കേരള ഹൈക്കോടതി, ടോമിൻ തച്ചങ്കരി (File Photo)
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയ അപേക്ഷ മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരി പിന്‍വലിച്ചു. വിദേശത്തേക്ക് ജോലിക്ക് പോകാന്‍ അനുമതി തേടിയാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അറിയിച്ചതോടെ തച്ചങ്കരിയെ രൂക്ഷഭാഷയില്‍ ഹൈക്കോടതി വിമര്‍ശിച്ചു.
ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ പിന്‍വലിച്ചാലും തച്ചങ്കരിയുടെ അസുഖത്തെ കുറിച്ച് അറിയാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാകണമെന്നും തച്ചങ്കരിയോട് കോടതി നിര്‍ദേശിച്ചു.
തച്ചങ്കരി ജയില്‍ ഡിജിപി ആയിരുന്ന കാലത്ത് മാത്രമാണ് ജയില്‍ കണ്ടിട്ടുള്ളത്, കേസില്‍ അറസ്റ്റിലായി ജയിലില്‍ എത്തിയെങ്കിലും ആശുപത്രിയിലേക്ക് പോയെന്നും കോടതി പറഞ്ഞു. തച്ചങ്കരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.
എന്താണ് അസുഖം എന്ന ചോദ്യത്തിന് ശ്വാസംമുട്ടല്‍ എന്നാണ് തച്ചങ്കരിയുടെ അഭിഭാഷകന്‍ മറുപടി നല്‍കിയത്. ഇതോടെ ശ്വാസംമുട്ടല്‍ ഉള്ളയാള്‍ ദുബായില്‍ പോയിട്ട് എന്ത് ചെയ്യാനാണെന്നും കോടതി ചോദിച്ചു. ഹര്‍ജി വിധി പറയാനായി മാറ്റി. അതേസമയം, കഴിഞ്ഞ രണ്ടുതവണ കേസ് പരിഗണിച്ചപ്പോഴും കോടതി തച്ചങ്കരിയെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Tags : TominJThachankary HighCourt MedicalBoard