National
ന്യൂഡൽഹി: ഡിജിറ്റൽ മുന്നേറ്റമായി വളർന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ ജന്തർ മന്തറിലെ പ്രതിഷേധത്തിൽ ചർച്ചാവിഷയമായി സമരക്കാർ ഉയർത്തിക്കാട്ടുന്ന പോസ്റ്ററുകളും.
ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും സർക്കാരിന്റെ ഏകാധിപത്യ പ്രവണതയെ കുറ്റപ്പെടുത്തിയും പുതുതലമുറയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതിനെതിരേ വിമർശനമുന്നയിച്ചും നൂറുകണക്കിനു പോസ്റ്ററുകളാണ് ജന്തർ മന്തറിൽ ഉയർത്തുന്നത്.
സർഗാത്മകതകൊണ്ടും ആഖ്യാനഭംഗികൊണ്ടും ജന്തർ മന്തറിലുയരുന്ന മുദ്രാവാക്യങ്ങളെക്കാൾ ശക്തമാകുകയാണ് കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണയ്ക്കുന്നവർ സ്വന്തം കൈപ്പടയിൽ തയാറാക്കുന്ന പോസ്റ്ററുകൾ.
ചിന്ത നിയമവിധേയമായിരിക്കുമ്പോൾത്തന്നെ ചിന്തിക്കുക, ഞങ്ങൾ പഠിച്ചു നിങ്ങൾ പരാജയപ്പെട്ടു, സിഎം മോദി ടു പിഎം നാസി എന്നിങ്ങനെയാണ് പോസ്റ്ററുകൾ. ഓൺലൈനി കാർട്ടൂണുകൾ നീക്കം ചെയ്താൽ വിദ്യാർഥികളും യുവാക്കളും കടലാസിലെ കലാവിഷ്കാരത്തിലൂടെ പ്രതിരോധിക്കുമെന്ന് പ്രതിഷേധക്കാർ പറയുന്നു.
നിരവധി യുവാക്കളാണ് ജന്തർ മന്തറിന്റെ സമരഭൂമിയിലിരുന്ന് പ്രതിഷേധ മുദ്രാവാക്യങ്ങളും കാർട്ടൂണുകളുമടങ്ങുന്ന പോസ്റ്ററുകൾ എഴുതി വരച്ചു തയാറാക്കുന്നത്. ജന്തർ മന്തറിൽ ഉയർത്തിപ്പിടിച്ച കൈകൾക്കിടയിലെ പോസ്റ്ററുകളിൽ കുട്ടികളും മാതാപിതാക്കളുമടക്കമുള്ളവർ എഴുതി തയാറാക്കിയ പോസ്റ്ററുകളുമുണ്ട്.
Kerala
തൃശൂർ: അമല, ജൂബിലി ആശുപത്രികൾക്കെതിരേ നടക്കുന്നത് നഴ്സുമാരുടെ സമരമല്ല യുഎൻഎയുടെ സ്പോണ്സേഡ് പൊറാട്ടുനാടകമാണെന്നു കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. യുഎൻഎ സമരത്തിന്റെ പേരിൽ തൃശൂർ അതിരൂപതയെയും അധ്യക്ഷനെയും അവഹേളിക്കുന്നതിനെതിരേ ടൗൺ ഹാളിൽ സംഘടിപ്പിച്ച പ്രതിരോധസംഗമം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭയ്ക്ക് ഒരു മഹിതമായ ചരിത്രമുണ്ട്. ചിലർ സോഷ്യൽ മീഡിയ പ്രചാരണത്തിലൂടെയും മറ്റും തെറ്റിദ്ധാരണയുണ്ടാക്കുന്പോൾ എന്താണു സത്യമെന്ന് വെളിപ്പെടുത്താനാണ് തൃശൂർ അതിരൂപത പ്രതിരോധ സംഗമം സംഘടിപ്പിച്ചെതന്നും അദ്ദേഹം പറഞ്ഞു. വിധ്വംസക ശക്തികളുടെ സംഘടിത ശ്രമങ്ങൾക്ക് നേരേയുള്ള ശക്തമായ എതിർപ്പാണ് ഈ സംഗമം.
ആതുരശുശ്രൂഷാ മേഖലയിൽ ഇതുവരെയും സർക്കാർ, നിയമ സംവിധാനങ്ങളോടുചേർന്നു മാത്രമാണു സഭ പ്രവർത്തിച്ചിട്ടുള്ളത്. സാധാരണക്കാരന് കൈത്താങ്ങാകുന്ന ജൂബിലി, അമല ആശുപത്രികൾക്കെതിരേ നടക്കുന്ന ഒരു പൊറാട്ടുനാടകവും വിലപ്പോകില്ല. മൾട്ടി സ്പെഷാലിറ്റി ആശുപത്രികളെ ആശ്രയിക്കാൻ കഴിയാത്ത സാധാരണക്കാർക്ക് ആശ്രയമായ ഈ ആശുപത്രികളെ തകർത്ത് ആർക്കൊക്കെയോ ഇവിടേക്കു കടന്നുവരാനുണ്ടെന്ന സൂചനയാണ് യുഎൻഎ സമരം. ആരാണ് ഇതിനു പിന്നിലെന്ന ആശങ്കയാണ് ഉയർന്നുവരേണ്ടതെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
എന്തിനോവേണ്ടി സമരത്തിനിറങ്ങിത്തിരിച്ച നഴ്സുമാർ യുഎൻഎയുടെ ആസൂത്രിത കച്ചവടതാത്പര്യം തിരിച്ചറിയണം. ഒഴിവു വരുന്നതനുസരിച്ച് തിരിച്ചെടുക്കാമെന്ന മാനജ്മെന്റ് മനോഭാത്തേനക്കാൾകൂടുതലെന്താണു നൽകേണ്ടത്? എന്തിനായിരുന്നു സഭാ കേന്ദ്രത്തിലേക്കുള്ള തിരക്കിട്ട മാർച്ച്? സഭാവിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നവർക്കൊപ്പം അണിനിരന്ന് അതിരൂപതാധ്യക്ഷന്റെ വസതിയിലേക്ക് ഇരച്ചുകയറിയതെന്തിന്?സമരത്തിന്റെ മറവിലുള്ള കാപട്യങ്ങൾ കേരളത്തിൽ നടക്കില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അടവുനയവുമായി എത്തുന്ന യുഎൻഎയുടെ കുഴലൂത്തുകാരുടെ പദ്ധതികൾ ഇവിടെ നടപ്പാകില്ല. വിദ്യാഭ്യാസ, ആതുരസേവന രംഗത്തെ സേവനങ്ങൾ സഭ മുന്നോട്ടുകൊണ്ടുപോകുമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
District News
ഇരിങ്ങാലക്കുട: കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്ക്ക് ശക്തിപകര്ന്നതും അയിത്തത്തിനെതിരായ പോരാട്ടചരിത്രത്തില് തനതായ സ്ഥാനം നേടിയതുമായ കുട്ടംകുളം സമരസ്മൃതികൾ ഇന്ന് എണ്പതുവര്ഷം പിന്നിടുന്നു.
കൂടല്മാണിക്യം ക്ഷേത്ര മതില്ക്കെട്ടിന് മുന്പില് മൂന്ന് ഏക്കറോളം വിസ്തൃതമായതാണ് കുട്ടംകുളം. ഉയര്ന്നജാതിയിലുള്ളവര്ക്ക് മാത്രമേ ഇതിനുസമീപത്തുള്ള വഴിയിലൂടെ സഞ്ചരിക്കാന് അനുവാദമുണ്ടായിരുന്നുള്ളു. ഈ വഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു കുട്ടംകുളം സമരം. സമസ്ത കൊച്ചി പുലയമഹാസഭയുടെ വാര്ഷിക സമ്മേളന ഫണ്ട് പിരിക്കുന്നതിനായി കുറച്ചു യുവതികള് ഇവിടെയെത്തിയപ്പോള് എതിര്പ്പുകള് നേരിടേണ്ടിവന്നു.
ഇതില് ക്ഷുഭിതരായ ഒരുസംഘം യുവാക്കള് പിറ്റേന്ന് സൈക്കിളില് ജാഥയായി കൂട്ടംകുളം റോഡില് പ്രവേശിച്ചുവെങ്കിലും ഇവര്ക്കെതിരെ കെെയേറ്റംനടന്നു. എന്.പി. വേലായുധനായിരുന്നു സൈക്കിള് ജാഥയുടെ ക്യാപ്റ്റന്. കുട്ടന്കുളത്തിന് കിഴക്കുവശം സ്ഥാപിച്ചിരുന്ന അയിത്തജാതിക്കാര്ക്കും അഹിന്ദുക്കളും ഇതിലെ നടക്കരുതെന്ന് എഴുതിയ ബോര്ഡ് കമ്യൂണിസ്റ്റ് പ്രവര്ത്തകനായിരുന്ന പി.കെ. കുമാരന്റെ വളപ്പില് കുഴിച്ചുമൂടി. കുട്ടംകുളം സമരത്തിന്റെ മുന്നോടിയായിരുന്നു ഇതെല്ലാം. എന്നാല് പി.സി. കുറുമ്പയുടെ നേതൃത്വത്തില് സാരി ധരിച്ച് പ്രകടനംനടത്തിയ കീഴ്ജാതിക്കാരായ യുവതികളെ സവര്ണര് അവഹേളിച്ചതായിരുന്നു പെട്ടന്നുള്ള പ്രകോപനം.
1946 ജൂണ് 23ന് നഗരസഭാ ഓഫീസിനു മുമ്പിലുള്ള അയ്യങ്കാവു മൈതാനത്തുനിന്നാണ് കുട്ടംകുളം സമരത്തിനു തുടക്കം. എസ്എന്ഡിപി യോഗത്തിന്റെയും പ്രജാമണ്ഡലത്തിന്റെയും കമ്യൂണിസ്റ്റ് പാര്ട്ടിയുടേയും പുലയമഹാസഭയുടേയും പ്രവര്ത്തകര് അയ്യങ്കാവ് മൈതാനിയില് യോഗം കൂടി കൂടല്മാണിക്യത്തിന്റെ കിഴക്കേനടവഴിയിലേക്കു ജാഥ നടത്താന് തീരുമാനിച്ചു.
പ്രജാമണ്ഡലം പ്രതിനിധി പുതൂര് അച്യുതമേനോനായിരുന്നു അധ്യക്ഷന്. കമ്യൂണിസ്റ്റ് പാര്ട്ടി നേതാവായിരുന്ന കെ.വി. ഉണ്ണി, പി. ഗംഗാധരന്, പി.കെ. കുമാരന്, എം.ടി. കൊച്ചുമാണി എന്നിവരുടെ നേതൃത്വത്തില് ഏകദേശം രണ്ടായിരത്തോളംപേര് അണിനിരന്ന ജാഥ കുട്ടംകുളത്തിനടുത്തേക്ക് നീങ്ങി. വൈകീട്ട് 5.30 ഓടെ കുട്ടംകുളം പരിസരത്തേയ്ക്കെത്തിയ ജാഥയെ പോലീസ് അതിഭീകരമായാണ് നേരിട്ടത്.
കുട്ടംകുളത്തിനു കിഴക്കുഭാഗത്തുവച്ച് സര്ക്കിള് ഇന്സ്പെക്ടര് സൈമണ് മാഞ്ഞൂരാന്റെയും ഇന്സ്പെക്ടര് ശങ്കുണ്ണിയുടെയും നേതൃത്വത്തില് വന് പോലീസ് സന്നാഹം പ്രകടനക്കാരെ തടഞ്ഞു. ഇതിനിടയില് പി. ഗംഗാധരനെ ഇന്സ്പെക്ടര് തള്ളിയതോടെ പോലീസ് വലയംഭേദിച്ച് മുമ്പോട്ടുനീങ്ങാന് ജാഥാംഗങ്ങള് ശ്രമിച്ചു. ഇതോടെ പോലീസ് സമരക്കാരെ വളഞ്ഞിട്ടുതല്ലി. വഴിനീളെ ചോരയൊഴുകി. മര്ദനമേറ്റ് സഹികെട്ട കെ.വി. ഉണ്ണി കൊടികെട്ടിയ വടികൊണ്ട് പോലീസിനെ തിരിച്ചടിച്ചു.
അടിയേറ്റ പോലീസുകാരന്റെ ചെവിപൊട്ടി രക്തംവാര്ന്നതോടെ മര്ദനം ഭീകരമായി. അതിക്രൂരമായ ലാത്തിചാര്ജും ബയണറ്റു പ്രയോഗവുമാണ് പിന്നീട് സമരക്കാര്ക്കുനേരെ പോലീസ് നടത്തിയത്. കൊച്ചിരാജ്യത്ത് ഒരു സമരത്തില് ആദ്യമായി ബയണറ്റ് ഉപയോഗിക്കുന്നത് കുട്ടംകുളം സമരത്തിലാണ്. കെ.വി. ഉണ്ണിയേയും പി. ഗംഗാധരനേയും കുളത്തിനടുത്ത് ഇലക്ട്രിക് പോസ്റ്റില് കെട്ടിയിട്ട് രാത്രി വൈകുംവരെ തല്ലിയാണ് പോലീസ് കലിയടക്കിയത്. കുറച്ചുപേരെ പോലീസ് പിടികൂടി ഇരിങ്ങാലക്കുട ജയിലില് എത്തിച്ചു. ജയിലിലും ഇവര് ക്രൂരമായ മര്ദനത്തിന് ഇരയായി.
കെ.വി. ഉണ്ണിയെ ലോക്കപ്പിലിട്ട് കൊല്ലാനായിരുന്നു പോലീസ് നീക്കം. എന്നാല് ഉയര്ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് അതറിഞ്ഞ് ലോക്കപ്പിന്റെ താക്കോല് സ്വന്തംവീട്ടിലേക്കു കൊണ്ടുപോയി. അടുത്തദിവസം സമരനേതാക്കളായിരുന്ന എം.കെ. തയ്യിലിനേയും പി.കെ. ചാത്തന് മാസ്റ്ററേയും അറസ്റ്റ് ചെയ്തു. പോലീസ് മര്ദനത്തില് പ്രതിഷേധിച്ച് കെ.വി.കെ. വാര്യരുടെയും സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തില്നടന്ന പ്രകടനത്തിനുനേരെയും ലാത്തിച്ചാര്ജുണ്ടായി. കെ.വി.കെ. വാര്യരെ രാജ്യദ്രോഹകുറ്റംചുമത്തി നാലുമാസം ജയിലിലിട്ടു. മാസങ്ങള് കഴിഞ്ഞാണ് ഇവര്ക്ക് ജാമ്യംലഭിച്ചത്.
സഹോദരന് അയ്യപ്പനെ പോലുള്ളവര് ഇരിങ്ങാലക്കുടയിലെത്തി യോഗങ്ങളില് പങ്കെടുക്കുകയും സമരക്കാര്ക്ക് ഐക്യദാര്ഢ്യം പ്രകടിപ്പിക്കുകയും ചെയ്തതോടെ സമരത്തിന് വന് ജനപിന്തുണയാണ് ലഭിച്ചത്. ഒന്നരവര്ഷത്തിനുശേഷം കുട്ടംകുളം പരിസരത്തുകൂടി വഴിനടക്കാന് എല്ലാ വിഭാഗത്തില്പ്പെട്ടവര്ക്കും അനുവാദം ലഭിച്ചു. കൊച്ചി രാജാവിന്റെ കീഴില് സ്ഥാനമേറ്റ പ്രജാമണ്ഡലംനേതാവ് പനമ്പിള്ളി ഗോവിന്ദമേനോന് മന്ത്രിസഭ, സമരക്കാര്ക്കെതിരേയുള്ള കേസ് പിന്വലിച്ചു.
സമാനകാലഘട്ടത്തില് നടന്ന ഗുരുവായൂര് സത്യാഗ്രഹത്തിനും പാലിയം സമരത്തിനും സ്മാരകങ്ങള് ഉയര്ന്നപ്പോള് കുട്ടംകുളം സമരത്തെക്കുറിച്ച് ഓര്ക്കാന് ഒരു സ്മാരകവും ഉയര്ന്നില്ല എന്നൊരു പരാതിയുമുണ്ട്.
National
ന്യൂഡൽഹി: രാഷ്ട്രീയ ആക്ഷേപഹാസ്യത്തിൽ തുടങ്ങി ഡിജിറ്റൽ മുന്നേറ്റമായി വളർന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നാളത്തെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് തെന്നിന്ത്യൻ സിനിമാനടൻ പ്രകാശ് രാജ്. സിജെപി നാളെ ഡൽഹി ജന്തർ മന്തറിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധത്തിന് എത്തിച്ചേരാൻ താൻ പരമാവധി ശ്രമിക്കുമെന്നും പ്രകാശ് രാജ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ബിജെപിയുടെ നിരന്തര വിമർശകനായ പ്രകാശ് രാജിന്റെ ഐക്യദാർഢ്യത്തിന് കോക്രോച്ച് ജനത പാർട്ടി തിരിച്ചു നന്ദിയും അറിയിച്ചിട്ടുണ്ട്. കാലാവസ്ഥാ-സാമൂഹ്യപ്രവർത്തകനായ സോനം വാംഗ്ചുക്കിനുശേഷം നാളത്തെ സിജെപി പ്രതിഷേധത്തിന് പരസ്യപിന്തുണ പ്രഖ്യാപിക്കുന്ന പ്രമുഖനാണ് പ്രകാശ് രാജ്.
Kerala
കൊല്ലം: പാചകവാതക വിലവർധനയ്ക്കെതിരേ ഐഎൻടിയുസി സംസ്ഥാനവ്യാപകമായി സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10ന് സംസ്ഥാനത്തെ കേന്ദ്രസ്ഥാപനങ്ങൾക്കു മുന്നിലേക്കു മാർച്ചും ധർണയും നടത്തും.
14 ജില്ലാ ആസ്ഥാനങ്ങളിലെ കേന്ദ്രസ്ഥാപനങ്ങൾക്കു മുന്നിൽ ധർണ നടത്തും. വിലവർധനപിൻവലിച്ചില്ലെങ്കിൽ ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങളിലേക്കുകടക്കുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
Kerala
തൃശൂർ: നഴ്സുമാർക്ക് സഭ എതിരല്ലെന്നും ജൂബിലി മിഷൻ ആശുപതിയിലെ നഴ്സുമാരുടെ സമരം മറ്റു ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണെന്നും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
സ്വകാര്യ ആശുപത്രികളിൽ ഏറ്റവും കൂടുതൽ ശന്പളം നൽകുന്ന ആശുപതിയാണ് ജൂബിലി. 2018ൽ സർക്കാർ ശന്പളപരിഷ്കരണം മുന്നോട്ടുവച്ചപ്പോൾ പല കോർപറേറ്റ് ആശുപത്രികളും അതിനു സ്റ്റേ വാങ്ങിയെങ്കിലും ജൂബിലി അന്ന് മുന്നോട്ടുവച്ച ശന്പളം നൽകിയിരുന്നു.
2023ൽ പുതിയ ശന്പളപരിഷ്കരണം മുന്നോട്ടുവച്ച സർക്കാർ അതിൽ തീരുമാനത്തിലെത്തിയില്ലെങ്കിലും ജൂബിലി അന്നും തുക വർധിപ്പിച്ചു. മികച്ച ശന്പളം നൽകുന്ന ജൂബിലി ആശുപതിയിൽ, പ്രത്യേകിച്ച് സമരം നടത്തുന്നത്തിന്റെ ലക്ഷ്യം മറ്റൊന്നാണ്. യുഎൻഎ മാത്രമല്ല എറണാകുളത്തെ ചില സംഘടനകൾകൂടി ഇതിനു പിന്നിലുണ്ട്.
എറണാകുളം രൂപതയെ പ്രതിസന്ധിയിലാക്കിയവർ തന്നെയാണ് ഇതിനുപിന്നിൽ. മികച്ച ശന്പളവും ചുരുങ്ങിയ നിരക്കിൽ സേവനവും നൽകുന്ന ആശുപത്രിയെ പ്രതിസന്ധിയിലാക്കി മറ്റ് ആശുപത്രികളിലേക്ക് ആളെ കൂട്ടാനുള്ള പദ്ധതിയാണിതിനു പിന്നിൽ. സർക്കാർ ശന്പളപരിഷ്കരണം മുന്നോട്ടുവച്ചാൽ അതു നടപ്പാക്കും.
നിലവിലെ സമരം ധാർമികമല്ല, അംഗീകരിക്കാൻ സാധിക്കില്ല. ചികിത്സച്ചെലവ് വർധിപ്പിച്ചാൽ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് എത്തിക്കാമെന്ന ദുരുദ്ദേശ്യമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവല്ല: സമനീതിക്കുവേണ്ടി ദളിത് ക്രൈസ്തവർ നടത്തുന്ന പോരാട്ടത്തിനു പൊതുജന പിന്തുണ അനിവാര്യമാണെന്ന് കെസിബിസി എസ് സി, എസ്ടി, ബിസി കമ്മീഷൻ ചെയർമാൻ ബിഷപ് ഗീവർഗീസ് മാർ അപ്രേം. തിരുവല്ല ശാന്തിനിലയം പാസ്റ്ററൽ സെന്ററിൽ ദളിത് കാത്തലിക് മഹാജന സഭ സംസ്ഥാന കൗൺസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
1950ൽ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവു പ്രകാരമാണ് ദളിത് ക്രൈസ്തവർക്ക് അവരുടെ ഭരണഘടനാ അവകാശം നഷ്ടമായത്. നിരവധി വർഷങ്ങളായി ഡിസിഎംഎസ് നേതൃത്വത്തിൽ ദളിത് ക്രൈസ്തവർ സമരരംഗത്താണെന്നും നീതിക്കുവേണ്ടിയുള്ള ഈ ജനതയുടെ പോരാട്ടത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും പിന്തുണയ്ക്കണമെന്നും ഗീവർഗീസ് മാർ അപ്രേം അഭ്യർഥിച്ചു.
അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിനുത്തരവാദികളായ മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്പിൽ കൊണ്ടുവരണമെന്നും ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ദളിത് കാത്തലിക് മഹാജന സഭ സംസ്ഥാന പ്രസിഡന്റായി ഷിബു ജോസഫിനെയും (പുനലൂർ രൂപത), ജനറൽ സെക്രട്ടറിയായി ബീനാ ജേക്കബിനെയും (കാഞ്ഞിരപ്പള്ളി രൂപത) തെരഞ്ഞെടുത്തു.
ജോയി കൂനാരിക്കൽ (വിജയപുരം) - ഓർഗനൈസർ, എം.ജെ. വിജയൻ (പാറശാല) - ട്രഷറർ, ത്രേസ്യാമ്മ ജോസഫ് (ചങ്ങനാശേരി) - സെക്രട്ടറി, സിജി മോൾ (വിജയപുരം) - ജോയിന്റ് സെക്രട്ടറി എന്നിവരെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി വിൻസന്റ് മാങ്ങാടൻ (കണ്ണൂർ), ബാബു ജോസഫ് (പാലാ), തോമസ് രാജൻ, അഗസ്റ്റിൻ, എസ്. ജി. സച്ചിൻ (തിരുവനന്തപുരം മേജർ അതിരൂപത), ജെയ്നമ്മ ദാനിയേൽ (പുനലൂർ) എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന വരണാധികാരി ഫാ.ജോൺ അരീക്കൽ നേതൃത്വം നൽകി. സംസ്ഥാന ഡയറക്ടർ ഫാ.ജോസ്കുട്ടി ഇടത്തിനകം, ജെയിംസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
Kerala
സിറ്റിംഗ് എംഎൽഎയും രണ്ടാം പിണറായി സർക്കാരിലെ മന്ത്രിയുമായ എം.ബി. രാജേഷും കോൺഗ്രസിലെ പ്രമുഖനും രണ്ടു ടേം തൃത്താല എംഎൽഎയുമായിരുന്ന വി.ടി. ബൽറാമും നേർക്കുനേർ വരുമ്പോൾ ഇരുകൂട്ടർക്കുമിതു ജീവൻ മരണ പോരാട്ടം.
2021 ലെ തെരഞ്ഞെടുപ്പിൽ കരുത്തുറ്റ പോരാട്ടം കാഴ്ചവച്ച് വിജയക്കൊടി പാറിച്ചാണ് സിപിഎമ്മിന്റെ എം.ബി. രാജേഷ് മണ്ഡലം പിടിച്ചെടുത്തത്. അത് ഇത്തവണയും ആവർത്തിക്കുമെന്നു സിപിഎം ഉറപ്പിക്കുന്നു.
2011ലും 2016ലും യുഡിഎഫിന്റെ വി.ടി. ബൽറാമിനെ തുണച്ച മണ്ണാണ് തൃത്താല. ഇത്തവണയും ബൽറാം മത്സരത്തിനിറങ്ങുമ്പോൾ യുഡിഎഫിന്റെ വിജയപ്രതീക്ഷയ്ക്ക് ഒരുകോട്ടവും തട്ടിയിട്ടില്ല.
മണ്ഡലത്തിൽ ബിജെപിക്കു വലിയ സ്വാധീനമില്ലെങ്കിലും യുഡിഎഫ്- എൽഡിഎഫ് പോരിനിടെ ഇവർക്കു ലഭിക്കുന്ന വോട്ടുകൾ നിർണായകമാകും. ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ ചർച്ചയ്ക്കൊടുവിലാണ് അധ്യാപകനും പൊതുപ്രവർത്തകനുമായ വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ബിജെപി സ്ഥാനാർഥിയായെത്തുന്നത്. അതുകൊണ്ടുതന്നെ എൻഡിഎ വോട്ടുകൾ ഭിന്നിച്ചുപോകില്ലെന്നു വേണം കരുതാൻ. കഴിഞ്ഞവർഷത്തെ തെരഞ്ഞെടുപ്പുകളിൽ വോട്ടുവിഹിതത്തിലുണ്ടായ വർധന ബിജെപിയുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്.
1965 മുതൽ ഇടതും വലതും മാറിമാറി കൈപ്പിടിയിലാക്കിയിരുന്ന മണ്ഡലംകൂടിയാണ് തൃത്താല. അതുകൊണ്ടുതന്നെ കൃത്യമായ രാഷ്ട്രീയ ചട്ടക്കൂടൊന്നുമില്ല. 2021ല് 3016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.ബി. രാജേഷ് വിജയിച്ചത്. കോൺഗ്രസിനു ശക്തിയുള്ള ഇടങ്ങളിൽപോലും മുന്നേറാൻ അന്നു ബൽറാമിനു കഴിഞ്ഞിരുന്നില്ല. പക്ഷേ, ഇത്തവണ യുഡിഎഫ് ക്യാന്പിൽ വിള്ളലുകളില്ല.
മുസ്ലിം ലീഗ് അടക്കമുള്ള സഖ്യകക്ഷികളുടെ പരിപൂർണപിന്തുണയുമായാണ് ബൽറാമിന്റെ പ്രചാരണം മുന്നേറുന്നത്. മണ്ഡലത്തിൽ രാജേഷ് നടത്തിയ വികസനം ചർച്ചയാക്കിയാണ് ഇക്കുറി എല്ഡിഎഫിന്റെ പ്രചാരണം. വികസനങ്ങൾ ഒന്നുമില്ലാതെ, പിആർ വർക്കുകൾകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നാണ് കോൺഗ്രസ് പക്ഷം.
ബൽറാം- രാജേഷ് വാക്പോരുതന്നെയാണ് മണ്ഡലത്തിലെ പോരാട്ടച്ചൂട് കൂട്ടുന്നത്. വികസനം സംബന്ധിച്ച തുറന്ന സംവാദങ്ങളിലാണ് വാക്പോര് കൊഴുക്കുന്നതും.
Kerala
ഗൂഡല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ മൃതദേഹങ്ങൾ വിട്ടുനൽകാതെ സമരം നടത്തി. സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകൾ സമരത്തിൽ പങ്കെടുത്തു.
കാരക്കുന്ന് സ്വദേശികളായ രവി (59), അപ്പി എന്ന ലിംഗരാജ് (62) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടുകാർ തടഞ്ഞുവച്ചത്.
കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുക, കാട്ടാനകളെ ഉൾവനത്തിലേക്കു തുരത്തിയോടിക്കുക, ഇരുവരുടെയും മക്കൾക്ക് സർക്കാർ ജോലി നൽകുക, വനാതിർത്തിയിലെ കിടങ്ങ് നിർമാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
ഗൂഡല്ലൂർ ആർഡിഒ ഗുണശേഖരൻ, ഡിഎഫ്ഒ ദേവരാജ്, ഡിവൈഎസ്പി വസന്തകുമാർ, തഹസിൽദാർ മുത്തുമാരി, എംഎൽഎ പൊൻ ജയശീലൻ എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി.
കെ.പി. മുഹമ്മദ് ഹാജി, യൂനുസ് ബാബു, വാർഡ് കൗണ്സിലർമാരായ മുകേഷ്, ജോസ്, എച്ച്. നാസർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ചർച്ചയിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന ഉറപ്പിനെത്തുടർന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് മൃതദേഹങ്ങൾ വിട്ടുനൽകി നാട്ടുകാർ സമരം അവസാനിപ്പിച്ചത്. മൃതദേഹങ്ങൾ ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Kerala
പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ നാടുവിട്ടപ്പോൾ പത്തനംതിട്ടയിലെ കലാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള ജില്ലയിലെ കോളജുകളിൽ പോലും പല കോഴ്സുകൾക്കും കുട്ടികളെ ലഭിക്കുന്നില്ല. ബിരുദ കോഴ്സുകളിൽ വിരലിലെണ്ണാവുന്ന കുട്ടികളാണ് പലയിടത്തുമുള്ളത്. സ്വാശ്രയ മേഖലയിൽ തുടങ്ങിയ ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കു പിടിച്ചു നിൽക്കാനാകുന്നില്ല. എൻജിനിയറിംഗ് കോളജുകളിലും കുട്ടികളുടെ കുറവുണ്ട്. ജില്ലയിൽ രണ്ട് എൻജിനിയറിംഗ് കോളജുകൾ കുട്ടികൾ ഇല്ലാത്തതു കാരണം അടച്ചു.
പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ കുറവ് സാരമായുണ്ട്. കഴിഞ്ഞ സെൻസസിൽ ജനസംഖ്യ നിരക്ക് മൈനസായിരുന്ന സ്ഥലമാണ് പത്തനംതിട്ട. ജനസംഖ്യയിലെ കുറവിനൊപ്പം ആളുകൾ വിദേശരാജ്യങ്ങളിലേക്കു മാറാൻ ഇഷ്ടപ്പെടുന്ന പ്രവണതയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്പിനെ ബാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ആവശ്യമായ തൊഴിൽ മേഖലകൾ ഒരുക്കിക്കൊടുക്കാൻ ജില്ലയ്ക്കു കഴിയാത്തതിനാൽത്തന്നെ കൂടുതൽ കുട്ടികളും മറ്റ് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തക്കു പോകാൻ മറ്റൊരു കാരണം. പലരും പിന്നീട് വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാകുകയും ചെയ്യുന്നു. നാലു മെഡിക്കൽ കോളജുകളാണ് ജില്ലയിൽ ഉള്ളത്. ഇതിനൊപ്പം തൊഴിലധിഷ്ഠിത കോഴ്സുകളുമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രസക്തി ഏറിയിട്ടുമുണ്ട്.
Kerala
കൊച്ചി: എൻജിനിയറിംഗ് പ്രവേശന പരീക്ഷയായ കീമിൽ തുല്യനീതി ഉറപ്പാക്കാനായി പുതുക്കിയ നോർമലൈസേഷൻ ഫോർമുല നടപ്പാക്കിയത് തന്റെ നിയമപോരാട്ടത്തിന്റെ ഫലമെന്നു വിദ്യാഭ്യാസ പ്രവർത്തകനും എഡ്യൂപോർട്ട് സ്ഥാപകനുമായ അജാസ് മുഹമ്മദ്.
നിലവിലിരുന്ന നോർമലൈസേഷൻ സംവിധാനം അപര്യാപ്തതകളുള്ളതാണെന്നും സുതാര്യവും മെറിറ്റ് അടിസ്ഥാനത്തിലുമുള്ള റാങ്കിംഗ് സംവിധാനം വേണമെന്നു ചൂണ്ടിക്കാട്ടി ഇദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് 2025ലെ കീം ഫലം പ്രഖ്യാപിച്ചതിനുശേഷം പുതുക്കിയ നോർമലൈസേഷൻ ഫോർമുല നടപ്പാക്കി ഉത്തരവുണ്ടായത്.
പ്രവേശന പരീക്ഷാ മാർക്കും പ്ലസ് ടു ബോർഡ് പരീക്ഷാ മാർക്കും തുല്യമായി പരിഗണിച്ചാണ് കീം റാങ്കിംഗ് നിർണയിക്കുന്നത്. രണ്ടുംകൂടി 600 മാർക്കാണ് കണക്കാക്കുന്നത്.
സംസ്ഥാന സിലബസ് ഉൾപ്പെടെ വിവിധ ബോർഡുകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന പരീക്ഷയായതിനാൽ, സമത്വം ഉറപ്പാക്കുന്നതിനായി ഉപയോഗിച്ചിരുന്ന നോർമലൈസേഷൻ ഫോർമുലയിലെ പ്രശ്നങ്ങളാണു കോടതിയിൽ ചൂണ്ടിക്കാട്ടിയത്. പുതിയ രീതി സംസ്ഥാന സിലബസിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്കു നേട്ടമാണെന്നും അജാസ് മുഹമ്മദ് പറഞ്ഞു.
Leader Page
കേരളത്തിലെ കർഷകർക്ക് ഉത്തരേന്ത്യൻ കർഷകരെപ്പോലെ നീണ്ടുനിൽക്കുന്ന ഒരു സമരം നടത്താനാവില്ല എന്ന മുൻവിധി കേരളീയ പൊതുസമൂഹത്തിലുണ്ട്. രാവിലെ പശുവിന്റെ കറവയും പാൽ വില്പനയും തീറ്റവെട്ടലും റബർ ടാപ്പിംഗും മറ്റുമുള്ള കർഷകരെങ്ങനെയാണ് മാസങ്ങൾ നീണ്ടുനിൽക്കുന്ന സമരങ്ങളിൽ പങ്കാളികളാവുക എന്ന സന്ദേഹം സ്വാഭാവികമാണ്. എന്നാൽ, വന്യജീവികൾക്കു മാത്രമല്ല, മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി ഓഗസ്റ്റ് 15ന് കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ആരംഭിച്ച അനിശ്ചിതകാല കർഷകസ്വരാജ് സത്യഗ്രഹം നാലുമാസത്തിനു ശേഷം ഇപ്പോഴും തുടരുകയാണ്. വടക്കേ മലബാറിലെ മലയോരത്ത് നടന്നുവരുന്ന കർഷകസ്വരാജ് സത്യഗ്രഹം ഇന്ന് വന്യമൃഗ ആക്രമണങ്ങളിൽ പൊറുതിമുട്ടിയ കേരളത്തിലങ്ങോളമിങ്ങോളമുള്ള മലയോരജനതയുടെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുകയാണ്.
കാർഷിക പ്രവർത്തനങ്ങളോടൊപ്പം നീതിക്കുവേണ്ടിയുള്ള സമരവും മുന്നോട്ടു കൊണ്ടുപോകാൻ പാകത്തിലുള്ള സത്യഗ്രഹരൂപമാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനം മുതൽ ഒരു ദിവസവും മുടക്കം വരാതെ വെള്ളരിക്കുണ്ടിലെ സത്യഗ്രഹ പന്തലിൽ വൈകുന്നേരം നാലു മുതൽ ആറു വരെ സായാഹ്ന സത്യഗ്രഹം നടന്നുവരുന്നു. ഇതിനോടകം ഒട്ടനവധി സംഘടനകൾ അനുഭാവ സത്യഗ്രഹം നടത്തി ഈ സമരത്തോട് കണ്ണിചേർന്നു. കേരളത്തിലെ ഒട്ടുമിക്ക സ്വതന്ത്ര കർഷക സംഘടനകളും വിവിധ സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളും കർഷകസ്വരാജ് സത്യഗ്രഹത്തോടൊപ്പം ചേർന്നുകഴിഞ്ഞു. പ്രതിപക്ഷനേതാവടക്കം വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു. ഡൽഹി കർഷകസമര നേതാക്കൾ പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും ഉത്തർപ്രദേശിൽനിന്നുമെല്ലാം വെള്ളരിക്കുണ്ടിൽ പിന്തുണയുമായെത്തി.
ഇടയ്ക്ക് വലിയ സമ്മേളനങ്ങളും നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന പ്രകടനങ്ങളും നടക്കുന്നു. ഈ സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനകൾ ചേർന്ന് സംസ്ഥാന തലത്തിൽ ഐക്യദാർഢ്യസമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്.
ഐക്യദാർഢ്യസമിതിയുടെ മുൻകൈയിൽ സംസ്ഥാന തലത്തിൽ പ്രചരണ വാഹനജാഥയും അതിന്റെ സമാപനത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ 100 മണിക്കൂർ ഉപവാസവും സംഘടിപ്പിക്കപ്പെട്ടു. ഇപ്പോൾ കേരളത്തിന്റെ വിവിധ മേഖലകളിൽ കർഷകസ്വരാജ് സത്യഗ്രഹത്തിനു പിന്തുണയുമായി സത്യഗ്രഹങ്ങൾ നടക്കുകയാണ്. എറണാകുളത്ത് 100 മണിക്കൂർ ഉപവാസം, കണ്ണൂരിൽ 50 മണിക്കൂർ ഉപവാസം, കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ 50 മണിക്കൂർ ഉപവാസം എന്നിങ്ങനെ വെള്ളരിക്കുണ്ടിലെ സമരജ്വാലയിൽനിന്ന് സമരത്തിന്റെ അഗ്നിനാളങ്ങൾ പടർന്നുതുടങ്ങിയിരിക്കുന്നു. ക്രിസ്മസിനുശേഷം പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലും സമാനമായ സത്യഗ്രഹങ്ങൾ നടക്കും.
കേരളത്തിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരമാവശ്യപ്പെട്ട് തുടക്കംകുറിച്ച അനിശ്ചിതകാല കർഷകസ്വരാജ് സത്യഗ്രഹം മതിയായ പഠനങ്ങളുടെയും തയാറെടുപ്പുകളുടെയും അടിസ്ഥാനത്തിലാണ് ആരംഭിച്ചത്. അതുകൊണ്ടുതന്നെ പ്രശ്നകാരണത്തെക്കുറിച്ചും പരിഹാരത്തെക്കുറിച്ചും വ്യക്തമായ നിരീക്ഷണങ്ങളും നിർദേശങ്ങളുമുള്ള നിവേദനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിച്ചിട്ടുണ്ട്.
1972ലെ വന്യജീവി സംരക്ഷണനിയമത്തിൽ വരുത്തേണ്ട ഭേദഗതികളാണ് കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ടുവരാൻ വന്യജീവി ശല്യമുള്ള വിവിധ സംസ്ഥാനങ്ങളിലെ കർഷകസംഘടനാ പ്രതിനിധികളുടെ കൺവൻഷൻ പൂനയിൽ 20ന് ചേരും. അതോടെ വെള്ളരിക്കുണ്ടിലെ സമരാവശ്യങ്ങളിൽ ഒന്ന് നേടിയെടുക്കാനുള്ള ദേശീയ സമരവേദി രൂപപ്പെടും.
1972ലെ വന്യജീവി സംരക്ഷണ നിയമം നിലനിൽക്കുമ്പോൾതന്നെ സംസ്ഥാന സർക്കാർ ചെയ്യേണ്ട മർമപ്രധാനമായ കാര്യങ്ങളിലേക്ക് വിരൽചൂണ്ടിക്കൊണ്ടാണ് സത്യഗ്രഹം സംസ്ഥാന തലത്തിലേക്കും ദേശീയ തലത്തിലേക്കും വ്യാപിപ്പിക്കുന്നത്. അത് വ്യക്തമാക്കുന്നതാണ് കേരളത്തിലെ പെരുകുന്ന വന്യജീവി ആക്രമണത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള സത്യഗ്രഹ സമിതിയുടെ വിലയിരുത്തലുകൾ. കാരണങ്ങൾ വ്യക്തമാവുമ്പോൾ കേരളീയ പൊതുസമൂഹത്തിൽ ഒരു വിഭാഗം കൊണ്ടുനടക്കുന്ന മറ്റൊരു മുൻവിധിയും തകർന്നുവീഴുന്നു.
വനം എവിടെ?
വന്യജീവി ആക്രമണത്തിന്റെ കാരണങ്ങൾ ഏറ്റവും ആധികാരികമായി പറഞ്ഞിരിക്കുന്നത് ഭരണഘടനാസ്ഥാപനമായ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ 2022ലെ റിപ്പോർട്ടിലാണ്. പ്രസ്തുത റിപ്പോർട്ടിലെ ചില കണക്കുകൾ താഴെപ്പറയുന്നു.
കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 29.66 ശതമാനം വനഭൂമിയാണ്- 11,524. 91 ചതുരശ്ര കിലോമീറ്റർ വരുമിത്. ഇതിൽ 21.81 ശതമാനം (2,513.53 ചതുരശ്ര കിലോമീറ്റർ) വനേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്നു.
മേൽ സൂചിപ്പിച്ച കണക്കിൽ നമ്പർ(3)-ൽ പ്രതിപാദിക്കുന്ന 384.12 ചതുരശ്രകിലോമീറ്ററിൽ 200 ചതുരശ്ര കിലോമീറ്ററും 1977നു മുമ്പ് കുടിയേറിയ കർഷകരുടെ കൈവശമാണെന്നും 1977നു ശേഷമുള്ള കൈയേറ്റം മുഴുവൻ കർഷകർ നടത്തിയതാണെന്നും വാദത്തിനുവേണ്ടി സമ്മതിച്ചാൽപോലും കേരളത്തിലെ മലയോരങ്ങളിൽ കർഷകന്റെ കൈവശമുള്ള ആകെ മുൻ വനഭൂമി 250 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. ഇതാകട്ടെ, ആകെ വനഭൂമിയിൽ വനേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന്റെ 10 ശതമാനവും.
സിഎജി റിപ്പോർട്ടിൽ വിവിധ അധിനിവേശ സസ്യങ്ങൾ വനഭൂമിയെ വനമല്ലാതാക്കിയതിന്റെയും കണക്കുകളുണ്ട്. 2021ലെ ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് അനുസരിച്ച് 490 ചതുരശ്ര കിലോമീറ്റർ വനം അധിനിവേശ സസ്യങ്ങളാൽ നശിപ്പിക്കപ്പെട്ടു. ഇതിൽ അതിവേഗം പടരുന്ന അധിനിവേശ സസ്യമായ സെന്ന (മഞ്ഞക്കൊന്ന) ഉൾപ്പെടുന്നില്ല എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. മഞ്ഞക്കൊന്നയുടെ കണക്ക് പ്രത്യേകം പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്; 1986ൽ മുത്തങ്ങ ഫോറസ്റ്റ് ഓഫീസ് കോമ്പൗണ്ടിൽ തണൽ വൃക്ഷമായി ഏതാനും ചുവട് മഞ്ഞക്കൊന്ന നട്ടു. 2012 ആയപ്പോൾ മഞ്ഞക്കൊന്ന 14.56 ചതുരശ്ര കിലോമീറ്റർ വനത്തിൽ ആധിപത്യം സ്ഥാപിച്ചു. 2020 ആയപ്പോൾ മഞ്ഞക്കൊന്ന 78.91 ചതുരശ്ര കിലോമീറ്റർ വനത്തിലേക്ക് പടർന്നുകയറി.
2021ൽ 490 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് വ്യാപിച്ചിരുന്ന മഞ്ഞക്കൊന്ന ഒഴികെയുള്ള അധിനിവേശ സസ്യങ്ങളും 2020ൽ 78.91 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ മഞ്ഞക്കൊന്നയുംകൂടി 2025ൽ 1,000 ചതുരശ്ര കിലോമീറ്റർ വനമേഖല നശിപ്പിച്ചിട്ടുണ്ടാവുമെന്ന് അനുമാനിക്കാം. അങ്ങനെയെങ്കിൽ വനേതര ആവശ്യങ്ങൾക്കുപയോഗിച്ച വനഭൂമിയും അധിനിവേശസസ്യങ്ങൾ ആവരണം ചെയ്ത വനഭൂമിയും ചേർന്നാൽ ഏകദേശം 3,500 ചതുരശ്ര കിലോമീറ്റർ വനഭൂമി വനമല്ലാതായിരിക്കുന്നു. അതായത്, ആകെ വനഭൂമിയുടെ മൂന്നിലൊന്നോളം നശിപ്പിക്കപ്പെട്ടു. ഇവിടെയാണ് മലയോര കർഷകരാണ് വനം നശിപ്പിച്ചത് എന്ന ചിലരുടെ മുൻവിധികൾ ആവിയായി പോകുന്നത്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്ണക്കൊള്ളക്കെതിരെ ബിജെപി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് അവസാനിക്കും. ശനിയാഴ്ച രാവിലെ മുതൽ സെക്രട്ടേറിയറ്റിലേക്കുള്ള മൂന്ന് ഗേറ്റുകളും ബിജെപി പ്രവർത്തകർ ഉപരോധിക്കും.
വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ സമരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ശക്തമായ മഴയത്ത് ശരണംവിളിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർക്കൊപ്പം രാജീവ് ചന്ദ്രശേഖർ അടക്കമള്ള നേതാക്കൾ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോര്ഡ് പിരിച്ചുവിടുക, 30 വര്ഷത്തെ ദേവസ്വം ബോര്ഡിലെ സാമ്പത്തിക ഇടപാടുകള് കേന്ദ്ര ഏജന്സിയെ കൊണ്ട്അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രാപ്പകൽ സമരം.