ദുൽഖർ സൽമാൻ.
ഓസ്ട്രേലിയൻ മണ്ണിൽ ദക്ഷിണേന്ത്യൻ സിനിമയുടെ വിസ്മയക്കാഴ്ചകൾ വിരിയാൻ ദിവസങ്ങൾ മാത്രം. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ (ഐഎഫ്എഫ്എം) 17-ാമത് പതിപ്പിൽ മലയാള ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നത് അഭിമാനനേട്ടമായി. യുവതാരം ദുൽഖർ സൽമാനെ മേളയിൽ ആദരിക്കുകയും ചെയ്യുന്നുണ്ട്. ഓഗസ്റ്റ് 13 മുതൽ 23 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വ്യത്യസ്ത പ്രമേയങ്ങളാൽ സമ്പന്നമായ മലയാളം, തമിഴ്, കന്നഡ ചിത്രങ്ങളുടെ വലിയ നിരതന്നെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫീച്ചർ സിനിമകൾക്കു പുറമെ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും മേളയ്ക്കു മാറ്റുകൂട്ടും.
സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത അവിഹിതം എന്ന ചിത്രമാണ് മലയാളനിരയിലെ പ്രധാന ആകർഷണം. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു സ്ത്രീയുടെ രഹസ്യബന്ധത്തെക്കുറിച്ചുള്ള സംശയങ്ങളും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളും സാമൂഹിക പ്രസക്തിയുള്ള സന്ദേശവും കോർത്തിണക്കിയാണു ചിത്രം ഒരുക്കിയിരിക്കുന്നത്.
മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം നേടിയ ഫാസിൽ റസാഖിന്റെ മോഹം മേളയിൽ ശ്രദ്ധാകേന്ദ്രമാകും. ശ്രീജിത്ത് എസ്. കുമാർ - ഗ്രിറ്റോ വിൻസെന്റെ കൂട്ടുകെട്ടിന്റെ ശേഷിപ്പ്, നിപിൻ നാരായണൻ ഒരുക്കിയ കാത്തിരിപ്പ്, സഞ്ജു സുരേന്ദ്രന്റെ ഖിഡ്കി ഗാവ്, ഉണ്ണികൃഷ്ണൻ ആവളയുടെ തന്തപ്പേര് എന്നിവയാണ് പ്രദർശനത്തിനെത്തുന്ന മറ്റു മലയാള ചിത്രങ്ങൾ. ഹ്രസ്വചിത്ര വിഭാഗത്തിൽ സ്വിച്ച് ഓഫ്, കുട്ടിക്കളി എന്നീ ചിത്രങ്ങളും മേളയിൽ മാറ്റുരയ്ക്കും.
പാ രഞ്ജിത്തിന്റെ നിർമാണത്തിൽ സെമ്മലർ സംവിധാനം ചെയ്ത മയിലാ, രാമലിംഗം ഗൗതം സംവിധാനം ചെയ്ത മേളയുടെ ഉദ്ഘാടന ചിത്രമായ മെമ്പേഴ്സ് ഓഫ് ദ പ്രോബ്ലമാറ്റിക് ഫാമിലി എന്നിവയാണ് തമിഴ് വിഭാഗത്തിലെ പ്രധാന ആകര്ഷണം. ഭാവി, ഞാൻ രേവതി എന്നീ ഡോക്യുമെന്ററികളും ഓട്ടോ ക്വീൻസ്, ഗിവിംഗ് മോം ദ ടോക്ക് എന്നീ ഹ്രസ്വചിത്രങ്ങളും തമിഴിൽനിന്ന് മേളയിലെത്തുന്നുണ്ട്. കന്നഡയിൽനിന്ന് അനൂപ് ലോകുറിന്റെ ചിത്രത്തോടൊപ്പം ഭാവി എന്ന ഡോക്യുമെന്ററിയും മുംഗാരിന എട്ടേ, പങ്കജ എന്നീ ഹ്രസ്വചിത്രങ്ങളും പ്രദർശനത്തിനെത്തും.
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രമുഖ താരങ്ങളായ ദുൽഖർ സൽമാൻ, ഋഷഭ് ഷെട്ടി, പങ്കജ് ത്രിപാഠി എന്നിവരെ ചടങ്ങിൽ ആദരിക്കും. കൂടാതെ, ബോളിവുഡ് ഇതിഹാസ നായിക രേഖയുടെ സാന്നിധ്യമാണ് മേളയുടെ മറ്റൊരു പ്രത്യേകത. രേഖ പങ്കടുക്കുന്ന ചടങ്ങിൽ അവരുടെ രാജ്യാന്തരഖ്യാതി നേടിയ ഉമ്രാവോ ജാൻ പ്രത്യേകമായി പ്രദർശിപ്പിക്കുകയും താരത്തെ ആദരിക്കുകയും ചെയ്യും.
Tags : IndianFilmFestivalofMelbourne IFFM MalayalamMovie DulquerSalmaan Rekha RishabShetty