തൃശൂർ: ശശിധരൻ കർത്തായിൽനിന്നു പണംവാങ്ങിയ നേതാക്കളുടെ പേരുകൾ പുറത്തുവിട്ട ഷോണ് ജോർജിന്റെ നടപടിയിൽ അതൃപ്തി പരസ്യമാക്കി ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ വി. മുരളീധരൻ.
ഡയറി പേജിന്റെ ആധികാരികത ഷോണ് ജോർജിനോടുതന്നെ ചോദിക്കണം. വൈസ് പ്രസിഡന്റിനോടു ചോദ്യംചോദിക്കേണ്ടതു സംസ്ഥാന പ്രസിഡന്റാണ്. ദേശീയ നിർവാഹകസമിതി അംഗത്തിനോ മുൻ കേന്ദ്രമന്ത്രിക്കോ ഇതേക്കുറിച്ച് എങ്ങനെ അറിയാനാകുമെന്നും മുരളീധരൻ ചോദിച്ചു.
"ആറുവർഷം ഞാൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു. അക്കാലത്തു വീട്ടിൽനിന്നു കൊണ്ടുവന്നല്ല പാർട്ടിപ്രവർത്തനം നടത്തിയത്.
എല്ലാവരിൽനിന്നും സംഭാവന വാങ്ങിയിട്ടുണ്ട്. അതിന്റെ കണക്കുകളും കൃത്യമായി നൽകിയിട്ടുണ്ട്. ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും സ്ഥലം വാങ്ങിയാൽ അതിൽ സംസ്ഥാന പ്രസിഡന്റിന് ഉത്തരവാദിത്വമില്ല. ഒരു മുരളീധരൻ മാത്രമല്ല ബിജെപിയിലുള്ളത്. വ്യക്തിപരമായ ആവശ്യത്തിനു പണം വാങ്ങിയെന്ന സംശയമുണ്ടെങ്കിൽ കണക്കുകൾ പരിശോധിക്കാം’ -മുരളീധരൻ പറഞ്ഞു
‘2009ൽ ആണ് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്നു മുതൽ തെരഞ്ഞെടുപ്പു കമ്മിഷനിൽ സ്വത്തുവിവരങ്ങൾ നൽകിയിട്ടുണ്ട്. 2012നുശേഷം ഒരു തുണ്ടു ഭൂമിയോ സ്വർണമോ വാങ്ങിയിട്ടില്ല. സംസ്ഥാന അധ്യക്ഷന്റെ പേരിൽ ആരെങ്കിലും പണം വാങ്ങിയെങ്കിൽ അതേക്കുറിച്ച് അന്വേഷിക്കണം. അന്വേഷണത്തിനു മുന്പ് രമേശ് ചെന്നിത്തലയും വി.ഡി. സതീശനും രാജിവയ്ക്കണം. അവർ മന്ത്രിസ്ഥാനത്തിരുന്ന് അന്വേഷണം പ്രഖ്യാപിക്കുന്നതു ശരിയല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.