ചന്ദ്രശേഖർ ആസാദും, അസദുദ്ദീൻ ഒവൈസി
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങളുമായി ഒവൈസിയും ചന്ദ്രശേഖർ ആസാദും. അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മും, ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായി കൈകോർത്തതോടെ സാമാജിക് പരിവർത്തൻ മോർച്ച എന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് രൂപം നൽകി. ബിജെപിയെയും സമാജ്വാദി പാർട്ടി-കോൺഗ്രസ് സഖ്യത്തെയും ഒരേസമയം ലക്ഷ്യമിടുന്ന മുന്നണി യുപിയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ദളിത്, മുസ്ലിം വോട്ടുകൾ ഏകീകരിച്ച് സംസ്ഥാനത്ത് ശക്തമായ മൂന്നാം രാഷ്ട്രീയ ബദലായി ഉയരുകയാണ് മുന്നണിയുടെ പ്രധാന ലക്ഷ്യം.
ദളിത്, മുസ്ലിം വോട്ടുകൾ ഏകീകരിക്കുമോ
ദളിത്, മുസ്ലിം വിഭാഗങ്ങളുടെ പിന്തുണ ഒരുമിപ്പിക്കുകയെന്നതാണ് പുതിയ സഖ്യത്തിന്റെ പ്രധാന രാഷ്ട്രീയ ലക്ഷ്യം. ഉത്തർപ്രദേശിലെ ജനസംഖ്യയിൽ ദളിതർ ഏകദേശം 21 ശതമാനവും മുസ്ലിംങ്ങൾ 19 ശതമാനവുമാണെന്നാണ് കണക്കുകൾ. ഇരുവിഭാഗങ്ങളെയും ചേർത്താൽ സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 40 ശതമാനം വരും. ഈ ജനവിഭാഗങ്ങളുടെ രാഷ്ട്രീയ പിന്തുണ സമാഹരിക്കാനായാൽ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.
പിന്നാക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും പരമ്പരാഗത രാഷ്ട്രീയ കക്ഷികൾ അധികാരത്തിലെത്താനുള്ള വോട്ടുബാങ്കുകളായി മാത്രം പരിഗണിക്കുകയാണെന്ന വിമർശനമാണ് ഒവൈസിയും ആസാദും ഉയർത്തുന്നത്. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, യുവാക്കളുടെ തൊഴിലില്ലായ്മ, കർഷകരുടെ പ്രതിസന്ധി, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനം തുടങ്ങിയ വിഷയങ്ങൾ മുന്നണിയുടെ പ്രധാന രാഷ്ട്രീയ അജണ്ടയിലുണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമ ഉത്തർപ്രദേശിലും പൂർവാഞ്ചലിലും ഉൾപ്പെടെ ദളിത്-മുസ്ലിം വോട്ടുകൾ നിർണായകമാകുന്ന മണ്ഡലങ്ങളിൽ പുതിയ സഖ്യത്തിന് സ്വാധീനം ചെലുത്താനാകുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. എന്നാൽ ജനസംഖ്യയിലെ ഈ വിഭാഗങ്ങളുടെ പങ്കാളിത്തം അതേ അനുപാതത്തിൽ വോട്ടായി മാറുമെന്നുറപ്പില്ല.
അഖിലേഷ് യാദവിന്റെ പിഡിഎ തന്ത്രത്തിന് വെല്ലുവിളി
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മുന്നോട്ടുവെച്ച പിഡിഎ (പിന്നാക്കക്കാർ, ദളിതർ, ന്യൂനപക്ഷങ്ങൾ) രാഷ്ട്രീയ സമവാക്യത്തിന് പുതിയ സഖ്യം വെല്ലുവിളിയായേക്കും. പിന്നാക്ക വിഭാഗങ്ങൾ, ദളിതർ, ന്യൂനപക്ഷങ്ങൾ എന്നിവരെ ഒരുമിപ്പിച്ച് ബിജെപിക്കെതിരെ വിശാലമായ സാമൂഹിക-രാഷ്ട്രീയ അടിത്തറ രൂപപ്പെടുത്തുകയായിരുന്നു അഖിലേഷിന്റെ ലക്ഷ്യം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ തന്ത്രം സമാജ്വാദി പാർട്ടിക്ക് വലിയ മുന്നേറ്റം നേടിക്കൊടുക്കുകയും ചെയ്തിരുന്നു.
ദളിത് യുവാക്കൾക്കിടയിൽ ചന്ദ്രശേഖർ ആസാദിനുള്ള സ്വീകാര്യതയും മുസ്ലിം വോട്ടർമാർക്കിടയിൽ ഒവൈസിക്കുള്ള രാഷ്ട്രീയ സ്വാധീനവും പുതിയ മുന്നണിക്ക് അനുകൂലമായി മാറിയാൽ അഖിലേഷിന്റെ സാമൂഹിക കൂട്ടായ്മയിൽ വിള്ളലുണ്ടാകാം. പ്രത്യേകിച്ച് ദളിത് രാഷ്ട്രീയത്തിൽ മായാവതിക്ക് പകരം പുതിയൊരു നേതൃമുഖമായി ഉയർന്നുവരാൻ ശ്രമിക്കുന്ന ആസാദിന്റെ സാന്നിധ്യം സമാജ്വാദി പാർട്ടിയുടെ വോട്ടുബാങ്കിലും സ്വാധീനം ചെലുത്തിയേക്കും.
മുസ്ലിം വോട്ടർമാരുടെ പിന്തുണയാണ് സമാജ്വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങളിൽ പലപ്പോഴും നിർണായകമായിട്ടുള്ളത്. ഈ വിഭാഗത്തിൽ ഒവൈസിക്ക് സ്വാധീനം വർധിപ്പിക്കാനായാൽ ന്യൂനപക്ഷ വോട്ടുകളുടെ ഒരു പങ്ക് പുതിയ മുന്നണിയിലേക്ക് മാറാൻ സാധ്യതയുണ്ട്. ദളിത്, മുസ്ലിം വോട്ടുകൾ ഒരേസമയം ചിതറുന്നത് എസ്പി-കോൺഗ്രസ് സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളെ സങ്കീർണമാക്കും. കുറഞ്ഞ വോട്ടുവ്യത്യാസത്തിൽ വിജയപരാജയങ്ങൾ നിർണയിക്കപ്പെടുന്ന മണ്ഡലങ്ങളിൽ ഇത്തരം വോട്ടുചോർച്ച വലിയ പ്രത്യാഘാതമുണ്ടാക്കുകയും ചെയ്യും.
അതേസമയം, പുതിയ സഖ്യത്തിന്റെ സാന്നിധ്യം ബിജെപിക്കെതിരായ പ്രതിപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് തടസമാകുമെന്ന ആശങ്കയുമുണ്ട്. ഒവൈസിയും ആസാദും സ്വന്തം രാഷ്ട്രീയ അടിത്തറ വിപുലീകരിക്കുന്നതിൽ വിജയിച്ചാൽ അതിന്റെ ഗുണം ബിജെപിക്ക് ലഭിക്കാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അഖിലേഷ് യാദവ് പുതിയ മുന്നണിയെ പരസ്യമായി സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഈ കൂട്ടുകെട്ട് എസ്പിക്ക് എത്രത്തോളം വെല്ലുവിളിയാകുമെന്നത് നിർണായകമാണ്.
ബിഎസ്പിയുടെ ദളിത് രാഷ്ട്രീയത്തിന് പുതിയ വെല്ലുവിളി
മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ് പാർട്ടി നേരിടുന്ന സംഘടനാപരമായ വെല്ലുവിളികൾക്കിടയിലാണ് ചന്ദ്രശേഖർ ആസാദ് ദളിത് രാഷ്ട്രീയത്തിൽ പുതിയ ഇടം തേടുന്നത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നാഗിന മണ്ഡലത്തിൽനിന്ന് വിജയിച്ച ആസാദിന് ലഭിച്ച ജനപിന്തുണ പുതിയ മുന്നണിയുടെ രാഷ്ട്രീയ പ്രതീക്ഷകൾക്ക് കരുത്തുപകരുന്ന ഘടകമാണ്. മായാവതിയുമായി സഖ്യത്തിനുള്ള താത്പര്യം നേരത്തേ ആസാദ് പ്രകടിപ്പിച്ചിരുന്നെങ്കിലും അതിന് അനുകൂലമായ രാഷ്ട്രീയ നീക്കങ്ങളുണ്ടായിരുന്നില്ല.
ഇപ്പോൾ ഒവൈസിയുമായി കൈകോർത്തതോടെ ബിഎസ്പിയുടെ പരമ്പരാഗത ദളിത് വോട്ടുബാങ്കിൽ സ്വാധീനം ചെലുത്താനുള്ള അവസരമാണ് ആസാദിന് ലഭിച്ചിരിക്കുന്നത്. ദളിത് യുവാക്കൾക്കിടയിലുള്ള ആസാദിന്റെ സ്വാധീനവും മുസ്ലിം വോട്ടർമാർക്കിടയിലെ ഒവൈസിയുടെ പിന്തുണയും ഒരുമിപ്പിക്കാൻ കഴിഞ്ഞാൽ ബിഎസ്പിക്കും സമാജ്വാദി പാർട്ടിക്കും പുതിയ മുന്നണി വെല്ലുവിളിയാകും. അതേസമയം മായാവതിയുടെ പാർട്ടിയുടെ നിലവിലുള്ള വോട്ടുബാങ്കിൽ എത്രത്തോളം വിള്ളലുണ്ടാക്കാൻ സഖ്യത്തിന് കഴിയുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
പ്രതിപക്ഷ വോട്ടുകളുടെ ഭിന്നിപ്പ്; ബിജെപിക്ക് നേട്ടമാകുമോ?
പുതിയ സഖ്യത്തിന്റെ പ്രഖ്യാപനത്തോടെ ഉത്തർപ്രദേശിൽ ബഹുമുഖ രാഷ്ട്രീയ മത്സരം ശക്തമാകുമെന്ന വിലയിരുത്തലാണ് ഉയരുന്നത്. ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റുകയാണ് ലക്ഷ്യമെന്ന് ഒവൈസിയും ആസാദും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതിപക്ഷ വോട്ടുകൾ വിഭജിക്കപ്പെടാനുള്ള സാധ്യത രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
സമാജ്വാദി പാർട്ടി-കോൺഗ്രസ് സഖ്യം, ബിഎസ്പി, സാമാജിക് പരിവർത്തൻ മോർച്ച എന്നിവർക്കിടയിൽ ദളിത്-മുസ്ലിം വോട്ടുകൾ വിഭജിക്കപ്പെട്ടാൽ അതിന്റെ രാഷ്ട്രീയ നേട്ടം ബിജെപിക്ക് ലഭിച്ചേക്കാം. പ്രത്യേകിച്ച് നേരിയ ഭൂരിപക്ഷത്തിൽ വിജയപരാജയങ്ങൾ നിർണയിക്കപ്പെടുന്ന മണ്ഡലങ്ങളിൽ പുതിയ മുന്നണിയുടെ സാന്നിധ്യം ഫലത്തെ സ്വാധീനിക്കാനിടയുണ്ട്. അതേസമയം ബിജെപിയെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്ന മറ്റു പ്രതിപക്ഷ പാർട്ടികൾക്കും സഖ്യത്തിൽ പങ്കുചേരാമെന്ന നിലപാടാണ് ഒവൈസിയും ആസാദും സ്വീകരിച്ചിരിക്കുന്നത്.
അഖിലേഷിന്റെ അയോധ്യ സന്ദർശനം പുതിയ സഖ്യത്തിന്റെ പ്രഖ്യാപനത്തിനൊപ്പം സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ അയോധ്യ സന്ദർശനവും ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുകയാണ്. ഡിസംബർ 12ന് ഭാര്യയും എംപിയുമായ ഡിംപിൾ യാദവിനൊപ്പം അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനാണ് അഖിലേഷിന്റെ തീരുമാനം. 2024 ജനുവരിയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനുശേഷം ക്ഷേത്രത്തിലെത്തുന്ന അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമായിരിക്കും ഇത്. ഹനുമാൻഗഢിയിലും ദർശനം നടത്തിയ ശേഷമായിരിക്കും രാമക്ഷേത്രത്തിലെത്തുകയെന്നാണ് പുറത്തുവന്ന വിവരം.
2027ലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ നീക്കം വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്. ദൈവം എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും മതപരമായ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിൽ രാഷ്ട്രീയ വിവേചനം ഉണ്ടാകേണ്ടതില്ലെന്നുമാണ് അഖിലേഷിന്റെ നിലപാട്. സമാജ്വാദി പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ അയോധ്യയെ സനാതന തീർഥാടനത്തിന്റെ ആഗോള കേന്ദ്രമായി വികസിപ്പിക്കുമെന്ന വാഗ്ദാനവും അഖിലേഷ് യാദവ് മുന്നോട്ടുവെച്ചിട്ടുണ്ട്.
മറു തന്ത്രവുമായി ബിജെപി
പത്ത് വർഷത്തെ ഭരണവിരുദ്ധ വികാരം മറികടക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. സ്ഥാനാർഥി നിർണയത്തിൽ വലിയ അഴിച്ചുപണിക്കാണ് ഒരുങ്ങുന്നതെന്നാണ് സൂചന. നിലവിലുള്ള എംഎൽഎമാരിൽ പകുതിയിലധികം പേരെ ഇത്തവണ മാറ്റിനിർത്തി പുതുമുഖങ്ങൾക്ക് അവസരം നൽകാനുള്ള നീക്കം പാർട്ടി പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഭരണവിരുദ്ധ വികാരത്തിന്റെ ആഘാതം കുറയ്ക്കുന്നതിനൊപ്പം താഴെത്തട്ടിലെ സംഘടനാ സംവിധാനവും ബൂത്ത് തലത്തിലുള്ള പ്രവർത്തനശേഷിയും പരമാവധി പ്രയോജനപ്പെടുത്താനാണ് ബിജെപിയുടെ ലക്ഷ്യം.
എന്നാൽ ഭരണവിരുദ്ധ വികാരം മാത്രം തെരഞ്ഞെടുപ്പിൽ നിർണായകമാകില്ലെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം. ശക്തമായ സംഘടനാ സംവിധാനവും കൃത്യമായ തെരഞ്ഞെടുപ്പ് ആസൂത്രണവും വോട്ടർമാരെ സ്വാധീനിക്കാനുള്ള പ്രചാരണ തന്ത്രങ്ങളും ബിജെപിയുടെ പ്രധാന കരുത്തുകളാണ്. അതിനാൽ ഭരണത്തിനെതിരായ അസംതൃപ്തിയെ സംഘടനാ ശക്തിയിലൂടെ മറികടക്കാനാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
നിർണായകമാകുന്നത് പുതിയ വോട്ടുസമവാക്യങ്ങൾ
ഒവൈസി-ആസാദ് സഖ്യത്തിന്റെ രൂപീകരണവും അഖിലേഷ് യാദവിന്റെ അയോധ്യ സന്ദർശന പ്രഖ്യാപനവും ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പുതിയ മാനം നൽകുകയാണ്. ദളിത്-മുസ്ലിം വോട്ടുകളുടെ ഏകീകരണത്തിലൂടെ പുതിയ രാഷ്ട്രീയ ശക്തിയായി വളരാനാണ് സാമാജിക് പരിവർത്തൻ മോർച്ചയുടെ ശ്രമം. അതേസമയം പിഡിഎ സമവാക്യം നിലനിർത്താനും ഹിന്ദു വോട്ടർമാർക്കിടയിൽ സ്വാധീനം വർധിപ്പിക്കാനും സമാജ്വാദി പാർട്ടിയും നീക്കങ്ങൾ ശക്തമാക്കുകയാണ്.
Tags : SamajikParivartanMorcha Owaisi ChandrashekharAzad UPPolitics AzadSamajParty AkhileshYadav