തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടനും ടിവികെ നേതാവുമായ വിജയ് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. താൻ നടൻ തന്നെയാണെന്നും പക്ഷേ രാഷ്ട്രീയത്തിൽ അഭിനയിച്ചിട്ടില്ലെന്നും വിജയ് പറയുന്നു.
"വിജയ് ഒരു നടനാണ്, വിജയ് ഒരു നടനാണ്... എന്ന് പറയുന്ന ഒരു മന്ത്രിയുണ്ട്. അതെ, ഞാൻ ഒരു നടനാണ്. അദ്ദേഹം പുതിയതായി എന്തോ കണ്ടെത്തിയതുപോലെയാണ് ഇത് പറയുന്നത്. പക്ഷേ ഞാൻ രാഷ്ട്രീയത്തിൽ അഭിനയിച്ചിട്ടില്ല.
രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനു ശേഷം ഞാൻ അഭിനയിച്ചിട്ടില്ല. നിങ്ങൾ നാടകത്തിന് മുകളിൽ നാടകം കളിക്കുകയാണ്, അപ്പോൾ നിങ്ങളെ നാടക അഭിനേതാക്കളെന്ന് വിളിക്കാമോ? നിങ്ങളെയെല്ലാം അപകടകാരികളായ നാടകക്കമ്പനികളെന്ന് പറയാമോ?" വിജയ് ചോദിച്ചു.
കഴിഞ്ഞ വർഷം കരൂരിൽ നടന്ന ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40-ലധികം പേർ മരിച്ച സംഭവത്തിൽ വിജയ് വികാരാധീനനായാണ് സംസാരിച്ചത്.
"എന്തിനാണ് നിങ്ങൾ എന്നെ കുറ്റപ്പെടുത്തുന്നത്? ഞങ്ങൾ ഇതിനെക്കുറിച്ച് സംസാരിക്കുകയില്ല എന്ന് നിങ്ങൾ ഒരു വീഡിയോ ഉണ്ടാക്കി, ഇപ്പോൾ അതിന് എന്നെ കുറ്റപ്പെടുത്തുന്നു. പോലീസ് എനിക്ക് അനുമതി നൽകിയ സമയത്താണ് ഞാൻ അവിടെയുണ്ടായിരുന്നത്. എല്ലാം ലൈവാണ്, നിങ്ങൾക്ക് മര്യാദയില്ലേ?" വിജയ് കൂട്ടിച്ചേർത്തു.