മാറനല്ലൂർ: വീട്ട് വളപ്പിൽ നിന്ന ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയും പിടിയിൽ. പാറശാല കുറുങ്കുണ്ടി സ്വദേശി ബിജുവാണ് പിടിയിലായത്. ഒന്നാം പ്രതി സുകുവിനെ നേരത്തെ തന്നെ പിടികൂടിയിരുന്നു. ബിജു ഒളിവിലായിരുന്നു.
കണ്ടല അരുമാളൂർ ഭാഗത്ത് പ്രതാപചന്ദ്രൻ നായരുടെ വീട്ടിൽ നിന്ന മരമാണ് മുറിച്ചുകടത്താൻ ശ്രമിച്ചത്. കരമനയിൽ താമസിക്കുന്ന ഇദ്ദേഹത്തിന്റെ തറവാട് വീട്ടിലെ ചന്ദന മരമാണ് മുറിച്ചത്. വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കിയ സുകുവും ബിജുവും മതിൽ ചാടി കടന്ന് മരം മുറിക്കുകയായിരുന്നു. രണ്ട് അടി നീളം വരുന്ന ചന്ദനമരം മൂടോടെ മുറിച്ചിട്ടു. ശബ്ദം കേട്ട അയൽക്കാർ നോക്കുമ്പോഴാണ് ഇവരെ കണ്ടത്. തുടർന്ന് വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു. സ്ഥിരമായി ചന്ദന കൊള്ള നടത്തുന്ന സംഘങ്ങളുമായി ബന്ധമുള്ളയാളാണ് സുകു .ബിജുവിനെ റിമാൻഡ് ചെയ്തു.