രമേശ് ചെന്നിത്തല
തിരുവനന്തപുരം: വി.ഡി.സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇടഞ്ഞ രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ കോൺഗ്രസിൽ ശ്രമം തുടങ്ങി. സീനിയോരിറ്റി പരിഗണിച്ചു തനിക്കു മുഖ്യമന്ത്രിസ്ഥാനം നൽകണമെന്ന് ചെന്നിത്തല ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിസ്ഥാനത്തിനായി വി.ഡി.സതീശിനും കെ.സി.വേണുഗോപാലും അണുവിട പോലും വിട്ടുകൊടുക്കാതെ നിൽക്കുന്ന സാഹചര്യത്തിൽ ഒത്തുതീർപ്പ് എന്ന നിലയിൽ മുഖ്യമന്ത്രിസ്ഥാനം ചെന്നിത്തലയ്ക്കു ലഭിക്കുമെന്ന പ്രതീക്ഷ അദ്ദേഹത്തിന്‍റെ ചില അനുയായികളും വച്ചുപുലർത്തിയിരുന്നു.
ഇതേത്തുടർന്ന് ഇന്നു രാവിലെ മുതൽ നിരവധി പ്രവർത്തകർ അദ്ദേഹത്തിന്‍റെ തിരുവനന്തപുരത്തെ വസതിയിൽ തമ്പടിച്ചിരുന്നു. വൻ മാധ്യമപ്പടയും ഇവിടേക്ക് എത്തി. എന്നാൽ, പന്ത്രണ്ടോടെ പ്രഖ്യാപനം വന്നതോടെ എല്ലാവരും മൗനത്തിലായി. ഹൈക്കമാൻഡ് തീരുമാനത്തിലുള്ള കടുത്ത അതൃപ്തി രമേശ് ചെന്നിത്തല രേഖപ്പെടുത്തുകയുംചെയ്തു.
തന്നെ അവഗണിച്ചെന്ന വികാരമാണ് അദ്ദേഹം പങ്കുവച്ചത്. നേരത്തെയും തനിക്ക് അവകാശപ്പെട്ട ഘട്ടങ്ങളിൽ നൽകിയിട്ടില്ലെന്നും ഇതു തന്നെ അവസാന അവസരമാണെന്നുമുള്ള നിലപാടിലായിരുന്നു അദ്ദേഹം. എന്നാൽ, തീരുമാനം അനുകൂലമായി വരാതിരുന്നതിൽ അദ്ദേഹം കടുത്ത അസ്വസ്ഥനാണ്.
വൈകുന്നേരം നടക്കുന്ന നിയമസഭാകക്ഷിയോഗത്തിൽനിന്നു വിട്ടുനിൽക്കുന്ന കാര്യം പോലും ചെന്നിത്തല ആലോചിച്ചുവരികയാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. രമേശ് വിട്ടുനിന്നാൽ അതു വലിയ ക്ഷീണമാകുമെന്നതിനാൽ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ ആരംഭിച്ചിട്ടുണ്ട്.
അദ്ദേഹം ഗുരുവായൂരിലേക്കു പോകാൻ തിരുവനന്തപുരം വിട്ടു എന്നും മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതു സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, മന്ത്രിസഭയിൽ പ്രധാനപ്പെട്ട ചില വകുപ്പുകൾ ലക്ഷ്യമിട്ടാണ് ചെന്നിത്തല പ്രതിഷേധം കടുപ്പിച്ചതെന്നു കരുതുന്നവരുമുണ്ട്. മുഖ്യമന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിലും ആഭ്യന്തര വകുപ്പ് പോലെ പ്രധാനപ്പെട്ട വകുപ്പ് കിട്ടാനുള്ള സമ്മർദത്തിന്‍റെ ഭാഗമായിരിക്കാം ഈപ്രതിഷേധമെന്നാണ് ഇക്കൂട്ടർ കരുതുന്നത്. മുൻ യുഡിഎഫ് സർക്കാരിൽ അദ്ദേഹം ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്തിരുന്നു.
Tags : congress politics kerala chief minister chennithala