Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മിനിറ്റുകൾ മാത്രം ശേഷിക്കെ രമേശ് ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വസതിയിൽ തിരക്കേറി.
വഴുതക്കാട് കാർമൽ സ്കൂളിന് സമീപമുള്ള ഈശ്വരവിലാസം റോഡ് പൊതുവേ ഒരു വിഐപി നിരത്തായാണ് അറിയപ്പെടുന്നത് മുൻ മുഖ്യമന്ത്രിയായ എ കെ ആന്റണി യായ രമേശ് എംഎം ഹസൻ ഉൾപ്പെടെയുള്ള നിരവധി മുൻ മന്ത്രിമാരും ഇ പി ജയരാജൻ സിപിഎം നേതാവ് ഉൾപ്പെടെയുള്ളവർ താമസിക്കുന്ന ഭാഗമാണിത് ഇപ്പോൾ ഇടയ്ക്കിടെ ചന്നംപിന്നം ഒന്നുരണ്ട് തുള്ളി മഴ. തിരുവനന്തപുരം അതുപോലെയാണ് കോൺഗ്രസ് നേതാവായ രമേശ് വീട്ടിലേക്കുള്ള ജനപ്രവാഹം ഇടയ്ക്കിടെ ആളുകളും കാറുകളും വന്നു പോകുന്നു.
എന്നാൽ. അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നിരവധി മാധ്യമങ്ങളും അവിടെ ക്യാമറ യൂണിറ്റുകളും ഇവിടെ സജീവമാണ് മൂന്ന് മുഖ്യമന്ത്രി സ്ഥാനാർഥികളിൽ തിരുവനന്തപുരത്ത് ഉള്ള ആൾ എന്ന നിലയിൽ രമേശ് ചില മാധ്യമങ്ങൾ നല്ല പ്രാധാന്യമാണ് കൽപ്പിക്കുന്നത് പ്രത്യേകിച്ച് മധ്യമങ്ങളോട് അഭിമുഖങ്ങൾ നൽകാറില്ലെങ്കിലും എല്ലാവരെയും ഒരു ചിരിയോടെ രമേശ് അകത്തേക്ക് സ്വീകരിക്കുന്നുണ്ട് ഇന്ന് ഉച്ചയോടു കൂടി ചെന്നിത്തല കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് പോകും.
Kerala
ന്യൂഡൽഹി: കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് മൂന്നിനു തിരുവനന്തപുരത്ത് എത്തും. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് അവർ തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നാണ് സൂചന.
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകുമെന്ന സൂചന ഇതോടെ ശക്തമായി. മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുള്ള വി.ഡി.സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി ബന്ധപ്പെട്ട മൂന്നു വിഭാഗങ്ങളും കടുത്ത ആകാംക്ഷയിലും പ്രതീക്ഷയിലുമാണ്. വിവാദങ്ങൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ തീരുമാനം തങ്ങൾക്ക് അനുകൂലമായി വരുമെന്നാണ് മൂന്നു ക്യാന്പുകളുടെയും പ്രതീക്ഷ.
എംഎൽഎമാരിൽ ഭൂരിപക്ഷവും പിന്തുണച്ചതോടെയാണ് കെ.സി. ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലായത്. മാത്രമല്ല, വി.ഡി.സതീശനായി പ്രത്യക്ഷത്തിൽ ജനങ്ങളുടെ പ്രതികരണം തീരുമാനത്തെ സ്വാധീനിക്കുമെന്ന വിശ്വാസത്തിലാണ് വി.ഡി.പക്ഷം. പ്രഖ്യാപനം വൈകുന്നതിൽ വിമർശനവും കടുത്ത സാഹചര്യത്തിൽ ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകും.
പ്രഖ്യാപനത്തിനു പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറിയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും എല്ലാവരുമായി കൂടിയാലോചിച്ചു എന്നുറപ്പുവരുത്താനുമാണ് കോൺഗ്രസിന്റെ മുൻ പ്രസിഡന്റുമാരെയും വർക്കിംഗ് പ്രസിഡന്റുമാരെയും അടക്കം ഹൈക്കമാൻഡ് ഡൽഹിയിലേക്കു വിളിപ്പിച്ചതെന്നു കരുതുന്നു.
Kerala
കോട്ടയം: കേരളത്തിലെ മുഖ്യമന്ത്രി ആര് എന്ന വിഷയം കോൺഗ്രസിൽ കൊടുമ്പിരി കൊണ്ടിരിക്കെ ഇന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റ് ചർച്ചയാകുന്നു. മലപ്പുറത്ത് മിന്നലേറ്റു മരിച്ച നാലുകുട്ടികൾക്ക് അടിന്തരമായി സഹായം നൽകണമെന്ന് കേരളത്തിലെ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. ആവശ്യപ്പെടുന്നു എന്ന വാക്കാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ചോ എന്ന സംശയമാണ് നിരീക്ഷകരിൽ ശക്തമായിരിക്കുന്നത്. ചീഫ് സെക്രട്ടറിയോട് ആധികാരികതയോടെ ആവശ്യപ്പെടുന്നു എന്നു കുറിച്ചത് അതിന്റെ സൂചനയാണെന്നു പലരും കരുതുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന.
വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നത്. എംഎൽഎമാരിൽ ഭൂരിപക്ഷവും പിന്തുണച്ചതോടെയാണ് കെ.സി. ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലായത്. മാത്രമല്ല, വി.ഡി.സതീശനായി പ്രത്യക്ഷത്തിൽ ആസൂത്രിതമായി നടന്ന പ്രചാരണവും സോഷ്യൽ മീഡിയ കാമ്പയിനുമൊക്കെ കേന്ദ്രനേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു.
പലതലങ്ങളിൽ നടന്ന ചർച്ചകൾക്കു ശേഷം ഇന്നു പ്രഖ്യാപനം പ്രതീക്ഷിച്ചിരിക്കുകയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ. പ്രഖ്യാപനം വൈകുന്നതിൽ വിമർശനവും കടുത്ത സാഹചര്യത്തിൽ ഇന്നുതന്നെ പ്രഖ്യാപനംഉണ്ടാകുമെന്നാണ് കരുതുന്നത്.
പ്രഖ്യാപനത്തിനു പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറിയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും എല്ലാവരുമായി കൂടിയാലോചിച്ചു എന്നുറപ്പുവരുത്താനുമാണ് കോൺഗ്രസിന്റെ മുൻ പ്രസിഡന്റുമാരെയും വർക്കിംഗ് പ്രസിഡന്റുമാരെയും അടക്കം ഹൈക്കമാൻഡ് ഡൽഹിയിലേക്കു വിളിപ്പിച്ചതെന്നു കരുതുന്നു.
Kerala
തിരുവനന്തപുരം: കോൺഗ്രസ് മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച സംഘത്തോട് അങ്ങോട്ട് ചെന്ന് മുഖ്യമന്ത്രി പദത്തിന്റെ കാര്യത്തിൽ നിർദ്ദേശം നൽകുന്ന രീതിയിൽ കോൺഗ്രസ് രാഷ്ട്രീയം വഷളായി എന്ന് ബിജെപി നേതാവും കഴക്കൂട്ടം നിയുക്ത എംഎൽഎയുമായ വി. മുരളീധരൻ .
കോൺഗ്രസുകാർ തങ്ങളുടെ ആത്മാഭിമാനം മുസ്ലിം ലീഗിനു പണയം വച്ചോ എന്നു സ്വയം ആലോചിക്കണമെന്നു പത്രസമ്മേളനത്തിൽ മുരളീധരൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് ലീഗിനു കൊടുക്കുന്നത് ആശാസ്യം ആണോ എന്നു കോൺഗ്രസ് നേതൃത്വം ആലോചിക്കണം. ബിജെപിയുടെ നിയമസഭയിലെ നേതാവ് ആരെന്നു തീരുമാനിക്കുന്നതു നിയമസഭാ കക്ഷി യോഗം കൂടിയതിനു ശേഷം ആയിരിക്കും.
പാചകവാതകക്ഷമം കേരളത്തിൽ വരാൻ സാധ്യതയില്ലെന്നും ഏജൻസികളുടെ കാര്യത്തിൽ കർശന നിരീക്ഷണം ഏർപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു വി. മുരളീധരൻ.
National
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസിലെ ചർച്ചകൾ അന്തിമഘട്ടത്തിലെന്നു സൂചന. ഹൈക്കമാൻഡിന്റെ നേതൃത്വത്തിലാണ് നിർണായക ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നത്. വി.ഡി.സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ നേരിൽ കണ്ടുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രിസ്ഥാനം വേണമെന്ന നിലയിൽ മൂന്നു പേരും വിട്ടുകൊടുക്കാതെ നിൽക്കുന്ന സാഹചര്യത്തിലാണ് ചർച്ചകൾ ഊർജിതമായിരിക്കുന്നത്.
നേതാക്കൾക്കിടയിൽ ഒരു സമവായത്തിനാണ് നേതൃത്വം ശ്രമിക്കുന്നത്. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും ചർച്ചകളിൽ പങ്കുചേരാൻ ഇവിടെയുണ്ട്. ഒരു മണിക്കൂർ പിന്നിടുമ്പോഴും ചർച്ച തുടരുകയാണ്.
എംഎൽഎമാരുടെ എണ്ണം പ്രധാന മാനദണ്ഡമാക്കാൻ തീരുമാനിച്ചാൽ കെ.സി. വേണുഗോപാലിനു കുറിവീഴും. അതേസമയം, ജനവികാരവും ഘടകകക്ഷികളുടെ താത്പര്യവും പരിഗണനാ വിഷയമായാൽ വി.ഡി.സതീശൻ തന്നെ മുഖ്യമന്ത്രിയാകും. അതേസമയം, സീനിയോരിറ്റി വിഷയം മുന്നോട്ടുവച്ചാണ് രമേശ് ചെന്നിത്തല വാദിക്കുന്നത്.
നേതാക്കൾക്ക് ഇടയിൽ സമവായമുണ്ടാക്കി ഇന്നുതന്നെ പ്രഖ്യാപനം നടത്തുക എന്ന ദുഷ്കരമായ ദൗത്യമാണ് എഐസിസിക്കു മുന്നിലുള്ളത്. മൂന്നു പക്ഷത്തെയും അണികൾ ഹൈക്കമാൻഡിൽ നടക്കുന്ന ചർച്ചകളിൽ കണ്ണുംനട്ട് കടുത്ത ആകാംക്ഷയിലാണ്.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരാളെ നിശ്ചയിച്ചുകഴിഞ്ഞാൽ മറ്റു രണ്ടുപേരെയും അനുനയിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സ്ഥാനം കിട്ടാത്തവർ ഏതെങ്കിലും രീതിയിൽ അനഷ്ടം പ്രകടിപ്പിച്ചാൽ മാധ്യമങ്ങളും എതിരാളികളും അത് ഏറ്റെടുക്കുകയും ഇപ്പോൾ കിട്ടിയ തെരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം അതിൽത്തട്ടി നഷ്ടമാവുകയുംചെയ്യും എന്ന സാഹചര്യം മുന്നിലുണ്ട്. അതിനാൽ, എല്ലാവിധ അനുനയന സാധ്യതകളും പ്രയോഗിച്ച് നേതാക്കളെ സമാധാനിപ്പിച്ചു മാത്രമേ യോഗം അവസാനിപ്പിക്കൂ എന്നാണ് ലഭിക്കുന്ന സൂചനകൾ.
Kerala
കല്‍പ്പറ്റ: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സംസ്ഥാന മുഖ്യമന്ത്രിയായാല്‍ നിയമസഭാംഗമാകുന്നിന് ജനവിധി തേടുക കല്‍പ്പറ്റയിലെന്ന് അഭ്യൂഹം. സുരക്ഷിത മണ്ഡലം എന്ന നിലയില്‍ കെസി കല്‍പ്പറ്റയ്ക്കു മുന്‍ഗണന നല്കുമെന്നു കരുതുന്നവര്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ നിരവധി.
ഇരിക്കൂറിലോ?
കെസി സംസ്ഥാന ഭരണത്തിന്റെ സാരഥ്യത്തിലെത്തിയാല്‍ അഡ്വ.സജീവ് ജോസഫ് വിജയിച്ച ഇരിക്കൂറില്‍ മത്സരിക്കുമെന്നാണ് പൊതുവെ പ്രചാരണം. സംസ്ഥാനത്തു കെസി ചേരിയിലെ പ്രമുഖനായ സജീവ് ജോസഫ് മുറുമുറുപ്പില്ലാതെ മണ്ഡലം ഒഴിഞ്ഞുകൊടുക്കുമെന്നും വ്യക്തമാണ്. എന്നാല്‍, ഇരിക്കൂറില്‍ കെസിക്കു സുഗമമായി ജയിച്ചു കയറാവുന്ന സാഹചര്യമാണോയെന്നു സംശയിക്കുന്നവരുണ്ട്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ പക്ഷം പിടിക്കുന്നവര്‍ ഇരിക്കൂറിലും രംഗത്തുവന്നിരുന്നു. മണ്ഡലത്തില്‍ മുസ്ലിം ലീഗിനും വേരോട്ടമുണ്ട്.
ഇരിക്കൂറില്‍ 59.94 ശതമാനം വോട്ടാണ് സജീവ് ജോസഫിനു ലഭിച്ചത്. പോള്‍ ചെയ്ത 1,51,645 വോട്ടില്‍ 90,895 വോട്ടാണ് കൈപ്പത്തി അടയാളത്തില്‍ പതിഞ്ഞത്. തൊട്ടടുത്ത എതിര് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്-എമ്മിലെ അഡ്വ.മാത്യു കുന്നപ്പള്ളിക്ക് 48,496 വോട്ടാണ്(31.96 ശതമാനം)ലഭിച്ചത്.
മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നപക്ഷം പാര്‍ട്ടിയിലെ വിരുദ്ധചേരിയിലുള്ളവര് സംഘടിതമായി തിരിഞ്ഞു കുത്തുമോയെന്ന ആശങ്ക ചില കേന്ദ്രങ്ങൾക്കുണ്ട്. ഈ സാഹചര്യമാണ് അദ്ദേഹം കുറെക്കൂടി സുരക്ഷിതമായ കല്‍പ്പറ്റയില്‍ മത്സരിക്കാനുള്ള സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നത്.
കൽപ്പറ്റ സുരക്ഷിതം
കെപിസിസി മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖാണ് കല്‍പ്പറ്റ മണ്ഡലം നിയുക്ത എംഎല്‍എ.
തെരഞ്ഞെടുപ്പില്‍ 45,301 വോട്ട് ഭൂരിപക്ഷമാണ് നേടിയത്. 2021 തെരഞ്ഞെടുപ്പിലെ 5,470 വോട്ടിന്റെ മേല്‍ക്കൈ അദ്ദേഹം പലമടങ്ങായാണ് മെച്ചപ്പെടുത്തിയത്. സിദ്ദിഖിനു ലഭിച്ച ഭൂരിപക്ഷം യുഡിഎഫ് ജില്ലാ നേതൃത്വത്തെയും അദ്ഭുതപ്പെടുത്തിയിരുന്നു. ലോക്സഭയില്‍ പ്രിയങ്കഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമാണ് കല്‍പ്പറ്റ.
സംസ്ഥാനത്തു കെസിയുടെ വിശ്വസ്തരില്‍ ഒരാളാണ് സിദ്ദിഖ് എന്നിരിക്കേ രാജ്യസഭാംഗത്വവും ഐഐസിസി സെക്രട്ടറി സ്ഥാനവും വാഗ്ദാനം ചെയ്തു കെസി നിര്‍ദേശിച്ചാല്‍ മണ്ഡലം സന്തോഷത്തോടെ സിദ്ദിഖ് വിട്ടുകൊടുക്കുമെന്ന് അഭിപ്രായപ്പെടുന്നവര്‍ കോണ്‍ഗ്രസ് ജില്ലാ ഘടകത്തില്‍ കുറവല്ല.
മുഖ്യമന്ത്രി പദവിക്കായുള്ള ചരടുവലി മുറുകിയപ്പോള്‍ ജില്ലയില്‍ വി.ഡി. സതീശന് അനുകൂലമായി ശക്തിപ്രകടനങ്ങള്‍ നടന്നില്ല എന്നതും ശ്രദ്ധേയം. കെസി മുഖ്യമന്ത്രിയാകുകയും ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം കല്‍പ്പറ്റയില്‍ മത്സരിക്കുകയും ചെയ്യുന്നത് വയനാടിനു പൊതുവെ ഗുണമാകുമെന്നു ചിന്തിക്കുന്നവരും നിരവധിയാണ്.
National
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള പോര് രൂക്ഷമായതിനു പിന്നാലെ പ്രശ്നം പരിഹരിക്കാൻ ഫോർമുല തയാറാക്കുന്ന തിരക്കിൽ ഹൈക്കമാൻഡ്. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യസ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് രംഗത്തുള്ളത്. മൂവർക്കും വേണ്ടി അണികൾ തെരുവിലിറങ്ങുന്ന സ്ഥിതി ആയതോടെ ഹൈക്കമാൻഡ് വിഷയത്തിൽ ഊർജിതമായി ഇടപെട്ടിരിക്കുകയാണ്. വിഷയം തെരുവിലേക്ക് പോയതിൽ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാൻഡ്.
നാടെങ്ങും ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ചും പ്രകടനങ്ങൾ നടത്തിയുമാണ് അനുയായികൾ പിന്തുണ പ്രഖ്യാപനം നടത്തുന്നത്. ഇതു മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെയാണ് പ്രതിരോധത്തിലായിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. മിന്നുന്ന വിജയത്തിന്റെ തിളക്കം വിവാദത്തിൽ മുങ്ങുമോയെന്ന ആശങ്ക ഘടകകക്ഷികൾ അടക്കം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതോടെ അവകാശവാദമുന്നയിച്ച നേതാക്കൾ എത്രയും വേഗം സമവായത്തിൽ എത്തിച്ചേരണമെന്നു നിർദേശിച്ചിരിക്കുകയാണ് നേതൃത്വം.
നിരീക്ഷകരായി എത്തിയ മുകുൾ വാസ്നിക്കും അജയ് മാക്കനും നൽകിയ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനൊപ്പം സമവായ നീക്കം നേതൃത്വം മുന്നോട്ടുവയ്ക്കും. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം എന്താണെന്നു ശശി തരൂർ എംപി എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെ ധരിപ്പിച്ചിരുന്നു. കേരളത്തിൽ ഇപ്പോൾ നടക്കുന്ന പ്രതികരണങ്ങളും പ്രകടനങ്ങളുമെല്ലാം നേതൃത്വത്തിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചുള്ള ഫോർമുലയാണ് തയാറാക്കുന്നത്.
അവകാശവാദമുന്നയിച്ചു രംഗത്തുള്ളതിൽ ഒരാൾ ശക്തി തെളിയിച്ച ശേഷം പിന്മാറുമെന്ന പ്രതീക്ഷയാണ് ഹൈക്കമാൻഡ് വൃത്തങ്ങളിൽ ഇപ്പോഴുള്ളത്. ഒപ്പം നിൽക്കുന്ന വിശ്വസ്തർക്കു മന്ത്രിസ്ഥാനം ഉറപ്പു നൽകിയാൽ പിൻമാറാൻ സന്നദ്ധരാകുമെന്ന പ്രതീക്ഷയും ഹൈക്കമാൻഡ് വൃത്തങ്ങൾക്കുണ്ട്.
അങ്ങനെ വന്നാൽ നാളെത്തന്നെ ഒറ്റപ്പേരിലേക്ക് എത്തിച്ചേരാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനിടെ, പിന്തുണയുടെയും പ്രതിഷേധത്തിന്റെയും പേരിൽ നേതാക്കളെ വ്യക്തിപരമായി അവഹേളിക്കാൻ നടക്കുന്ന ശ്രമങ്ങൾ നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ പോലും അവഹേളനപരമായ ബാനർ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതിനിടെ, കേന്ദ്രനിരീക്ഷകരായി എത്തിയ സംഘത്തിന്റെ പക്കിൽനിന്ന് എംഎൽഎമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ രേഖ ഇന്നലെ ചോർന്നത് എംഎൽഎമാർക്കിടയിൽ അതൃപ്തി പടർത്തി. തങ്ങൾ രഹസ്യമായി പറഞ്ഞ കാര്യം മാധ്യമങ്ങൾക്കു ലഭിക്കും വിധം അശ്രദ്ധമായിട്ടാണ് നേതാക്കൾ കൈകാര്യംചെയ്തതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
കൂടിക്കാഴ്ച പൂർത്തിയാക്കി പുറത്തിറങ്ങിയ മുകുൾ വാസ്നിക്കിന്റെ കൈയിലുണ്ടായിരുന്ന അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റ് ആണ് ഒരു പത്രഫോട്ടോഗ്രാഫർ പകർത്തിയത്. ഏതാനും എംഎൽഎമാർ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് ഇതിൽ രേഖപ്പെടുത്തിയിരുന്നു.
അതേസമയം, മുഖ്യമന്ത്രി ചര്‍ച്ചകളില്‍ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയെന്ന രീതിയില്‍ പുറത്തുവന്ന രേഖ എഐസിസി നിരീക്ഷകര്‍ തള്ളി. പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ലെന്നും മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും പറഞ്ഞു. കൂടിയാലോചനക്ക് ശേഷമുള്ള വിവരങ്ങളല്ല അതില്‍ പ്രതിഫലിക്കുന്നത്. എല്ലാം ഉള്‍ക്കൊള്ളിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
ചേർത്തല: തന്റെ പരാജയത്തിനായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടപെടൽ നടത്തിയെന്ന കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയുടെ ആരോപണത്തിനെതിരേ വിമർശനവുമായി വെള്ളാപ്പള്ളി. കായംകുളത്ത് സിപിഎം തന്നെ പല ഗ്രൂപ്പ് ആയിരുന്നെന്നു വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
യു. പ്രതിഭയ്ക്ക് അവിടെ നിൽക്കാനുള്ള അർഹതയില്ലെന്നു ജനം കണ്ടുപിടിച്ചു. ആദ്യം സ്വന്തം വീഴ്ച കണ്ടുപിടിക്കട്ടെ. അവർ തോറ്റതിന് താൻ അല്ല കുറ്റക്കാരൻ. ജയിച്ചതെല്ലാം അവരുടെ ഗുണംകൊണ്ടും തോറ്റതെല്ലാം തന്റെ കുറ്റം കൊണ്ടാണെന്നും വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇതിനിടെ, പത്രസമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയെ വാനോളം പുകഴ്ത്താനും വെള്ളാപ്പള്ളി മറന്നില്ല. കെസി വേണുഗോപാൽ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും കോൺഗ്രസ് വിജയത്തിന്റെ ശിൽപ്പിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യുഡിഎഫ് നൂറു സീറ്റ് നേടിയാൽ എസ്എൻഡിപി നേതൃത്വം താൻ ഒഴിയുമെന്ന് വെള്ളാപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
ചില ദുഷ്ടബുദ്ധികൾ താനാണ് ഇടതിന്റെ പരാജയ കാരണമെന്നു പറയുന്നു. അതിനു പിന്നിൽ മുസ്ലിം ലീഗ് ആണ്. താൻ മുസ്ലിം വിരോധിയല്ല. മുസ്ലിം ലീഗ് കാണിച്ച വിവേചനത്തിനെതിരെയാണ് പറഞ്ഞത്. പിണറായി വിരുദ്ധരാണ് അങ്ങനെ പറയുന്നതു പി.കെ. കുഞ്ഞാലിക്കുട്ടി മാന്യനാണ്. എന്നാൽ, ലീഗിലെ മറ്റു ചിലർ അങ്ങനെയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Kerala
കോട്ടയം: മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഏകാധിപത്യ മനോഭാവത്തെയും ധാർഷ്ട്യത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ഇടതു സഹയാത്രികൻ ഡോ. സെബാസ്റ്റ്യൻ പോൾ ദീപികയിൽ എഴുതിയ ലേഖനം ചർച്ചയാകുന്നു. അതിരൂക്ഷ വിമർശനങ്ങളാണ് വികാരം പിണറായി വിരുദ്ധം എന്ന തലക്കക്കെട്ടിൽ ഇന്ന് എഴുതിയ ലേഖനത്തിൽ ഉടനീളം സെബാസ്റ്റ്യൻ പോൾ ഉയർത്തുന്നത്. ഇടതുപക്ഷം ഇപ്പോൾ ഏറ്റുവാങ്ങിയ കടുത്ത പരാജയത്തിന്റെ പ്രധാന കാരണം അന്വേഷിച്ച് എങ്ങോട്ടും പോകേണ്ടെന്നാണ് ലേഖനം പറയുന്നത്.
ഏകാധിപതികളെ ജനം വീട്ടിലിരുത്തിയതിന്റെ നിരവധി ഉദാഹരണങ്ങളും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. താനും പിണറായിയുടെ ഏകാധിപത്യ മനോഭാവത്തിന്റെ ഇരയാണെന്നും അദ്ദേഹം തുറന്നടിക്കുന്നു. ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ തന്റെ പാർലമെന്ററി ജീവിതത്തിന് അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ തിരശീലയിട്ടെന്നും സെബാസ്റ്റ്യൻ പോൾ കുറ്റപ്പെടുത്തുന്നു. ലേഖനത്തിന്റെ പൂർണരൂപം ഇങ്ങനെ:
തുടർഭരണം ജനാധിപത്യത്തിന് ഹാനികരമാണെന്ന നിലപാട് ചരിത്രവീക്ഷണത്തിൽ വിശദീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനുമുമ്പ് ഞാൻ ഒരു ലേഖനം എഴുതിയിരുന്നു. എന്റെ വീക്ഷണത്തോട് യോജിക്കുന്ന നിലപാടാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും ബംഗാളിലെയും ജനങ്ങൾ സ്വീകരിച്ചത്. അധികാരത്തിന് പരിധിയും പരിമിതിയും ഉണ്ടാകണം.
പരമമായ അധികാരം പരമമായി ദുഷിക്കുമെന്ന് ആക്ടൺ പറഞ്ഞതിന്റെ അർഥം മനസിലാക്കിക്കൊണ്ടാണ് യുഎസ് പ്രസിഡന്റിന്റെ കാലാവധി പരമാവധി എട്ടു വർഷമായി നിജപ്പെടുത്തിയിരിക്കുന്നത്. നാലു വർഷം കൂടുമ്പോൾ ജനവിധി പുതുക്കണം. ഡോണൾഡ് ട്രംപിന്റെ ഭരണകാലത്ത് ഈ നിയന്ത്രണം മാത്രമാണ് ലോകത്തിന് സമാശ്വാസവും പ്രതീക്ഷയും നൽകുന്നത്.
ഹിറ്റ്ലറെ പരാജയപ്പെടുത്തിയ ചർച്ചിലിന് ബ്രിട്ടീഷ് ജനത വീണ്ടുമൊരു അവസരം നൽകിയില്ല. അഞ്ചു വർഷം മാറ്റിനിർത്തിയതിനു ശേഷമാണ് യുദ്ധജേതാവിനെ അവർ വീണ്ടും പ്രധാനമന്ത്രിയാക്കിയത്. തുടർഭരണം ആരെയും എകാധിപതിയാക്കും. പിണറായി വിജയൻ ഇതിന് അപവാദമല്ലെന്നു മാത്രമല്ല, ഉദാഹരണംകൂടിയാണ്. കേരളം ഇന്ത്യാ യൂണിയനിലെ ഒരു യൂണിറ്റ് മാത്രമായതിനാലും ഭരണഘടനയെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വത്തോടെ രാഷ്ട്രപതി ഡൽഹിയിലുള്ളതുകൊണ്ടും പിണറായി വിജയന് തനിസ്വഭാവം പൂർണമായും എടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നു മാത്രം.
ജനം മതി എന്നു പറയുമ്പോൾ
തുടർഭരണം ഇന്ദിരാഗാന്ധിയെ ഏകാധിപതിയാക്കി. അടിയന്തരാവസ്ഥ എന്ന പേരിലുള്ള തേർവാഴ്ചയായിരുന്നു അക്കാലം. ഇന്ദിരാ ഗാന്ധിയുടെ മൂന്നാമൂഴമായിരുന്നു അത്. ജനാധിപത്യത്തിലെ ഈ സത്യം കേരളത്തിലെ വോട്ടർമാർ മാത്രമല്ല തമിഴ്നാട്ടിലെയും ബംഗാളിലെയും വോട്ടർമാരും മനസിലാക്കി. അതുകൊണ്ട് അവർ സ്റ്റാലിനെ മാറ്റിനിർത്തി.
ഇടവേളയ്ക്കുവേണ്ടിയുള്ള മാറ്റിനിർത്തലാവാം അത്. മൂന്ന് വ്യാഴവട്ടക്കാലം നീണ്ടുനിന്ന സിപിഎം ഭരണം അവസാനിപ്പിച്ചുകൊണ്ട് ബംഗാളിൽ അധികാരം പിടിച്ച മമത ബാനർജി മൂന്നു വട്ടം പൂർത്തിയാക്കിയപ്പോൾ മതി എന്നു ജനം പറഞ്ഞു. പിണറായി വിജയന് ഒരു വട്ടംകൂടി അവസരം നൽകിയിരുന്നുവെങ്കിൽ ബംഗാളിലെ സിപിഎമ്മിന്റെ അവസ്ഥയിലേക്ക് കേരളത്തിലെ സിപിഎം നിപതിക്കുമായിരുന്നു.
ബംഗാളിൽ മമത നിഷ്കാസിതയായപ്പോൾ കടന്നുവന്നത് ബിജെപിയാണ്. കേരളത്തിൽ അങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കുന്നതിന് സിപിഎം വീണേടം വിഷ്ണുലോകമാക്കാതെ വീഴ്ചയിൽനിന്ന് എഴുന്നേറ്റ് കരുത്താർജിക്കണം. എങ്കിൽ അടുത്ത അഞ്ചാണ്ട് എൽഡിഎഫിനുള്ളതായിരിക്കും. 2021ൽ ക്രോധത്തോടെ ചവിട്ടിപ്പുറത്താക്കിയ യുഡിഎഫിനെയാണ് കൊട്ടും കുരവയും ആർപ്പുവിളികളുമായി ജനം 2026ൽ എതിരേറ്റത്. എല്ലാം സഹിക്കുകയും അവസരം കിട്ടുമ്പോൾ പ്രതകരിക്കുകയും പിന്നെ ഒരു തരം മനസ്താപത്തോടെ എല്ലാം ക്ഷമിക്കുകയും ചെയ്യുന്ന ദൈവികഭാവമാണ് സമ്മതിദായകരുടേത്.
പിണറായി വിരോധം
ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന വിലയിരുത്തൽ ശരിയായ കാരണം കണ്ടുപിടിക്കുന്നതിനുള്ള വൈമനസ്യത്തിന്റെ സൂചനയാണ്. എൽഡിഎഫിനെ ചവിട്ടിക്കൂട്ടി ഷെഡ്ഡിലാക്കാൻ മാത്രമുള്ള ഭരണവിരുദ്ധ വികാരം കേരളത്തിൽ പ്രകടമായിരുന്നില്ല. വിരോധം പിണറായിയോടായിരുന്നു. ധാർഷ്ട്യം എന്ന ഒറ്റ വാക്കിൽ എതിരാളികൾ പിണറായിയുടെ വ്യക്തിത്വത്തെ ഒതുക്കി.
ജനാധിപത്യത്തിലെ ഭരണാധികാരിക്കു ചേർന്ന പദസൃഷ്ടിയല്ല പിണറായി നടത്തിക്കൊണ്ടിരുന്നത്. ‘നികൃഷ്ടജീവി’ മുതൽ ‘ഡാഷ്മോൻ’ വരെ പൊതുവെ അസ്വീകാര്യമായ നിരവധി കാര്യങ്ങൾ പിണറായിക്കെതിരേ വോട്ട് ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് ചങ്കെത്രയെന്ന് വോട്ട് ചെയ്യാൻ പോകുന്ന പൗരൻ ആലോചിക്കില്ല. ആശ്രയിക്കാവുന്ന ഭരണാധികാരിക്കുവേണ്ടിയാണോ താൻ വോട്ട് ചെയ്യുന്നത് എന്നു മാത്രമാണ് അയാൾ ആലോചിക്കുന്നത്.
2021ലെ പിണറായി വിജയൻ ദീനാനുകമ്പയുള്ള ഭരണാധികാരിയായിരുന്നു. മഹാമാരിയും പേമാരിയും ഒരുമിച്ചു വന്ന്, മണ്ണാങ്കട്ടയുടെയും കരിയിലയുടെയും അവസ്ഥയിലായ ജനത്തിനു മുന്നിൽ പിണറായി അപ്രകാരം അവതരിക്കുകയായിരുന്നു. രക്ഷിക്കപ്പെട്ടവർ രക്ഷകനെ തള്ളിപ്പറയുന്നതിന് അധികം സമയം വേണ്ട. വിമോചകനായ മോശ പുറപ്പാടിന്റെ പല ഘട്ടങ്ങളിലും അപ്രകാരമുള്ള പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുണ്ട്. വികസനത്തിന്റെ കണക്കു പറഞ്ഞ് ജനത്തെ ബോധ്യപ്പെടുത്താനാവില്ല. കിട്ടാനുള്ളത് കിട്ടിയവർക്ക് ഇനിയും എന്തു കിട്ടുമെന്നാണ് ആലോചന. പെൻഷൻ ആനുകൂല്യമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ആനുകൂല്യങ്ങളും കരുതപ്പെടുന്നത് അങ്ങനെയാണ്. അതാണ് അതിന്റെ ശരി.
ദയാലുവായ മുഖ്യമന്ത്രി
നല്ലവനും ദയാലുവുമായ മുഖ്യമന്ത്രിയെ ആണ് ജനം പ്രതീക്ഷിക്കുന്നത്. നമ്പർ വൺ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന മുഖ്യമന്ത്രിയുണ്ട്. ആഭ്യന്തരമന്ത്രി എന്ന നിലയിൽ പിണറായി ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ ഒന്നു കയറിപ്പോകുന്നത് നല്ലതാണെന്നു ഞാൻ എഴുതിയിട്ടുണ്ട്. രാത്രിയിൽ ലോക്കപ്പുകളിൽ എന്താണ് സംഭവിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അറിഞ്ഞിരിക്കണം. ഇനി വരുന്ന ആഭ്യന്തരമന്ത്രികൂടി ശ്രദ്ധിക്കാനാണ് ഇതെഴുതുന്നത്. കഥാപാത്രമെന്ന നിലയിൽ മമ്മൂട്ടിയുടെ മുഖം പ്രസന്നമാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി സദാ ദുർമുഖം കാണിക്കുന്നയാളാണ്.
മൈക്ക് ഓപ്പറേറ്ററോടും സ്വാഗതപ്രസംഗകയോടും അദ്ദേഹം തട്ടിക്കയറും. ആരാധനയോടെ ചോദ്യം ചോദിക്കാൻ തുടങ്ങിയ സഖാവിനോട് ചോദ്യം വീട്ടിൽ ചെന്ന് ചോദിക്കാനാണ് പിണറായി പറഞ്ഞത്. നികൃഷ്ടജീവി മുതൽ ഡാഷ്മോൻ വരെ പിണറായി നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളിൽ ഏറ്റവും അശ്ലീലമായത് ഈ ശകാരമായിരുന്നു. പൊതുമണ്ഡലം ചോദ്യങ്ങൾ ചോദിക്കാനുള്ളതാണ്. ജനാധിപത്യത്തിനു ചേരാത്ത രോഷമായിരുന്നു പിണറായിയുടേത്. സദസിലെ ചോദ്യം തടഞ്ഞ മുഖ്യമന്ത്രി ഉദ്ദേശിച്ച വീട് ഏതെന്ന് വ്യക്തമായില്ല. പിണറായിയിലെ വീടാണെങ്കിൽ എല്ലാ ചോദ്യങ്ങളും കേൾക്കുന്നതിന് ജനം ഒരാളെ അവിടെ ഇരുത്തിയിട്ടുണ്ട്.
സ്റ്റാലിന്റെ മരണശേഷം നടന്ന വിപുലമായ പാർട്ടി സമ്മേളനത്തിൽ സ്റ്റാലിനെ നിശിതമായി വിമർശിച്ചുകൊണ്ട് ക്രൂഷ്ചേവ് സംസാരിച്ചപ്പോൾ ഇതൊക്കെ സഖാവിന് അന്നു പറയാമായിരുന്നില്ലേ എന്ന് സദസിൽനിന്നു ചോദ്യമുണ്ടായി. ക്രൂഷ്ചേവ് പ്രസംഗം നിർത്തി ചോദ്യം ചോദിച്ചയാളിനോട് എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെട്ടു. ആരും എഴുന്നേറ്റില്ല. ക്രൂഷ്ചേവ് പറഞ്ഞു: ഇതുതന്നെയായിരുന്നു അന്ന് എന്റെയും പ്രശ്നം. ചില കാര്യങ്ങൾ പറഞ്ഞതിന്റെ പേരിൽ പിണറായിക്ക് അനഭിമതനായ ആളാണ് ഞാൻ. പാർട്ടി സെക്രട്ടറിയായിരിക്കേ അദ്ദേഹം എന്റെ പാർലമെന്ററി ജീവിതത്തിനു തിരശീലയിട്ടു.
രണ്ടാം പിണറായി ഭരണത്തിൽ പിണറായി ഓരോ വോട്ടർക്കും അനഭിമതനായിത്തീർന്നു. പിണറായിക്കെതിരേ വോട്ട് ചെയ്യാൻ ഓരോരുത്തർക്കും ഓരോ കാരണമുണ്ടായിരുന്നു. പിണറായി ക്യാപ്റ്റനായി അവതരിപ്പിക്കപ്പെട്ടപ്പോൾ കപ്പൽതന്നെ മുക്കുന്നതിന് വോട്ടർമാർക്കു ന്യായമായ കാരണമായി.
ബെർമുഡയിലെ ചുഴിപോലെ ജനരോഷത്തിൽ അപ്രത്യക്ഷമാകാനുള്ളതല്ല എൽഡിഎഫ് എന്ന കപ്പൽ. ബംഗാളിൽ തുടർഭരണത്തിന്റെ തുടർച്ചയിൽ സിപിഎം കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതെ അപ്രത്യക്ഷമായി. പിന്നീട് മമത ബാനർജിയുടെ തുടർഭരണമായിരുന്നു. നാടകാന്തത്തിൽ അധികാരം ബിജെപിയുടെ കൈയിലെത്തി. കേരളത്തിലും മൂന്നു പേർ നിയമസഭയിൽ കടന്നുകൂടിയിട്ടുണ്ട്. അറബിയുടെയും ഒട്ടകത്തിന്റെയും കഥ ഓർക്കുന്നത് നല്ലതാണ്. കൂടാരത്തിനകത്തേക്ക് തലയിടാൻ അവസരം ലഭിച്ച ഒട്ടകം പയ്യെപ്പയ്യെ അറബിയെ പുറത്താക്കി കൂടാരം സ്വന്തമാക്കി.
അതുകൊണ്ട് ഭരണപക്ഷവും പ്രതിപക്ഷവും ഉത്തരവാദിത്വത്തോടെയും ചരിത്രബോധത്തോടെയും പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കുന്നു എന്നതാണ് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ പ്രത്യേകത. അതുണ്ടായില്ല എന്നത് പാർട്ടിയുടെ വീഴ്ചയാണ്. സംഹാരദൂതൻ കടന്നുപോയ രാത്രിയിൽ കുഞ്ഞാടിന്റെ രക്തത്താൽ അടയാളപ്പെടുത്തിയ വീടുകൾ കുറവായിരുന്നു.
Kerala
കോട്ടയം: മത്സരിച്ച 12 സീറ്റിലും പരാജയം ഏറ്റുവാങ്ങിയ കേരള കോൺഗ്രസ്-എമ്മിന്റെ രാഷ്ട്രീയ ഭാവി ഭീഷണിയിലാണെന്നും പിളരുമെന്നുമൊക്കെ പലരും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുമ്പോൾ ഇത് അസ്തമയം അല്ല. പ്രഭാത സന്ധ്യയാണെന്ന് മാണി ഗ്രൂപ്പിനെ ഉപദേശിച്ചുകൊണ്ട് പ്രമുഖ മാധ്യമപ്രവർത്തകൻ ടി. ദേവപ്രസാദ് എഴുതിയ കുറിപ്പ് വൈറലാകുന്നു. കുറിപ്പിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:
Editorial
രാഷ്ട്രീയത്തിലെ കുതിരക്കച്ചവടം പുതിയതല്ല. പക്ഷേ, പണ്ട് രാഷ്ട്രീയ വാണിഭക്കാർ ജനങ്ങളറിയാതെ തലയിൽ മുണ്ടിട്ട് അത്യപൂർവമായി പോയിരുന്ന ആ അധോലോകത്തിന്റെ തൊട്ടുകൂടായ്മ അവസാനിപ്പിച്ചതു ബിജെപിയാണ്. ആർക്കെതിരേ ജനം വോട്ട് ചെയ്തു വിജയിപ്പിച്ചോ അവരുമായി സന്ധി ചെയ്യുന്ന ജനപ്രതിനിധികൾ വോട്ട് ചെയ്തവരെ വഞ്ചിക്കുക മാത്രമല്ല, ജനാധിപത്യത്തെ വ്യാപാരമാക്കുകയും ചെയ്യുന്നു.
ആം ആദ്മി പാർട്ടിയിൽനിന്ന് രാജ്യസഭയിലെത്തിയ രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള ഏഴു കുതിരകളാണ് ഏറ്റവുമൊടുവിൽ കൈമാറ്റം ചെയ്യപ്പെട്ടത്. ബിജെപി വാങ്ങിയതാണോ ഛദ്ദയും കൂട്ടരും സ്വയം വിറ്റതാണോ എന്നതിനേക്കാൾ പ്രസക്തം, ജനം ചതിക്കപ്പെട്ടു എന്നതാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ കൂറുമാറ്റനിരോധന പരിധിയിൽ വരില്ല. പക്ഷേ, ജനവഞ്ചനയുടെയും ജനാധിപത്യ അട്ടിമറിയുടെയും പരിധിയിൽ വരും.
രാജ്യസഭയിലെ 10 ആം ആദ്മി പാർട്ടി എംപിമാരിൽ രാഘവ് ഛദ്ദ, അശോക് മിത്തൽ, സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, സന്ദീപ് പഥക്, രജീന്ദർ ഗുപ്ത, വിക്രംജിത് സിംഗ് സാഹ്നി എന്നീ ഏഴ് എംപിമാരാണ് ബിജെപിയിൽ ചേർന്നത്. ലയനത്തെ രാജ്യസഭാ അധ്യക്ഷൻകൂടിയായ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ അംഗീകരിക്കുകയും ചെയ്തു. ഇതോടെ 245 അംഗ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 113 ആയും എൻഡിഎയുടേത് 148 ആയും ഉയർന്നു. 18 എംപിമാരെക്കൂടി വാങ്ങിയാൽ രാജ്യസഭയിൽ ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷമാകും.
പഞ്ചാബിൽനിന്ന് രാജ്യസഭയിൽ ഒരംഗം പോലുമില്ലാത്ത ബിജെപിക്കാണ് ഒറ്റക്കച്ചവടത്തിൽ ആറുപേരെ കിട്ടിയത്. 117 അംഗ നിയമസഭയിൽ വെറും രണ്ട് എംഎൽഎമാരാണു ബിജെപിക്കുള്ളത്. ബിജെപിക്ക് പഞ്ചാബ് മറ്റൊരു കേരളം പോലെയാണെന്നർഥം. തുടക്കത്തിൽ പറഞ്ഞതുപോലെ, ബിജെപിക്കും കോൺഗ്രസിനുമെതിരേ ആം ആദ്മിയെ വിജയിപ്പിച്ച പഞ്ചാബിലെ ജനങ്ങളുടെ വിധി കുതിരക്കച്ചവടക്കാർ അട്ടിമറിച്ചിരിക്കുന്നു.
എന്തു ലാഭത്തിനുവേണ്ടിയാണ് ആം ആദ്മി എംപിമാർ ജനവിധി വിറ്റതെന്ന ചോദ്യമുണ്ട്. രാഷ്ട്രീയ നേട്ടങ്ങൾ മുതൽ ഇഡിയെ (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉപയോഗിച്ചുള്ള ബിജെപിയുടെ ഭീഷണിവരെ ആരോപിക്കപ്പെടുന്നുണ്ട്. രാഘവ് ഛദ്ദയാണ് കൂറുമാറ്റസംഘത്തിന്റെ മുന്നിലുണ്ടായിരുന്നത്. ഛദ്ദയുടെ നീക്കം മണത്തറിഞ്ഞ ആം ആദ്മി പാർട്ടി അദ്ദേഹത്തെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്തുനിന്ന് ഏപ്രിൽ രണ്ടിന് നീക്കുകയും പഞ്ചാബ് എംപി അശോക് കുമാർ മിത്തലിനെ പകരം നിയമിക്കുകയും ചെയ്തു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. മിത്തലിന്റെ ഉടമസ്ഥതയിൽ ഗുഡ്ഗാവിലും ജലന്ധറിലുമുള്ള 10 സ്ഥാപനങ്ങളിൽ ഏപ്രിൽ 10ന് ഇഡി പരിശോധന നടത്തി. ദിവസങ്ങൾക്കകം അദ്ദേഹം ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേർന്നു.
ബിജെപി അധികാരത്തിലെത്തി രണ്ടു വർഷത്തിനകം സംസ്ഥാനങ്ങളിൽ ആരംഭിച്ച കുതിരക്കച്ചവടത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തേതും. 2016ൽ അരുണാചൽ പ്രദേശ്, 2017ൽ ബിഹാർ, മണിപ്പുർ, ഗോവ, 2019ൽ കർണാടക, 2020ൽ മധ്യപ്രദേശ് എന്നിങ്ങനെയായിരുന്നു അധികാരം പിടിച്ചത്. വിഷയം കോടതിയിൽ ചോദ്യംചെയ്യുമെന്ന് ആം ആദ്മി പാർട്ടി പറഞ്ഞിട്ടുണ്ട്. അയോഗ്യതാ വിഷയത്തിൽ സഭാധ്യക്ഷന്റെ തീരുമാനം അന്തിമമാണെന്നും കോടതിയിൽ ചോദ്യംചെയ്യാനാകില്ലെന്നും നിയമമുണ്ടെങ്കിലും 1992ലെ കിഹോതോ ഹോളോഹാൻ കേസിൽ, അധ്യക്ഷന്റെ തീരുമാനം കോടതിയുടെ പരിശോധനയ്ക്കു വിധേയമാണെന്ന സുപ്രീംകോടതി വിധിയുണ്ട്. കേസിന്റെ ഫലം എന്തായാലും അടുത്തവർഷം പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. നിലവിൽ രണ്ട് എംഎൽഎമാർ മാത്രമുള്ള ബിജെപിക്ക് ആം ആദ്മി എംപിമാരുടെ വരവ് ഗുണകരമാകുമോ എന്നറിയില്ല. പക്ഷേ, കോൺഗ്രസിന്റെ മനസിലൊരു ലഡു പൊട്ടിയിട്ടുണ്ട്. തങ്ങളെ കൈയൊഴിഞ്ഞ് ആം ആദ്മിയെ വിജയിപ്പിച്ചവർ തിരിച്ചു ചിന്തിക്കുമെന്ന പ്രതീക്ഷയാണ് കാരണം.
കോൺഗ്രസ് മുക്ത ഭാരതമെന്നാൽ പ്രതിപക്ഷ മുക്ത ഭാരതമാണെന്ന് ആം ആദ്മിക്കും തിരിച്ചറിവായി. അഴിമതിക്കെതിരേ അണ്ണാ ഹസാരെ ഡൽഹി രാംലീല മൈതാനത്ത് നടത്തിയ ജൻ ലോക്പാൽ സമരത്തിലെ പങ്കാളിയായിരുന്ന അരവിന്ദ് കേജരിവാൾ 2012ൽ രൂപീകരിച്ചതാണ് ആം ആദ്മി പാർട്ടി. ഡൽഹിയിലും പിന്നീട് പഞ്ചാബിലും അധികാരത്തിലെത്തുകയും ചെയ്തു. പക്ഷേ, ബിജെപിയുടെ കോട്ടയായ ഗുജറാത്തിലേക്കും ആം ആദ്മി മത്സരത്തിനിറങ്ങിയതോടെ ഡൽഹി മദ്യനയത്തിൽ അഴിമതിയാരോപിച്ച് കേജരിവാളിനെ ബിജെപി പൂട്ടി.
കെട്ടിച്ചമച്ച കേസാണെന്നു പറഞ്ഞ് കോടതി വെറുതെ വിട്ടെങ്കിലും ഹൈക്കോടതിയിൽ അപ്പീൽ എത്തിയിട്ടുണ്ട്. അഴിമതിവിരുദ്ധതയ്ക്കും ജനാധിപത്യവത്കരണത്തിനുംവേണ്ടി പ്രസംഗിച്ച പാർട്ടി, ക്രമേണ കേജരിവാളിന്റെ ഏകാധിപത്യത്തിലായി. 2014ൽ യുപിഎ സർക്കാരിനെ വീഴ്ത്തി ബിജെപിയെ അധികാരത്തിലെത്താൻ സഹായിച്ചത് ആം ആദ്മി പാർട്ടിയാണ്. പക്ഷേ, അതിന്റെ വളർച്ച കൂടുതൽ സംസ്ഥാനങ്ങളിലേക്കും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്കും നീളുന്നത് ബിജെപി താത്പര്യപ്പെടുന്നില്ല.
ജനാധിപത്യത്തെ വിലയ്ക്കുവാങ്ങൽ മുന്‍പും ഉണ്ടായിരുന്നെങ്കിലും 1893 മാർച്ച് 22ന് ‘ന്യൂയോർക്ക് ടൈംസ്’, ‘നുണയും നിയമനിർമാണവും’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് ‘കുതിരക്കച്ചവടം’ എന്ന പ്രയോഗം ആദ്യമായി രേഖപ്പെടുത്തിയത്. ഇന്ത്യയിൽ ഈ കച്ചവടക്കാരുടെ പട്ടികയിൽ കോൺഗ്രസ് ഉൾപ്പെടെയുണ്ട്. കോൺഗ്രസ് തന്നെയാണ് 1985ൽ കൂറുമാറ്റ നിരോധന നിയമം പാസാക്കിയത്. 2003ൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ഇതിൽ ഭേദഗതി കൊണ്ടുവന്നു. അതോടെ കൂറുമാറ്റത്തിന്റെ സാധുതയ്ക്കു മൂന്നിലൊന്ന് ഭൂരിപക്ഷമെന്നത് മൂന്നിൽ രണ്ടായി. പാവം വാജ്പേയി! അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയവത്കരണകാലത്ത് കുതിരച്ചന്തയിൽ മൂന്നിൽ രണ്ടൊന്നും തടസമാകില്ലെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടില്ല.
ഇങ്ങനെ സംഗ്രഹിക്കാം: ജനാധിപത്യത്തിൽ ജനങ്ങൾക്കുണ്ടായിരുന്ന പ്രഥമസ്ഥാനം കുതിരക്കച്ചവടത്തിലൂടെ രാഷ്ട്രീയ ഭിക്ഷാംദേഹികളായ ജനപ്രതിനിധികൾ കൈയടക്കുകയാണ്. ആരു ജയിക്കണമെന്നല്ലാതെ ആരു ഭരിക്കണമെന്ന് ജനത്തിനു തീരുമാനിക്കാനാകാത്ത അവസ്ഥ. “ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ സർക്കാർ” എന്ന ജനാധിപത്യ സങ്കൽപ്പത്തോട് ഇതിനു ചില സാദൃശ്യങ്ങളുണ്ടെന്നതു ശരിയാണ്. അതാണ് കൂടുതൽ അപകടം.
Movies
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടനും ടിവികെ നേതാവുമായ വിജയ് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. താൻ നടൻ തന്നെയാണെന്നും പക്ഷേ രാഷ്ട്രീയത്തിൽ അഭിനയിച്ചിട്ടില്ലെന്നും വിജയ് പറയുന്നു.
"വിജയ് ഒരു നടനാണ്, വിജയ് ഒരു നടനാണ്... എന്ന് പറയുന്ന ഒരു മന്ത്രിയുണ്ട്. അതെ, ഞാൻ ഒരു നടനാണ്. അദ്ദേഹം പുതിയതായി എന്തോ കണ്ടെത്തിയതുപോലെയാണ് ഇത് പറയുന്നത്. പക്ഷേ ഞാൻ രാഷ്ട്രീയത്തിൽ അഭിനയിച്ചിട്ടില്ല.
രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനു ശേഷം ഞാൻ അഭിനയിച്ചിട്ടില്ല. നിങ്ങൾ നാടകത്തിന് മുകളിൽ നാടകം കളിക്കുകയാണ്, അപ്പോൾ നിങ്ങളെ നാടക അഭിനേതാക്കളെന്ന് വിളിക്കാമോ? നിങ്ങളെയെല്ലാം അപകടകാരികളായ നാടകക്കമ്പനികളെന്ന് പറയാമോ?" വിജയ് ചോദിച്ചു.
കഴിഞ്ഞ വർഷം കരൂരിൽ നടന്ന ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40-ലധികം പേർ മരിച്ച സംഭവത്തിൽ വിജയ് വികാരാധീനനായാണ് സംസാരിച്ചത്.
"എന്തിനാണ് നിങ്ങൾ എന്നെ കുറ്റപ്പെടുത്തുന്നത്? ഞങ്ങൾ ഇതിനെക്കുറിച്ച് സംസാരിക്കുകയില്ല എന്ന് നിങ്ങൾ ഒരു വീഡിയോ ഉണ്ടാക്കി, ഇപ്പോൾ അതിന് എന്നെ കുറ്റപ്പെടുത്തുന്നു. പോലീസ് എനിക്ക് അനുമതി നൽകിയ സമയത്താണ് ഞാൻ അവിടെയുണ്ടായിരുന്നത്. എല്ലാം ലൈവാണ്, നിങ്ങൾക്ക് മര്യാദയില്ലേ?" വിജയ് കൂട്ടിച്ചേർത്തു.
Movies
വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തമിഴക രാഷ്ട്രീയപ്പോരാട്ടം കടുത്ത സാഹചര്യത്തിൽ നടൻ വിജയ്യുടെ പാർട്ടിയായ ടിവികെ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഉലകനായകൻ കമൽഹാസനെ രംഗത്തിറക്കി ഡിഎംകെ.
തമിഴ്നാട്ടിലുടനീളം ഡിഎംകെയുടെ താരപ്രചാരകനായി മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ മാറിയിരിക്കുകയാണ്. കോയമ്പത്തൂരിലെ ഡിഎംകെ സ്ഥാനാർഥി സെന്തിൽ ബാലാജിക്കായി വോട്ട് അഭ്യർഥിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെയും ബിജെപിക്കെതിരെയും കടുത്ത വിമർശനങ്ങളാണ് കമൽഹാസൻ ഉയർത്തിയത്.
കോയമ്പത്തൂരിലെ മെട്രോ റെയിൽ പദ്ധതി നിഷേധിച്ച കേന്ദ്ര നിലപാടിനെ കമൽഹാസൻ രൂക്ഷമായി വിമർശിച്ചു. പട്നയിലും ആഗ്രയിലും നൽകുന്ന ഇളവുകൾ ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്നു വിളിക്കപ്പെടുന്ന കോയമ്പത്തൂരിന് എന്തുകൊണ്ടു നിഷേധിക്കുന്നുവെന്നു താരം ചോദിച്ചു.
അഴിമതി ആരോപണങ്ങളെത്തുടർന്നു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന സെന്തിൽ ബാലാജി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ചെന്നൈയിലെ പ്രചാരണത്തിലും കമൽഹാസൻ സജീവമാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ മത്സരിക്കുന്ന ചേപ്പോക്ക്-തിരുവള്ളിക്കേനിയിൽ പ്രചാരണം തുടങ്ങിയ അദ്ദേഹം, കായിക മേഖലയിൽ ഉദയനിധി നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈയിൽ മത്സരിക്കുന്നതും ഈ തെരഞ്ഞെടുപ്പിനെ ഭരണകക്ഷിയെ സംബന്ധിച്ച് അഭിമാന പോരാട്ടമാക്കി മാറ്റുന്നു.
സിനിമയിലെ തന്റെ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ രാഷ്ട്രീയത്തിലിറങ്ങിയ വിജയ്, യുവാക്കൾക്കും സ്ത്രീകൾക്കുമിടയിലുള്ള തന്റെ സ്വാധീനം വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.
പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ വിജയ് മത്സരിക്കുമ്പോൾ, ചെന്നൈയിലെ പ്രധാന മണ്ഡലങ്ങളായ ടി നഗറിലും വില്ലിവാക്കത്തിലും തന്റെ വിശ്വസ്തരെയാണ് വിജയ് കളത്തിലിറക്കിയിരിക്കുന്നത്. ഡിഎംകെയുടെ ശക്തമായ സഖ്യത്തിന് വിജയ്യുടെ വരവു തിരിച്ചടിയാകുമോ എന്ന ആശങ്ക ഭരണപക്ഷത്തിനുണ്ട്.
തമിഴ് രാഷ്ട്രീയത്തിലെ താരപ്പോരാട്ടങ്ങളുടെ ചരിത്രത്തിൽ എംജിആറിനും ജയലളിതയ്ക്കും ശേഷം മറ്റൊരു നടനും മുഖ്യമന്ത്രി പദവിയിലെത്താൻ സാധിച്ചിട്ടില്ല. ശിവാജി ഗണേശൻ, വിജയകാന്ത് എന്നിവരും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തിരിച്ചടി നേരിട്ടവരാണ്.
ഈ ചരിത്രം വിജയ് തിരുത്തുമോ എന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. അഴിമതിക്കെതിരേ മൂന്നാം ബദൽ എന്ന ലക്ഷ്യത്തോടെ പാർട്ടി രൂപീകരിച്ച കമൽഹാസൻ, ബിജെപിയെ നേരിടാൻ ഡിഎംകെ സഖ്യത്തിനൊപ്പം ചേരുകയായിരുന്നു.
ഇത്തവണ നിയമസഭയിലേക്കു മത്സരിക്കുന്നില്ലെങ്കിലും ഡിഎംകെ സഖ്യത്തിന്റെ വിജയത്തിനായി തമിഴ്നാട്ടിലുടനീളം കമൽഹാസൻ താരപ്രചാരകനായി രംഗത്തുണ്ട്.
National
കോൽക്കത്ത: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. താൻ ബുൾഡോർ പൊളിറ്റിക്സിലല്ല വിശ്വസിക്കുന്നത് സ്നേഹത്തിലാണെന്ന് മമത പറഞ്ഞു.
ബീര്‍ഭൂം ജില്ലയിലെ സുരിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
ആദിത്യനാഥിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. ഉത്തർപ്രദേശിലെപ്പോലെ ഇവിടെയും ബുൾഡോസർ ഉപയോഗിക്കണമെന്ന് ചിലർ പറയുന്നു. ഞാൻ ബുൾഡോസർ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല. സ്നേഹത്തിന്റെ മഹത്വത്തിലാണ് വിശ്വസിക്കുന്നതെന്നും അവർ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റേത് ഗുണ്ടാപ്രവര്ത്തനങ്ങളാണെന്നും മാഫിയ രാജാണെന്നും മാറ്റംകൊണ്ടുവരാന് യുപി മോഡല്‍ അനിവാര്യമാണെന്നും യോഗി ആദിത്യനാഥ് പ്രസംഗിച്ചതിന് മറുപടിയായാണ് മമതയുടെ പ്രതികരണമുണ്ടായത്.
Kerala
പാലാ: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ നടത്തിയ പ്രസംഗം വൈറലാകുന്നു. സമകാലിക രാഷ്ട്രീയ വിവാദങ്ങളോടും സംഭവങ്ങളോടും ചേർത്തുവച്ചാണ് പലരും ഈ പ്രസംഗത്തെ വ്യഖ്യാനിക്കുന്നത്. ജയ്ഗിരി പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗമാണ് മാധ്യമശ്രദ്ധ നേടിയത്. പ്രസംഗത്തിന്റെ പൂർണരൂപം ഇങ്ങനെ:
എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണം എന്നു നമുക്കു പറയാൻ സാധിക്കുമോ? മിണ്ടാപ്രാണികൾ ആയിരിക്കണം എന്നല്ലേ ഈ പറയുന്നതിന്റെ അർഥം. അത് ഈ റിപ്പബ്ലിക് ഡെമോക്രസിയിൽ നടക്കുമെന്നു ഞാൻ കരുതുന്നില്ല. നമ്മൾ വളരെയേറെ ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. പൊതുരംഗത്തു പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ചു മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ ഈ നാളുകളിൽ എല്ലാം കേൾക്കുന്നുണ്ട്. ഞാൻ ആരെക്കുറിച്ചും പ്രത്യേകമായി എടുത്തു പറയുകയല്ല, ആരാണെങ്കിലും മതനേതാക്കന്മാർക്കു നേരെ മാന്യമല്ലാത്ത രീതിയിൽ പ്രതികരിക്കുന്നതും സംസാരിക്കുന്നതും ശരിയാണെന്ന് എനിക്കു തോന്നുന്നില്ല.
ചാനൽ ഭാഷ
അഭിപ്രായം പറയുമ്പോൾ വിശ്വാസികളുടെ വികാരത്തെ മാനിക്കണം. അതു മാനിക്കാതെ നമ്മൾ സംസാരിക്കുന്നത് വലിയ തെറ്റാണ്. ചാനലുകൾക്കു വേണ്ടി മാത്രം നമ്മൾ സംസാരിക്കരുത്. നമുക്കൊരു ചാനൽ ഭാഷ അല്ലെങ്കിൽ ഒരു ചാനൽ സംഭാഷണ സംസ്കാരം സൃഷ്ടിക്കണം എന്ന കാര്യത്തിനു വേണ്ടി മാത്രം മുമ്പോട്ടു പോകുന്നതു ശരിയല്ല. ആരാണെങ്കിലും അത്തരം തെറ്റുകൾ സമൂഹത്തെ അറിയിക്കണം. ഭീഷണിയുടെ സ്വരം വിലപ്പോകില്ല, അത് നമ്മൾ തിരിച്ചറിയണം. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല.
രാഷ്ട്രീയ നേതൃത്വം സമുദായങ്ങളിൽ ഉണ്ടാകുന്നതെന്നും സഭ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എത്രയോ രാഷ്ട്രീയ നേതാക്കന്മാരാണ് നമ്മുടെ രൂപതയിൽനിന്നു വളർന്നുവന്നത്. അതെല്ലാം നമുക്കു സന്തോഷമാണ്, നമുക്ക് തൃപ്തിയാണ്. അവരു വഴി നമുക്കു നിരവധിയായ അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട്.
സഗൗരവം ആശയങ്ങൾ നിരത്തി സഭയിലൂടെയാണ് അവർ വളർന്നത്. അങ്ങനെ അവരുടെ ആശയങ്ങൾ വഴി ഈ രാജ്യത്തെ വളർത്താനായിട്ടുമാണ് അവർ ശ്രമിക്കേണ്ടത്. പതിറ്റാണ്ടുകളായിട്ട് തങ്ങളുടെ വ്യക്തിത്വം സ്ഥാപിച്ചെടുത്ത, പൊളിറ്റിക്കൽ ലെഗസി സ്വന്തമാക്കി നേടിയെടുത്ത ആളുകളൊക്കെ അവരുടെ ആ ഒരു ഐഡന്റിറ്റിക്കു ചേരാത്ത വിധത്തിൽ നിൽക്കുന്നതും പറയുന്നതും സമീപിക്കുന്നതും തെറ്റാണെന്ന് തന്നെയാണ് എന്റെ അഭിപ്രായം.
നമുക്കു വലിയ രാഷ്ട്രീയ വാഗ്വാദങ്ങളിലേക്കൊന്നും പോകണ്ട. പക്ഷേ, ആയിരക്കണക്കിനു വൈദികരും സമർപ്പിതരും ഉള്ള ഈ സഭയെ മൂലയ്ക്കു കൊണ്ടേയിരുത്തി മിണ്ടാപ്രാണികൾ ആയിരിക്കണം, ന്യൂട്രൽ ആയിരിക്കണം - ഇതൊക്കെ ആരോടാണ് സംസാരിക്കുന്നത്? ആർക്കുവേണ്ടിയാണ് പറയുന്നത്? എപ്പോഴും നമ്മൾ ന്യൂട്രൽ ആയിരുന്നാൽ നമ്മുടെ ഐഡന്റിറ്റി എല്ലാം നഷ്ടപ്പെടും. 'Always neutral means always irrelevant'. നമുക്കൊന്നും പറയാൻ പറ്റുകയില്ല, ഒന്നും നമുക്കു ചൂണ്ടിക്കാണിക്കാൻ പറ്റുകയില്ല. ന്യൂട്രൽ ആയിരിക്കണം എന്നതൊന്നും നടപ്പാകുന്ന കാര്യമല്ല. അതു നടപ്പിലാക്കാൻ ആരും ചിന്തിക്കുകയും ചെയ്യരുത്.
നമ്മുടെ രാജ്യം നൽകുന്ന അവസരം
നമ്മുടെ രാജ്യം നമുക്കുള്ള തനിമ, നമ്മുടെ ഐഡന്റിറ്റി എന്താണെന്നു പറയാനായിട്ടുള്ള അവസരം നൽകുന്നുണ്ട്. മാന്യമായ ഭാഷയിൽ അത് ആർക്കും പറയാവുന്നതാണ്. ആരോ എവിടെയോ രഹസ്യമായിട്ട് വോട്ടിന്റെ കാര്യം പറഞ്ഞു എന്നാണല്ലോ ഒക്കെ പറയുന്നത്, എനിക്കറിഞ്ഞുകൂടാ. എന്റെ ചിന്ത, രഹസ്യമായിട്ട് എന്തിനാണ്? പരസ്യമായി തന്നെ ഉപയോഗിക്കാൻ നമുക്ക് അവകാശമില്ലേ? പരസ്യമായിട്ട് നമ്മളോടു നമ്മുടെ കാര്യങ്ങൾ പറയുന്നതിന് എന്തിനാ പേടിക്കുന്നത്? ആരെയാ പേടിക്കുന്നത്? നമ്മുടെ സത്യം എന്താണെന്നു കാണുകയും ആ സത്യത്തെ സധൈര്യം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ കഴിയുകയുമാണ് വേണ്ടത്. തോമാശ്ലീഹ ചെയ്തത് അതാണല്ലോ. അവന്റെ കൂട്ടത്തിൽ പോയി മരിക്കാൻ തയാറായവനാണ് അദ്ദേഹം.
Religions always have a role to play in the public sphere, അതു നമ്മൾ മനസിലാക്കണം. പൊതു ചർച്ചകൾ, പൊതുസമൂഹം അവിടെയെല്ലാം നമുക്കു മത അനുയായികളായിട്ട് നിൽക്കുന്നവർക്ക് അതിനെ സ്വാധീനിക്കാൻ, അവരെ തിരുത്താൻ, അവരെ ആത്മീയതയിലേക്കു നയിക്കാനൊക്കെ നമുക്ക് അവകാശമുണ്ട്.
ആ അവകാശം നമ്മൾ രാഷ്ട്രീയ രംഗത്ത് ഇറങ്ങി അവരെ പോലെ പെരുമാറണം എന്നുള്ളതല്ല. നമുക്ക് ഈ രാജ്യത്തു ജീവിക്കണം, വളരണം. ഈ രാജ്യത്തിനു വേണ്ടിയാണ് നമ്മൾ പ്രവർത്തിക്കുന്നത്. നേഷൻ ബിൽഡിംഗിന് വേണ്ടിയാണ് നമ്മളുടെ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും എല്ലാം സഭ തുടങ്ങിയിട്ടുള്ളതും ഇപ്പോഴും അങ്ങനത്തെ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതും.
അതുകൊണ്ട് വളരെ ബലഹീനമായ വാക്കുകളിലൂടെയുള്ള ആക്ഷേപങ്ങൾ ആർക്കും എവിടെയും ഏതു സ്ഥലത്തും, പബ്ലിക് സ്ക്വയറിലും അല്ലെങ്കിൽ മെത്രാന്മാരുടെ താമസ മുറികളുടെ മുമ്പിലും എല്ലാം വന്നുനിന്നു പറയാം എന്ന രീതിയിൽ പോകുമ്പോൾ നമ്മൾ പറയേണ്ടത് സത്യം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നാണ്. ഒരു അനീതിയും നമ്മൾ ആരോടും ചെയ്യുന്നില്ല.
സത്യം മുക്കിക്കളയുന്നു അല്ലെങ്കിൽ അതിനെ സ്വീകരിക്കാൻ തയാറല്ലാതെ വരുന്നു എന്നു കാണുമ്പോൾ നമുക്ക് അസ്വസ്ഥതകൾ ഉണ്ടാകണം. നമുക്കു നിലപാടുകൾ വേണം. അതു സത്യമായിരിക്കണം. നമ്മുടെ നിലപാട് ആരെയും ആക്ഷേപിക്കാൻ വേണ്ടിയല്ല, ഒരു കള്ളത്തരവും കാണിക്കാൻ വേണ്ടിയല്ല, ഒരു രൂപ പോലും ലാഭം ഉണ്ടാക്കാൻ വേണ്ടിയല്ല.
നമുക്ക് നമ്മുടെ ഭരണഘടന തന്നിരിക്കുന്ന അവകാശങ്ങൾ സ്വന്തമായിട്ട് കരുതണം. നമ്മുടെ പത്രമാസികകളെ ആക്ഷേപിക്കരുത്. ദീപിക സത്യം മാത്രം പറയുന്ന ഒരു പത്രമാണത്, എന്തിനാണ് അതിനെ ആക്ഷേപിക്കുന്നത്? അങ്ങനെ നമ്മൾ അനുവദിക്കരുത്. നമ്മൾ ആരെയും കയറി ആക്രമിക്കാൻ വേണ്ടിയല്ല ഞാൻ പറയുന്നത്. നമ്മളുടെ നിലപാടുകൾ സുവിശേഷ അധിഷ്ഠിതവും സഭയുടെ പ്രബോധനങ്ങളിലൂടെ മാത്രവുമാണ്. സുവിശേഷം പറയാനും സഭയുടെ ടീച്ചിംഗ് പറയാനും നമുക്കു സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം നമ്മൾ ഉപയോഗിക്കണം.
മീനച്ചിൽ താലൂക്കിലെ അതിനോട് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും എംപിമാരും എംഎൽഎമാരും ഒക്കെ ശ്രദ്ധിക്കേണ്ടത് ആ പ്രദേശത്തിനും നമ്മുടെ സഭയ്ക്കും ഉപകാരപ്പെടുന്ന നല്ല കാര്യങ്ങൾ ചെയ്യാനാണ്. നമ്മുടെ സഭയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ ചരിത്രവും സുറിയാനി ഭാഷാ പാണ്ഡിത്യവും ഒക്കെ നിലനിൽക്കുന്ന പ്രദേശമാണത്. അത്തരം കാര്യങ്ങൾ കൂടുതൽ പഠിക്കാനും അതു നിലനിർത്താനും ഒക്കെ നമുക്കു സാധിക്കണം.
ഞാൻ നിങ്ങളോട് ഇതു പറഞ്ഞത് ഇന്നു തോമാശ്ലീഹയുടെ ദിനമായതുകൊണ്ടാണ്. ശ്ലീഹായെ നമ്മൾ പുതിയ ഒരു ലെൻസിലൂടെ കാണണം. അദ്ദേഹം പറഞ്ഞ ആ തിരുവചനങ്ങൾ സത്യം പ്രഘോഷിക്കാനായിട്ട് നമ്മളെ പ്രേരിപ്പിക്കുന്നുണ്ട്. ഈശോയോട് ടച്ച് ചെയ്തുകൊണ്ട് വേണം നമ്മൾ ജീവിക്കാൻ എന്നു നമ്മളെ പഠിപ്പിക്കുന്നുണ്ട്.
സഭയാണ് നമ്മുടെ ജീവിതത്തിന്റെ അത്യന്തികമായ എല്ലാത്തിന്റെയും അർഥം എന്നു നമ്മളെ പഠിപ്പിക്കുന്നുണ്ട്. അങ്ങനെ ഈ പുതുഞായർ നമുക്കു നമ്മുടെ സഭയോടും നമ്മുടെ രാജ്യത്തോടുമുള്ള നമ്മുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ള നല്ല അവസരമാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. ദൈവഭക്തിയിലും സഭയോടുള്ള സ്നേഹത്തിലും ജീവിക്കുന്ന ഒരു സമൂഹമാണ് നമ്മൾ. രണ്ടായിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ഈ സഭയ്ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.
Kerala
കോട്ടയം: മതമേലധ്യക്ഷന്മാരെ ആക്ഷേപിച്ചുകൊണ്ടുള്ള നിലപാട് കേരള രാഷ്ട്രീയത്തിന് ഗുണകരമല്ലെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ.
രാഷ്ട്രീയ ലക്ഷ്യം നേടുന്നതിനുവേണ്ടി ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരെ വിവാദങ്ങളിലേക്ക് വലിച്ചിടാനുള്ള ശ്രമത്തോട് ആരും യോജിക്കില്ലെന്നും മലയാളിയെ മലയാളം പഠിപ്പിക്കുന്നതിന് മുന്‍കൈയെടുത്ത ദീപികയ്ക്ക് എതിരായുള്ള നീക്കം കേരള സംസ്കാരത്തിന് യോഗ്യമല്ലെന്നും അദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തനത്തെ ഭീഷണിപ്പെടുത്തി ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്നും കൂട്ടിചേര്‍ത്തു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു പിന്നാലെ ക്രൈസ്തവ സഭകളെയും സഭാമേലധ്യക്ഷൻമാരെയും അധിക്ഷേപിച്ചുകൊണ്ട് ബിജെപി നിർവാഹക സമിതിയംഗം പി.സി. ജോർജ് നടത്തിയ പ്രസ്താവനകളെ തള്ളി ബിജെപി.
പി.സി. ജോർജ് പറഞ്ഞതു ബിജെപിയുടെ നിലപാടല്ലെന്നു ജനറൽ സെക്രട്ടറി എസ്. സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു. പി.സി. ജോർജ് അദ്ദേഹത്തിന്റെ രീതിയിൽ പറഞ്ഞതാണ്. അതു പാർട്ടിയുടെ നിലപാടല്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ എംഎൽഎമാരുള്ള പാർട്ടി ബിജെപിയാണ്. ഏതൊരു സമൂഹത്തെപ്പോലെയും ക്രിസ്ത്യൻ സമൂഹവും തങ്ങളുടെ ഭാഗമാണെന്നും സുരേഷ് കൂട്ടിച്ചേർത്തു.
ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും നിർവാഹക സമിതിയംഗം പി.സി.ജോർജും നേരത്തെ രംഗത്തുവന്നിരുന്നു. എഫ്സിആർഎ വിഷയത്തിൽ ക്രൈസ്തവ സഭ പങ്കുവച്ച ആശങ്കകളാണ് ഇരുവരെയും പ്രകോപിച്ചത്. പി.സി. ജോർജിൽനിന്ന് അധിക്ഷേപകരമായ പ്രസ്താവനകൾ വന്നതിനു പിന്നാലെ വിവിധ മേഖലകളിൽനിന്നു വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് പരാമർശം തള്ളി ബിജെപിതന്നെ രംഗത്തിറങ്ങിയത്.
Kerala
കോട്ടയം: ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും നിർവാഹക സമിതിയംഗം പി.സി.ജോർജും രംഗത്ത്. എഫ്സിആർഎ വിഷയത്തിൽ ക്രൈസ്തവ സഭ പങ്കുവച്ച ആശങ്കകളാണ് ഇരുവരെയും പ്രകോപിച്ചത്.
കേന്ദ്രസർക്കാർ കൊണ്ടവുന്ന എഫ്സിആർഎ ബില്ലിൽ ഉൾപ്പെട്ട സ്വത്ത് പിടിച്ചെടുക്കുന്നതു പോലെയുള്ള വകുപ്പുകളിലുള്ള ആശങ്ക സിബിസിഐയും കെസിബിസിയും പങ്കുവച്ചിരുന്നു. ഇക്കാര്യം സഭ കേന്ദ്രമന്ത്രിമാരെ അറിയിക്കുകയുംചെയ്തു. ഇതേത്തുടർന്നു കേന്ദ്രസർക്കാർ ബില്ലിന്മേലുള്ള ചർച്ച മാറ്റിവച്ചിരുന്നു. സഭയുടെ ആശങ്ക പരിഗണിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം സിബിസിഐ പ്രതിനിധികളുമായി കേന്ദ്രമന്ത്രി കിരൺ റിജിജു സംസാരിച്ചു. ബിൽ സംബന്ധിച്ച സഭയുടെ ആശങ്കകൾ കേന്ദ്രസർക്കാരിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനു ശേഷമാണ് തെരഞ്ഞെടുപ്പു കഴിഞ്ഞതിനു തൊട്ടുപിന്നാലെ ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരേ വിമർശനവുമായി ഷോൺ ജോർജും പി.സി. ജോർജും രംഗത്തുവന്നത്. കെ.സി. വേണുഗോപാലിനെയും ജോസ് കെ. മാണിയെയും കൊണ്ട് സഭയ്ക്ക് എന്തു പ്രയോജനം ഉണ്ടായി? എഫ്സിആർഎ ബിൽ മാറ്റിവച്ചത് തങ്ങളുടെ സമ്മർദപ്രകാരമാണെന്നും സഭയ്ക്കു വേണ്ടെങ്കിൽ സഭയെയും വേണ്ടെന്നു വയ്ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.
മാണി സി. കാപ്പനെയും ഷോൺ പരിഹസിച്ചു. 65000ൽ പരം വോട്ട് കാപ്പന് എവിടന്നു കിട്ടുമെന്നു പറഞ്ഞാൽ നന്നായിരുന്നു. കാപ്പന്റെ വോട്ട് 35000ൽ താഴരുതേയെന്നാണ് പ്രാർഥന. കാപ്പനു ബൂത്തിലിരിക്കാൻ പോലും ആളില്ലായിരുന്നു. 55000ൽ പരം വോട്ട് തനിക്കു കിട്ടുമെന്നും ഭൂരിപക്ഷം എത്രയെന്നു പറയില്ലെന്നും ഷോൺ കൂട്ടിച്ചേര്‍ത്തു.
Kerala
കൊച്ചി: ട്വന്റി20യില്‍നിന്നു രാജിവച്ച പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോനെതിരെ ഡീല്‍ ആരോപണം ശക്തമാക്കി പാര്‍ട്ടി ചെയര്മാന് സാബു എം. ജേക്കബ്. കുന്നത്തുനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുന്‍ എംഎല്‍എ വി.പി. സജീന്ദ്രനുമായി 20 ലക്ഷം രൂപയുടെ ഡീല്‍ ആണ് പൂജ ജോമോന് നടത്തിയതെന്ന് ആരോപിച്ച് ഡീല്‍ ഉറപ്പിക്കുന്ന ദൃശ്യങ്ങള്‍ സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
പൂതൃക്ക സഹകരണ ബാങ്ക് പ്രസിഡന്റ് അനിബെന്‍ കുന്നത്ത്, പൂതൃക്ക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പീറ്റര്‍ കുപ്ലാശേരി എന്നിവരുമായാണ് പൂജ ജോമോന് ഡീല്‍ ഉറപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഡീല്‍ തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് സജീന്ദ്രന് പറഞ്ഞതിന് പിന്നാലെയാണ് സാബു ജേക്കബ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
പൂതൃക്ക സഹകരണ ബാങ്കിലേക്ക് വിളിച്ചു വരുത്തിയാണ് ഡീല്‍ ഉണ്ടാക്കിയത്. അഞ്ച് ലക്ഷം പണമായും, ഏഴ് ലക്ഷത്തിന്റെ ബാങ്ക് ലോണും, അതിന്റെ പലിശയും ചേര്‍ന്ന് 15 ലക്ഷത്തിനായിരുന്നു ആദ്യ ഡീല്‍ ഉറപ്പിച്ചത്. എന്നാല്‍ ഡീലിന്റെ വിവരം പുറത്തായതോടെ പൂജ അഞ്ച് ലക്ഷം രൂപ കൂടി അധികം ആവശ്യപ്പെടുകയും 20 ലക്ഷമാക്കി നല്കാന് കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുകയും ചെയ്തു.
ഡീല്‍ ഉറപ്പിച്ച ശേഷം ബെന്നി ബെഹ്നാന് അവിടെ വന്നു. ബെന്നി ബഹ്നാനുമായി സംസാരിച്ച് ഉറപ്പിച്ചു. ബാങ്കില്‍ നടന്ന ഡീല്‍ ചര്‍ച്ചയ്ക്ക് ശേഷം മാര്‍ച്ച് 27ന് വൈകിട്ട് 6.45ന് സജീന്ദ്രന്റെ വെളുത്ത ഇന്നോവ കാറിലും തുടര്‍ന്ന് കോലഞ്ചേരിയിലെ സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റി ഓഫീസിലും വച്ചാണ് അന്തിമ ഡീല്‍ ഉറപ്പിച്ചത്. ഇതുപോലെ കോളനികളില്‍ കയറി കോണ്‍ഗ്രസ് 5000, 10000 രൂപ വച്ച് കൊടുത്തുകൊണ്ടിരിക്കുകയാണെന്നും സാബു ജേക്കബ് വ്യക്തമാക്കി.
ഇതിലൂടെ കുന്നത്തുനാട് പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് ധരിച്ചിരിക്കുന്നത്. ജനാധിപത്യത്തെ വിലക്കെടുക്കുന്ന പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് കേരളത്തില്‍ നടത്തുന്നത്. ട്വന്റി20യുടെ ഭരണം അട്ടിമറിക്കുകയാണ് ലക്ഷ്യം. 20 ലക്ഷം അവരെ സംബന്ധിച്ച് ഒരു നഷ്ടമല്ല. തെളിവ് കൊണ്ടുവരികയാണെങ്കില്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് സജീന്ദ്രന് പറഞ്ഞിരുന്നു. ആ വാക്ക് പാലിക്കണം, ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങണമെന്ന് സാബു ജേക്കബ് പറഞ്ഞു.
അതേസമയം, ട്വന്റി20 എന്‍ഡിഎയുടെ ഭാഗമായതിനാലാണ് താന്‍ രാജിവയ്ക്കുന്നതെന്നായിരുന്നു പൂജ ജോമോന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഡീല്‍ ആരോപണം ഉയര്‍ത്തി സാബു ജേക്കബ് രംഗത്തെത്തിയത്. വി.പി. സജീന്ദ്രനുമായി 20 ലക്ഷം രൂപയുടെ ഡീല്‍ പൂജ ജോമോന് നടത്തിയെന്ന് സാബു ജേക്കബ് പറഞ്ഞിരുന്നു. ഇതിനൊപ്പം ശബ്ദ സന്ദേശങ്ങളും പുറത്തുവിട്ടിരുന്നു.
Kerala
തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് പോലുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതുകൊണ്ടാണ് സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഇല്ലാതാകുന്നതെന്നും വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ശാസ്തമംഗലത്ത് നടന്ന 'ബ്രഞ്ച് വിത്ത് ശ്രീലേഖ' എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു അവരുടെ വിവാദ പരാമർശം.
ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ സഹായം ലഭിച്ചില്ലെന്ന് ശ്രീലേഖ തുറന്നടിച്ചു. രാഷ്ട്രീയ അനുമതിയില്ലാതെ ഡിജിപിക്ക് പോലും തനിക്കൊപ്പം നിൽക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും അവർ ആരോപിച്ചു.
അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവവും അവർ ചൂണ്ടിക്കാട്ടി. അവരെ സ്വന്തം വീട്ടിൽ പൂട്ടിയിട്ടു എന്നും, പോലീസിന്റെ പരാതി സെല്ലിൽ നേരിട്ട് വിളിച്ചിട്ടും സർക്കാർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ശ്രീലേഖ ആഞ്ഞടിച്ചു.
Movies
തെരഞ്ഞെടുപ്പുപ്രചാരണത്തിനിടെ പാളത്തിൽ തലവച്ചുകിടന്നതിനു നടനും തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡി മണ്ഡലം സ്ഥാനാർഥിയുമായ മൻസൂർ അലിഖാന്റെ പേരിൽ പോലീസ് കേസെടുത്തു.
പാളത്തിൽ അതിക്രമിച്ചുകടന്നു തടസമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് കേസ്.
തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് 1953-ൽ മുൻമുഖ്യമന്ത്രി എം. കരുണാനിധി കല്ലക്കുടി പാളത്തിൽ തലവച്ചത് വലിയ സംഭവമായിരുന്നു.
കല്ലക്കുടിയിൽ എത്തിയപ്പോൾ കരുണാനിധിയുടെ പ്രതിഷേധം മനസിലെത്തിയെന്നും പ്രചാരണത്തിന്റെ ഭാഗമായി അതു പുനരവതരിപ്പിക്കുകയായിരുന്നുവെന്നും മൻസൂർ അലിഖാൻ ന്യായീകരിച്ചു.
ഇന്ത്യ ജനനായക പുലികൾ കക്ഷി എന്ന പേരിൽ പാർട്ടിയുണ്ടാക്കിയ മൻസൂർ അലിഖാൻ തിങ്കളാഴ്ചയാണ് ലാൽഗുഡിയിൽ നാമനിർദേശപത്രിക സമർപ്പിച്ചത്.
Movies
ജപ്തി ഭീഷണി നേരിട്ട മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിനെക്കുറിച്ച് നടിയും ബിജെപി പ്രവർത്തകയുമായ ലക്ഷ്മി പ്രിയ എഴുതിയ വാക്കുകൾ ശ്രദ്ധേയമാകുന്നു.
നാമനിർദേശ പത്രികകളിൽ കോടികളുടെ ആസ്തി കണ്ട രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ എം.കെ. മുനീറിനെ കൂട്ടാനാകില്ലെന്നും അഴിമതിയിൽ മുങ്ങിയ രാഷ്ട്രീയ തൊഴിലാളികൾക്ക് ഒരു അപവാദമാണ് അദ്ദേഹമെന്നും ലക്ഷ്മി പ്രിയ പറയുന്നു.
''രാഷ്ട്രീയം തൊഴിലായി കൊണ്ടു നടക്കുന്ന ചിലരുടെ നാമ നിർദേശ പത്രികയിൽ തനിക്കും കുടുംബത്തിനും കോടികളുടെ ആസ്തി എന്ന് എഴുതിയത് കണ്ട മനുഷ്യരാണ് നാം.
ഇവരൊന്നും മറ്റൊരു തൊഴിലിൽ ഏർപ്പെട്ടതായി നമ്മുടെ അറിവിൽ ഇല്ല. അവരിൽ ഡോക്ടർ എം.കെ. മുനീർ സാറിനെ നമുക്ക് കൂട്ടാനാവില്ല. ജന സേവനത്തിന് എംബിബിഎസ് ഡോക്ടർ ആയിട്ട് കൂടി അദ്ദേഹത്തിന്റെ പിതാവിന്റെ പാത പിന്തുടർന്ന് അദ്ദേഹം കേരള രാഷ്ട്രീയത്തിൽ വന്ന് എംഎൽഎ ആയി.
അതിനും മുൻപ് അദ്ദേഹത്തിന്റെ സഹൃദയത്വം കേരളത്തിലെ സംസ്കാരിക സദസിൽ സാഹിത്യകാരൻ എന്ന നിലയിൽ നാം കണ്ടിട്ടുണ്ട്. മികച്ച വാഗ്മിയും പ്രഭാഷകനും എഡിറ്ററും ഗായകനും ഒക്കെയായി വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ചു. ശേഷം പൊതു പ്രവർത്തനങ്ങളിലേക്ക്. 2011- 16 കാലയളവിൽ മന്ത്രിയായും എംഎൽഎ ആയും തുടരുന്ന അദ്ദേഹം തീർച്ചയായും അഴിമതിയിൽ മുങ്ങിയ രാഷ്ട്രീയ തൊഴിലാളികൾക്ക് ഒരു അപവാദം തന്നെയാണ്.
അല്ലെങ്കിലും നാട്ടിലേക്ക് തിരിച്ചു പോകാൻ ഖജനാവിൽ നിന്നും ഒരു നാണയം പോലും എടുക്കാതെ കടം വാങ്ങി തിരികെ പോയ പത്ര പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനും ദീർഘകാല വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ മകന് അങ്ങനെ ആകാനല്ലേ സാധിക്കൂ?
എം.കെ. മുനീർ സാറിന് ഡയബറ്റിസ് സംബന്ധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് എന്ന് അറിയാം. എന്നാൽ ഇന്നലെ വളരെ പരിക്ഷീണിതനായ അദ്ദേഹത്തെ സാംസ്കാരിക കേരളം വലിയ വേദനയോടെയാണ് കണ്ടത്. ഷോപ്പിംഗ് മാളുകളും വിദേശ നിക്ഷേപങ്ങളും മറ്റ് സംരംഭങ്ങളുമൊക്കെ നേടിയ രാഷ്ട്രീയ പ്രവർത്തകർക്ക് മുന്നിൽ ജപ്തി ഭീഷണിയിൽ കിടപ്പാടം പോലും നഷ്ടമാകുന്ന അവസ്ഥയിൽ എന്നത് ഞെട്ടലുളവാക്കി. അത് ചരിത്രത്തെ പിന്നോട്ട് വലിക്കുകയും സി.എച്ച് സാഹിബിന്റെയൊക്കെ ചരിത്രം വീണ്ടും തിരയാനും കാരണമാക്കി.
പ്രബുദ്ധ കേരളം രാഷ്ട്രീയ ചിന്തകൾക്കുമപ്പുറത്തേയ്ക്ക് ശ്രീ മുനീർ സാറിനെ ചേർത്തു പിടിക്കേണ്ടത് അത്യാവശ്യമാണ്.’’ലക്ഷ്മി പ്രിയയുടെ വാക്കുകൾ.
Movies
മറ്റ് സ്ഥാനാര്‍ഥികളേക്കാള്‍ കൂടുതല്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണ് രമേശ് പിഷാരടി എന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. താന്‍ നാളെ തന്നെ പാലക്കാട് പ്രചാരണത്തിനായി ഇറങ്ങുമെന്ന് ധര്മജന് ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
നാളെ പാലക്കാട്ടേക്ക് പോകും. രമേഷ് പിഷാരടിക്ക് നല്ല വിജയസാധ്യതയുണ്ട്. മറ്റ് സ്ഥാനാര്‍ഥികളെക്കാളും നല്ല വിജയസാധ്യതയുള്ള ഒരാളാണ് പിഷാരടി. ബിജെപിക്ക് ഒക്കെ കുറച്ച് വോട്ട് ഒക്കെ ഉണ്ടാകും. പക്ഷെ നല്ല വിദ്യാഭ്യാസമുള്ള, നല്ല ദീര്‍ഘവീക്ഷണമുള്ള ഒരു ചെറുപ്പക്കാരനെയാണ് യുഡിഎഫ് നിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് വിജയസാധ്യത വളരെ കൂടുതലാണ്.
താരങ്ങളെയൊക്കെ പ്രചാരണത്തിന് അങ്ങനെ വിളിക്കുന്ന ആളൊന്നുമല്ല പിഷാരടി. എന്റെ പ്രചാരണത്തിന് വരണമെന്ന് പറഞ്ഞ് ആരെയും വിളിക്കില്ല. അങ്ങനെ ആരെയും വിളിക്കണമെന്നില്ല. സ്നേഹം കൊണ്ട് പലരും പ്രചാരണത്തിന് ഇറങ്ങും. എന്നെ വിളിച്ചിട്ടല്ല ഞാന്‍ പ്രചാരണത്തിന് പോകുന്നത്. അവനുമായുള്ള ബന്ധം വച്ചാണ് പോകുന്നത് എന്ന് ധര്മജന് പറഞ്ഞു.
രമേശ് പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോകുമെന്ന് നടന് ആസിഫ് അലി പറഞ്ഞതിനെ കുറിച്ചും ധര്മജന് സംസാരിച്ചു. ആസിഫ് അവനുമായി അടുത്ത സൗഹൃദമുള്ള ഒരാളാണ്. ഒരു കമ്യൂണിസ്റ്റ് കുടുംബത്തില്‍ വളര്‍ന്ന ഒരാളാണ് ആസിഫ്. അവന്റെ നന്മയുള്ള മനസുവച്ച് പറഞ്ഞതാണ് പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് ചെല്ലുമെന്ന്.
ആട് 3യുടെ പ്രമോഷന് വര്‍ക്കുകള്‍ തീര്‍ത്ത് നാളെ പാലക്കാട് എത്തുമെന്നും ധര്മജന് വ്യക്തമാക്കി. പ്രമോഷന് വര്‍ക്കുകളുമായി ഇന്നലെ തൃശൂര്‍, കോഴിക്കോട് ഭാഗങ്ങളിൽ ആയിരുന്നു. ഇന്നും പ്രമോഷന് പരിപാടികളുണ്ട്. പ്രമോഷന് എത്തിയില്ലെങ്കില്‍ പരാതികള്‍ കൂടുതലാണ്. നാളെയും കൂടി പ്രമോഷന് ഉണ്ട്. അതു കഴിഞ്ഞ് പാലക്കാട് പോകുമെന്നും ധര്മജന് വ്യക്തമാക്കി.
Kerala
പാലാ: സ്ഥിരമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് റെക്കോർഡ് സ്ഥാപിക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു പിൻവാങ്ങുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് കാപ്പന്റെ പ്രഖ്യാപനം. എന്നാൽ പൊതുപ്രവർത്തനരംഗത്ത് സജീവമായിട്ടുണ്ടാകുമെന്നും നാടിന്റെ നന്മയ്ക്കായി അധ്വാനിക്കുന്ന പുതുതലമുറയ്ക്കായിട്ടാണു വഴിമാറുന്നതെന്നും കാപ്പൻ പറഞ്ഞു.
നല്ലവരായ ജനങ്ങൾ വോട്ട് നൽകി വിജയിപ്പിച്ചതിനു തനിക്കെതിരെ കള്ളക്കേസുകൾ കൊടുപ്പിക്കുകയും നാടുനീളെ ഫ്ലെക്സ് വച്ച് അപമാനിക്കുകയും ചെയ്യുന്ന രാഷ്ട്രീയശൈലി പ്രൗഢമായ പാലായുടെ പാരമ്പര്യത്തിനു ചേരുന്നതല്ല.
ജയപരാജയങ്ങൾ സ്വാഭാവികമാണെന്നും മൂന്ന് തവണ തോറ്റാണു താൻ ജയിച്ചതെന്നും ഇക്കുറി വലിയ ഭൂരിപക്ഷത്തിൽ ജയിച്ച് പാർലമെന്ററി മോഹം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കാപ്പൻ പറഞ്ഞു.
District News
കോട്ടയം: തെരഞ്ഞെടുപ്പ് കാലം രാഷ്ട്രീയ ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും സമയമാണ്. സ്ഥാനാര്‍ഥി നിര്‍ണയം, രാഷ്ട്രീയ ചര്‍ച്ചകള്‍, പ്രചാരണ തന്ത്രങ്ങള്‍, നേതാക്കളുടെ യോഗങ്ങള്‍ എല്ലാം തെരഞ്ഞെടുപ്പു കാലത്ത് രഹസ്യമായും പരസ്യമായും നടക്കാറുണ്ട്.
രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊക്കെ എല്ലാ തെരഞ്ഞെടുപ്പുകാലത്തും ആതിഥ്യം ഒരുക്കിയിരുന്ന നാട്ടകം ഗസ്റ്റ് ഹൗസ് ഇക്കൊല്ലം ശാന്തമാണ്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാന്‍ രണ്ടുമാസം കൂടിയെടുക്കുന്നതാണു കാരണം.
നൂറു വര്‍ഷത്തോളം പഴക്കമുള്ള ഈ ഗസ്റ്റ് ഹൗസ് തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കെത്തുന്ന രാഷ്ട്രീയ നേതാക്കളുടെ ചര്‍ച്ചാകേന്ദ്രവും താമസസ്ഥലവുമായിരുന്നു. ആലപ്പുഴ കയര്‍ ഫാക്ടറിയുടെ ചുമതലക്കാരനായി എത്തിയ ഡി.എച്ച്. ഡേവി എന്ന സായിപ്പ് ജോലിയില്‍നിന്നും വിരമിച്ചപ്പോള്‍ 1928ല്‍കൊടൂരാറിനടുത്ത് മണിപ്പുഴ മുപ്പായിക്കാട് എട്ടര ഏക്കര്‍ സ്ഥലം വാങ്ങി ബംഗ്ലാവ് പണിയുന്നത്.
രണ്ടു സ്യൂട്ട് മുറികളടക്കം എട്ട് മുറികളാണ് ബംഗ്ലാവിലുണ്ടായിരുന്നത്. വൈദ്യുതിയില്ലാതിരുന്ന അക്കാലത്ത് ഇംഗ്ലണ്ടില്‍നിന്നും ജനറേറ്റര്‍ എത്തിച്ചതും അതില്‍നിന്നുള്ള വെളിച്ചവുമൊക്കെ നാട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു. നിലവില്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പിനു കീഴിലാണ് ഗസ്റ്റ് ഹൗസ്.
രാഷ്ട്രപതിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, മറ്റു രാഷ്ട്രീയ നേതാക്കളൊക്കെ കോട്ടയത്ത് സന്ദര്‍ശനത്തിനെത്തുമ്പോള്‍ താമസത്തിനു തെരഞ്ഞെടുക്കുന്ന ഇടമാണിത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സോണിയ ഗാന്ധിയും ഇവിടെ എത്തിയിരുന്നു.
മുന്‍ രാഷ്ട്രപതിമാരായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, കെ.ആര്. നാരായണന്, ഇപ്പോഴത്തെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്, ഗവര്‍ണര്‍മാരായിരുന്ന സി.വി. ആന്ദബോസ്, പി.എസ്. ശ്രീധരന് പിള്ള എന്നിവരൊക്കെ കോട്ടയത്തെത്തുമ്പോള്‍ താമസിക്കുന്നതും നാട്ടകത്തെ ഗസ്റ്റ് ഹൗസിലാണ്. മുഖ്യമന്ത്രി പിണറായി വിജയനും താമസത്തിനായി പലതവണ എത്തിയിട്ടുണ്ട്.
ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമൊക്കെയായിരുന്ന കാലത്ത് ശനിയാഴ്ച രാത്രിയില്‍ എത്തി ഗസ്റ്റ് ഹൗസില്‍ തങ്ങി പുലര്‍ച്ചെ പുതുപ്പള്ളി പള്ളിയില്‍ പോയിരുന്നത് പതിവായിരുന്നു.
കെ.എം. മാണിയും ടി.എം. ജേക്കബും പി.ജെ. ജോസഫും ആര്. ബാലകൃഷ്ണപിള്ളയുമൊക്കെയായി കേരള കോണ്‍ഗ്രസിന്റെ തുടക്കം, വളര്‍ച്ച, പിളര്‍പ്പ് തുടങ്ങിയ ചര്‍ച്ചകള്‍ക്കും ഗസ്റ്റ് ഹൗസ് പലതവണ വേദിയായി. ഏറ്റവും മികച്ച ഗാര്‍ഡനുള്ള ഗസ്റ്റ് ഹൗസാണെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
ആലപ്പുഴയില്‍നിന്നും കിട്ടുന്ന ഫ്രഷ് കരിമീനാണ് ഇവിടുത്തെ കാന്റീനിലെ പ്രധാന വിഭവം. അതിഥികള്‍ ആവശ്യപ്പെടുന്ന ഭക്ഷണം ഉണ്ടാക്കി നല്‍കും. ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് ഡേവി സായിപ്പിന്റെ അതിഥിയായി വര്‍ഷത്തിലൊരിക്കല്‍ ഇവിടെ എത്തിയിരുന്നു.
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി. രാമസ്വാമി അയ്യരും ഇവിടുത്തെ സന്ദര്‍ശകനായിരുന്നു. അങ്ങനെയാണ് ഗസ്റ്റ് ഹൗസ് ഇരിക്കുന്ന കവലയ്ക്ക് ദിവാന്‍കവല എന്ന പേര് വന്നത്. 2028ല്‍ 100 വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ഗസ്റ്റ് ഹൗസ്. അറ്റകുറ്റപ്പണികള്‍ക്കുശേഷം അടുത്ത മാസം ഗസ്റ്റ് ഹൗസ് തുറക്കും.
National
ന്യൂഡൽഹി: ഏപ്രിൽ - ജൂൺ മാസങ്ങൾക്കിടയിലായി 59 രാജ്യസഭാ എംപിമാരുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ ഇന്ന് വിരമിക്കുന്ന 37 രാജ്യസഭ എംപിമാരെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ ജീവിതത്തിൽ അവസാനമില്ലെന്നും അനുഭവസമ്പത്ത് പൊതുസമൂഹത്തിനായി തുടർന്നും പ്രയോജനപ്പെടുത്തണമെന്നും വിരമിച്ച എംപിമാരോടായി പ്രധാനമന്ത്രി പറഞ്ഞു.
"രാഷ്ട്രീയത്തിൽ ഒരിക്കലും ഫുൾ സ്റ്റോപ്പുകളില്ല. സഭയിൽ നിന്ന് വിരമിക്കുന്നു എന്നതിനർത്ഥം പൊതുജീവിതത്തിൽ നിന്ന് വിരമിക്കുന്നു എന്നല്ല. നിങ്ങളുടെ അനുഭവങ്ങൾ രാജ്യത്തിന്റെ നന്മയ്ക്കായി ഇനിയും ഉപയോഗിക്കണമെന്നും," പ്രധാനമന്ത്രി വ്യക്തമാക്കി.
എച്ച്.ഡി. ദേവഗൗഡ, മല്ലികാർജുൻ ഖർഗെ, ശരദ് പവാർ തുടങ്ങിയ മുതിർന്ന നേതാക്കളുടെ പാർലമെന്ററി സേവനങ്ങളെയും പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു. രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു സമ്മേളനം നടന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ വിരമിക്കുന്ന 20 സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാർക്കാണ് പാർലമെന്റ് ഇന്ന് ഔദ്യോഗികമായി യാത്രയയപ്പ് നൽകിയത്.
Kerala
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിൽ നിർണായക രാഷ്ട്രീയ നീക്കം. സിപിഐയുമായി തെറ്റിപ്പിരിഞ്ഞ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സി.സി. മുകുന്ദൻ എംഎൽഎയ്ക്കു കോൺഗ്രസ് പിന്തുണ നൽകില്ലെന്ന് ഉറപ്പായി. നാട്ടികയിൽ സുനിൽ ലാലൂരിനെ സ്വന്തം സ്ഥാനാർഥിയായി മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.
സീറ്റ് നിഷേധിച്ചതിനു പിന്നാലെ പാർട്ടിക്കെതിരേ ആരോപണങ്ങളുമായി എത്തിയ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കിയിരുന്നു. ഈ സമയം രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർ പിന്തുണയുമായി രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിക്കാൻ കഴിഞ്ഞേക്കുമെന്ന ഉറപ്പിൽ സിപിഐ സ്ഥാനാർഥി ഗീതാ ഗോപി അടക്കമുള്ളവർക്കെതിരേ രൂക്ഷവിമർശനവുമായി മുകുന്ദൻ രംഗത്തെത്തി.
എന്നാൽ, കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം മുകുന്ദനെതിരേ രംഗത്തു വന്നതോടെ പിന്തുണയ്ക്കാനുള്ള നീക്കം പാളി. ഡൽഹിയിലെത്തി കോണ്‍ഗ്രസിന്റെ പിന്തുണ നേടാനുള്ള മുകുന്ദന്റെ ശ്രമങ്ങളും വേണ്ടത്ര വിജയിച്ചില്ല. പാർട്ടിയോ നേതാക്കളോ മുകുന്ദനെ ഡൽഹിയിലേക്കു വിളിപ്പിച്ചില്ലെന്നും സ്വന്തം നിലയ്ക്കു പോയതാണെന്നും കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു. ഡൽഹിയിലെത്തിയിട്ടും കേരളത്തിലെ നേതാക്കളെ മാത്രമാണു കാണാൻ കഴിഞ്ഞത്. നേരത്തേ പിന്തുണയറിയിച്ച നേതാക്കളും പിൻവലിഞ്ഞു.
വെട്ടിലായി മുകുന്ദൻ
പാർട്ടിയോട് ഇടഞ്ഞതിനു പിന്നാലെ മുകുന്ദൻ നടത്തിയ പ്രസ്താവനകളുടെ പേരിൽ ഗീതാ ഗോപി വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്. അപകീർത്തികരമായ പ്രസ്താവനകൾ പിൻവലിച്ചു മാപ്പു പറയണമെന്നാണ് ആവശ്യം. ഇന്നുവരെയാണ് സമയം നൽകിയത്. മറിച്ചായാൽ മാനനഷ്ടക്കേസുമായി മുന്നോട്ടു പോകുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
2021ൽ നാട്ടികയിൽ സി.സി. മുകുന്ദൻ 28,431 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു ജയിച്ചത്. മുകുന്ദൻ 72,930 വോട്ടും കോണ്‍ഗ്രസ് സ്ഥാനാർഥിയായ സുനിൽ ലാലൂർ 43,441 വോട്ടും നേടി. എൻഡിഎ സ്ഥാനാർഥിയായ ലോചനൻ അന്പാട്ട് 33,650 വോട്ടുകളും നേടി. 2011 മുതൽ നാട്ടികയിൽ എൽഡിഎഫ് ഭൂരിപക്ഷം ക്രമാനുഗതമായി വർധിപ്പിച്ചിട്ടുണ്ട്. ഇക്കുറി ഭൂരിപക്ഷം കുറഞ്ഞാലും മണ്ഡലത്തിൽ വിജയിക്കുമെന്നാണു സിപിഐ കണക്കുകൂട്ടൽ. ഇടതുപക്ഷത്തെ അതൃപ്തരുടെ വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
Kerala
കോട്ടയം: കേരള രാഷ്ട്രീയത്തിൽ സുധാകരഗ്രഹണം. ഇന്നലെ സിപിഎമ്മിനെ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനാണ് മുൾമുനയിൽ നിർത്തിയതെങ്കിൽ ഇന്നു കോൺഗ്രസ് പാർട്ടിയെ മുൻ കെപിസിസി പ്രസിഡന്റ് കൂടിയായ കെ. സുധാകരനാണ് മുൾമുനയിലാക്കിയിരിക്കുന്നത്. എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണ് കെ. സുധാകരനെ ചൊടിപ്പിച്ചത്.
ഡൽഹിയിലെ ഇന്നത്തെ ചർച്ചകൾക്കു നിൽക്കാതെ അദ്ദേഹം ഡൽഹിയിൽനിന്നു നാട്ടിലേക്കു മടങ്ങി. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കണമെന്ന താത്പര്യത്തിലായിരുന്നു സുധാകരൻ. എന്നാൽ, നിലവിൽ എംപിമാരായവർ മത്സരിക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിനുതീരെ താത്പര്യം ഇല്ലായിരുന്നു. ദേശീയ നേതൃത്വവും ഈ നിലപാടിനോടു യോജിച്ചതോടെയാണ് കെ.സുധാകരൻ ഇടഞ്ഞത്. സുധാകരനെ അനുനയിപ്പിക്കാൻ പല രീതിയിൽ നേതാക്കൾ ശ്രമിച്ചുവരുന്നതിനിടെയാണ് അദ്ദേഹം നാട്ടിലേക്കു മടങ്ങിയത്.
സീറ്റ് ചർച്ചകളുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ ഡൽഹിയിൽ ഉണ്ട്. മത്സരിക്കണമെന്നു നേരത്തെ താത്പര്യപ്പെട്ട അടൂർ പ്രകാശ് അടക്കമുള്ളവരുമായി ഇവർ സംസാരിച്ചിരുന്നു.
സീറ്റ് കിട്ടുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് സുധാകരൻ പിണങ്ങി നാട്ടിലേക്കു മടങ്ങിയത്. പ്രതിഷേധിച്ചാണോ മടക്കമെന്ന ചോദ്യത്തിനു കൃത്യമായ മറുപടി നൽകാനും അദ്ദേഹം തയാറായില്ല. ഇതിൽനിന്നു തന്നെ അദ്ദേഹം അസംതൃപ്തനാണെന്നു വ്യക്തമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സുധാകരൻ അടക്കം മൂന്ന് എംപിമാർ മത്സരിക്കണമെന്ന താത്പര്യത്തിൽത്തന്നെ നിൽക്കുകയാണെന്നാണ് സൂചന.
മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന് പാർട്ടിയുമായി പിണങ്ങി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സിപിഎമ്മിനുള്ളിലെ പ്രശ്നങ്ങള്‍ മൂലം പാര്‍ട്ടി അംഗത്വം പുതുക്കാതിരുന്ന സുധാകരന് ഇന്നലെ രാവിലെ 11 ന് പറവൂരിലെ വീട്ടില്‍ വിളിച്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.
എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് പ്രതീക്ഷിക്കുന്നെന്നും വികസനത്തിനൊപ്പവും വര്ഗീയതയ്ക്കെതിരേയുമായിരിക്കും തന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ വന്ന ഓരോ ആരോപണത്തിനും മറുപടി പറഞ്ഞു കൊണ്ടാണ് ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട പത്രസമ്മേളനം അദ്ദേഹം അവസാനിപ്പിച്ചത്.
“അയാള്‍ക്കെന്താ ഇനി വേണ്ടത്, രണ്ടുതവണ മന്ത്രിയായില്ലേ എംഎല്എയായില്ലേ ’’എന്ന് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ചോദിക്കുകയാണ്. അവര്‍ അണ് മാര്ക്സിയരാണ്. മരിക്കുന്നതുവരെ ലെനിന് റഷ്യയുടെ ഭരണാധികാരിയായിരുന്നില്ലേ. സ്റ്റാലിന് എങ്ങനെയായിരുന്നു?. മാവോയും കാസ്ട്രോയും അങ്ങനെ തന്നെയായിരുന്നു. ഇത്രയും കാലമിരുന്നില്ലേ, താഴെയിറങ്ങ് കെളവാ എന്ന് അവരോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? നിങ്ങള്‍ എത്ര തവണയായി എന്നതല്ല, എത്ര തവണയായാലും ഒരു കുഴപ്പവുമില്ല. ആ സ്ഥാനമുപയോഗിച്ച് നാട്ടുകാര്‍ക്ക് എന്തു ചെയ്തു എന്നതാണ് പ്രധാനം. രണ്ടുതവണയും മൂന്നു തവണയും മന്ത്രിമാരായവരില്ലേയെന്നും ജി. സുധാകരൻ ചോദിച്ചു.
സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച ജി.സുധാകരനെതിരേ കടുത്ത പ്രതിഷേധമാണ് സിപിഎം ഇന്നലെ മുതൽ ഉയർത്തുന്നത്. വർഗവഞ്ചകൻ എന്ന ബാനറും പോസ്റ്ററും സുധാകരന്റെ വീടിനു സമീപം തന്നെ സ്ഥാപിച്ചു. പ്രകടനവും നടത്തി. നേതാക്കൾ പലരും രൂക്ഷവിമർശനവുമായി രംഗത്തുവന്നു. ജി.സുധാകരനെ സിപിഎം കൈകാര്യംചെയ്ത രീതിയിൽ കെ.സുധാകരനെ കോൺഗ്രസ് കൈകാര്യംചെയ്യുമോ അതോ സുധാകരനു വഴങ്ങുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.
Kerala
ആലപ്പുഴ: ഗതാഗതമന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഗണേഷ് കുമാർ ഇടത് ഭരണത്തിലെ കുഴിത്തുരുമ്പാണെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു.
എല്ലാവരുമായി പ്രശ്നമുണ്ടാക്കുന്ന ആളാണ് ഗണേഷ് കുമാര്‍. സ്വന്തം അച്ഛനുമായും സഹോദരിയും ഭാര്യയുമായും പ്രശ്നങ്ങൾ ഉണ്ടാക്കി. രാഷ്ട്രീയത്തിലും പലരെയും ചതിച്ചു. ഉമ്മൻ ചാണ്ടിയെയും അതിൽ ഉള്‍പ്പെടുന്നുവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.
ഇത്രയും ധാർഷ്ട്യത്തോടെ മറ്റൊരു മന്ത്രിയുണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. രാഷ്ട്രീയത്തിലെ ചതിയൻ ചന്തുവാണ് ഗണേഷ് കുമാർ. ഗതാഗത വകുപ്പിൽ തുഗ്ലക്ക് പരിഷ്കാരമാണ് ഗണേഷ് നടത്തിയതെന്നും സർ ചക്രവർത്തിമാരുടെ സ്വഭാവമാണ് ഗണേഷിനെന്നും വെള്ളാപ്പള്ളി നടേശന് കുറ്റപ്പെടുത്തി.
ശബരിമല യുവതി പ്രവേശനത്തില്‍ ദേവസ്വം ബോർഡ് തെറ്റുതിരുത്തിയത് സ്വാഗതാർഹമാണെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
National
ന്യൂഡൽഹി: മദ്യനയക്കേസിൽ കുറ്റവിമുക്തനായതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.
ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ട കേജരിവാൾ ബിജെപി 10 സീറ്റിൽ കൂടുതൽ നേടിയാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
"ഡൽഹി പൂർണമായും നശിച്ചു. പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും അധികാരത്തോടുള്ള ആർത്തിയുടെ ഏറ്റവും വലിയ പ്രത്യാഘാതം ഡൽഹിയിലെ മൂന്ന് കോടി ജനങ്ങളാണ് ഏറ്റുവാങ്ങിയത്'.
"പോയി ഡൽഹിയിലെ ജനങ്ങളോട് ചോദിക്കൂ. ഇന്ന് ഞാൻ മോദിജിയെ വെല്ലുവിളിക്കുന്നു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ, ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തൂ. നിങ്ങൾക്ക് പത്ത് സീറ്റിൽ കൂടുതൽ ലഭിച്ചാൽ ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കും. ഡൽഹിയിലെ ജനങ്ങൾക്ക് നിങ്ങളെ മടുത്തു. ഈ കേസ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ്, ബിജെപി ആം ആദ്മി പാർട്ടിയെ ഡൽഹിയിൽ നിന്ന് പുറത്താക്കാൻ നടത്തിയ ഗൂഢാലോചനയാണ്'.- കേജ്രിവാൾ പറഞ്ഞു.
പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യത്തോട് മാപ്പ് പറയണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. നീതി ലഭിച്ചെന്നും സത്യം അസത്യത്തെ അതിജീവിച്ചെന്നും പറഞ്ഞുകൊണ്ട് കേജരിവാൾ കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്തു.
National
ന്യൂഡൽഹി: എഐ ഉച്ചകോടിക്കിടെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ "ഷർട്ടില്ലാ’ പ്രതിഷേധത്തിനെതിരേ വിമർശനവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു.
ഏതു പാർട്ടിയാണു ഭരിക്കുന്നതെങ്കിലും ദേശീയ താത്പര്യത്തിനു കീഴിൽ എടുക്കുന്ന നടപടികളിൽ രാഷ്ട്രീയമുണ്ടാകാൻ പാടില്ല.
ഒരാൾ ഔദ്യോഗികമായി രാജ്യത്തെ പ്രതിനിധീകരിക്കുന്പോൾ അവിടെ കക്ഷിരാഷ്ട്രീയത്തിനു സ്ഥാനമില്ല.
ഐക്യരാഷ്ട്ര സഭയിലോ മറ്റേതെങ്കിലും രാജ്യത്തോ കക്ഷിയുടെയും പശ്ചാത്തലത്തിന്റെയും വ്യത്യാസമില്ലാതെ ഇന്ത്യയുടെ പ്രതിനിധിയായി ഒരാൾ സംസാരിക്കുന്പോൾ ആ ശബ്ദം രാജ്യത്തെ പ്രതിനിധീകരിക്കുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ ആഭ്യന്തര രാഷ്ട്രീയവൈരത്തിനോ ആരോപണങ്ങൾക്കോ സ്ഥാനമില്ല- റിജിജു പറഞ്ഞു.
Kerala
കൊച്ചി: തന്റെ നിലപാടുകള്‍ പൂര്‍ണമായും ബിജെപിക്ക് ഒപ്പം അല്ലെന്ന് അഖില്‍ മാരാര്‍. അതുകൊണ്ടാണ് നേരിട്ട് ബിജെപിയില്‍ ചേരാത്തത്. താന്‍ 70 ശതമാനം ബിജെപിക്കാരനാണ്. ചില വിഷയങ്ങളില്‍ യോജിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ആണ് ട്വന്റി-ട്വന്റി തെരഞ്ഞെടുത്തതെന്നും അഖില്‍ മാരാര്‍ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ പല വേദികളിലും തന്നെ സംഘി എന്ന് പറഞ്ഞു കളിയാക്കി. സീറ്റ് നല്‍കും എന്ന സൂചന കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിരുന്നു. അതിനുള്ള തെളിവുണ്ടെന്നും അഖില്‍ മാരാര്‍ കൊച്ചിയില്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിൽ റോ ഗ്രൂപ്പില്ല തന്റെ ജീവിതകാലത്തിൽ ഒരിക്കലും അങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടാകില്ലെന്നും ഇപ്പോൾ പ്രചരിക്കുന്നതെല്ലാം കെട്ടുകഥയാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ജോസ് കെ. മാണി പാലായിൽ മത്സരിക്കണമെന്നതു തന്റെ വ്യക്തിപരമായ ആഗ്രഹമാണ്.
പാലായെ അനാഥമാക്കാനാകില്ല. അവിടെയുള്ള ജനങ്ങൾ തെറ്റ് തിരുത്താൻ ജോസ് കെ. മാണിക്കു വേണ്ടി വ്യഗ്രതയോടെ നിൽക്കുകയാണ്. അദ്ദേഹവുമായി ഒരു തർക്കവുമില്ല. പാർട്ടി ചെയർമാൻ ജോസ് കെ. മാണി പറയുന്നതാണ് പാർട്ടിയുടെ അഭിപ്രായം. യുഡിഎഫിലേക്കു പോകുമെന്നും കേരള കോണ്‍ഗ്രസ്-എമ്മിലെ ആരും പറഞ്ഞിട്ടില്ല. എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്ന് പാർട്ടി ചെയർമാൻതന്നെ പറഞ്ഞിരുന്നു.
പാലായിൽ ജോസ് കെ. മാണി മത്സരിക്കുമെന്നും പാർട്ടി തീരുമാനിക്കുമെന്നാണ് താൻ പറഞ്ഞത്. കെ.എം. മാണിയേക്കാൾ കൂടുതൽ അപ്ഗ്രേഡായ നേതാവാണ് ജോസ്. പാർലമെന്റിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കടലിന്റെ അവകാശം കടലിന്റെ മക്കൾക്കെന്ന് അദ്ദേഹം പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു.
ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖലയാത്രയിൽ വലിയ ജനപങ്കാളിത്തമാണ്. കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലേക്കു പോകുമെന്ന് വിശ്വസിക്കുന്ന യുഡിഎഫ് നേതാക്കൾ അവരുടെ വിശ്വാസവുമായി മുന്നോട്ടു പോകട്ടെയെന്നും റോഷി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
District News
കൊല്ലം: രാഷ്്ട്രീയത്തിന് അതീതമായി കൊല്ലം നഗരത്തിൽ വികസനം എത്തിക്കുമെന്ന് കൊല്ലം മേയർ എ.കെ. ഹഫീസ്.കോർപറേഷന്റെ വാർഷിക പദ്ധതി രൂപീകരണം സംബന്ധിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. സി. കേശവൻ മെമ്മോറിയൽ ഹാളിൽ നടന്ന യോഗത്തിൽ ഡപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയാ സുകുമാരൻ അധ്യക്ഷത വഹിച്ചു.യോഗത്തിൽ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട ക്രിയാത്മകമായ ചർച്ച നടന്നു.
18 വർക്കിംഗ് ഗ്രൂപ്പുകളിലായി വിവിധ വിഷയങ്ങളിൽ പദ്ധതി നിർദേശങ്ങൾ സ്വരൂപിക്കുകയുണ്ടായി. കൊല്ലം നഗരത്തെ ഐടി ഹംബായി മാറ്റുവാനുള്ള ചർച്ചകൾ ഉണ്ടായി.
തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി തെരുവ് നായ്ക്കൾക്ക് ഷെൽട്ടർ ഒരുക്കാനും, മാലിന്യസംസ്കരണത്തിന് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നിർദേശങ്ങൾ ഉണ്ടായി.പൊതു അവധി ദിവസങ്ങളിൽ കൊല്ലം ബീച്ചിൽ എത്തുന്ന ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യംവെച്ച് കോർപറേഷ െ ന്റ ആഭിമുഖ്യത്തിൽ മെഡിക്കൽ എയ്ഡ് പോസ്റ്റ് ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എം. എസ്. ഗോപകുമാർ, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വിൻസി ബൈജു, എ.സദക്കത്ത്, ടി.ലൈലാകുമാരി, കുരുവിള ജോസഫ്, കോർപറേഷൻ സെക്രട്ടറി സജി എസ്.എസ്, കോർപറേഷൻ എൻജിനിയർ ജെ.ഷാജി, ക്ലീൻ സിറ്റി മാനേജർ ബി.പി. ബിജു, മറ്റ് ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
National
മുംബൈ: ബാരാമതിയുടെ നായകൻ എന്നാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അറിയപ്പെട്ടിരുന്നത്. എട്ടു തവണയാണ് അദ്ദേഹം ബാരാമതിയിൽനിന്നു ജയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ അന്ത്യവും രാഷ്ട്രീയ തട്ടകത്തിൽ തന്നെയായി എന്നതു യാദൃച്ഛികമായി.
അജിത് പവാർ കൂടുതൽ വേഗത്തിൽ തീരുമാനമെടുക്കുന്ന നേതാവായാണ് അറിയപ്പെടുന്നത്. മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം വികസന പദ്ധതികളും സാമ്പത്തിക വിഷയങ്ങളും കൈകാര്യം ചെയ്തതിലൂടെ ശ്രദ്ധ നേടി. ശക്തമായ ഭരണനിലപാടുകളും വ്യക്തമായ അധികാരപ്രയോഗവും അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയുടെ പ്രത്യേകതയായിരുന്നു.
ശരദ് പവാറിനെയും അജിത് പവാറിനെയും ചേർത്തേ മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രം വായിക്കാനാകൂ. ബന്ധുക്കൾ ആയിരുന്നിട്ടുകൂടി രാഷ്ട്രീയ ജീവിതത്തിൽ ശരദ് പവാറുമായി ഉടക്കിപ്പിരിഞ്ഞു. സ്വന്തം എൻസിപി രൂപപ്പെടുത്തിയ അദ്ദേഹം ബിജെപി മുന്നണിയുമായി കൈകോർത്ത് മഹാരാഷ്ട്ര ഭരണത്തിൽ ഇടംനേടി.
എട്ട് തവണ നിയമസഭാംഗം, അഞ്ച് തവണ ഉപ മുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിലും അജിത് പവാർ പ്രവർത്തിച്ചിട്ടുണ്ട്.
1982ൽ പൂനയിലെ പഞ്ചസാര ഫാക്ടറി സഹകരണ ബോർഡ് അംഗമായി പൊതുജീവിതം ആരംഭിച്ച അജിത് പവാർ, 1991ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായി.
2010ലെ അശോക് ചവാൻ മന്ത്രിസഭയിലാണ് ആദ്യമായി ഉപ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവീസ്, ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡേ മന്ത്രിസഭകളിൽ വീണ്ടും ഉപ മുഖ്യമന്ത്രിയായി.
2019ൽ മഹാവികാസ് അഘാഡി സർക്കാരിൽ ഉപ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2022ൽ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സ്ഥാനം രാജിവച്ചതോടെ 2022ൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
2023ൽ എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാർ രാജിവച്ചതോടെ വർക്കിംഗ് പ്രസിഡന്റുമാരായി ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും പ്രഫുൽ പട്ടേലും തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയിൽ പദവിയൊന്നും ലഭിക്കാതിരുന്ന അജിത് പവാർ ഇതേക്കറിച്ച് ശരദ് പവാറിനോടു ചർച്ച ചെയ്തെങ്കിലും അവഗണിക്കപ്പെട്ടു.
2023 ജൂലൈ രണ്ടിന് എൻസിപി പിളർത്തിയ അജിത് പവാർ, ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന - ബിജെപി സർക്കാരിൽ ഉപ മുഖ്യമന്ത്രിയായി. എൻസിപിയിലെ 53 എംഎൽഎമാരിൽ 29 പേരെ ഒപ്പം നിർത്തിയാണ് അജിത് പവാർ അട്ടിമറി നടത്തിയത്. ഇവരിൽ എട്ടുപേർ മന്ത്രിമാരുമായി.
2024 ഫെബ്രുവരി ആറിന് അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്ന പേരും പാർട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാറിന് ഉപയോഗിക്കാമെന്ന് വിധി വന്നു.
2024 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി നയിച്ച മഹായുതി സഖ്യത്തിൽ നിന്ന് 59 ഇടങ്ങളിൽ മത്സരിച്ച അജിത് പവാറിന്റെ എൻസിപി 41 സീറ്റുകളിൽ വിജയിച്ചു. ബിജെപിക്കും എക്നാഥ് ഷിൻഡെ വിഭാഗം ശിവസേനയ്ക്കും പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിലെയും മഹാരാഷ്ട്ര നിയമസഭയിലേയും മൂന്നാമത്തെ വലിയ പാർട്ടിയായി അജിത് പവാർ നയിച്ച എൻസിപി മാറി.
Kerala
പത്തനംതിട്ട: കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ചു സഭകളുടെ സമ്മർദമുണ്ടെന്ന തരത്തിൽ താൻ പരാമർശം നടത്തിയതായി പ്രചരിക്കുന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നു കേരള കോൺഗ്രസ്-എം നേതാവും എംഎൽഎയുമായ പ്രമോദ് നാരായണൻ. ഇത്തരത്തിലുള്ള ഒരു പരാമർശവും താൻ നടത്തിയിട്ടില്ലെന്നും അറിവിൽപെടാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രചാരണങ്ങൾ അസത്യവും ദുഷ്ടലാക്കോടുകൂടിയതുമാണ്. പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഇതിനകംതന്നെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടും സഭകളെ കൂടി വലിച്ചിഴച്ചു വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പ്രമോദ് നാരായണൻ എംഎൽഎ ആരോപിച്ചു.
സമൂഹത്തെ മുന്നോട്ടുനയിക്കുന്ന ആത്മീയ നേതൃത്വങ്ങളോട് എന്നും ആദരവ് പുലർത്തുന്ന പൊതുപ്രവർത്തകനാണ് താനെന്ന് അദ്ദേഹം പറഞ്ഞു. സഭകളെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തേണ്ട സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ല.
മകരവിളക്ക് ചടങ്ങുകളുമായി ബന്ധപ്പെട്ടു ശബരിമലയിൽ ആയിരുന്നതിനാൽ വാർത്തകൾ ശ്രദ്ധയിൽപ്പെടാൻ വൈകിയതാണെന്നും അതിനാലാണ് വിശദീകരണക്കുറിപ്പ് വൈകിയതെന്നും അദ്ദേഹം അറിയിച്ചു. വിശദീകരണം വൈകിയതിൽ ഖേദം പ്രകടിപ്പിക്കുന്നതായും പ്രമോദ് നിരായണൻ എംഎൽഎ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Kerala
ആലപ്പുഴ: എ.കെ. ബാലന്റെ പ്രസ്താവന തനി വർഗീയത വിളമ്പുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
അത് എ.കെ. ബാലനെ കൊണ്ട് പറയിച്ചതാണെന്നും കുരുടൻ ആനയെ കണ്ടത് പോലെയാണ് സിപിഎം നേതാക്കളുടെ സ്ഥിതിയെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ തോറ്റാൽ അതിന്റെ കാരണം ഉൾക്കൊള്ളണം. എൽഡിഎഫ് കേരള സമൂഹത്തിൽ വർഗീയതയുടെ വിഷം വമിപ്പിക്കുന്നു. ക്ഷമ പറഞ്ഞത് കൊണ്ട് പ്രശ്നം തീരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടണം. എ.കെ. ബാലന്റേത് പച്ച വർഗീയതയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ശബരിമല സ്വർണകൊള്ളയുടെ വ്യാപ്തി കൂടുകയാണ്. പദ്മകുമാറിനെതിരെ നടപടി എടുക്കാൻ പാർട്ടി ഇപ്പോഴും തയാറല്ല. എസ്ഐറ്റിക്ക്മേൽ തുടക്കം മുതലേ സമ്മർദ്ദമുണ്ട്. എസ്ഐറ്റി കേരളസർക്കാരിന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് കോടതി മേൽനോട്ടത്തിലുള്ള വേറൊരു ഏജൻസി കേസ് അന്വേഷിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
ദേശീയപാതയിൽ ഓരോ ദിവസവും വിള്ളലുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. എൻഎച്ച് 66-ൽ സുരക്ഷാ പരിശോധന നടത്തും. കായംകുളം, ഓച്ചിറ, പായിൽ കുളങ്ങര തുടങ്ങിയ ഇടങ്ങളിൽ പില്ലർ സ്ട്രക്ചർ ആക്കേണ്ടി വന്നാൽ അതിനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടും.
കേരളത്തിലെ ആരോഗ്യ വകുപ്പിന് നിരന്തരമായി വീഴ്ച സംഭവിക്കുന്നു. അതെല്ലാം മറച്ചുവയ്ക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. ആശുപത്രികളിൽ സ്റ്റാഫ് ഇല്ല, മരുന്ന് ഇല്ല, അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ല.
കേരളത്തിലെ ചികിത്സ പിഴവുകളിൽ ആവശ്യമായ രീതിയിൽ അന്വേഷണം നടക്കുന്നില്ല. ഒരു അന്വേഷണത്തിലും ചികിത്സ പിഴവ് ഉണ്ടെന്ന് ഇന്നേ വരെ കണ്ടെത്തിയിട്ടില്ല. കുറ്റം മറച്ചു വയ്ക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. നമ്പർവൺ ആണെന്ന് പറച്ചിൽ മാത്രമാണ്.
ആലപ്പുഴയിൽ എസ്ഡിപിഐ സഹായത്തോടെ മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റിഷിപ്പ് നേടാൻ സിപിഎം പരസ്യമായി നടപടി എടുത്തിരിക്കുകയാണ്.
എല്ലാ സ്ഥലങ്ങളിലും വൻഭൂരിപക്ഷത്തിൽ വിജയിക്കാനുള്ള ക്രമീകരണങ്ങളുമായി പാർട്ടി മുന്നോട്ടു പോവുകയാണ്. നിയമസഭാ ഇലക്ഷനിൽ എല്ലാവരും ഒറ്റക്കെട്ടായി മത്സരിക്കും, ജയിക്കും. അതിനുശേഷം മാത്രം മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
ചേർത്തല: മുസ്ലിം ലീഗിനെതിരെ കടന്നാക്രമണവുമായി വീണ്ടും വെള്ളാപ്പള്ളി നടേശന്. മത കലഹമുണ്ടാക്കാന്‍ ലീഗ് ശ്രമിക്കുകയാണ്. മാറാട് ആവര്‍ത്തിക്കാനാണ് ശ്രമം.
മുസ്ലിം സമുദായത്തെ ഈഴവര്‍ക്കെതിരെ തിരിക്കാന്‍ നോക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന് ആരോപിച്ചു. ചേർത്തലയിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. ലീഗ് സാമൂഹിക നീതി നടപ്പിലാക്കിയില്ലെന്നും മലപ്പുറത്ത് മുസ്ലിം സമുദായത്തിനു മുട്ടിനുമുട്ടിനു കോളജുണ്ട്.
ഈഴവ സമുദായത്തിനു നല്‍കിയത് ഒരു എയ്ഡഡ് കോളജാണ്. ഭരണത്തിലിരുന്നപ്പോള്‍ ലീഗ് എന്ത് ചെയ്തുവെന്ന് ആത്മപരിശോധന നടത്താന്‍ വെല്ലുവിളിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ സത്യം പറഞ്ഞതിനു തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പിലെ തോല്‍വി സിപിഐ പരിശോധിക്കണമെന്ന വിമര്‍ശനം ഉയര്‍ത്തിയ വെള്ളാപ്പള്ളി താന്‍ പിണറായിയുടെ ജിഹ്വയല്ലെന്നും പ്രശ്നാധിഷ്ഠിത പിന്തുണ മാത്രമാണ് നല്‍കുന്നതെന്നും പറഞ്ഞു.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസിന് രാഷ്ട്രീയമില്ല എന്നും രാഷ്ട്രീയത്തോടു വെറുപ്പില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു രാഷ്ട്രീയ പാർട്ടികളോടും വെറുപ്പില്ലെന്നും എന്നും എല്ലാം സമദൂരമാണെന്നും സുകുമാരൻ നായർ പ്രതികരിച്ചു. ശരിദൂരം എന്ന നിലപാട് ശബരിമല വിഷയത്തിൽ മാത്രമാണ് ഉണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്നം ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിലെ ശരിദൂരം എന്ന നിലപാടിൽ ഇതിനകം രാഷ്ട്രീയമായി കൂട്ടികുഴക്കേണ്ട കാര്യമില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. സ്വർണക്കൊള്ളയിൽ താൻ നിലപാട് വ്യക്തമാക്കിയതാണ്, അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം അറിയിച്ചു.
Special News
പുതുവർഷത്തെ കാത്തിരിപ്പ്, പ്രതീക്ഷകൾ, മനോഭാവം, എഴുത്ത്, രാഷ്ട്രീയം... എഴുത്തുകാരി ഡോണ മയൂര കുറിക്കുന്നു...
വർഷങ്ങൾ വന്നും പോയുമുള്ള ജീവിത തുടർച്ചകളിലേക്ക് ഒരു പുതുവർഷം കൂടി വന്നു ചേരുന്നു. ഇതെഴുതാനിരിക്കുമ്പോൾ ഓസ്ട്രേലിയയിൽ പുതുവർഷമെത്തി. ഞാൻ ജനിച്ച രാജ്യമായ ഇന്ത്യയിലും പ്രവാസിയായി ജീവിതം തുടരുന്ന യുഎസ്എയിലും പുതുവർഷമെത്താൻ കാത്തിരിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ മികവിൽ ഒരിടത്തിരുന്നുകൊണ്ട് ലോകത്തിലെ പലകോണുകളിൽ നടക്കുന്ന ആഘോഷങ്ങൾ സന്തോഷത്തോടെ കാണുകയും അവിടങ്ങളിൽ ഉള്ള സുഹൃത്തുക്കൾക്ക് അപ്പപ്പോൾതന്നെ ആശംസകൾ അറിയിക്കുന്നവരുമായി നമ്മൾ മാറി.
ഭൂഖണ്ഡങ്ങൾക്കും ദേശങ്ങൾക്കും തമ്മിലുള്ള രാവിന്റെയും പകലിന്റെയും ടൈം സോണുകളുടെയും വ്യത്യാസത്തെ കൈയിലിരിക്കുന്ന സ്മാർട്ട് ഫോണിൽ തൊട്ട് ഇല്ലാതെയാകുന്ന കാലത്ത് നമ്മളെത്തി. എല്ലാ മേഖലകളിലെയും മാറ്റവും തുടർച്ചകളും ഉയർച്ചകളിലേക്കും കൈയും മനസുമൊരുമിച്ചെത്തിച്ച് തൊട്ടു. അതോടൊപ്പം കൂടിതൽ രാഷ്ട്രീയ ബോധമുള്ളവരും വിശാലമാനവികതയുള്ളവരുമായ മനുഷ്യരുമായി. ഇതിനെ തുരങ്കം വയ്ക്കാൻ വർഗീയതയുടെ വിഷയവുമായി ചിലർ നടപ്പുണ്ടെങ്കിലും അവരെയെല്ലാം അകറ്റിനിർത്താനുള്ള വിവേകമുള്ള മനുഷ്യരാണ് നമ്മൾ.
കാണാൻ കാത്തിരിപ്പ്
പുതുവർഷം പല ഭൂഖണ്ഡങ്ങളിലായി വിവിധ ടൈം സോണുകളിലായിട്ടാണ് വന്നെത്തുന്നത് എങ്കിലും ഇന്നു സിനിമയും സാഹിത്യവും ഒരേ സമയം എല്ലായിടത്തും എത്തുന്നു. വായിക്കാനാഗ്രഹിക്കുന്ന എഴുത്താളുകളുടെ പുസ്തകങ്ങൾ പബ്ലിഷ് ചെയ്താൽ ഉടൻതന്നെ വായിക്കാൻ ലഭിക്കുന്നയാനന്ദം. ഒരു പുസ്തകം വായിക്കാൻ കാത്തിരുന്ന നാളുകളിൽനിന്നും എത്രമാത്രം മുന്നോട്ടുപോയി എന്നുമോർമിപ്പിക്കുന്നു. കൂടുതൽ സഞ്ചാരസ്വാതന്ത്യത്തോടൊപ്പം കൈവന്ന സന്തോഷമാണ് സിനിമകൾ കാണാനായുള്ള യാത്രകളും മ്യൂസിയങ്ങളും ആർട്ട് ഗാലറികളും മുതൽ പോപ്പപ്പ് ആർട്ട്ഷോകൾ വരെ കാണാനായുള്ള യാത്രകളും. ഈ വർഷമിറങ്ങുന്ന സിനിമകൾ കാണാനും പുസ്തകങ്ങൾ വായിക്കാനും ഈ വർഷം കേരളത്തിൽ നടക്കുന്ന ബിനാലെ, ന്യൂയോർക്കിൽ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിലെ Frida and Diego: The Last Dream പോലുള്ള കലാപ്രദർശനങ്ങളും കാണാനുമായി കാത്തിരിക്കുന്നു.
കൂടുതൽ വായിക്കട്ടെ
സാഹിത്യവും കലയും നാനാമേഖലകളിൽ ഉള്ള മനുഷ്യരെ തമ്മിൽ സ്നേഹത്തോടെ ഒന്നിപ്പിക്കുന്ന ഘടകമാണ്. കേരളത്തിൽ ചെറുഗ്രാമങ്ങളിൽ പോലും ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ കൊണ്ടാടപ്പെടുന്നത് വലിയ പ്രതീക്ഷ നൽകുന്നു. പുതിയ തലമുറ കൂടുതൽ വായനാശീലമുള്ളവരും കലാസാഹിത്യവാസനയുള്ളവരും ആയി മാറുമ്പോൾ അവർ വിശാലമാനവികതയുള്ളവരായി വളരും. മയക്കുമരുന്നുകൾ പോലുള്ള നശീകരണസ്വഭാവമുള്ള ശീലങ്ങളിൽ പെട്ടുപോവാതിരിക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ, ബോധവത്കരണ പരിപാടികൾ ഉൾപ്പെടെ, കലാസാഹിത്യമേഖലയിൽ ഉള്ളവർക്കു ചെയ്യാൻ കഴിയുകയും ചെയ്യും.
വർഗീയതയെ പുറത്താക്കണം
ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പിലേക്കു ഞാൻ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പൊതുജനത്തെ വർഗീയതയുടെ വിഷമൂട്ടുന്നവരെ അധികാരസ്ഥാനങ്ങളിൽ എത്തിക്കാതിരിക്കാൻ വിവേകത്തോടെ ഓരോ വോട്ടും പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയിലിരിക്കുന്നു. പാരസ്പര്യവും സാഹോദ്യര്യവും സ്നേഹവും മറന്നു മനുഷ്യരെ തമ്മിലടിപ്പിക്കാനായി നടക്കുന്നവർക്കു നമ്മുടെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്താ തിരിക്കുക.
ഈ പുതുവർഷത്തിൽ വിവേകത്തോടെയുള്ള ചിന്തകൾകൊണ്ടും ചുവടുകൾകൊണ്ടും പ്രവൃത്തികൾ കൊണ്ടും സ്നേഹംകൊണ്ടും നല്ലൊരു ലോകം നമുക്കു ചുറ്റും സ്ഥിരമായി നിലനിൽക്കാൻ ഇനിയും എല്ലാവരും പ്രയത്നിക്കുമെന്ന പ്രതീക്ഷയിൽ… ഏവർക്കും പുതുവത്സരാശംസകൾ.
National
ബംഗളൂരു: സർക്കാർ ഭൂമിയിൽ കടന്നുകയറ്റം അനുവദിക്കില്ലെന്നും കൃത്യമായ രേഖകളുള്ള മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കുടിയൊഴിപ്പിക്കൽ പ്രദേശം സന്ദർശിച്ച ശേഷമായിരുന്നു ഉപമുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഭൂമി പിടിച്ചെടുക്കലോ കൈയേറ്റമോ സർക്കാർ അനുവദിക്കില്ല. ഖരമാലിന്യ സംസ്കരണത്തിനായി പത്തുവർഷം മുന്‍പാണ് സർക്കാർ ഈ ഭൂമി കൈമാറിയത്.
പ്രശ്നത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയം കലർത്തുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ആരോപണത്തിനു പിന്നിൽ. ഇവിടെയുള്ള ന്യൂനപക്ഷങ്ങളുടെ പിന്തുണയാണ് ലക്ഷ്യം. പ്രാദേശിക പ്രശ്നമാണിതെന്നും കേരള മുഖ്യമന്ത്രി ഒഴിഞ്ഞുനിൽക്കണമെന്നു ആവശ്യപ്പെടുകയാണെന്നും ശിവകുമാർ പറഞ്ഞു.
ബംഗളൂരു: കർണാടകയിലെ ഭൂമി ഒഴിപ്പിക്കൽ പ്രശ്നത്തിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ബംഗളുരുവിനു സമീപം കൊഗിലുവിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്തി താമസക്കാരെ ഒഴിപ്പിച്ചതു ബദൽസൗകര്യങ്ങൾ ഒരുക്കാതെയാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. മനുഷ്യാവകാശ ലംഘനം നടന്നോയെന്നു പരിശോധിക്കുന്നുണ്ടെന്നു കമ്മീഷൻ ചെയർപേഴ്സൺ ടി. ശ്യാം ഭട്ട് പറഞ്ഞു.
National
മുംബൈ: ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിക്കുമെന്നു ശിവസേനയും (ഉദ്ധവ്) എംഎൻഎസും പ്രഖ്യാപിച്ചു. ഉദ്ധവ് താക്കറെയും രാജ് താക്കറെയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണു പ്രഖ്യാപനമുണ്ടായത്.
മുംബൈ മേയർ മറാഠി ആയിരിക്കുമെന്നും അതു തങ്ങളുടെ സഖ്യത്തിൽനിന്നായിരിക്കുമെന്നും രാജ് താക്കറെ പറഞ്ഞു. മുംബൈയിൽ സീറ്റ് വിഭജനം പൂർത്തിയായെന്നും മറ്റു തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സഖ്യം സംബന്ധിച്ച് ചർച്ച നടന്നുവരികയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 227 അംഗ മുംബൈ കോർപറേഷനിലേക്ക് ജനുവരി 15നാണു തെരഞ്ഞെടുപ്പ് നടക്കുക.
Kerala
തൊടുപുഴ: സമസ്തയ്ക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് തൊടുപുഴയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.
സമസ്തയിലെ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയം ഉണ്ടാകാം. എന്നാല്‍ പ്രത്യേക രാഷ്ട്രീയ കക്ഷികള്‍ക്ക് സമസ്ത പിന്തുണ നല്‍കുന്നില്ല. ഇവിടുത്തെ മതേതരത്വവും മതസൗഹാര്‍ദവും സംരക്ഷിക്കപ്പെടണം. മതത്തിന്റെ പേരിലുള്ള കലഹങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും സമസ്ത ആഹ്വാനം ചെയ്തിട്ടില്ല. അങ്ങനെ ചെയ്യുകയുമില്ല.
രാജ്യത്തോടു കൂറുപുലര്‍ത്തിയാണ് സമസ്ത പ്രവര്‍ത്തിക്കുന്നത്. സന്ദേശയാത്രയുടെ മലപ്പുറം സമ്മേളനത്തില്‍ സാദിക്കലി തങ്ങള്‍ പങ്കെടുക്കും. നാസര്‍ ഫൈസി കൂടത്തായിയെ സംഘാടകസമിതിയില്‍ ഉള്‍പ്പെടുത്തും.
പതാക കൈമാറുന്നതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടന്നു. പതാക കൈമാറണമെന്ന് പാണക്കാട് കുടുംബത്തോട് ആവശ്യപ്പെട്ടിട്ടില്ല. നേരത്തെ നിശ്ചയിക്കപ്പെട്ട പ്രകാരമാണ് കാര്യങ്ങള്‍ നടന്നത്. ലീഗുമായി മറ്റു പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. ആറു വര്‍ഷം മുമ്പ് ഇടതുമുന്നണിയില്‍ ചേര്‍ന്നത് ഒരു രാഷ്ട്രീയ തീരുമാനമാണ്. ആ തീരുമാനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും മുന്നണി മാറ്റം കേരള കോണ്‍ഗ്രസിന്റെ അജൻഡയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നു കരുതി മുന്നണി മാറുന്നത് രാഷ്ട്രീയ മര്യാദയല്ല. യുഡിഎഫ് നേതാക്കാള്‍ ക്ഷണിക്കുന്നത് കേരള കോണ്‍ഗ്രസിന്റെ അടിത്തറ കണ്ടിട്ടാണ്. എല്‍ഡിഎഫില്‍ എത്തിയ ശേഷമാണ് യുഡിഎഫിന് കേരള കോണ്‍ഗ്രസിന്റെ ശക്തി മനസിലായത്. യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണ്. നിലവില്‍ നടക്കുന്ന മുന്നണി മാറ്റ ചര്‍ച്ചകളില്‍ ഒരു കഴമ്പുമില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
ഇന്നു രാവിലെ 10.30ന് ആരംഭിച്ച ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതിനു മുമ്പായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഇടതു മുന്നണിക്ക് ലഭിച്ചില്ല. എന്നാല്‍ പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ അടിസ്ഥാനമാക്കിയാല്‍ പാലായില്‍ 1,523 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് മുന്നിലാണ്.
ബിജെപി ഭരിച്ചിരുന്ന മുത്തോലി പഞ്ചായത്ത് എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കേരള കോണ്‍ഗ്രസ് എമ്മിനു ഇവിടെ തനിച്ചു ഭൂരിപക്ഷമുണ്ട്. പാലാ നിയോജക മണ്ഡലത്തില്‍ പെടുന്ന ഉഴവൂര്‍, കിടങ്ങൂര്‍, ഭരണങ്ങാനം ജില്ലാ ഡിവിഷനുകളില്‍ എല്‍ഡിഎഫിനാണ് വിജയം.
പാലാ മുനിസിപ്പാലിറ്റിയില്‍ 10 കൗണ്‍സിലര്‍മാരാണു കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായിരുന്നത്. ഈ തെരഞ്ഞെടുപ്പിലും 10 കൗണ്‍സിലര്‍മാരുണ്ട്. ഒരു സീറ്റ് നറുക്കെടുപ്പിലൂടെയാണ് നഷ്ടമായത്. പാലാ നഗരസഭയില്‍ ഏറ്റവും വലിയ കക്ഷി കേരള കോണ്‍ഗ്രസാണ്. ചെയര്മാന് തെരഞ്ഞെടുപ്പില്‍ ഉചിതമായ സമയത്ത് എല്‍ഡിഎഫുമായി ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കും. ഇപ്പോള്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
National
ചെന്നൈ: അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെ വൻ വിജയം നേടുമെന്ന് പുതുതായി പാർട്ടിയിലെത്തിയ മുൻ എംഎൽഎ കെ.എ. ശെങ്കോട്ടയ്യൻ. വൻ ഭൂരിപക്ഷത്തോടെയായിരിക്കും ടിവികെ അധികാരത്തിലെത്തുകയെന്നും ശെങ്കോട്ടയ്യൻ പറഞ്ഞു.
"സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഡിഎംകെയുടെ ജനദ്രോഹ ഭരണം അവസാനിപ്പിക്കണമെന്ന് അവർ തീരുമാനിച്ചു കഴിഞ്ഞു. അവരുടെ മുന്നിലുള്ള ഒരേ ഒരു വഴി തമിഴക വെട്രി കഴകവും വിജയ്യും ആണ്. വിജയ് തന്നെ സംസ്ഥാനത്തെ നയിക്കും '.-ശെങ്കോട്ടയ്യൻ അവകാശപ്പെട്ടു.
ടിവികെയ്ക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തള്ളതെന്നും ശെങ്കോട്ടയ്യൻ കൂട്ടിച്ചേർത്തു. വിജയ്യുടെ നേതൃത്വമാണ് സംസ്ഥാനത്ത് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എഐഎഡിഎംകെ നേതാവായിരുന്നു ശെങ്കോട്ടയ്യൻ.
Kerala
തിരുവനന്തപുരം: ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെയുള്ള പരാതികളിൽ നടപടി കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ചർച്ചകൾ സജീവമായതോടെ രാഹുലിനെ പുറത്താക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. നിലവിൽ രാഹുൽ സസ്പെൻഷനിലാണ്. എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടാൻ പരിമിതിയുണ്ട്.
പുതിയ പരാതികൾ വരുന്നത് നേതൃത്വം ഗൗരവമായാണ് കാണുന്നത്. രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി നല്കിയ പുതിയ പരാതിയില്‍ കേസെടുക്കുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടായേക്കും. അതേസമയം ആറാം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും.
ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കണോ എന്നതിലാകും ആദ്യവാദം. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം.
Movies
ഒരു തമിഴ് സിനിമയിലേക്ക് കാരക്ടര്‍ റോള്‍ ചെയ്യാന്‍ ഓഫര്‍ വന്നിട്ടുണ്ട്. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലായതിനാല്‍ ഞാന്‍ ഡിസംബര്‍ 13 വരെ സമയം ചോദിച്ചിരിക്കുകയാണ്.
ചെല്ലാനം ഹാര്‍ബറിലെത്തുന്ന വള്ളങ്ങളില്‍ നിന്ന് ലേലം വിളിക്കാനുള്ള മത്സ്യക്കുട്ടകള്‍ നോക്കിക്കൊണ്ട് സിനിമാ നടനായ ഒ.എഫ് സെബാസ്റ്റ്യന്‍ എന്ന ചെല്ലാനത്തുകാരുടെ സ്വന്തം മാള പറഞ്ഞു.
ചെല്ലാനം ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം. മിമിക്രി കലാകാരന് കൂടിയായ സെബാസ്റ്റ്യന്‍ കൂടുതലായും ചെയ്യുന്നത് മാള അരവിന്ദന്റെ ഫിഗറാണ്. അതുകൊണ്ടുതന്നെയാണ് മാള എന്ന ഓമനപ്പേര് ചെല്ലാനത്തുകാര്‍ അദ്ദേഹത്തിനു സമ്മാനിച്ചതും. പ്രചാരണയോഗങ്ങളിലൊക്കെ സിനിമാ നടന്മാരെ അനുകരിച്ച് സെബാസ്റ്റ്യൻ വോട്ടു ചോദിക്കുമ്പോള്‍ നിറഞ്ഞ കൈയടിയാണ് കിട്ടുന്നത്.
തെക്കേ ചെല്ലാനം കൂട്ടുപറമ്പില്‍ സെബാസ്റ്റ്യന്‍ കുട്ടിക്കാലം മുതല്‍ അഭിനയത്തോടെ താല്പര്യമുണ്ടായിരുന്നു. കൊച്ചിന് കലാഭവനില്‍ ഒന്നര വര്‍ഷം വയലിന് പഠിച്ചെങ്കിലും അഭിനയമാണ് തന്റെ തട്ടകമെന്ന് സെബാസ്റ്റ്യന്‍ തിരിച്ചറിഞ്ഞു. മാള അരവിന്ദന്, പ്രേം നസീര്‍, മധു, ജനാര്ദ്ദനന്, കൊച്ചിന് ഹനീഫ എന്നിവരെ അനുകരിക്കുന്നതാണ് സെബാസ്റ്റ്യന്റെ മാസ്റ്റര്‍ പീസ് ഐറ്റം.
ഇതിനിടെ ചെല്ലാനം വേളാങ്കണ്ണി മാതാ ആര്‍ട്സ് ട്രൂപ്പിനു കീഴില്‍ തെരുവുനാടകങ്ങളിലും സ്റ്റേജ് നാടകങ്ങളിലും വര്‍ഷങ്ങളായി അഭിനയിച്ചുവരുന്നു. ഇതിനകം പത്തിലധികം വേദികളില്‍ അരങ്ങേറിയ കാറ്റാടിമലയിലെ സൂര്യന് എന്ന നാടകത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ വേഷം സെബാസ്റ്റ്യനെ ജനപ്രിയനാക്കി.
ദേവസഹായം പിള്ള, അന്നമ്മയുടെ അവറാച്ചന്, അമ്മ ഉറങ്ങാത്ത വീട് എന്നീ നാടകങ്ങളഇലും മികച്ച വേഷം ചെയ്തു. ബിജു മേനോന്റെ ആന്റപ്പന് ആന്‍ഡ് സണ്‍സ്, വെടിക്കെട്ട്, വിമാനം, ഇടിയന് ചന്ദു ഉള്‍പ്പെടെ പത്തിലധികം മലയാളം ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിലെ തരകനായ ഇദ്ദേഹം 2010 ല്‍ ചെല്ലാനം ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതാണ്.
Movies
കരൂർ ദുരന്തത്തിനുശേഷം വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും തമിഴകം വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. ഡിസംബർ ആദ്യ വാരം പൊതുയോഗം നടത്താനാണ് നീക്കം.
രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും നടത്തുക. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പോലീസിന് ടിവികെ നൽകി.
ഡിസംബർ നാലിന് സേലത്തുവച്ച് പൊതുയോഗം നടത്താനാണ് നിലവിലെ നീക്കം. ആഴ്ചയിൽ നാല് യോഗം വീതമാണ് ഉണ്ടാകുക. ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങൾ നടത്താനാണ് ആലോചന. കരൂർ ദുരന്തത്തോടെ വിജയ് പര്യടനം നിർത്തിവെച്ചിരുന്നു.
District News
കോഴഞ്ചേരി: കഥകളി എന്ന കലാരൂപത്തിന്റെ നാമത്തിൽ അറിയപ്പെടുന്ന കേരളത്തിലെ ഏക ഗ്രാമപഞ്ചായത്താണ് അയിരൂർ. അയിരൂർ കഥകളി ഗ്രാമം എന്ന പേരിൽ സർക്കാർ ഗസറ്റ് വിജ്ഞാപനത്തിലൂടെ സ്ഥലനാമം മാറ്റിയെഴുതിയിട്ടുണ്ട്. സാംസ്കാരികമായി ഏറെ പ്രാധാന്യമുള്ള അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനും ചതയം ജലോത്സവത്തിനും ആതിഥേയത്വം അരുളുക കൂടി ചെയ്യുന്നുണ്ട്.
പമ്പയുടെ തീരത്തുള്ള പഞ്ചായത്തിലെ വിവിധ കരകളിലായി നാല് ആറന്മുള പള്ളിയോടങ്ങളുണ്ട്.പന്തളത്തുനിന്നു ശബരിമലയിലേക്കു കൊണ്ടുപോകുന്ന തിരുവാഭരണ ഘോഷയാത്രയുടെ ആദ്യ വിശ്രമകേന്ദ്രം അയിരൂരിലെ പുതിയകാവിലുള്ള ദേവീക്ഷേത്ര മതിലകത്താണ്. നിരവധി സാംസ്കാരിക നായകരുടെയും മതമേലധ്യക്ഷരുടെയും ജന്മനാടുകൂടിയാണ് അയിരൂർ. ആധ്യാത്മിക, സാംസ്കാരിക പാരന്പര്യം മുറുകെപ്പിടിക്കുന്ന പഞ്ചായത്തിലെ ഭരണസാരഥികൾക്കും അത്തരം ഒരു പശ്ചാത്തലത്തിൽനിന്നു മാത്രമേ പ്രവർത്തിക്കാനാകൂ.
കാർഷിക ഗ്രാമമാണെങ്കിലും കൃഷി കനത്ത വെല്ലുവിളിയെ നേരിടുകയാണ്. പഴയകാല പ്രതാപം കൃഷിക്ക് ഇല്ലാതായി. അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയുള്ള പദ്ധതികൾക്കാണ് ഭരണസമിതി ലക്ഷ്യംവച്ചതെങ്കിലും രാഷ്ട്രീയമായ അസ്ഥിരതയും ഭരണതലപ്പത്തെ പ്രതിസന്ധികളും മറ്റൊരു വെല്ലുവിളിയായി.
നേട്ടങ്ങൾ
അമ്പിളി പ്രഭാകരൻ നായർ
(അയിരൂർ പഞ്ചായത്ത് പ്രസിഡന്റ്)
പഞ്ചായത്തിന്റെ അധീനതയിലുള്ള എല്ലാ ഗവണ്മെന്റ് എല്‍പി സ്കൂളുകളും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മിച്ചു.
എംഎൽഎ ഫണ്ട് ഉപയോഗിച്ച് അയിരൂർ, തടിയൂർ മോഡൽ, പ്ലാങ്കമൺ എൽപി സ്കൂളുകൾക്ക് കെട്ടിടം, അയിരൂർ ജിഎച്ച്എസ്എസിൽ ജില്ലാ പഞ്ചായത്തിൽനിന്നു കെട്ടിടം.
കാഞ്ഞീറ്റുകര, കോറ്റാത്തൂര്‍ പൊതുജന ആരോഗ്യ സബ്സെന്ററുകളുടെ നവീകരണത്തിനായി 16 ലക്ഷം രൂപയും പ്ലാങ്കമണ്‍ സബ്സെന്ററിന്റെ കെട്ടിടത്തിനായി 55 ലക്ഷം രൂപയും അനുവദിച്ച് പണികള്‍ പൂര്‍ത്തീകരിച്ചു.
ഞൂഴൂരില് പുതിയ പൊതുജന ആരോഗ്യ സബ്സെന്റര്‍ നിര്‍മിക്കുന്നതിന് 55 ലക്ഷം.
ലൈഫ് ഭവനപദ്ധതിപ്രകാരം ഗ്രാമപഞ്ചായത്തില്‍ 56 ഭവനങ്ങളുടെ നിമാണം പൂര്‍ത്തീകരിക്കുകയും 39 ഭവനങ്ങളുടെ നിർമാണം നടന്നുവരികയും ചെയ്യുന്നു. മൂന്നു കോടിയോളം രൂപ ചെലവഴിച്ചു.
ദാരിദ്ര്യനിർമാർജന മേഖലയിൽ വിവിധ പദ്ധതികൾ.
അയിരൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അനുവദിച്ച ഒരുകോടി രൂപ വിനിയോഗിച്ച് ഒന്നാംഘട്ടമായി ചുറ്റുമതില്‍, ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ് ഗ്രൗണ്ടുകൾ പൂർത്തീകരിച്ചു.
സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി ഒരു കോടി രൂപയുടെ പ്രോജക്ടും എസ്റ്റിമേറ്റും തയാറാക്കി സ്പോര്‍ട്സ് കൗണ്‍സിലിനു സമര്‍പ്പിച്ചു.
മാലിന്യനിർമാർജനത്തിന്റെയും സന്പൂർണ ശുചിത്വത്തിന്റെയും ഭാഗമായി ബയോബിൻ, ബോട്ടിൽ ബൂത്ത് എന്നിവ വിവിധയിടങ്ങളിൽ സ്ഥാപിച്ചു.
17 അങ്കണവാടികള്‍ക്ക് കെട്ടിടം പണിയുന്നതിലേക്ക് സ്ഥലം കണ്ടെത്തി.
വയോജന ക്ലബ് രൂപീകരിച്ചു
10 ക്ലബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റുകള്‍ നല്കി.
50 ലക്ഷം രൂപ ചെലവിൽ പഞ്ചായത്തിനു പുതിയ കെട്ടിടം.
പമ്പാതീരത്തെ കടവുകളുടെ പുനരുദ്ധാരണം.
റോഡുകളുടെ നിർമാണത്തിനും പുനരുദ്ധാരണത്തിനുമായി ഒന്‍പതു കോടിയുടെ മെയിന്റനൻസ് ഫണ്ട് വിനിയോഗിച്ചു. പ്ലാൻഫണ്ടിൽനിന്നു രണ്ടു കോടി നൽകി.
കോട്ടങ്ങൾ
പ്രദീപ് അയിരൂർ
(ബിജെപി പാർലമെന്ററി പാർട്ടി നേതാവ്)
ഭരണത്തിലെ അസ്ഥിരത വികസനപ്രവർത്തനങ്ങളെ ബാധിച്ചു
പ്രസിഡന്റുസ്ഥാനത്തിനുവേണ്ടി സിപിഎമ്മിലുണ്ടായ വടംവലി കാരണം അധികാരം വീതം വയ്ക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് ഏറെ സമയവും വേണ്ടിവന്നത്.
ഭരണത്തിലെ കെടുകാര്യസ്ഥത അഴിമതിക്ക് കളമൊരുക്കി. അയിരൂർ വില്ലേജ് സഹകരണ ബാങ്കിലെ ക്രമക്കേടുകൾക്ക് ഉത്തരാവാദികളായവർതന്നെ പഞ്ചായത്ത് ഭരണവും നിയന്ത്രിച്ചു.
ജലജീവന്‍ മിഷനിലൂടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും കാര്യക്ഷമമായ നടപടികളുണ്ടായില്ല.
ഇടപ്പാവൂരിൽ കുടിവെള്ള പദ്ധതിയുടെ കിണർ തകർന്നതും ചെളി അടിഞ്ഞതും കാരണം പന്പിംഗ് സുഗമമല്ല.
സ്റ്റേഡിയം വികസനത്തിനു പദ്ധതി ഉണ്ടെന്നു പറയുന്പോഴും സമീപ ദിവസങ്ങൾ വരെയും കാടുകയറി കിടക്കുന്ന സാഹചര്യമായിരുന്നു.
ചെറുകോൽപ്പുഴ - റാന്നി റോഡ് വികസനത്തിന് ഇടപെടലുകളുണ്ടായില്ല.
അടിസ്ഥാനസൗകര്യ വികസനത്തിൽ പഞ്ചായത്ത് പിന്നോക്കം. പ്രതിവർഷം പഞ്ചായത്തിലെത്തുന്ന സഞ്ചാരികളുടെയും തീർഥാടകരുടെയും ബാഹുല്യം കണക്കിലെടുത്ത് പദ്ധതികളുണ്ടാകുന്നില്ല.
അങ്കണവാടികൾക്ക് സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കുന്നതിൽ ഗുരുത വീഴ്ച.
കഥകളി ഗ്രാമമായി സർക്കാർ പ്രഖ്യാപിച്ചപ്പോഴും സാംസ്കാരികത്തനിമ നിലനിർത്തുന്ന പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് തയാറായില്ല.
സാംസ്കാരിക സമുച്ചയം പ്രഖ്യാപനം മാത്രം.
ഒറ്റനോട്ടത്തിൽ
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ഒരു മുന്നണിക്കുമുണ്ടായില്ല. എൽഡിഎഫിനൊപ്പം ബിജെപിയും അംഗബലത്തിൽ മുന്നിലെത്തി. സ്വതന്ത്രരുടെകൂടി പിന്തുണ ലഭിക്കുകയും യുഡിഎഫ് വിട്ടുനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എൽഡിഎഫ് ഭരണത്തിലെത്തി. സിപിഎമ്മിലെ അനിതാ കുറുപ്പാണ് ആദ്യഘട്ടത്തിൽ പ്രസിഡന്റായത്. പാർട്ടിയിലെ ധാരണപ്രകാരം രണ്ടു വർഷത്തിനുശേഷം അനിതാ കുറുപ്പ് രാജിവച്ചു.
അന്പിളി പ്രഭാകരൻ നായർ തുടർന്ന് പ്രസിഡന്റായി. മുൻ പ്രസിഡന്റ് ശ്രീജ വിമലിനു കൂടി പ്രസിഡന്റു സ്ഥാനം നൽകണമെന്ന ആവശ്യം ഉണ്ടായിരുന്നു. പാട്ടിയിൽ ഇതനുസരിച്ച് ധാരണ രൂപപ്പെടുകയും ചെയ്തിരുന്നതായി പറയുന്നു. ഇതു നടപ്പാകാതെ വന്നതോടെ ശ്രീജ വിമൽ മെംബർ സ്ഥാനം രാജിവച്ചത് സിപിഎമ്മിനുള്ളിലെ പടലപ്പിണക്കത്തിന്റെ പൊട്ടിത്തെറിയായി. തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുകയും ചെയ്തു.
ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടയായിരുന്ന അയിരൂരിൽ നിലവിൽ ഇടതുമുന്നണി ശക്തമായ വേരോട്ടം സൃഷ്ടിച്ചിട്ടുണ്ട്. ബിജെപിയുടെ വളർച്ചയും ഇക്കാലയളവിൽ ഉണ്ടായി. ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് വീണ്ടും വിജയം ഉറപ്പാക്കാനുള്ള ആത്മവിശ്വാസം സിപിഎമ്മിനുണ്ടെങ്കിലും അയിരൂര്‍ വില്ലേജ് സഹകരണ ബാങ്കിലെ ക്രമക്കേടുകളും പ്രാദേശികമായ ഉൾപാർട്ടി പ്രശ്നങ്ങളും വെല്ലുവിളിയാണ്.
District News
കൊല്ലം : കൊല്ലത്ത് സിപിഐയിലെ കൂട്ട രാജികൾക്ക് പിറകെ വിഭാഗീയത മറ നീക്കി പുറത്തുവന്നു. കൊല്ലത്തെ ഇരുപത് മണ്ഡലം കമ്മിറ്റികളിൽ അഞ്ച് മണ്ഡലം കമ്മിറ്റികൾ വിഭാഗീയത കടുത്തിരിക്കുകയാണ്. ഒരു മണ്ഡലം കമ്മിറ്റി കൂടി എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറി ഉണ്ടാകുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. കുണ്ടറ, കുന്നിക്കോട്, കുന്നത്തൂർ, കടയ്ക്കൽ, നെടുവത്തുർ മണ്ഡലം കമ്മിറ്റികളിലാണ് ഇതിനകം കൂട്ട രാജികൾ നടന്നത്.
കുണ്ടറയിലാണ് പാർട്ടിക്ക് ഏറ്റവും കൂടുതൽ ക്ഷീണമുണ്ടായത്. രാജി വച്ചവർ സിപിഎമ്മിലേക്കാണ് പോയത്. പാർട്ടിക്കുള്ളിലെ വിഭാഗീയത വിളിച്ചറിയിക്കുന്നതായിരുന്നു മുതിർന്ന സിപിഐ നേതാവും കൊല്ലം ഡപ്യൂട്ടി മേയറും ആയിരുന്ന കൊല്ലം മധുവിന്റെ വിമർശനം.
‘പാർട്ടിയിൽ നിന്ന് രാജി വെച്ച് പോകുന്ന സഖാക്കളെ കണ്ടില്ലെന്ന് നടിക്കുന്നത് നേതൃത്വപരമായ ധിക്കാരമെന്ന കൊല്ലം മധുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലെ വിമർശനം പാർട്ടി ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ മധുവിനെതിരെ പാർട്ടി നടപടി എടുക്കുന്നതിനെ പറ്റിയും ആലോചിക്കുന്നുണ്ട്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പാർട്ടിയിലേക്ക് കടന്നു വന്ന മധുവിനെ ജില്ലാ കമ്മിറ്റിയിൽ എടുക്കാത്ത സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ നിലപാടിനെതിരെ മധുവിന്റെ ഫേസ് ബുക്ക് വിമർശനം.
മധുവിനോളം പാർട്ടി പ്രവർത്തന പാരമ്പര്യമില്ലാത്ത വിനോദിനെ ജില്ലാ നേതൃത്വം ഡിസിയിൽ ക്ഷണിതാവാക്കിയതിന്റെ അമർഷവും മുൻ ഡപ്യൂട്ടി മേയർക്കുണ്ട്. ജെഎൻയുവിലെ വിദ്യാർഥി നേതാവും സാമൂഹ്യ മാധ്യമങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും കണക്കിലെടുത്താണ് കവി തിരുനെല്ലൂരിന്റെ മകൻ വിനോദിനെ പാർട്ടി ഡിസിയിൽ ക്ഷണിതാവാക്കിയിരിക്കുന്നത്.
District News
തിരുവനന്തപുരം: മാസപ്പടി കേസില്‍ രാഷ്ട്രീയ, നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നും ഭയന്നു പിന്മാറില്ലെന്നും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് എംഎല്‍എ.
കരിമണല്‍ കമ്പനിയില്‍ നിന്നു മുഖ്യമന്ത്രിയുടെ മകള്‍ വീണ പണം വാങ്ങി. കരിമണല്‍ കമ്പനി വീണയ്ക്കു പണം നല്‍കിയതിനു രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Leader Page
തമിഴ്നാട്ടിലെ കരൂരിലുണ്ടായ അപകടം നമ്മെ കാര്യമായി ചിന്തിപ്പിക്കണം, അസ്വസ്ഥതപ്പെടുത്തണം. വിജയ്യുടെ താരപരിവേഷത്തിൽ മയങ്ങി അദ്ദേഹത്തെ കാണാൻ പോയി അപകടത്തിൽപ്പെട്ടവരാണ് അവർ എന്നുള്ള ലളിതവത്കരണം നമ്മുടെ ചില വർത്തമാന യാഥാർഥ്യങ്ങളെ മറച്ചുവയ്ക്കാനേ ഇടയാക്കൂ. താരാധനയെക്കുറിച്ചും ആൾക്കൂട്ട വിഭ്രാന്തിയെക്കുറിച്ചുമൊക്കെ പഠനം നടന്നിട്ടുള്ളത് വികസിതരാജ്യങ്ങളിലെ യഥാർഥ്യങ്ങളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിലാണ്.
ഒരു വ്യക്തിയുടെ ഏതെങ്കിലും പ്രത്യേകമായ ജീനിയസിനെ മനസിലാക്കി അതിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതു താരാധനയായി കണക്കാക്കാം. അപ്പോൾ ആ ജീനിയസിനെ മനസിലാക്കാനുള്ള ശേഷി അങ്ങനെയുള്ളവർക്കുണ്ട്. ഇതു സിനിമയിലോ സ്പോർട്സിലൊ മ്യൂസിക്കിലോ ഒക്കെ ആകാം. മഡോണയോട് ആരാധന തോന്നുന്നതും ആയിരങ്ങൾ അവരുടെ പാട്ടുകൾ കേൾക്കാൻ തടിച്ചുകൂടുന്നതുമൊക്കെ നാം കാണുന്നുണ്ട്.
അങ്ങനെയുള്ള ആൾക്കൂട്ടത്തിനിടയ്ക്ക് ചിലപ്പോൾ ആൾക്കൂട്ട വിഭ്രാന്തിയുടെ അനുഭവങ്ങളും സംഭവിക്കാറുണ്ട്. ഇതിന് വലിയ വാണിജ്യപരമായ പ്രാധാന്യമുണ്ട്, ഗവൺമെന്റ് സാധ്യമായ എല്ലാ മുൻകരുതലും എടുക്കാറുമുണ്ട്. അതുകൊണ്ട് കരൂർ അപകടംപോലെയുള്ള ദുഃഖകരമായ സംഭവങ്ങളെ ഈ ഗണത്തിൽപ്പെടുത്താമോയെന്നു സംശയിക്കണം. ഇവിടെ ഒരു താരം ഉണ്ടെന്നതു മാത്രമാണ് മുന്‍പു പറഞ്ഞ സംഭവങ്ങളുമായി സാമ്യമുള്ളത്. കൂടാതെ, ഇതൊരു രാഷ്ട്രീയറാലികൂടിയാണെന്നത് മറ്റൊന്ന്.
ഇത്തരം സംഭവങ്ങളെ ഇന്ത്യയുടെ പ്രത്യേകമായ സാഹചര്യത്തിൽ നിന്നു വേണം മനസിലാക്കാൻ. ഇത്തരം പ്രാകൃതമായ റാലികൾ ഇന്ത്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ ഉത്പന്നങ്ങളായി വേണം മനസിലാക്കാൻ. സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏതാണ്ട് 79 വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മുടെ ജനാധിപത്യ സംസ്കാരം എവിടെ നിൽക്കുന്നുവെന്നും ഇതുകൊണ്ട് ഇവിടുത്തെ സാധാരണ ജനങ്ങളുടെ ജീവിതനിലവാരത്തിൽ എന്തു മാറ്റം വരുത്താൻ സാധിച്ചുവെന്നും ആത്മാർഥമായി പരിശോധിക്കാനുള്ള സമയമാണിത്. ഇനിയും ഇങ്ങനെയുള്ള അവസരങ്ങൾ വരുമെന്നുറപ്പാണ്.
നമ്മുടെ രാഷ്ട്രീയത്തിന്റെ ഒരു പ്രധാന പ്രതിസന്ധിയായി വേണം ഇതിനെ കാണാൻ. മാറിമാറി വരുന്ന സർക്കാരുകകളും വികസിച്ചുവരുന്ന പാർട്ടിഫണ്ടും നേതാക്കളും പ്രവർത്തനങ്ങളും സാധാരണ ജനങ്ങളുടെ ജീവിതനിലവാരമുയർത്താൻ സഹായിക്കുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. സാങ്കേതികവിദ്യ ഇത്ര വികസിച്ച ഇക്കാലത്തും, ഒരു താരത്തെ, പുതിയ രാഷ്ട്രീയനേതാവിനെ കാണാൻ രാപകൽ ജനങ്ങൾ കാത്തുനിൽക്കുന്നു, ജീവിതംതന്നെ അപകടത്തിലാക്കുന്നുവെന്ന് കാണുമ്പോൾ, ഇത്തരം ജനങ്ങളുടെ ജീവിതനിലവാരം ഊഹിക്കാവുന്നതേയുള്ളൂ.
കലാകാലങ്ങളായി വോട്ട് ചെയ്തു സർക്കാരുകളെ തെരഞ്ഞെടുത്തിട്ടും നേതാക്കളെ ജയിപ്പിച്ചിട്ടും പാർട്ടികളെ പരീക്ഷിച്ചിട്ടും തങ്ങളുടെ ജീവിതനിലവാരം അത്രയ്ക്കു പരിതാപകരമായതുകൊണ്ടായിരിക്കണമല്ലോ എന്തു വിലകൊടുത്തും പുതിയ നേതാവിനെ അല്ലെങ്കിൽ രക്ഷകനെ തേടി ജനം പോകുന്നത്. നിസഹായരായ ഇവരെ നിസാരമായ കാര്യങ്ങൾ കൊടുത്ത് പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും ഇത്തരം പ്രാകൃതസമ്മേളനങ്ങളിലേക്ക് ആട്ടിത്തെളിച്ചു കൊണ്ടുപോകുന്ന മധ്യവർത്തികളും ഇതുകൊണ്ട് ലാഭമുണ്ടാക്കുന്നു. അങ്ങനെ രാഷ്ട്രീയവും രാഷ്ട്രീയപ്രവർത്തനവും അതുകൊണ്ടുള്ള പ്രയോജനവും ഒരു പ്രത്യേക വിഭാഗത്തിന് എന്നും നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇതു മനസിലാക്കാനുള്ള അടിസ്ഥാന വിമർശനബുദ്ധിയോ വിദ്യാഭ്യാസമോ പോലും ഇവർക്കു കൊടുക്കാൻ സാധിച്ചില്ല എന്നുള്ളത് നമുടെ ജനാധിപത്യത്തിനു നാണക്കേടാണ്.
ഷേക്സ്പിയർ പറയുന്നതുപോലെ അവർ വെറും ‘ഫോഡർ ഫോർ ദ കാനൻ’ പീരങ്കിക്കുള്ള തീറ്റ മാത്രമായി അവശേഷിക്കുന്നു. എന്നാൽ, നമ്മുടെ ഭരണകർത്താക്കളും താരപ്രസംഗകരുമൊക്കെ സ്വകാര്യ വിമാനത്തിലും നൂറുകണക്കിന് കാറുകളുടെ അകമ്പടിയോടും അംഗരക്ഷകരോടുംകൂടി അല്പംപോലും വെയിലും മഴയും ഏൽക്കാതെയും ഒരിടത്തും കാത്തുനിൽക്കാൻ കൂട്ടാക്കാതെയും യാത്ര ചെയ്യുമ്പോഴാണ്, നടുറോഡിലുൾപ്പെടെ ഈ റാലികളുടെയും പ്രസംഗങ്ങളുടെയും ചതി തെളിഞ്ഞുവരുന്നത്. ജനങ്ങൾ ശരിക്കും ചതിക്കപ്പെടുകയാണ്.
എന്നിട്ടും അവർ രക്ഷകനെ തെരഞ്ഞുള്ള യാത്ര തുടരുന്നു. ഇത് ഇനിയും ആവർത്തിക്കാതെ നോക്കുന്നതിലാണ് നമ്മുടെ നേതാക്കളും സർക്കാരുകളും ശ്രദ്ധിക്കേണ്ടത്. രാഷ്ട്രീയം മൈക്ക് കെട്ടി പറയേണ്ടതല്ലല്ലോ, പ്രവർത്തിച്ചു കാണിക്കേണ്ടതല്ലേ. അതിനു നയങ്ങളും പദ്ധതികളുമല്ലേ വേണ്ടത്. അതിന്റെ അടിസ്ഥാനത്തിലല്ലേ വോട്ട് ചോദിക്കേണ്ടതും പ്രചാരണം നടത്തേണ്ടതും. അതുകൊണ്ട് ഇത്തരം മനുഷ്യത്വരഹിതവും വിരുദ്ധവുമായ ബഹുജന റാലികളിൽനിന്ന് ഇത്തരം പാവം ജനങ്ങളെ ഒഴിവാക്കാൻ എല്ലാ പാർട്ടികളും നേതാക്കളും തീരുമാനിച്ചാൽ ഇത്തരം പെടുമരണങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു, ഏതാണ്ട് അതിനു തുല്യമായ ജീവിതസാഹചര്യമാണ് അവർക്കുള്ളതെങ്കിലും.
Kerala
കൊട്ടാരക്കര: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി. ഗണേഷ്കുമാർ രംഗത്ത്. സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു.
സർക്കാരും എൻഎസ്എസുമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. നേരത്തെ സുകുമാരന്‍ നായര്‍ ഈ സർക്കാരിനെ വിമർശിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനന്ദിക്കുന്നു. അതിൽ എങ്ങനെയാണ് തെറ്റ് കണ്ടെത്തുക. അദ്ദേഹത്തിന്റെ കൈകളിൽ കറ പുരണ്ടിട്ടില്ല. അദ്ദേഹം അഴിമതിക്കാരനല്ല.
മന്നത്ത് പത്മനാഭൻ നയിച്ച വഴിയിലൂടെ എൻഎസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരൻ നായർ. സെക്രട്ടറിക്ക് പിന്നിൽ പാറപോലെ ഉറച്ച് നിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഒരു കുടുംബത്തിലെ നാല് നായന്മാര് രാജിവച്ചാൽ എൻഎസ്എസിന് ഒന്നുമില്ല. എൻഎസ്എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കാശ് മുടക്കിയാൽ ആർക്കും ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതി വയ്ക്കാമെന്നും ഗണേഷ് പരിഹസിച്ചു.
Editorial
രാഷ്ട്രീയക്കാരോടുള്ള അഭ്യർഥനയാണ്, സ്ഥലമേതായാലും എയിംസ് വന്നാൽ മതി. എവിടെ വരുമെന്നല്ല വരുമോയെന്നു മാത്രം പറയൂ.
കേരളത്തിൽ എയിംസിന് (ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ്) തറക്കല്ലിടാതെ താൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങുകയോ ചെയ്യില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കലുങ്ക് സംവാദത്തിൽ പറഞ്ഞത് അഭിനന്ദനാർഹമാണ്. അദ്ദേഹത്തിന് കേന്ദ്രസർക്കാരിൽനിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടായിരിക്കാം.
അല്ലെങ്കിൽ അതിവിടെ കൊണ്ടുവരുന്ന കാര്യത്തിൽ അത്ര നിശ്ചയദാർഢ്യം ഉണ്ടായിരിക്കാം. എന്തായാലും മലയാളിക്ക് അതിന്റെ രാഷ്ട്രീയം പ്രശ്നമല്ല. ചികിത്സയുടെയും ആരോഗ്യ ഗവേഷണത്തിന്റെയും ഈ മികച്ച സ്ഥാപനം വരുന്നത് കേരളത്തിന്റെ ഏറെനാളായുള്ള കാത്തിരിപ്പാണ്. അതുകൊണ്ട്, രാഷ്ട്രീയക്കാരോടുള്ള അഭ്യർഥനയാണ്, സ്ഥലമേതായാലും എയിംസ് വന്നാൽ മതി.
രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഏറ്റവും മികച്ച കേന്ദ്രമാണ് എയിംസ്. അഖിലേന്ത്യാ പ്രവേശനപരീക്ഷയിലൂടെ വിവിധ എയിംസുകളിലായി മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു വിദ്യാർഥികൾ പരിമിതമായ ഫീസിൽ മെഡിക്കൽ വിദ്യാഭ്യാസം നടത്തുന്നുണ്ട്. ഏറ്റവും മികച്ച ചികിത്സയും ലഭ്യമാണ്. രാജ്യത്തെ എറ്റവും മികച്ച ഗവേഷണങ്ങൾ എയിംസിൽനിന്നാണ് പുറത്തുവരുന്നത്.
അക്യൂട്ട് ലിംബോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച കുട്ടികളിൽ 30 ശതമാനമായിരുന്നു അതിജീവനത്തിന്റെ നിരക്കെങ്കിൽ നിലവിലത് 88 ശതമാനമായി ഉയർന്നെന്ന ആശ്വാസകരമായ റിപ്പോർട്ട് ദിവസങ്ങൾക്കുമുന്‍പ് പുറത്തുവിട്ടത് എയിംസാണ്. ഇത്തരമൊരു സ്ഥാപനം കേരളത്തിൽ എവിടെ സ്ഥാപിക്കണമെന്ന തർക്കം കേട്ട് പലരും ആശയക്കുഴപ്പത്തിലാണ്. കാരണം, എയിംസ് അനുവദിച്ചതുകൊണ്ടാകാം ഈ തർക്കമെന്നാണ് പലരും കരുതിയിരിക്കുന്നത്.
അങ്ങനെയൊരു സംഭവമേയില്ല. ഇതാണ് തെരഞ്ഞെടുപ്പു രാഷ്ട്രീയം. എയിംസ് കേരളത്തിന് അനുവദിക്കുമോ എന്നതിനെക്കുറിച്ച് ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. പക്ഷേ, അതെവിടെ സ്ഥാപിക്കുമെന്നതിനെക്കുറിച്ചു തർക്കം ഉച്ചസ്ഥായിയിലാണ്. ഈ രാഷ്ട്രീയ തർക്കം എയിംസിന്റെ സാധ്യതകളെപ്പോലും ഇല്ലാതാക്കുമെങ്കിൽ അത് അവസാനിപ്പിക്കണം.
മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും പഠിക്കാൻ വിദ്യാർഥികൾ ക്യൂ നിൽക്കുന്പോൾ സ്ഥലത്തെക്കുറിച്ചുള്ള തർക്കം എയിംസിലും ചികിത്സയില്ലാത്ത രാഷ്ട്രീയരോഗമാണ്. ഇത്തരം തർക്കങ്ങൾ പുതിയതല്ല; പക്ഷേ, ഈ രാഷ്ട്രീയം പുതിയതാണ്. ഇന്ത്യയിലെ ആദ്യത്തെ എയിംസ് 1956ൽ ഡൽഹിയിൽ സ്ഥാപിതമായി.
അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ആഗ്രഹം അതു കോൽക്കത്തയിൽ സ്ഥാപിക്കണമെന്നായിരുന്നു. പക്ഷേ, പശ്ചിമബംഗാൾ മുഖ്യമന്ത്രിയും ഡോക്ടറുമായിരുന്ന ബി.സി. റോയ് നിരസിച്ചതിനെത്തുടർന്ന് ന്യൂഡൽഹിയിൽ സ്ഥാപിക്കുകയായിരുന്നു എന്നാണ് ചില രേഖകൾ പറയുന്നത്. നെഹ്റുവിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ-പ്രാദേശിക പരിഗണനകൾക്കപ്പുറമായിരുന്നു രാജ്യം.
രാജ്യത്തിന്റെ വികസനത്തെ ശാസ്ത്രവുമായി ബന്ധപ്പെടുത്തണമെന്ന നിർബന്ധബുദ്ധിയുണ്ടായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ആ കാഴ്ചപ്പാടിന്റെ സ്മാരകമാണ് എയിംസ്. ഏകദേശം ഏഴു പതിറ്റാണ്ടിനുശേഷം ആലപ്പുഴയിലാണോ തൃശൂരാണോ തിരുവനന്തപുരത്താണോ കാസർഗോട്ടാണോ കോഴിക്കോട്ടാണോ വേണ്ടതെന്ന തർക്കത്തിലാണ് നമ്മൾ.
അതിലേറെയും, എയിംസ് തങ്ങളുടെ മണ്ഡലത്തിലെത്തിക്കാൻവേണ്ടി തങ്ങൾ ശ്രമിച്ചിരുന്നു എന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താനുള്ള വെറും അഭ്യാസങ്ങളാണ്. രാജ്യത്ത് 22 എയിംസുകൾ അനുവദിച്ചെങ്കിലും കേരളത്തിൽ അനുമതിയായിട്ടില്ലെന്നുകൂടി ഓർമിക്കണം. രാജ്യത്തും വിദേശത്തും ഏറ്റവുമധികം ഡോക്ടർമാരെയും നഴ്സുമാരെയും സംഭാവന ചെയ്യുന്ന കേരളത്തിൽ ഇതു സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പലപ്പോഴും ബജറ്റുകളിൽ അതു ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഏതോ രാഷ്ട്രീയം അതിനെയൊക്കെ കടപുഴക്കിക്കളഞ്ഞു. ഇപ്പോൾ ആ ചർച്ച വീണ്ടും സജീവമായിരിക്കുകയാണ്. കേരളത്തിന് എയിംസ് അനുവദിച്ചതായി കേന്ദ്രം ഇന്നു പറഞ്ഞാൽ നാളെ രാവിലെ സ്ഥലം നൽകാൻ സർക്കാർ സജ്ജമാണെന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.
ഒരുപക്ഷേ, എയിംസ് കിട്ടാനിടയില്ലെന്ന തോന്നലാകാം അദ്ദേഹത്തെക്കൊണ്ട് അതു പറയിച്ചത്. അതുകൊണ്ട്, സ്ഥലത്തെക്കുറിച്ച് തർക്കിക്കുന്ന ജനപ്രതിനിധികളും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ആദ്യം കേരളത്തിന് എയിംസ് നേടിയെടുക്കൂ. ചാൾസ് ഡിക്കൻസിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്: “വസ്തുതകൾ... വസ്തുതകൾ മാത്രമേ ജീവിതത്തിൽ ആവശ്യമായിട്ടുള്ളൂ.” എയിംസിന്റെ കാര്യത്തിൽ നാം അതുമാത്രം കാണുന്നില്ല.
Leader Page
തള്ളൽ! അതില്ലെങ്കിൽ നമ്മുടെ രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ പറ്റില്ലെന്നാണ് പൊതുവേയുള്ള അന്ധവിശ്വാസം. അതിനാൽ മറക്കാതെയുള്ള തള്ളിമറിക്കലുകൾ ഒരു രാഷ്ട്രീയക്കാരന്റെ ഭാവിയുടെ മുതൽക്കൂട്ടാണ്.
പബ്ലിക് ടോയ്ലറ്റിന്റെ ഭിത്തിയിൽ കാണപ്പെടുന്ന സാഹിത്യം പൊതുവേ രണ്ടുതരം. ഒന്ന് അശ്ലീലസാഹിത്യം. മറ്റൊന്ന് തള്ളൽസാഹിത്യം. തള്ളൽസാഹിത്യമെന്നു പറഞ്ഞാൽ തുള്ളൽ പോലെ എന്തോ ഒന്നാണെന്നു കരുതിയേക്കരുത്. ഇതു കണ്ണുമടച്ചുള്ള തള്ളിമറിക്കലുകളാണ്.
ബഹുമാനപ്പെട്ട നേതാവിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച തുകയാൽ നിർമിച്ച മൂത്രപ്പുര! ഇത്തരം ‘സാഹത്യശകലം’ കാണാത്തവർ ചുരുക്കമായിരിക്കും. ഇതു വായിച്ചുകൊണ്ടു മൂത്രമൊഴിച്ചാൽ ഉള്ളിൽ നേതാവിനോടുള്ള മതിപ്പ് നിറയുമത്രേ.
മൂത്രപ്പുരയുടെ ഭിത്തിയിൽ മാത്രമല്ല, ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ തലയ്ക്കലും സ്കൂൾ കെട്ടിടത്തിന്റെ പള്ളയ്ക്കുമൊക്കെ ഈ തള്ളൽസാഹിത്യം ധാരാളമായി കാണാം. പുള്ളിയുടെ അസ്ഥിക്കോ ആസ്തിക്കോ തേയ്മാനമില്ലാതെ അനുവദിച്ച തുകയാണെങ്കിലും ഈ തള്ളൽ ഇല്ലെങ്കിൽ നേതാവിനെ കൊള്ളില്ലെന്നെങ്ങാനും നാട്ടുകാർ പറഞ്ഞാലോ?
ഈ ഡിജിറ്റൽ യുഗത്തിലും ഇങ്ങനെയൊരു ‘സാഹത്യശാഖ’യെ പരിപോഷിപ്പിക്കുന്നതിൽ സത്യത്തിൽ നമ്മുടെ നേതാക്കളെ അഭിനന്ദിക്കേണ്ടതാണ്. ലൈറ്റിലും കെട്ടിടത്തിലും മാത്രമല്ല ഈ തള്ളൽശാഖ, നമ്മുടെ റോഡുകളിലും അങ്ങനെ നീണ്ടുനിവർന്നു കിടക്കുകയാണ്. റോഡിലെവിടെങ്കിലും ഇത്തിരി ടാർ ഒഴിച്ചാൽ വഴിയോരത്തെ ഫ്ലെക്സിൽ കാണാം പ്രതിനിധിയുടെ വികൃതി. വഴിയേ പോകുന്ന നാട്ടുകാർ ഈ കൃതി വായിച്ചു കൃതാർഥരാകണം.
എന്നാൽ, ഇങ്ങനെ തള്ളിമറിച്ചു പണിത ഏതെങ്കിലും റോഡിൽ വിള്ളൽ വീണാൽ അതോടെ കളിമാറും. പിന്നെ തള്ളൽ നിർത്തി തുള്ളൽ തുടങ്ങും. ഇതു മറ്റവന്റെ റോഡാണ്. കൊള്ളില്ല, വിള്ളൽ വീണില്ലെങ്കിലേ അതിശയമുള്ളൂ എന്നു പറഞ്ഞു കലിതുള്ളും. ഈ തള്ളലും തുള്ളലും തടിതപ്പലുമാണ് ഇപ്പോൾ വിള്ളൽ വീണ ദേശീയപാതകളിൽ കണ്ടുകൊണ്ടിരിക്കുന്നത്.
ഇതു പൊതുവേ വിള്ളൽ സീസണ് ആണെന്നു തോന്നുന്നു. സ്മാർട്ട് സിറ്റി റോഡുകളുടെ ഉദ്ഘാടനത്തെച്ചൊല്ലി മന്ത്രിമാർക്കിടയിൽ വിള്ളൽ വീണെന്നാണ് മറ്റൊരു വാർത്ത. തദ്ദേശവകുപ്പ് കാശ് മുടക്കിയിട്ടും ചടങ്ങിൽനിന്നു തദ്ദേശ മന്ത്രിയെ തള്ളിയതാണ് പൊള്ളൽ ആയതത്രേ.
ഇതിനിടെ, സിന്ദൂറിനെക്കുറിച്ചു മറുനാട്ടിൽ പോയി നല്ല വാക്കുപറയാനുള്ള സംഘത്തിലേക്കു കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ തരൂരിനെ കേന്ദ്രം തള്ളിക്കയറ്റിയതോടെ നാഷണൽ ഹൈവേയിൽ മാത്രമല്ല നാഷണൽ കോണ്‍ഗ്രസിലും വിള്ളൽ വീഴ്ത്താൻ തങ്ങളുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് കേന്ദ്രം. ആ വിള്ളലിലേക്കു വീഴാതിരിക്കാൻ തള്ളിപ്പിടിച്ചു നിൽക്കുകയാണ് ഇപ്പോൾ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കൾ. ആ വിള്ളലിൽ വീണ ആരെങ്കിലും അള്ളിപ്പിടിച്ച് മറുകര കയറുമോയെന്നതാണ് ഇനി കാണാനുള്ളത്.
കേരളത്തിലെ കോണ്‍ഗ്രസിലാണെങ്കിൽ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചതോടെ ചിലർക്ക് അനുഭവപ്പെട്ടത് വിള്ളലാണോ വിങ്ങലാണോ എന്ന് അണികൾക്ക് ഇനിയും തിരിച്ചറിയാനായിട്ടില്ല.
അതേസമയം, തള്ളലുകാരുടെ തള്ളിക്കയറ്റമാണ് ഇപ്പോൾ ബിജെപിക്കു വിള്ളലായിരിക്കുന്നത്. വീരസ്യം തള്ളിമറിക്കാനായി കൊള്ളാത്ത വർത്തമാനം പറഞ്ഞ് പാർട്ടിയെ വെള്ളത്തിലാക്കിയ മധ്യപ്രദേശിലെ നേതാക്കളെ ഒടുവിൽ പ്രസംഗം പഠിപ്പിക്കാൻ തള്ളിവിടുകയാണ് പാർട്ടി. തെരഞ്ഞെടുപ്പ് മണ്‍സൂണ്‍ അടുത്തുവരികയാണ്, തള്ളലും വിള്ളലും കൊള്ളലും കിള്ളലും നുള്ളലും പൊള്ളലും കൂടാൻ തന്നെയാണ് സാധ്യത.
മിസ്ഡ് കോൾ
രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി തീരുന്പോൾ കേരളത്തിന്റെ കടഭാരം 4.65 ലക്ഷം കോടിയാകും.
- വാർത്ത.
കെ കടം, അഭിമാനം!
Leader Page
അമേരിക്കയാണ് ലോകത്തിന്റെ കാവൽക്കാരനായ പോലീസുകാരൻ എന്ന് പണ്ട് പറയാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ലോകത്തിന്റെ കരുതലില്ലാത്ത ക്രൂരനായ പോലീസുകാരൻ എന്നു പറയേണ്ടിവരും. അമേരിക്കയെ ലോകരാജ്യങ്ങളിൽ ഒന്നാമതാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ട്രംപിന്റെ തീരുവതീരുമാനം എത്രമാത്രം ഫലവത്താകുമെന്നു കണ്ടറിയണം. കാരണം, ഈ തീരുവചുമത്തൽ മറ്റു രാജ്യങ്ങളോട് പൊതുവെയും ഇന്ത്യയോടു പ്രത്യേകിച്ചുമുള്ള വാണിജ്യ യുദ്ധപ്രഖ്യാപനം പോലെയാണ് തോന്നുന്നത്. അമേരിക്കയിലെ സൈനിക-വ്യവസായ ലോബി (ആയുധക്കച്ചവട സമ്മർദക്കൂട്ടം), കർഷക ലോബി, ഐടി ലോബി, ആരോഗ്യ-മരുന്ന് ലോബി എന്നീ കൂട്ടരുടെ സമ്മർദമാകാം ഒരുപക്ഷേ, ട്രംപിനെ ഇതിനു പ്രേരിപ്പിച്ചത്. അമേരിക്കൻ സമൂഹത്തിൽ ഇന്ത്യൻ വംശജർ ചെയ്യുന്ന സേവനങ്ങളെ പാടേ മറന്നുകൊണ്ടാണ് ട്രംപ് ഈ സാഹസത്തിനു മുതിരുന്നത്.
ക്ലിന്റൺ വിലാപം
അമേരിക്കയുടെ സാമൂഹ്യവ്യവസ്ഥിതിയെക്കുറിച്ച് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഒരിക്കൽ വിലപിച്ചുകൊണ്ട് പറഞ്ഞുവത്രേ, “പതിനാലു വയസുള്ള ആൺകുട്ടികൾ കൈത്തോക്കുമായും പതിമൂന്നു വയസുള്ള പെൺകുട്ടികൾ ഗർഭനിരോധന ഉറകളുമായും ക്ലാസ്മുറികളിൽ വരുന്നു എന്നതാണ് അമേരിക്കയുടെ ശാപം” എന്ന്. അമേരിക്കയിലെ വിദ്യാലയങ്ങളിൽ നടക്കുന്ന നിരന്തരമായ വെടിവയ്പ് സംഭവങ്ങളും, ഒപ്പംതന്നെ അമേരിക്കയിലെ കൗമാരക്കാർക്കിടയിലുള്ള ലൈംഗിക അരാജകത്വവും മേൽപ്പറഞ്ഞ വിമർശനങ്ങളെ ശരിവയ്ക്കുന്നു. ഇതിന്റെ ഫലമായി വിദ്യാഭ്യാസരംഗത്ത് താരതമ്യേന അച്ചടക്കം പാലിക്കുന്ന ഇന്ത്യൻ വംശജരായ കുട്ടികളുടെ പ്രകടനം അമേരിക്കൻ കുട്ടികളെ അപേക്ഷിച്ച് മെച്ചപ്പെട്ടതായിരിക്കുന്നു.
അമേരിക്കയിലെ ഈ ശാപത്തെക്കുറിച്ച് ബോധ്യമുള്ള പലരും പല താരതമ്യ പഠനങ്ങളും അമേരിക്കയിലെ ഇന്ത്യൻ വംശജരെക്കുറിച്ച് നടത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ത്യക്കാർ പുലർത്തുന്ന കുടുംബസ്നേഹത്തെക്കുറിച്ചുള്ള വീക്ഷണം. ഇന്ത്യൻ സമൂഹവും ഇപ്പോൾ അമേരിക്കൻ സമൂഹത്തെപ്പോലെയാകാൻ ശ്രമിക്കുന്നു എന്നുള്ളത് മറ്റൊരു യാഥാർഥ്യം.
ഇന്ത്യൻ വംശജർ അമേരിക്കൻ ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രമേയുള്ളൂ. പക്ഷേ, അമേരിക്കയിലെ ബിസിനസ്, വിദ്യാഭ്യാസം, ഗവേഷണം, രാഷ്ട്രീയം, സംസ്കാരം, സേവന മേഖലകൾ എന്നീ രംഗങ്ങളിൽ ജനസംഖ്യയുടെ അനുപാതത്തേക്കാൾ ബഹുമടങ്ങു സംഭാവനകൾ ചെയ്തുകൊണ്ട് ഇന്ത്യൻ വംശജർ ലോകശ്രദ്ധതന്നെ പിടിച്ചുപറ്റിയിരിക്കുന്നു. 2024ൽ ഇന്ത്യ ടുഡേ നടത്തിയ ഒരു പഠനത്തിൽ, ‘ഇൻഡ്യസ്പോറ’ (അമേരിക്കയിലെ ഇന്ത്യൻ സമൂഹം) അമേരിക്കൻ സമൂഹത്തിൽ നടത്തുന്ന അത്ഭുതാവഹമായ പ്രവർത്തനങ്ങളെ വിലയിരുത്തിയിട്ടുണ്ട്.
സാമ്പത്തിക സംഭാവന
ജൂതന്മാർ കഴിഞ്ഞാൽ അമേരിക്കയിലെ ഏറ്റവും സമ്പന്നസമൂഹമായി ഇന്ത്യൻ വംശജർ മാറിയിരിക്കുന്നു. 2025ലെ ഇക്കണോമിക് ടൈംസിന്റെ ജൂലൈ ലക്കത്തിൽ പറയുന്നത് അമേരിക്കയെ സമ്പന്നമാക്കുന്നതിൽ ഏറ്റവും മുന്പിലുള്ളത് ഇന്ത്യക്കാരാണെന്നാണ്. 2025ലെ ഫോർബ്സ് മാസികയുടെ ലിസ്റ്റനുസരിച്ച് ഇന്ത്യയാണ് 12 ശതകോടീശ്വരന്മാരെ സംഭാവന ചെയ്തുകൊണ്ട് അമേരിക്കൻ കുടിയേറ്റക്കാരിൽ ഒന്നാമതു നിൽക്കുന്നത്!
ഇന്ത്യൻ വംശജർ തലപ്പത്തുള്ള അമേരിക്കയിലെ ബിസിനസ് സ്ഥാപനങ്ങൾ 2.7 ദശലക്ഷം തൊഴിലവസരങ്ങളും, രണ്ടു ട്രില്ല്യൻ (രണ്ടു ലക്ഷം കോടി) ഡോളർ വരുമാനവും നൽകുന്നു. 648 യൂണികോണുകളിൽ (നൂറു കോടി ഡോളറിൽ കൂടുതൽ മൂല്യമുള്ള സ്റ്റാർട്ടപ്പുകൾ), 195 ബില്യൺ ഡോളർ മൂല്യം വരുന്ന 72 എണ്ണം (11.1 %), ഏകദേശം 55,000 പേർക്ക് തൊഴിൽ നൽകുന്നുണ്ട്. അമേരിക്കയിലെ 60 ശതമാനം ഹോട്ടലുകൾ ഇന്ത്യൻ വംശജരുടെയാണ്. അമേരിക്കയിലെ ആകെ നികുതിദായകരിൽ 5-6 ശതമാനം വരുന്ന ഇന്ത്യൻ വംശജർ കൊടുക്കുന്നത്, 250-300 ബില്യൺ ഡോളറാണ്.
വിദ്യാഭ്യാസ-സാംസ്കാരിക രംഗം
അമേരിക്കയിലെ കുടിയേറ്റ സമൂഹങ്ങളിൽ വിദ്യാഭ്യാസത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഇന്ത്യൻ സമൂഹമാണ്. 2023ൽ ദേശീയ ആരോഗ്യ ഗ്രാന്റ് കിട്ടിയ 11 ശതമാനം വരുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരാണ് അമേരിക്കയിലെ 13 ശതമാനം ശാസ്ത്രഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ യൂണിവേഴ്സിറ്റി അധ്യാപകരിൽ 2.6 ശതമാനം ഇന്ത്യൻ വംശജരാണ്. 2023ൽ അവിടത്തെ പത്തു ശതമാനം ആളുകൾ സ്വാമി വിവേകാനന്ദൻ പത്തൊൻപതാം നൂറ്റാണ്ടിൽ പ്രചരിപ്പിച്ച യോഗാ പരിശീലിക്കുന്നു. കൂടാതെ, അമേരിക്കൻ സെനറ്റിലും വൈറ്റ് ഹൗസിലുമൊക്കെ ഭാരതീയ ഉത്സവങ്ങളായ ഹോളിയും ദീപാവലിയും ആഘോഷിക്കപ്പെടുന്നു.
2023-24ൽ 3,31,602 വിദ്യാർഥികളെ പഠിക്കാനയച്ചുകൊണ്ടു ചൈനയെ പിന്തള്ളി ഇന്ത്യക്കാർ അമേരിക്കൻ വിദ്യാഭ്യാസത്തിലെ നക്ഷത്രത്തിളക്കമായി. ഇപ്പോൾ അമേരിക്കൻ സമൂഹത്തിൽ എണ്ണത്തിന് ആനുപാതികമായി ഗുണപരമായ സംഭാവനയും ഇന്ത്യൻ സമൂഹം കൊടുത്തുകൊണ്ടിരിക്കുന്നു. അമേരിക്കയുടെ ഫാഷൻ രംഗത്ത് ഇന്ത്യൻ പരമ്പരാഗത അലങ്കാരങ്ങളും വേഷങ്ങളുമായ ഹെന്ന, ലെഹങ്ക മുതലായവ തരംഗങ്ങൾ സൃഷ്ടിക്കുന്നു. ഫല്‍ഗുനി ഷാനെ പീകോക്ക് ഉൾപ്പെടെയുള്ള നിരവധി ഭാരതീയ ഡിസൈനേഴ്സ് കമ്പനികൾ ന്യൂയോർക്ക് ഫാഷൻ വീക്കിൽ പ്രദർശനം നടത്തി, അമേരിക്കൻ ജനശ്രദ്ധ ആകർഷിക്കുന്നു.
ഭരണ-രാഷ്ട്രീയ രംഗം
രാഷ്ട്രീയരംഗത്ത് അമേരിക്കയിലെ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉൾപ്പെടെ 150 പേർ അത്യുന്നത സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഇന്നും അതേ പ്രവണത തുടരുന്നു. ഇപ്പോഴത്തെ വൈസ് പ്രസിഡന്റിന്റെ ഭാര്യ ഉഷ വാൻസ് (അമേരിക്കയിലെ ദ്വിതീയ വനിത) ഇന്ത്യൻ വംശജയാണ്. 2013ൽ അമേരിക്കൻ രാഷ്ട്രീയത്തിലെ വെറും 13 താക്കോൽ സ്ഥാനങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഇന്ത്യൻ വംശജർ 2023ൽ അത് 60 സ്ഥാനങ്ങളായി ഉയർത്തി. ട്രംപിന്റെ ഭരണകൂടത്തിൽ, തുളസി ഗബ്ബാർഡ് (അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ), കശ്യപ് പട്ടേൽ (ഡയറക്ടർ ഓഫ് എഫ്ബിഐ), ഹർമീത് ധില്ലൻ (അസിസ്റ്റന്റ് അറ്റോർണി ജനറൽ), ജയ് ഭട്ടാചാര്യ (ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്), വിവേക് രാമസ്വാമി (ഡയറക്ടർ, ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെന്റ്) എന്നിവർ അവരിൽ ചിലർ മാത്രം. അമേരിക്കൻ ഭരണകൂടത്തിന്റെ മറ്റു പല പ്രധാന സ്ഥാനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ആയിരക്കണക്കിന് ഇന്ത്യൻ വംശജർ അധികാരം കൈയാളുന്നുണ്ട്.
ഇന്ത്യയെ തഴയാൻ പറ്റുമോ?
അമേരിക്കയിൽ മാത്രമല്ല, ലോകത്താകെയുള്ള പ്രധാന ആഗോള കോർപറേറ്റുകളുടെ താക്കോൽസ്ഥാനങ്ങളിൽ വളരെയധികം ഇന്ത്യക്കാരുണ്ടെന്നുള്ളത് ചെറിയ കാര്യമല്ല. ആഗോള ദേശീയ ബിസിനസ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മിന്റ് മാസികയുടെ 2025 ഫെബ്രുവരി ലക്കം ആഗോള ബിസിനസിൽ ഇന്ത്യക്കാരുടെ തിളക്കം വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
വൻകിട ലോക കമ്പനികളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ചീഫ് ഇൻഫർമേഷൻ ഓഫീസർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസർ, (സി സ്യുട്ട് എക്സിക്യൂട്ടീവുകൾ) എന്നീ സുപ്രധാന ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരും ഡയറക്ടർമാരും ഉൾപ്പെടുന്ന ഉന്നതശ്രേണിയിലെ അഞ്ചിൽ മൂന്നു പേരും ഇന്ത്യക്കാരാണ്. ഫോർച്ചുൺ 500 കമ്പനികളിൽ, 60 എണ്ണത്തിലും ഇന്ത്യക്കാരാണ് സിഇഒമാർ.
മൈക്രോസോഫ്റ്റിന്റെ സത്യനദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചായി, എൻവിഎസിന്റെ വസന്ത നരസിംഹൻ, അഡോബിലെ ശന്തനു നാരായൺ, ഐബിഎമ്മിലെ അരവിന്ദ് കൃഷ്ണ, ചാനെൽ കമ്പനിയുടെ ലീന നായർ, വെർട്ടെക്സിലെ രേഷ്മ കേവൽരമണി, മൈക്രോണിലെ സഞ്ജയ് മെഹറോത്ര, കേഡൻസിലെ അനിരുദ്ധ് ദേവ്ഗൺ, പാലോ ആൾട്ടോയിലെ നികേഷ് അറോറ എന്നിവരാണ് മുഖ്യ താരങ്ങൾ. ഈ കമ്പനിയുടെ നേതൃനിരയിലുള്ള ആളുകളെല്ലാംതന്നെ ഇന്ത്യയിൽ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയവരും, പിന്നീട് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമൊക്കെ ഉന്നതവിദ്യാഭ്യാസത്തിനായി പോയവരുമാണ്.
ലോകനിക്ഷേപങ്ങളെക്കുറിച്ച് പഠിക്കുന്ന ഇൻവെസ്റ്റോപീഡിയ.കോം പറയുന്നത് ഭാരതീയ എക്സിക്യൂട്ടീവുകൾ ആഗോള ബിസിനസ് രംഗത്തു തരംഗങ്ങളല്ല, തിരമാലകളാണ് സൃഷ്ടിക്കുന്നതെന്നാണ്. പല രാജ്യങ്ങളുടെയും ദേശീയ വരുമാനത്തേക്കാൾ കൂടുതലാണ് ഈ ആഗോള ബിസിനസ് ഭീമന്മാരുടെ ആസ്തി.
ഇത്രയൊക്കെ ക്ഷമതയുള്ള ഇന്ത്യൻസമൂഹത്തെ ട്രംപിന് കണ്ടില്ലെന്നു നടിക്കാൻ കഴിയുമോ? മാത്രമല്ല, ഒന്നാമത്, എണ്ണത്തിലും ഗുണത്തിലും ലോകത്തിലുള്ള ഏറ്റവും നല്ല മനുഷ്യവിഭവം ഇന്ത്യയിലാണ്. അവരാണ് ഭാവി ലോകത്തെ ഗവേഷണ-പഠനങ്ങളിൽ കൂടി നിയന്ത്രിക്കാൻ പോകുന്നത്. രണ്ടാമത്, അമേരിക്കയിലും യൂറോപ്പിലുമുള്ളത്രയും ഉപഭോക്താക്കൾ ഭാരതത്തിൽ മാത്രമായുണ്ട്. അപ്പോൾ ഇന്ത്യൻ വിപണി ഒരു രാജ്യത്തെ ബഹിഷ്കരിച്ചാൽ അതിന്റെ ആഘാതം താങ്ങാൻ, എത്ര ശക്തമായ രാഷ്ട്രമാണെങ്കിലും അൽപം ബുദ്ധിമുട്ടും. മനുഷ്യവിഭവ ശേഷിയിലും പ്രകൃതിവിഭവങ്ങളിലും സാങ്കേതിക വിദ്യയിലും സർവോപരി ഇപ്പോൾ രാഷ്ട്രീയ ഇച്ഛാശക്തിയിലും മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയെ മാറ്റിനിർത്തിക്കൊണ്ട് ട്രംപിന് ചിലപ്പോൾ താത്കാലിക ആശ്വാസം കിട്ടിയേക്കാം, പക്ഷേ ദീർഘകാലത്തിൽ എത്രത്തോളം ആശ്വാസകരമാണ് ഈ നയമെന്നത് കണ്ടറിഞ്ഞാൽ പോരാ, കൊണ്ടുതന്നെ അറിയണം.
Editorial
കേരളത്തിലെ വിദ്യാഭ്യാസരംഗം രാഷ്ട്രീയാതിപ്രസരത്താൽ പ്രഭ നഷ്ടപ്പെടുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടലുകളും ഗവർണർമാരുടെ ആധിപത്യം ഉറപ്പാക്കലുമൊക്കെ സ്ഥിതി വഷളാക്കുന്നത്. കലാലയരാഷ്ട്രീയത്തെ അക്രമവത്കരിച്ച് വെറുക്കപ്പെട്ടതാക്കി മാറ്റിയ വിദ്യാർഥിസംഘടനകൾ, കക്ഷിരാഷ്ട്രീയത്തിന്റെ അടിമകളായ അധ്യാപകർ, പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയവയൊക്കെ നമ്മുടെ അക്കാദമിക മേഖലയ്ക്കു മുകളിൽ പാർട്ടിക്കൊടികൾ നാട്ടി. അതിനിടെ, ഹിന്ദുത്വയ്ക്ക് അനുകൂലമായി കരിക്കുലങ്ങളും ചരിത്രപുസ്തകങ്ങളും തിരുത്തുന്ന സംഘപരിവാർ രാഷ്ട്രീയ പദ്ധതിയുടെ കേന്ദ്ര പോരാളികളായി ദക്ഷിണേന്ത്യയിൽ പലയിടത്തും ഗവർണർമാർ കളത്തിലിറങ്ങി.
ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിന്റെ ആവശ്യമില്ലല്ലോ. ഇതിന്റെ തുടർച്ചയായി കേരള സർവകലാശാലയിൽ നടക്കുന്ന നിയമന-പുറത്താക്കൽ പോരാട്ടത്തിൽ, എന്തൊക്കെ ന്യൂനതകൾ ഉണ്ടെങ്കിലും തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണു വിജയിക്കേണ്ടത്. പക്ഷേ, ആ വിജയത്തിനുശേഷവും രാഷ്ട്രീയാടിമത്തത്തിൽനിന്നു സ്വതന്ത്രമായ സർവകലാശാലകളെയോ വിദ്യാഭ്യാസ മേഖലയെയോ നമുക്കു ലഭിക്കില്ലല്ലോയെന്ന സത്യം ഖേദകരമാണ്.
ഭാരതാംബയുടെ ചിത്രം വച്ച രാജ്ഭവനിലെ ചടങ്ങിൽനിന്ന് മന്ത്രിമാർ ഇറങ്ങിപ്പോയതാണ് ഇപ്പോഴത്തെ തർക്കത്തിന്റെ തുടക്കം. സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കരുതെന്നും ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടി ഇനി തുടരരുതെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഗവർണർ രാജേന്ദ്ര വി. അർലേക്കർക്കു കത്തെഴുതി. തുടർന്ന് ജൂണ്‍ 26ന്, ഭാരതാംബയുടെ ചിത്രം വേദിയില്‍നിന്നു നീക്കാൻ സംഘാടകർ തയാറാകാഞ്ഞതിനാൽ സര്‍വകലാശാല സെനറ്റ് ഹാളില്‍ ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുക്കേണ്ട ചടങ്ങിനു രജിസ്ട്രാർ ഡോ. കെ.എസ്. അനില്‍കുമാര്‍ അനുമതി നിഷേധിച്ചു.
എന്നാല്‍, ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങ് തന്റെ അറിവില്ലാതെ റദ്ദാക്കാന്‍ ശ്രമിച്ചതിനു വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തു. പിന്നാലെ, വിസിയുടെ തീരുമാനം സിൻഡിക്കറ്റ് റദ്ദാക്കി. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ റഷ്യൻ യാത്രയിലായിരുന്നതിനാൽ താത്കാലിക വിസിയായ ഡോ. സിസ തോമസ് സിൻഡിക്കറ്റ് തീരുമാനം നിയമവിരുദ്ധമാണെന്ന റിപ്പോർട്ട് ഗവർണർക്കു നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രജിസ്ട്രാറെ തിരിച്ചെടുത്ത സിൻഡിക്കറ്റ് തീരുമാനം ഗവർണർ റദ്ദാക്കുമെന്നാണ് കരുതുന്നത്.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിവച്ച സർവകലാശാലകളിലെ അധികാരത്തർക്കം ഗവർണർ രാജേന്ദ്ര വി. അർലേക്കർ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവി വർഷങ്ങളായി തടഞ്ഞുവച്ചിരുന്ന ബില്ലുകളെല്ലാം പാസായതായി കണക്കാക്കുകയും ഗവർണർക്കു വീറ്റോ അധികാരമില്ലെന്നു മുന്നറിയിപ്പു കൊടുക്കുകയും ചെയ്ത സുപ്രീംകോടതി വിധിക്കുശേഷവും ഗവർണർമാർ പഠിച്ചിട്ടില്ല. അതിന്റെ തുടർച്ചയ്ക്ക് കേരളത്തിൽ കാവിക്കൊടിയേന്തിയ ഭാരതാംബ നിമിത്തമായെന്നു മാത്രം.
സർക്കാരും ഗവർണറും തമ്മിലുള്ള ഈ തർക്കം പരിഹരിക്കാൻ കോടതിക്കെങ്കിലും കഴിഞ്ഞേക്കും. പക്ഷേ, സ്വതന്ത്ര ഉന്നതവിദ്യാഭ്യാസരംഗം എന്നത് ഉടനെയൊന്നും സാധ്യമാകില്ല. സർവകലാശാലകൾ ആരുടെ കാൽക്കീഴിലാണെന്നതിൽ മാത്രമേ മാറ്റങ്ങളുണ്ടാകൂ. രാഷ്ട്രീയ വിധേയരായ വിദ്യാർഥികളെയും അധ്യാപകരെയും വൈസ് ചാൻസലർമാരെയുമൊക്കെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികൾ ഹൈജാക്ക് ചെയ്ത കോളജുകളും സർവകലാശാലകളുമൊക്കെ ഉപേക്ഷിച്ച് വിദ്യാർഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറുന്നത് സമാന്തര കാഴ്ച.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വൈസ് ചാൻസലറും പ്രിൻസിപ്പൽമാരും പ്രധാനാധ്യാപകരുമില്ലാത്തതിനാൽ ഇൻ-ചാർജ് ഭരണത്തിലിരിക്കേ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരുചേർത്തിട്ടുള്ള 25 ലക്ഷത്തോളം ഉദ്യോഗാർഥികളെ അവഗണിച്ച് വേണ്ടപ്പെട്ടവർക്കുവേണ്ടിയുള്ള പിൻവാതിൽ നിയമനം തുടരവേ എന്തു നിലവാരമാണ് നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നു പ്രതീക്ഷിക്കാനാകുക? പിന്നാക്ക സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടി ഒന്നാം നന്പറെന്നു വീന്പിളക്കിയാൽ തീരുന്നതല്ല പ്രശ്നം. എട്ടു വർഷത്തിനിടെ പിൻവാതിലിലൂടെ 1.8 ലക്ഷം നിയമനം നടത്തിയെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ജനുവരിയിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഗവർണർ ഭരണം ആവശ്യമില്ല. പക്ഷേ, മാർക്കു തിരുത്തൽ, ക്രൂരമായ റാഗിംഗ്, വ്യാജ സർട്ടിഫിക്കറ്റ്, അക്രമം, ലൈംഗികാതിക്രമം തുടങ്ങിയ തിന്മവഴികളും നീന്തിക്കയറിയ എസ്എഫ്ഐ, വിദ്യാഭ്യാസരംഗം ശുദ്ധീകരിക്കാൻ ഗവർണറുടെ ഓഫീസിലേക്കു കുതിക്കുന്പോൾ വിരോധാഭാസമായി തോന്നും. വിദ്യാഭ്യാസരംഗത്തെ വീണ്ടെടുക്കേണ്ടതു ഗവർണർമാരിൽനിന്നോ സംഘപരിവാറിൽനിന്നോ മാത്രമല്ല. ആൾക്കൂട്ട വിചാരണയ്ക്കു മടിക്കാത്ത, സഹപാഠികളെ മരണത്തിലേക്കു തള്ളിവിടുന്ന, അക്രമമാണു രാഷ്ട്രീയമെന്നു കരുതുന്ന വിദ്യാർഥികളിൽനിന്നും; രാഷ്ട്രനിർമിതിയെ ഇടുങ്ങിയ പാർട്ടിപ്രവർത്തനമായി ചുരുക്കിയ അധ്യാപകരിൽനിന്നും മേധാവികളിൽനിന്നും; പിൻവാതിൽനിയമനങ്ങൾക്കു കാത്തുനിൽക്കുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളിൽനിന്നും; പൊതുമുതൽകൊണ്ട് ഇവരെയൊക്കെ തീറ്റിപ്പോറ്റുന്ന അധികാര രാഷ്ട്രീയത്തിൽനിന്നും കേരളത്തിലെ വിദ്യാഭ്യാസമേഖലയെ മോചിപ്പിച്ചേ തീരൂ.