പ്രതീകാത്മക ചിത്രം
പാലാ: കൊല്ലപ്പള്ളി കാരിക്കവയലിലെ ഫാം ഹൗസിൽ കവർച്ച നടത്തി പെട്ടി ഓട്ടോ, സ്കൂട്ടർ, മൊബൈൽ ഫോൺ, പണം, കമ്പനി രേഖകൾ എന്നിവ മോഷ്ടിച്ച കേസിൽ രണ്ടു പ്രതികളെക്കൂടി മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞിരപ്പള്ളി തോട്ടുമുഖം മുഞ്ഞനാട്ടുപറമ്പിൽ വീട്ടിൽ ആഷിക് മുഹമ്മദ് (22), മുണ്ടക്കയം കൂട്ടിക്കൽ കരിപ്പായിൽ വീട്ടിൽ ഇനായത്ത് കെ. റസാക്ക് (22) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി അൽത്താഫ് നൂഹ് മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുകയാണ്.
കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് രാത്രി 10നും പുലർച്ചെ ആറിനും ഇടയിലാണ് സംഭവം. കൊല്ലപ്പള്ളി കാരിക്കവയലിൽ പ്രവർത്തിക്കുന്ന ഫാം വിന്റേജ് പ്രമോട്ടേഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാം ഹൗസിൽ അതിക്രമിച്ച് കയറി മാനേജിംഗ് പാർട്ണറുടെ മുറിയിൽനിന്ന് 3,000 രൂപയും മൊബൈൽ ഫോണും മോഷ്ടിക്കുകയും ഓഫീസിന്റെയും വാഹനങ്ങളുടെയും താക്കോൽ കൈക്കലാക്കി കമ്പനി ഓഫീസിൽ കയറി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും അപഹരിച്ചു. കമ്പനി വളപ്പിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷയും സ്കൂട്ടറും മോഷ്ടിച്ചു കടക്കുകയായിരുന്നു.
ആകെ 2.38 ലക്ഷം രൂപയുടെ സ്വത്തുക്കളും 3,000 രൂപയും കമ്പനി രേഖകളും നഷ്ടപ്പെട്ടതായാണ് പോലീസിന് ലഭിച്ച പരാതി.പ്രതികളെ ഈരാറ്റുപേട്ട ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : Local News Nattuvishesham Theft Kollappally arrested