന്റോണ്മെന്റ് പൊലിസ് ഇന്നലെ കേസെടുത്തിരുന്നു.
വളർമതി ഉൾപ്പെടെ നിരവധി പേർക്കെതിരെയാണ് പോലിസ് കേസെടുത്തത്. സെക്രട്ടറിയേറ്റ് സമരഗേറ്റിനു മുന്നിൽ കട്ടിലിൽ കിടന്ന് പ്രതിഷേധിച്ച വളർമതിയെ വനിതാ പോലീസ് സംഘം അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.