മേജർ രവി
സംവിധായകനും നടനുമായ മേജർ രവിക്കെതിരെ പച്ചക്കറി കച്ചവടക്കാരുടെ സംഘടനയായ കേരള വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത്. മേജർ രവിയുടെ ഒരു പരാമർശമാണ് ഇവരെ ചൊടിപ്പിച്ചത്.
ഞാൻ ഇറങ്ങി വന്നത് പട്ടാളത്തിൽ നിന്നാണ്, അല്ലാതെ പച്ചക്കറി മാർക്കറ്റിൽ നിന്നല്ല; അതാരും മറക്കേണ്ടതില്ല എന്ന മേജർ രവിയുടെ വിവാദ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ മേജർ രവിക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരി സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.
ഡൽഹിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ടായിരുന്നു മേജർ രവിയുടെ പ്രസ്താവന.
ലക്ഷക്കണക്കിന് ആളുകൾ അധ്വാനിച്ച് ജീവിക്കുന്ന ഒരു മേഖലയെ അപമാനിക്കുന്ന രീതിയിലാണ് മേജർ രവിയുടെ പരാമർശമെന്ന് വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ ആരോപിച്ചു.
അധ്വാനിച്ച് ജീവിക്കുന്ന സാധാരണക്കാരായ കച്ചവടക്കാരെയും തൊഴിലാളികളെയും നിസാരവത്കരിക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്ന ഇത്തരം പരാമർശങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
തങ്ങളുടെ തൊഴിൽ മേഖലയെ വേദനിപ്പിച്ച പ്രസ്താവന ഉടനടി പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നുമാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. ഇതിന് തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള നിയമവഴികളിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സമീപകാലത്തായി മേജർ രവി നടത്തുന്ന പല പ്രസ്താവനകളും വലിയ രീതിയിലുള്ള വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്.
Tags : Vegetables merchants association Major Ravi cinema politics malayalam movie