Movies
സമൂഹമാധ്യമങ്ങളിലെ ട്രോളുകളോടും വിമർശകരോടും പ്രതികരിക്കരുതെന്നും അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ സ്നേഹം മാത്രം പ്രചരിപ്പിക്കണമെന്നും നടൻ സൂര്യ.
ഓൾ ഇന്ത്യ സൂര്യ ഫാൻസ് ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.
എന്നാൽ, സൂര്യയുടെ ഈ പരാമർശത്തിന് പിന്നാലെ നടൻ സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തെ ‘മണ്ടന്മാർ’ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാരോപിച്ച് വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നു.
ഇത്തരക്കാരെ അവഗണിക്കാമെങ്കിലും അവരെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് വിമർശകരുടെ വാദം.
കോളിവുഡിൽ താരങ്ങളുടെ സിനിമകൾ റിലീസ് ചെയ്യുമ്പോഴുള്ള ഫാൻ ഫൈറ്റുകളും ട്രോളുകളും പതിവായ പശ്ചാത്തലത്തിലാണ് സൂര്യയുടെ ഈ പരാമർശം.
അതേസമയം, കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ് എന്നീ വിജയങ്ങൾക്ക് ശേഷം ജീത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീൻ’ ആണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
Movies
ഒരു അപകട മരണവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ‘ആരം’. കേൾക്കുമ്പോൾ പരിചയമുള്ളൊരു പശ്ചാത്തലം തന്നെയാണ്. പക്ഷേ അത് അവതരിപ്പിക്കുന്ന രീതിയിലാണ് ആരം പ്രേക്ഷകരുടെ കൈയടി നേടുന്നത്.
വെറും ഒരു മണിക്കൂർ 50 മിനിറ്റ് മാത്രമാണ് സിനിമയുടെ ദൈർഘ്യം. അതിന്റെ ഏറ്റവും വലിയ ഗുണവും അതുതന്നെ. ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് പോകാതെ കൃത്യമായ കഥയുടെ സംഘർഷങ്ങൾക്ക് തന്നെയാണ് ചിത്രം പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് ഒരിക്കലും മുഷിച്ചിൽ അനുഭവപ്പെടുന്നില്ല. പോലീസ് അന്വേഷണത്തിനൊപ്പം പ്രേക്ഷകരെയും കൊണ്ടുപോകുന്ന രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
ആദ്യപകുതിയിൽ തന്നെ കേസിന്റെയും കഥാപാത്രങ്ങളുടെയും ഒരു നല്ല അടിത്തറ ചിത്രത്തിൽ ഒരുക്കുന്നുണ്ട്. പക്ഷേ ശരിക്കും സിനിമ ത്രില്ലിംഗ് ആകുന്നത് രണ്ടാം പകുതിയിലാണ്. ഓരോ കാര്യവും നമ്മൾ വിചാരിക്കുന്നത് പോലെ അല്ലാതെ സ്ക്രീനിൽ വരുമ്പോൾ, “ഇനി എന്താണ്?” എന്നൊരു ആകാംഷ പ്രേക്ഷകരിൽ നിലനിർത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട്.
കഥയിലെ അപ്രതീക്ഷിതമായ വഴിത്തിരിവുകൾ വരുമ്പോൾ, അതൊന്നും വെറുതെ ഞെട്ടിക്കാൻ വേണ്ടി കൊണ്ടുവന്നതായിട്ട് തോന്നുന്നില്ല എന്നതാണ് ആരത്തിൻ്റെ പ്രധാന ശക്തി. കഥയിലേക്ക് തന്നെ ചേർന്ന് നിൽക്കുന്ന രീതിയിലാണ് അവ വരുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ട്വിസ്റ്റും ഗംഭീരമാണ്.
പക്ഷേ ‘ആരം’ വെറുമൊരു ഇൻവെസ്റ്റിഗേഷൻ സിനിമയല്ല. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും ഒരുമിച്ച് കൊണ്ട് പോകുമ്പോൾ അയാൾ അനുഭവിക്കുന്ന സംഘർഷങ്ങൾ ചിത്രത്തിൽ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. ജോലി ചെയ്യുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾക്കൊപ്പം അയാളുടെ വ്യക്തിജീവിതത്തിലും ആ ജോലിയുടെ സ്വാധീനം ഉണ്ടാകുന്നുണ്ട്. ഈ ഭാഗമാണ് സിനിമയ്ക്ക് വൈകാരികമായ ഒരു തലം പകർന്ന് നൽകുന്നത്.
സൈജു കുറുപ്പ് ആണ് സിനിമയുടെ ഏറ്റവും വലിയ ശക്തി. ഒരു പോലീസ് ഓഫീസറായി വളരെ സ്വാഭാവികമായി ഉള്ള പ്രകടനമാണ് അദ്ദേഹം നൽകുന്നത്. കുറ്റാന്വേഷണ രംഗങ്ങളിൽ മാത്രമല്ല, കഥാപാത്രത്തിന്റെ വ്യക്തിജീവിതത്തിന്റെ ഭാഗങ്ങൾ വരുന്നിടത്തും അദ്ദേഹത്തിന്റെ പ്രകടനം ചിത്രത്തെ താങ്ങി നിർത്തുന്നുണ്ട്. വലിയ ഹീറോയിസം കാണിക്കാൻ ശ്രമിക്കാതെ കഥാപാത്രത്തിനൊപ്പം നിൽക്കുന്ന പ്രകടനം ആണ് ശ്രദ്ധ നേടുന്നത്.
അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ് തുടങ്ങി ബാക്കിയുള്ളവരും തങ്ങളുടെ ഭാഗങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. ഒരുപാട് കഥാപാത്രങ്ങളുണ്ടെങ്കിലും ആരും വെറുതെ വന്നുപോകുന്ന പോലെ തോന്നുന്നില്ല എന്നതും ചിത്രത്തിൻ്റെ നല്ല വശമാണ്.
സാങ്കേതികമായും സിനിമയ്ക്ക് ആവശ്യമായ രീതിയിൽ എല്ലാം കൃത്യമായി വന്നിട്ടുണ്ട്. ജിത്തു ദാമോദറിന്റെ ദൃശ്യങ്ങൾ, വി. സാജന്റെ എഡിറ്റിംഗ്, രോഹിത് ഗോപാലകൃഷ്ണന്റെ സംഗീതം എന്നിവ ഒരു ത്രില്ലർ ചിത്രത്തിന് വേണ്ട അന്തരീക്ഷത്തോട് ചേർന്ന് നിൽക്കുന്നു.
വലിയ കാൻവാസിൽ ഉള്ള ഒരു ത്രില്ലർ കെട്ട്കാഴ്ചയാകാൻ ആരം ശ്രമിക്കുന്നില്ല. പകരം ചെറിയ സമയത്തിനുള്ളിൽ ഒരു കേസും അതിനൊപ്പം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതവും പറയാനാണ് സിനിമ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ ബഹളങ്ങളൊന്നുമില്ലാതെ കണ്ടിരിക്കാവുന്നൊരു സിനിമയാണ് ‘ആരം’. സംവിധായകൻ എന്ന നിലയിൽ പുലർത്തിയ കയ്യടക്കത്തിന് രജീഷ് പരമേശ്വരനും എഴുത്തുകാരൻ എന്ന നിലയിൽ വിഷ്ണു രാമചന്ദ്രനും അഭിനന്ദനം അർഹിക്കുന്നു.
ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിർമിച്ചത്. ഡിസ്ട്രിബൂഷൻ റോവാൻ എന്റർടൈൻമെന്റ്സ് & ഗുഡ് ഫെല്ലാസ് ആണ്.
ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് കഥ പറഞ്ഞ്, മുഷിപ്പിക്കാതെ, രണ്ടാം പകുതിയിൽ ട്വിസ്റ്റുകൾ കൊണ്ട് പിടിച്ചിരുത്തി, അവസാനം കഥാപാത്രങ്ങളുടെ വൈകാരിക വശങ്ങളിലേക്കും എത്തിക്കുന്നൊരു നല്ല ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന് ആരത്തെ വിശേഷിപ്പിക്കാം.
Movies
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് തടയാൻ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ നീക്കം നടന്നുവെന്ന് മുൻ വിവരാവകാശ കമ്മീഷണർ ഡോ.എ.അബ്ദുൾ ഹക്കീം. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട മാധ്യമപ്രവർത്തകർക്ക് അത് നൽകാതിരിക്കാൻ ശ്രമം നടന്നു.
ഇതിനായി കമ്മീഷന്റെ മൂന്നംഗ ഡിവിഷൻ ബെഞ്ച് അസാധാരണമായി രൂപവത്കരിച്ചെന്നും നടപടി ബോധപൂർവം വൈകിപ്പിച്ചെന്നുമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഡോ. അബ്ദുൾ ഹക്കീം രചിച്ച മലയാള സിനിമ, ഹേമ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും എന്ന പുസ്തകത്തിലാണ് നിർണായക വെളിപ്പെടുത്തലുകൾ. ഈ മാസം അവസാനത്തോടെ പുസ്തകം പുറത്തിറങ്ങും.
എൽഡിഎഫ് സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന മേയ് വരെ റിപ്പോർട്ടിൽ നടപടിയൊന്നും സ്വീകരിക്കരുത്. അതിനുശേഷം ആലോചിക്കാമെന്നും മുഖ്യ വിവരാവകാശ കമ്മീഷണർ പറഞ്ഞതായി പുസ്തകത്തിൽ അബ്ദുൾ ഹക്കീം ആരോപിക്കുന്നു. വ്യക്തികളുടെ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് 2024 ജൂലൈ അഞ്ചിന് ഉത്തരവിട്ടത് അന്നത്തെ വിവരാവകാശ കമ്മിഷണറായിരുന്ന ഡോ. അബ്ദുൾ ഹക്കീമായിരുന്നു.
എന്നാൽ ഉത്തരവനുസരിച്ച് റിപ്പോർട്ടിന്റെ പൂർണ പകർപ്പ് നൽകിയില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിടുന്നത് തടയാൻ നീക്കം നടന്നതെന്നാണ് ഹക്കീമിന്റെ വെളിപ്പെടുത്തൽ. മൂന്നംഗ ഡിവിഷൻ ബെഞ്ച് എന്ന ചതി എന്ന അധ്യായത്തിലാണ് വിവരാവകാശ കമ്മിഷനിലെ നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ അദ്ദേഹം വ്യക്തമാക്കുന്നത്.
Kerala
കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ സർക്കാർ നിയമിച്ചതിനു പിന്നാലെ തനിക്കെതിരെ ഉയരുന്ന സൈബർ അധിക്ഷേപങ്ങളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു.
10 വർഷം മുമ്പ് ‘ചിറകൊടിഞ്ഞ കിനാവുകളിൽ’ വിറകു വെട്ടുകാരനായി അഭിനയിച്ചതിനാൽ നിങ്ങളെപ്പോലെ തനിക്കും യാതൊരു വിഷമവുമില്ലെന്ന് ജോയ് മാത്യു പറയുന്നു. ‘ചിറകൊടിഞ്ഞ കിനാവുകൾ’ സിനിമയിലെ തന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ചായിരുന്നു നടന്റെ മറുപടി.
‘‘ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് നടൻ രവീന്ദ്രനെ പ്രഖ്യാപിച്ചത് മുതൽ എന്റെ അഭ്യുദയകാംക്ഷികൾ -പ്രത്യേകിച്ച് ബിപ്പ്ളവ പാർട്ടി അടിമകൾ -വിഷമത്തിലാണ്.
പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു അവർ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ്. സാരമില്ല സഖാക്കളെ സാരമില്ല. 10 വർഷം മുമ്പ് ‘ചിറകൊടിഞ്ഞ കിനാവുകളിൽ’ വിറകു വെട്ടുകാരനായി അഭിനയിച്ചതിനാൽ നിങ്ങളെപ്പോലെ എനിക്ക് യാതൊരു വിഷമവുമില്ല. രവീന്ദ്രനും ടീമിനും ആശംസകൾ.’’ജോയ് മാത്യുവിന്റെ വാക്കുകൾ.
ജഗദീഷ്, പ്രേംകുമാർ, ജോയ് മാത്യു എന്നിവരെ നേരത്തെ അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായി റിപ്പോർട്ട് വന്നിരുന്നു. സര്ക്കാര് ആവശ്യപ്പെട്ടാല് സ്ഥാനം ഏറ്റെടുക്കുമെന്നും ജോയ് മാത്യു മുൻപൊരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപഴ്സൻ.
നടൻ സലിം ഹസന്, യുവ സംവിധായകൻ ജോഫിന്.ടി.ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാവും. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്കുമാർ, സലിം ഹസ്സന്, ബി. രാകേഷ്, സജീവന് അന്തിക്കാട്, ജോഫിന്.ടി.ചാക്കോ,സക്കരിയ, ആർ.എസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂര് ജോസ്, എ. കബീർ, സാബു ശങ്കര് ഷെര്ഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തി ജനറല് കൗണ്സില് പുനഃസംഘടിപ്പിച്ചു. ചലച്ചിത്ര ക്യൂറേറ്റർ, ഫെസ്റ്റിവൽ ഡയറക്ടർ, സിനിമാ വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ രവീന്ദ്രന് വർഷങ്ങളുടെ പ്രവൃത്തിപരിചയമുണ്ട്.
Movies
ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാറിന്റെ സെക്കൻഡ് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായിക ആലിയ ഭട്ടിന്റെ ക്യാരക്ടർ ലുക്കാണ് പുറത്തുവന്നത്.
രക്തം പുരണ്ട കൈകളുമായി വിന്റേജ് കാറിൽ ഡ്രൈവ് ചെയ്തു പോകുന്ന രൺബീറിന്റെ ലുക്ക് ആണ് ആദ്യം പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ. അടുത്തതായി വരുന്നത് വിക്കി കൗശലിന്റെ ലുക്ക് ആകും.
2027 ജനുവരി റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് രൺബീർ കപൂർ സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിൽ അഭിനയിക്കുന്നത്.
Movies
രജനീകാന്ത് ചിത്രം ജയിലർ 2മായുള്ള ക്ലാഷ് ഒഴിവാക്കാൻ പുതിയ ചിത്രത്തിന്റെ റിലീസ് മാറ്റി ധനുഷ്. മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഓം: ചാപ്റ്റർ 1’ എന്ന ചിത്രത്തിന്റെ റിലീസാണ് മാറ്റിയത്.
ഒക്ടോബർ 16നായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ, ഒക്ടോബർ 15ന് രജിനീകാന്തിന്റെ ‘ജയിലർ 2’ റിലീസ് ചെയ്യുന്നതിനാൽ ക്ലാഷ് ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് ധനുഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
ദീപാവലിക്ക് സൂര്യയുടെ സിനിമ റിലീസ് ആകുന്നതിനാൽ ദീപാവലി റിലീസായും ചിത്രം എത്തില്ലെന്നും പുതിയ റിലീസ് തിയതി ഉടനെ പ്രഖ്യാപിക്കുമെന്നും താരം അറിയിച്ചു.
ഇങ്ങനെയുള്ള സമയങ്ങളിൽ ഒരു സിനിമയുടെ റിലീസ് മാറ്റിവയ്ക്കുമ്പോൾ അതിന്റേതായ വെല്ലുവിളികളുണ്ടാകും.
നമ്മുടെ പ്രിയ സൂപ്പർസ്റ്റാർ രജിനീകാന്ത് സർ, നമ്മളെല്ലാം വർഷങ്ങളായി ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ചിത്രം ഒക്ടോബർ 15-ന്, ഞങ്ങളുടെ ചിത്രത്തിന് ഒരു ദിവസം മുൻപായി റിലീസ് ചെയ്യുകയാണ്.
അദ്ദേഹത്തോടുള്ള അങ്ങേയറ്റത്തെ ബഹുമാനം കാരണം, ഞങ്ങളുടെ 'ഓം’ എന്ന ചിത്രത്തിന്റെ റിലീസ് പിന്നീട് ഒരു തിയതിയിലേക്ക് മാറ്റിവയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു.
അതേസമയം, ഈ വർഷം ദീപാവലിക്ക് ഞങ്ങൾക്ക് റിലീസ് ചെയ്യാനും സാധിക്കില്ല. കാരണം അതേ തിയതിയിൽ സൂര്യ സാറിന്റെ ചിത്രം റിലീസ് ചെയ്യാൻ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ന്യായമായി പറഞ്ഞാൽ, അവർ അവരുടെ തിയതി ആദ്യം പ്രഖ്യാപിച്ചതാണ്.
സിനിമയുടെയും സിനിമാ വ്യവസായത്തിന്റെയും പൊതുവായ നന്മയെ കരുതി, വലിയ ചിത്രങ്ങൾക്കിടയിൽ പരസ്പര ധാരണയും, ഓരോരുത്തരുടെയും തീരുമാനങ്ങളോടുള്ള ബഹുമാനവും ആവശ്യമാണെന്ന് ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്നു. ഞങ്ങളുടെ പുതിയ റിലീസ് തീയതി ഉടൻ തന്നെ പ്രഖ്യാപിക്കുന്നതാണ്. ധനുഷ് പറഞ്ഞു.
ധനുഷിന്റെ വണ്ടർബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന വേഷത്തിലുണ്ട്.
ഓം -ചാപ്റ്റർ വൺ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ 'ഉതിരം: ദ ബ്ലഡ് വുഡ്' എന്നാണ്.
Movies
ഭയത്തിനൊപ്പം ആകാംക്ഷയും നിഗൂഢതയും സസ്പെൻസും നിറഞ്ഞ വ്യത്യസ്ത സിനിമാനുഭവവുമായി അമാനുഷികം എന്ന ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്തുന്നു.
നിതീഷ് കെ. നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ക്രോണിക്ക് ബാച്ചിലർ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ യുവ നടൻ ജോമോൻ ജോഷി നായകനാകുന്നു.
പ്രവീൺ ചാലക്കുടി, രാഹുൽ പാലക്കാട്, സോണി അട്ടച്ചാക്കൽ,പുതുമുഖം ആൻ മേരി റോയ്,പാഷാണം ഷാജി, കുടശനാട് കനകം, രാജേഷ് പറവൂർ, കോബ്ര രാജേഷ്, നന്ദകിഷോർ, കിരൺ രാജ്, ഡോ. ഗിരീഷ് പെരിഞ്ചേരി, സനിൽ കുമാർ മട്ടന്നൂർ, അജയൻ ചേർത്തല, സതീഷ് പാപ്പനംകോട്, രാമകൃഷ്ണൻ, കുരിയൻ, ബിനു കോടന്നൂർ, പുണ്യ ശാന്തിഭൂഷൻ, ശ്രീജ ശാന്തിഭൂഷൻ, സിജോ കോടന്നൂർ, നവീൻ, സജിത സതീഷ്, ശുഭ സുനിൽകുമാർ, കൃഷ്ണകുമാർ കൊന്നയിൽ, ബിനിത, വിദ്യ, സിജ, കല്ല്യാണി കുട്ടി, ജോതിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
നമോ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സുധീഷ് പെരുമ്പള്ളി എഴുതുന്നു. ലൈൻ പ്രൊഡ്യൂസർ- ശാന്തി ഭൂഷൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സതീഷ് പാപ്പനംകോട്, ഛായാഗ്രഹണം- ബിൻസീർ, സംഗീതം-റെജൻ രഘു, ഗാനരചന-അഖിൽ പൊന്നപ്പൻ, എഡിറ്റർ-ആശിഷ് ശിവൻ,ബിജിഎം-ഷാനു സജിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സന്ദീപ് പട്ടാമ്പി,അസോസിയേറ്റ് ഡയറക്ടർ-നന്ദു ജി നായർ, അസിസ്റ്റന്റ് ഡയറക്ടർ-അച്ചു രാജഗോപാൽ, മേക്കപ്പ്-കൃഷ്ണൻ പെരുമ്പാവൂർ, കല-ജയൻ നെല്ലങ്കര, വസ്ത്രാലങ്കാരം- സഞ്ജയ് മാവേലി, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് മഹാദേവ്, പ്രൊഡക്ഷൻ മാനേജർ-പ്രവീൺ ചാലക്കുടി,സ്റ്റിൽസ്-സോണി മാത്യു ഡിസൈനിംഗ്- ബൈജു ബാലകൃഷ്ണൻ.പി ആർ ഒ-എ.എസ്. ദിനേശ്.
Movies
ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക് തുടക്കം കുറിച്ചു.
ഡിസ്ക്വയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി അരുണാണ് ഈ ചിത്രം നിർമിക്കുന്നത്. മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചത്.
സാജു നവോദയ, സോഹൻ സീനുലാൽ, കോട്ടയം രമേഷ് എന്നിവരും അണിയറപ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു. സൈക്കോ പാക്ക് ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. നാട്ടിൽ നിരന്തരമായി നടക്കുന്ന ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.
സിദ്ദിഖാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപിക്കുന്നത്. സാജു നവോദയാ, കോട്ടയം രമേഷ്, സോഹൻ സീനുലാൽ, മല്ലികാ സുകുമാരൻ, സുധി കോപ്പ, ജസീല പ്രവീൺ, രാജേഷ് കൊട്ടാരത്തിൽ ഹരി, സുജിത് കോന്നി, സജു പാർത്ഥസാരഥി, ശ്രീജു സോണി എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ - ശ്യാം അരവിന്ദം. സംഗീതം -ഷാനു. ബാക്ക്ഗ്രൗണ്ട് സ്കോർ -സൗരവ് ചെന്നൈ. മേക്കപ്പ് - രാജേഷ്.കോസ്റ്റ്യും ഡിസൈൻ - ബിജു കുമാരപുരം.വാഗമൺ, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴുർ ജോസ്.
Movies
നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാര്ധക്യസഹജമായ അസുഖങ്ങള്മൂലം ഏറെ നാളായി കിടപ്പിലായിരുന്നു. കോഴിക്കോട് മാങ്കാവിലെ വീട്ടില്വച്ചായിരുന്നു അന്ത്യം. നിരവധി നാടകങ്ങളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയാണ്. നാടകത്തിലൂടെയായിരുന്നു അവർ അഭിനയത്തിലേയ്ക്കെത്തിയത്.
നാൽപത് വർഷത്തിലേറെയായി കോഴിക്കോട് ആസ്ഥാനമായുള്ള നിരവധി നാടക ഗ്രൂപ്പുകളിൽ അവർ സജീവമായിരുന്നു. 2018-ൽ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും നേടിയിരുന്നു. വൈറസ്, ഡാകിനി എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ.
കോഴിക്കോട് ആസ്ഥാനമായുള്ള നാടക തിയേറ്ററുകളായ കലിംഗ, സംഗമം, സ്റ്റേജ് ഇന്ദ, ചിരന്തന തിയേറ്ററുകൾ എന്നിവയിലെ നാടകനടിയായിരുന്നു.
Movies
മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി വൈക്കം വിജയലക്ഷ്മി. വേദിയിലെത്തിയ വിജയലക്ഷ്മിയെ ചേർത്തുപിടിച്ചാണ് രാഷ്ട്രപതി ദ്രൗപതി മുർമു അവാർഡ് നൽകിയത്. സദസ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയടിച്ചുകൊണ്ടാണ് ഗായികയ്ക്ക് ആദരമർപ്പിച്ചത്.
വൈക്കം വിജയലക്ഷ്മിയുടെആദ്യ ദേശീയ അവാർഡ് ആണിത്. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലെ ‘അങ്ങു വാനക്കോണില്’ എന്ന ഗാനത്തിനാണ് വിജയലക്ഷ്മിക്ക് ദേശീയ അവാർഡ് ലഭിച്ചത്.
2024ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനത്തിന് സംഗീതമൊരുക്കിയത് ദിബു നൈനാൻ തോമസാണ്. മനു മഞ്ജിത്തിന്റേതാണ് വരികൾ. മലയാളത്തിൽ നിന്ന്, മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി സ്വീകരിച്ചു. ഷഹനാദ് ജലാൽ (കാമറാമാൻ, ഭ്രമയുഗം), ഹസീബ് മുഹമ്മദ് (മികച്ച മലയാള സിനിമയുടെ സംവിധായകൻ, ഫെമിനിച്ചി ഫാത്തിമ), ജോഷി ബെനഡിക്ട്, ആനന്ദ് ജ്യോതി എന്നിവരും ദേശീയ പുരസ്കാരങ്ങൾ സ്വീകരിച്ചു.
Movies
2024ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ചലച്ചിത്ര പ്രതിഭകൾക്കു രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും ബോളിവുഡ് താരം കാർത്തിക് ആര്യനും ഏറ്റുവാങ്ങി.
മമ്മൂട്ടി പുരസ്കാരം സ്വീകരിക്കുമ്പോൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്നു ആദരിച്ചു. ഇതു നാലാം തവണയാണ് ദേശീയ പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്.
ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി പുരസ്കാരം സ്വീകരിക്കാൻ ഗുജറാത്തിലെ കേവാഡിയയിലെത്തിയത്. മമ്മൂട്ടിക്കൊപ്പം നിർമാതാവ് ആന്റോ ജോസഫുമുണ്ട്.
ദാദാസാഹെബ് പുരസ്കാരം കന്നഡയുടെ ഇതിഹാസതാരം അനന്ത് നാഗിനു രാഷ്ട്രപതി സമ്മാനിച്ചു. മികച്ച പിന്നണിഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മിയും ഏറ്റുവാങ്ങി.
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നിർദേശിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലായിരിക്കും ഇനി മുതൽ പുരസ്കാരദാന ചടങ്ങ് നടത്തുകയെന്നു വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
രാഷ്ട്രീയ ചിന്താഗതികൾ മാറ്റിവച്ച് രാജ്യതാത്പര്യത്തിനു മുന്തിയ പരിഗണന നൽകണമെന്നു വിമർശകരോട് മന്ത്രി അഭ്യർഥിക്കുകയും ചെയ്തു.
Movies
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയ്ക്ക് ശേഷം ഒന്നിലധികം ചിത്രങ്ങളുമായി ഇന്ത്യൻ സിനിമാ കമ്പനി.
ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 4-ന്റെ പൂജാ ചടങ്ങുകൾ നടന്നു. രോഹിത് ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രം രചിച്ചത് കിരൺ കെ.എസ്. ആണ്.
ചിത്രത്തിന്റെ നിർമാതാക്കൾ, അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്ത പൂജ ചടങ്ങിൽ, സംവിധായകരായ ഗിരീഷ് എ.ഡി, ഡൊമിനിക് അരുൺ എന്നിവരും ഭാഗമായിരുന്നു. ഗിരീഷ് എ.ഡി. ആദ്യ ക്ലാപ്പടിച്ചാണ് ചിത്രത്തിന് തുടക്കം കുറിച്ചത്.
താരനിര, സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ള ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും. നരിവേട്ടയ്ക്ക് ശേഷം വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ചിത്രങ്ങളാണ് ഇന്ത്യൻ സിനിമാ കമ്പനി നിർമിക്കുന്നത്.
അടുത്തിടെയാണ് ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 3, മൈസൂരുവിൽ ചിത്രീകരണം ആരംഭിച്ചത്. ഷറഫുദ്ദീൻ, അലൻ ബിൻ സിറാജ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഫാമിലി എന്റർടെയ്നർ ചിത്രം ഒരുക്കുന്നത് ജിതേഷ് എസ്. റാം ആണ്.
പുതുമുഖങ്ങൾക്ക് ഉൾപ്പെടെ പ്രാധാന്യം നൽകുന്ന മറ്റു പ്രൊജക്ടുകളുടെയും പ്രവർത്തനങ്ങൾ ഇന്ത്യൻ സിനിമാ കമ്പനി ആരംഭിച്ചിട്ടുണ്ട്.
ആദ്യ ചിത്രമായ നരിവേട്ട മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയതോടെ, കൂടുതൽ മികവുറ്റ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സിനിമാ കമ്പനി.
ഛായാഗ്രഹണം: ദീപക് ഡി. മേനോൻ, എഡിറ്റർ: ആകാശ് ജോസഫ്, സംഗീതം: ബിബിൻ അശോക്, ആർട്ട്: ഔസേപ്പ് ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രണവ് പറശ്ശിനി, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി തോമസ്, പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ. വാഴൂർ ജോസ്.
Movies
കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്ര മേളയിലെ (ഐഡിഎസ്എഫ്എഫ്കെ) ഒരു ചിത്രത്തിനും പ്രദര്ശനാനുമതി നിഷേധിച്ചിട്ടില്ലെന്ന് വാര്ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം.
മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആറു ചിത്രങ്ങളോട് കൂടുതല് വിശദമായ സംഗ്രഹം നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചില ചിത്രങ്ങളുടെ പ്രമേയം കണക്കിലെടുത്ത്, അവയില് ചിലത് പരിശോധനയ്ക്കായി വിവിധ മേഖലകളിലെ ബന്ധപ്പെട്ട അധികൃതര്ക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
തിരുവനന്തപുരത്ത് 25 മുതല് 30 വരെ നടക്കുന്ന പതിനെട്ടാമത് ഐഡിഎസ്എഫ്എഫ്കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 31 ചിത്രങ്ങള്ക്ക് പ്രദര്ശനാനുമതി നിഷേധിച്ചിരുന്നുവെന്ന് വാര്ത്തകള് വന്നിരുന്നു.
കൃത്യമായ വിവരങ്ങള് പങ്കുവയ്ക്കാത്തത് വലിയ ആശങ്കയും മനഃപ്രയാസവും സൃഷ്ടിക്കുകയാണെന്ന് മത്സരവിഭാഗത്തില് ഉള്പ്പെട്ടിരിക്കുന്ന ഉപ്പുവീടുകള് എന്ന ഡോക്യുമെന്ററിയുടെ സംവിധായികയും മാധ്യമപ്രവര്ത്തകയുമായ എംആര് ആരതി ദീപികയോട് പറഞ്ഞു.
Movies
സഹോദരി രാധ നല്കിയ ചെക്ക് തട്ടിപ്പ് പരാതി തള്ളി നടി അംബിക. രാധയുടേത് കള്ളക്കരച്ചിൽ ആണെന്നും സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രാധ തന്നെയാണ് ചെക്ക് നൽകിയതെന്നും അംബിക പ്രതികരിച്ചു.
പഴയ ചെക്കുകള് തട്ടിയെടുത്ത് 46 കോടി രൂപ പിന്വലിച്ച് തട്ടിപ്പ് നടത്താന് അംബിക ശ്രമിച്ചെന്നായിരുന്നു രാധയുടെ പരാതി. ചെക്ക് മടങ്ങിയതിന് രാധക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അംബിക പത്രക്കുറിപ്പില് അറിയിച്ചു.
മൂവർക്കുമായുള്ള ചെന്നൈയിലെ എആർഎസ് ഗാർഡൻസിന്റെ പേരിൽ സ്വത്തുതർക്കമുണ്ടായിരുന്നെന്നും സ്വര്ണവും വട്ടിയൂർക്കാവിലുള്ള രണ്ട് സെന്റ് വസ്തുവും ചെന്നൈയിലുള്ള 47 സെന്റും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് തട്ടിയെടുത്തതിന് സഹോദരന് മല്ലികാര്ജുന്റെ പരാതിയില് വട്ടിയൂർക്കാവ് സ്റ്റേഷനില് രാധയ്ക്കെതിരെ കേസുണ്ടെന്നും അംബിക അറിയിച്ചു.
വസ്തുതകള് മറച്ചുവച്ച് രാധ കള്ളക്കരച്ചില് കരയുകയാണെന്നും അംബിക വാര്ത്തക്കുറിപ്പില് പറഞ്ഞു. രാധയുടെ പരാതിയില് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വീട്ടില് ഒപ്പിട്ട് സൂക്ഷിച്ചിരുന്ന ചെക്കുകള് തട്ടിയെടുത്ത് 46 കോടി രൂപ തട്ടാന് ശ്രമിച്ചെന്നാണ് അംബികയ്ക്കും സഹോദരന് മല്ലികാര്ജുനുമെതിരെയുള്ള രാധയുടെ പരാതി.
രാവിലെ ചെന്നൈ പൊലിസ് കമ്മിഷണറുടെ ഓഫിസിലെത്തിയാണ് രാധ പരാതി നല്കിയത്. വല്സരവാക്കത്തെ വീട്ടില് ഓഫിസ് ആവശ്യങ്ങള്ക്കായി ഒപ്പിട്ട് സൂക്ഷിച്ചിരുന്ന പഴയ അഞ്ച് ചെക്കുകളാണ് തട്ടിയെടുത്തതെന്നും രാധ പരാതിയില് പറയുന്നുണ്ട്.
ആര്ആര് ഗാര്ഡന് സ്റ്റുഡിയോ എന്ന് പേര് മാറ്റിയത് അറിയാതെ എആര്എസ് ഗാര്ഡന് സ്റ്റുഡിയോ എന്ന പേരിലെ പഴയ ചെക്കുകളാണ് തട്ടിയെടുത്തതെന്നും ഈ ചെക്കുകള് ഉപയോഗിച്ച് അംബികയും മല്ലികാര്ജുനും ബാങ്കില്നിന്ന് പണം പിന്വലിക്കാന് ശ്രമിച്ചെന്നും രാധ പറയുന്നു.
ബാങ്കില്നിന്ന് അറിയിച്ചപ്പോഴാണ് പണം തട്ടാന് ശ്രമിച്ച വിവരം താന് മനസിലാക്കിയതെന്നും രാധ പറഞ്ഞു.എന്നാല് സ്വത്ത് തര്ക്ക കേസ് ഒത്തുതീര്പ്പാക്കാന് സഹോദരി രാധയാണ് തനിക്ക് ചെക്കുകള് തന്നതെന്നാണ് അംബിക പറയുന്നത്.
ചെന്നൈയിലെ എ.ആർ.സ്ട്രീറ്റിലെ വീട്ടിൽ രണ്ടുനിലകളിലായിട്ടാണ് സഹോദരങ്ങൾ താമസിച്ചിരുന്നത്. ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് 5 ചെക്കുകൾ താൻ മുറിയിൽ ഒപ്പിട്ടു വച്ചിരുന്നെന്ന് രാധയുടെ പരാതിൽ പറയുന്നു.
ബിസിനസ് ആവശ്യങ്ങൾക്കും വ്യക്തിപരമായ കാരണങ്ങൾ മൂലവും കേരളം, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യുന്ന വ്യക്തിയാണ് താൻ. ഇത്തരത്തിൽ യാത്രയിലായിരിക്കേ അംബിക തന്റെ മുറിയിലെത്തി ചെക്ക് കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് പരാതിയിലെ ആരോപണം.
‘എആർഎസ് ഗാർഡൻ സ്റ്റുഡിയോ’ എന്ന പേരിൽ നടത്തിയിരുന്ന ബിസിനസിന്റെ ആവശ്യങ്ങൾക്കായി സ്വകാര്യ ബാങ്കിൽ കറന്റ് അക്കൗണ്ട് ഉണ്ടായിരുന്നു.
യൂട്ടിലിറ്റി ബില്ലുകൾ, നികുതികൾ, പൂന്തോട്ട പരിപാലനം തുടങ്ങിയ ചെലവുകൾക്കായി ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ താൻ മുറിയിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് 2025 ജനുവരിയിൽ സ്റ്റുഡിയോയുടെ പേര് ‘ആർആർ ഗാർഡൻസ്’ എന്നാക്കി മാറ്റിയ ശേഷം ബാങ്കിൽനിന്ന് പുതിയ ചെക്ക് ബുക്ക് വാങ്ങി.
പഴയ ചെക്ക് ബുക്ക് ഉപയോഗിക്കുന്നത് നിർത്തുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 17ന് ബാങ്കിൽനിന്ന് ഒരു ഇമെയിൽ ലഭിച്ചു. പഴയ ചെക്ക് ബുക്കിലെ അഞ്ചു ചെക്കുകൾ അംബികയുടെ പേരിൽ പണമാക്കുന്നതിനായി സമർപ്പിച്ചിട്ടുണ്ടെന്നായിരുന്നു മെയിൽ. ഉടൻ ബാങ്കുമായി ബന്ധപ്പെടുകയും ചെക്കുകൾ അംബികയ്ക്ക് നൽകിയിട്ടില്ലെന്നും ചെക്കുകളുടെ പണമിടപാട് ഉടൻ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.
Movies
സംവിധായകന് സനല്കുമാര് ശശിധരന് സെക്രട്ടറിയേറ്റിന് മുന്നില് നടത്തുന്ന സത്യാഗ്രഹ സമരത്തിനെതിരെ രൂക്ഷ വിമര്ശനവുമായി സിപിഎം നേതാവ് കെ.കെ. ശൈലജ രംഗത്ത്.
മഞ്ജു വാര്യര്ക്കെതിരെ സനല് കുമാര് ശശിധരന് നടത്തുന്നത് ഹീനമായ അതിക്രമമാണെന്നും മാനസിക വിഭ്രാന്തി കാണിക്കുന്ന ഒരു കുറ്റവാളിയുടെ ജല്പനങ്ങള്ക്ക് വിട്ടുകൊടുക്കാനുള്ളതല്ല അവരുടെ ജീവിതമെന്നും ശൈലജ ഫേസ്ബുക്കില് പ്രതികരിച്ചു.
കുറിപ്പിന്റെ പൂർണരൂപം
മലയാളത്തിന്റെ അഭിമാനമായ അഭിനേത്രിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ജീവിതത്തിലെ പ്രതിസന്ധികളെ മാതൃകാപരമായി അതിജീവിച്ച ഒരാളെന്ന നിലയിലും മഞ്ജു നിരവധി പേർക്ക് പ്രചോദനമാണ്.
മഞ്ജുവിനെതിരെ സനൽ കുമാർ ശശിധരൻ നടത്തുന്നത് ഹീനമായ അതിക്രമമാണ്. മാനസിക വിഭ്രാന്തി കാണിക്കുന്ന ഒരു കുറ്റവാളിയുടെ ജല്പനങ്ങൾക്ക് വിട്ടുകൊടുക്കാനുള്ളതല്ല അവരുടെ ജീവിതം. ഇത്തരക്കാർക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. മഞ്ജു നടത്തുന്ന നിയമ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു.
Movies
ഗണകൻ കാളി ദേവിയുടെ രൂപമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. രൗദ്ര രൂപം പൂണ്ട കാളി ദേവിയുടെ രൂപം ഫസ്റ്റ് ലുക്ക് പോസ്റ്ററായി വന്നതോടെ ഗണകൻ എന്ന ചിത്രം കൂടുതൽ ശ്രദ്ധേയമായി. മലയാള സിനിമയിൽ ആദ്യമാണ് ഇത്തരമൊരു പരീക്ഷണം.
ദേവീ ദേവന്മാരുടെ ചിത്രം സിനിമാ ഫസ്റ്റ് ലുക്ക് പോസ്റ്ററായി വരുന്നത് ആദ്യമാണ്. അതുകൊണ്ട് തന്നെ പോസ്റ്റർ കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.
ജ്യോതിഷത്തിന്റെ മറവിലെ തട്ടിപ്പുകൾ ഓരോന്നും തുറന്ന് കാണിക്കുന്ന ചിത്രമാണ് ഗണകൻ.ആർ.എം.ആർ പ്രെഡഷൻസിന്റെ ബാനറിൽ ആർ.എം.ആർ നിർമ്മിച്ച് സംവിധാനം നിർവഹിക്കുന്ന ഗണകൻ പത്തനാപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.
സംവിധായകനും നിർമാതാവുമായ ആർ.എം.ആർ തന്നെയാണ് ചിത്രത്തിലെ നായകനായും അഭിനയിക്കുന്നത്.
കൊച്ചുപ്രേമന്റെ അവസാന ചിത്രമായ ഒരു പപ്പടവട പ്രേമം എന്ന ചിത്രത്തിനു ശേഷം ആർ.എം.ആർ. സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗണകൻ.
മലയാള സിനിമയിൽ ആദ്യമായി ഒരു ജ്യോതിഷ്യൻ വില്ലനായി എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. എം.ആർ. ഗോപകുമാറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വിവാഹത്തിന് ജാതകം നോക്കാനെത്തുന്ന കോടീശ്വരനായ വരന്റെ പണം തട്ടിയെടുക്കാനായി തന്ത്രങ്ങൾ മെനയുന്ന ജ്യോതിഷ പണ്ഡിതൻ. ഇയാളുടെ ദുഷ്ചെയ്തികൾ കാരണം, പലരും തകർന്നപ്പോൾ രൗദ്ര രൂപം പൂണ്ട സാക്ഷാൽ കാളിദേവി പ്രത്യക്ഷപ്പെട്ട് നീതി നടപ്പാക്കുന്നു.
ദൈവികമായ ജ്യോതിഷം പോലും, പണസമ്പാദനത്തിനായി തെറ്റായ രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിടുകയാണ് ഗണകൻ എന്ന ചിത്രം.
ആർ.എം.ആർ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ.എം.ആർ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സംവിധാനം നിർവ്വഹിക്കുന്നു. നിർമ്മാണം - ആർ.എം.ആർ, ജിനു വടക്കേമുറി, കാമറ - പ്രദീപ് വിളക്കുപാറ, ഗാന രചന - നിഷാന്ത് കൊടമന, മ്യൂസിക് - അജ്മൽഷാ, സൗണ്ട്ഡിസൈൻ - എൻ. ഷാബു ചെറുവള്ളൂർ, വിഎഫക്സ് - വിജീഷ്,അസോസിയേറ്റ് ഡയറക്ടർ - സതീഷ് ഗോവിന്ദ്, ബിജു കലഞ്ഞൂർ,മേക്കപ്പ് - മാളു, സുധീഷ്, മീനംബാബു, നയനു, ആർട്ട് - പ്രതീഷ്, കോസ്റ്റ്യൂം - റിയാസ്, പോസ്റ്റർഡിസൈൻ - മനുഡാവിഞ്ചി, സ്റ്റിൽ - ശ്യാം ലേഔട്ട്, പി.ആർ. ഒ - അയ്മനം സാജൻ.
ആർ.എം.ആർ, ശിവജി ഗുരുവായൂർ, എം.ആർ.ഗോപകുമാർ, മെഹജാബ്,നോവൽ കുമാർ, ശ്യാംലേഔട്ട്, സജീവ് വി, ഷാജു അറേബ്യ,ജയലാൽ, ഹരി,മാസ്റ്റർ കനിഷ്ക് ആർ. നായർ, ശാന്തകുമാരി, ശിവപ്രിയ, നീതപ്രിതഅനിൽ എന്നിവർ അഭിനയിക്കുന്നു.
Movies
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യെ വിജയ് സേതുപതി വിമർശിച്ചു എന്ന വാർത്ത വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ വിജയ്യെക്കുറിച്ച് വിജയ് സേതുപതി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. വിജയ് സേതുപതിയുടെ പുതിയ ചിത്രമായ ‘ബത്ത’യുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിജയ്യെക്കുറിച്ച് വിജയ് സേതുപതി സംസാരിച്ചത്.
വിജയ് താരജാടകളൊന്നുമില്ലാത്ത നടനാണെന്നും അദ്ദേഹത്തിന് തന്നോടുള്ള സമീപനം എന്നും ഹൃദ്യമാണ് എന്നും വിജയ് സേതുപതി പറഞ്ഞു.
വിജയ് സേതുപതിയുടെ വാക്കുകൾ
വിജയ്യുടെ മകൻ സഞ്ജയുടെ ജന്മദിനത്തിന് ഞാൻ ആശംസകൾ അറിയിച്ചിരുന്നു. ഇത് അറിഞ്ഞ് അദ്ദേഹം (വിജയ്) എന്നേ ഫോൺ ചെയ്തു. സഞ്ജയ്ക്ക് വലിയ സന്തോഷമായി,നന്ദി എന്നു പറഞ്ഞു.
അത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. കാരണം അത്രയും വലിയ സൂപ്പർ സ്റ്റാറാണ് എന്നോട് ഇങ്ങനെ പറയുന്നത്. സഞ്ജയ്ക്ക് എന്നെ വലിയ ഇഷ്ടമാണ്. ഇത് ഞാൻ അവനോട് തന്നെ ചോദിച്ചിട്ടുണ്ട്.
വീട്ടിൽ തന്നെ വലിയ നടൻ ഉണ്ടായിട്ട് നിനക്ക് എന്താണ് എന്നെ ഇഷ്ടം എന്ന്?. അങ്ങനെ ഞാൻ കണ്ട കുട്ടിയാണ് സഞ്ജയ്. അവന്റെ സിനിമയും വരുന്നുണ്ട്. ‘ബത്ത’ റിലീസിനുതന്നെയാണ് ഓഡിയോ ലോഞ്ച്. സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ഞാൻ സെറ്റിൽ പോയിരുന്നു.
എനിക്ക് അവനെ ഒരുപാട് ഇഷ്ടമാണ്. ഏകദേശം ഒരുമണിക്കൂറോളം ഞാൻ സെറ്റിൽ ചിലവഴിച്ചു. അപ്പോൾ സെറ്റിൽ എന്റെ കൂടെ നടൻ രോഹൻ ഉണ്ടായിരുന്നു.
അവൻ ‘ജനനായകൻ’ സിനിമയിലും അഭിനയിക്കുന്നുണ്ടായിരുന്നു. പിന്നീട് ഇത് അറിഞ്ഞ അദ്ദേഹം രോഹനെ കെട്ടിപ്പിടിച്ച് ഇത് വിജയ്ക്ക് കൊടുക്കണമെന്നു പറഞ്ഞു. അത്രയും സ്നേഹവും ദയയുമുള്ള മനുഷ്യനാണ് അദ്ദേഹം’, വിജയ് സേതുപതി പറയുന്നു.
ബിഗ് ബോസ് ഷോയ്ക്കിടെ നേതൃത്വത്തെക്കുറിച്ച് വിജയ് സേതുപതി പറഞ്ഞ വാക്കുകൾ തമിഴ്നാട്ടിൽ വൻ വിവാദത്തിന് ഇടയാക്കിയിരുന്നു.
നേതൃത്വം എന്തെന്ന് അറിയാതെ വാഗ്ദാനം നൽകുന്നതും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എതിരാളികളെ വിമർശിച്ചിട്ട് ഓടിപ്പോകുന്നതും അല്ല നേതൃത്വം എന്നാണ് വിജയ് സേതുപതി പറഞ്ഞത്.
വിജയ്ക്കെതിരെയുള്ള ഒളിയമ്പാണ് ഇതെന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയ വിജയ് സേതുപതിയുടെ വാക്കുകളെ വളച്ചൊടിച്ചത്. വിജയ് സേതുപതി ഡിഎംകെയെ തൃപ്തിപ്പെടുത്താനാണ് വിജയ്ക്കെതിരെ വിമര്ശനം ഉന്നയിച്ചത് എന്ന തരത്തിലായിരുന്നു ടിവികെ നേതൃത്വം പ്രതികരിച്ചത്. വിജയ് മുഖ്യമന്ത്രിയായപ്പോൾ വിജയ് സേതുപതി അഭിനന്ദിക്കാൻ കൂടി തയാറായില്ല എന്നും ടിവികെ ചൂണ്ടിക്കാട്ടിയിരുന്നു. വിജയ് സേതുപതിയുടെ പരാമർശത്തിൽ വിജയ് ടിവി മാപ്പുപറഞ്ഞിരുന്നു.
Movies
ഇടതുകൈയിൽ റിസ്റ്റ് ബ്രേസ് ധരിച്ചതിന്റെ കാരണം വെളിപ്പെടുത്തി നടൻ പൃഥ്വിരാജ്. തനിക്ക് ടെന്നിസ് എൽബോ മൂലം ബുദ്ധിമുട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇത് ധരിച്ചതെന്നും നടൻ വെളിപ്പെടുത്തി.
‘ദയ്റ’ സിനിമയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പ്രസ്മീറ്റിൽ താരം എത്തിയത് ഇടതുകൈയിൽ ഒരു റിസ്റ്റ് ബ്രേസ് അണിഞ്ഞുകൊണ്ടായിരുന്നു. കൈക്ക് എന്തുപറ്റിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകവയൊണ് ടെന്നിസ് എൽബോയെക്കുറിച്ച് താരം തുറന്നു പറഞ്ഞത്.
‘‘കൈക്ക് കുറച്ച് നാളായി ടെന്നീസ് എൽബോയുടെ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. കുറച്ചു ദിവസത്തേക്ക് ഈ റിസ്റ്റ് ബ്രേസ് ധരിക്കാനാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ഇട്ട് കഴിഞ്ഞപ്പോൾ കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി.
പ്രസ് മീറ്റിന് എത്തുമ്പോൾ ഇത് അഴിച്ചുവയ്ക്കാമെന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ ഉറങ്ങുമ്പോൾ പോലും ഇത് അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടർ കർശനമായി പറഞ്ഞിരിക്കുന്നത്. അതിങ്ങനെയിട്ട് ശരിയായി കിട്ടാൻ വേണ്ടിയാണ് ഇപ്പോഴും ഇത് ധരിച്ചെത്തിയത്.’’പൃഥ്വിരാജ് പറഞ്ഞു.
കൈമുട്ടിലെ പേശികൾക്ക് അധിക സമ്മർദ്ദം വരുമ്പോൾ ഉണ്ടാകുന്ന 'ടെന്നീസ് എൽബോ' അഥവാ ലാറ്ററൽ എപികോണ്ടിലൈറ്റിസ് എന്ന അവസ്ഥയെ തുടർന്നാണ് പൃഥ്വിരാജ് ഈ ബാൻഡേജ് ഉപയോഗിക്കുന്നത്.
കൈമുട്ടുകളില് കഠിനവേദനയായി വരുന്ന അസുഖമാണ് ടെന്നിസ് എല്ബോ എന്നറിയപ്പെടുന്നത്. എന്നാല് ഈ ശാരീരികപ്രശ്നത്തിന് ടെന്നീസ് കളിയുമായി അത്ര ബന്ധമൊന്നുമില്ല താനും. നമ്മുടെ കൈമുട്ടുകളെ കൈത്തണ്ടകളുമായി ബന്ധിപ്പിക്കുന്നത് ടെന്ഡണുകള് എന്നറിയപ്പെടുന്ന ചരടു കൊണ്ടാണ്.
ഇവയ്ക്ക് ക്ഷതമേല്ക്കുമ്പോഴുണ്ടാകുന്ന ശക്തമായ വേദനയാണ് ഇത്. കൈമുട്ടുകളിലെ പേശികളില് വരുന്ന നീര്ക്കെട്ടും 'ടെന്നീസ് എല്ബോ'ക്ക് കാരണമാകാം. കൈകള് ഉപയോഗിച്ച് സ്ഥിരമായി ഒരേതരം ജോലി ചെയ്യുന്നതുവഴിയും രോഗം വരാം.
Movies
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രം സെപ്റ്റംബർ 18-ന് തിയറ്ററുകളിലെത്തും. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു ഹ്യൂമർ ഹൊറർ കഥയാണ് ചിത്രം പറയുന്നത്. വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്.
ബി.കെ. ഹരിനാരായണനും, ധന്യാ സുരേഷ് മേനോനും രചിച്ച നാലു ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടിയുള്ളത്.
ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം ജികെഎസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമിക്കുന്നത്. എക്സികുട്ടീവ് പ്രൊഡ്യൂസേർസ് -ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ.
വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, മനോജ്.കെ.യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർഥ് ശിവ, കുട്ടി അഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീ പത്യാൻ, അനിയപ്പൻ, ശ്രീരാജ് . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ശശി റാമിന്റേതാണു തിരക്കഥ. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യാ സുരേഷ് മേനോൻ എന്നിവരുടെ ഗാനങ്ങൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു.
പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമൽ.സി.ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ സ്റ്റിൽസ് - അജി മസ്ക്കറ്റ്. മാനേജേഴ്സ് - റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ, പിആർഒ-വാഴൂർ ജോസ്.
Movies
ഡോക്ടർ അഭിലാഷ് ബാബു സംവിധാനം ചെയ്ത നാഗ സൈരന്ധ്രി എന്ന ചിത്രം 32-ാമത് സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യും. സെപ്റ്റംബർ 17 മുതൽ 19 വരെ ചെന്നൈ ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട്, മാക്സ് മുള്ളർ ഭവനിലാണ് ഫെസ്റ്റിവൽ.
തമിഴ് ഡോക്യുമെന്ററി ഡയറക്ടർ അമുദനാണ് ഫെസ്റ്റിവൽ ഡയറക്ടർ.
സോഷ്യൽ സ്വാമിയുടെ പ്രദർശനം സെപ്റ്റംബർ 19 ഉച്ചയ്ക്ക് രണ്ടു മണിക്കാണ്. ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണം വഴിയാണ് ഈ സിനിമ നിർമ്മിച്ചത്.
സഹനിർമ്മാണം-സേതു രാജൻ, ഛായാഗ്രഹണം-റിഷാക്, ക്യാമറ അസിസ്റ്റന്റ്- ശ്യാം ശങ്കർ, എഡിറ്റിംഗ്-കൃഷ്ണ ഗോപൻ, ഹരി ഗീത സദാശിവൻ, റോബിൻ റോയ്, സൗണ്ട് ഡിസൈനർ-ജാക്സൺ ജോർജ്, ലൈവ് സൗണ്ട് റെക്കോർഡിസ്റ്റ്-ശ്യാം ശങ്കർ, പ്രൊജക്ട് ഡിസൈനർ-ഷാജി എ ജോൺ, ഡിസൈൻസ്-ശരൺ മോഹൻ, ഇല്ലസ്ട്രേഷൻസ്-സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എൻ,ശരത് പ്രകാശ്, ആദർശ് എം എസ്, സബ്ടൈറ്റിൽസ്-ദ വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത സദാശിവൻ, ഫെസ്റ്റിവൽ സപ്പോർട്ട്- ആർട് ബുക് സിനിമ, പി ആർ ഒ-എ എസ് ദിനേശ്.
Movies
നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. വിവാഹചിത്രങ്ങൾ അഹാനയും നിമിഷും പങ്കുവച്ചു.
കോവളത്തെ താജ് റിസോർട്ടിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില് വച്ചായിരുന്നു വിവാഹം. നടൻ ദുൽഖർ സൽമാൻ വിവാഹത്തിന് സാക്ഷിയാകാൻ എത്തിയിരുന്നു.
ചുവപ്പും സ്വർണക്കസവോടുകൂടിയ ബോർഡർ ഉള്ള വിവാഹസാരിയിലാണ് അഹാന വധുവായി എത്തിയത്. ഐവറി സ്യൂട്ടിലാണ് നിമിഷ് വിവാഹത്തിന് എത്തിയത്.
പരമ്പരാഗത രീതിയിലുള്ള സ്വർണാഭരണങ്ങളും ഹെയർസ്റ്റൈലുമാണ് അഹാന വിവാഹത്തിന് തെരഞ്ഞെടുത്തത്.
Movies
റീല്സില് നിന്നു സിനിമയിലെത്തി പാന് ഇന്ത്യന് താരമായ കഥയാണ് കണ്ണൂരിലെ കുഞ്ഞുമിടുക്കി നക്ഷത്രയുടേത്. തെലുങ്ക് സൂപ്പര്താരം മാസ് മഹാരാജ രവിതേജ നായകവേഷത്തിലെത്തിയ സൂപ്പര്ഹിറ്റ് ‘ഇരുമുടി’യില് അദ്ദേഹത്തിന്റെ മകളായ മണികണ്ഠയെ അവതരിപ്പിച്ചതു നക്ഷത്രയാണ്.
റിലീസായി രണ്ടാഴ്ചയ്ക്കകം ഇരുനൂറു കോടി ക്ലബി ൽ എത്തിയ ‘ഇരുമുടി’യും അതിലെ മലയാളി ബാലതാരവുമാണ് ഇപ്പോള് തെലുങ്ക് ഇന്ഡസ്ട്രിയിലെ പ്രധാന സംസാരവിഷയം.
നിസാം ബഷീര് സംവിധാനം ചെയ്ത ‘ഐ നോബഡി’യില് പൃഥ്വിരാജിന്റെയും പാര്വതി തിരുവോത്തി ന്റെയും മകളായി, ജിയ എന്ന നിര്ണായക വേഷത്തിൽ നക്ഷത്ര അഭിനയിച്ചിരുന്നു. ചിത്രം ഇപ്പോള് ഹോട്ട് സ്റ്റാറിലും പ്രദര്ശനത്തിനെത്തിയിരിക്കുന്നു. കന്നട സൂപ്പര്താരം ശിവ.
രാജ് കുമാറിന്റെ മകളായി നക്ഷത്ര വേഷമിട്ട ഇമോഷണൽ ത്രില്ലർ ‘ഡാഡ്’ റിലീസിനൊരുങ്ങുന്നു.
തുടക്കം പേട്ടറാപ്പില്
കണ്ണൂര് അത്താഴക്കുന്നിലെ സബിന് -റിജിന ദമ്പതിമാരുടെ ഏക മകളാണു നക്ഷത്ര. അമ്മയാണു നാലു വയസുകാരി നക്ഷത്രയുടെ വീഡിയോ റീലുകള് ചിത്രീകരിച്ചുതുടങ്ങിയത്. അമ്മ നിര്ബന്ധിക്കുമ്പോള് മാത്രം ഫോണ് കാമറയ്ക്കു മുന്നിലെത്തി, പറഞ്ഞുകൊടുക്കുംപോലെ പെർഫോം ചെയ്തിരുന്ന കൊച്ചു പെൺകുട്ടി. ക്രമേണ ഇന്സ്റ്റയില് ഹിറ്റടിച്ച റീലുകള് നക്ഷത്രയ്ക്കു സിനിമയുടെ വാതില്തുറന്നു.
2024ല് എസ്. ജെ. സിനു സംവിധാനം ചെയ്ത പ്രഭുദേവ ചിത്രം ‘പേട്ടറാപ്പില്’ നായിക വേദികയുടെ കുട്ടിക്കാലം അവതരിപ്പിച്ച് തമിഴിലൂടെ നക്ഷത്രയെന്ന നാലാം ക്ലാസുകാരിയുടെ അരങ്ങേറ്റം. തൊട്ടടുത്ത വര്ഷം മലയാളത്തുടക്കം; മഹേഷ് മധു സംവിധാനം ചെയ്ത ഫാന്റസി കോമഡി ത്രില്ലര് ‘എന്നു സ്വന്തം പുണ്യാളനി’ല്.
അതില് ഒരു സ്കൂള് കുട്ടിയുടെ കഥാപാത്രം. തുടര്ന്നു പ്രണീഷ് വിജയന് സംവിധാനം ചെയ്ത ‘പെറ്റ് ഡിറ്റക്ടീവി’ല് നായിക അനുപമ പരമേശ്വരന്റെ കുട്ടിക്കാലം അവതരിപ്പിച്ചു. ഈ സിനിമകളിലെ ല്ലാം ഓഡിഷൻ നടത്താതെ നേരിട്ടുവിളിച്ച് ഷൂട്ടിംഗ് ഡേറ്റ് അറിയിക്കുകയായിരുന്നു.
ഐ നോബഡി ജിയ
ആദ്യ ഓഡിഷന് പൃഥ്വിരാജ് ചിത്രം ‘ഐ നോബഡി’യില്. രാജീവന്റെയും മീരയുടെയും മൂത്ത മകള് ജിയയായി നക്ഷത്രയുടെ ശാന്തഗംഭീര പ്രകടനം ചിത്രത്തിന്റെ പ്രമോഷന് പരിപാടികളില് പൃഥ്വിയുടെയും പാര്വതിയുടെയും പ്രശംസയ്ക്കും ഇടനല്കി.
കഥാപരമായി എറെ പ്രധാന്യമുള്ള ക്ലൈമാക്സ് സീനുകളിലെ നക്ഷത്രയുടെ സാന്നിധ്യം ഇപ്പോള് ഓടിടി പ്രേക്ഷകരുടെയും ശ്രദ്ധ നേടുകയാണ്. ചുരുണ്ട മുടിയും പാര്വതിയുമായുള്ള മുഖസാദൃശ്യവും ആ വേഷം ഹൃദ്യമായി അവതരിപ്പിക്കുന്നതില് സഹായകമായി.
‘ഇരുമുടി’ത്തിളക്കം
റീല്സിലെ ആകർഷകത്വവും നൃത്തച്ചുവടുകളിലെ പ്രസരിപ്പുമാണ് നക്ഷത്രയെ ശിവ നിര്വാണ സംവിധാനം ചെയ്ത, മൈത്രി മൂവി മേക്കേഴ്സിന്റെ ‘ഇരുമുടി’യിലെത്തിച്ചത്. ഹൈദരാബാദിലെ ഓഡിഷൻ വിജയിച്ചാണ് കേന്ദ്രകഥാപാത്രമായി സെലക്ഷന് നേടിയത്. മദ്യപാനത്തിനടിമയായ അച്ഛനെ അതില് നിന്നു മോചിപ്പിക്കുന്നതിനായി 41 ദിവസത്തെ അയ്യപ്പവ്രതം അനുഷ്ഠിച്ച് ശബരിമല ദര്ശനത്തിനു പ്രേരിപ്പിക്കുന്ന മണികണ്ഠ എന്ന മകൾ.
അച്ഛന് ത്രിനാഥായി രവി തേജയും അമ്മ കാവേരിയായി പ്രിയ ഭവാനി ശങ്കറും. മലയാളി അഭിനേത്രി സ്വാസികയും ചിത്രത്തിലുണ്ട്. സിനിമയുടെ അവസാന 20 മിനിറ്റുകളിലെ നക്ഷത്രയുടെ വൈകാരിക പ്രകടനം ഇതിനോടകം നിരൂപകപ്രശംസയും നേടിക്കഴിഞ്ഞു.
"ഏറെ ഫ്രണ്ട്ലിയാണു രവി തേജ സാര്. ഡയലോഗ് പരിഭാഷ ചെയ്തു പറഞ്ഞുതരാന് സെറ്റില് ഒരു ചേട്ട നുണ്ടായിരുന്നു. അങ്ങനെ ആദ്യ തെലുങ്ക് ചിത്രത്തിലും സ്വന്തമായി ഡയലോഗ് പറഞ്ഞു. മനമ്മയെന്നാണ് എന്റെ കഥാപാത്രത്തെ സിനിമയില് സ്നേഹത്തോടെ വിളിക്കുന്നത്.' ഇരുമുടിയിലെ പല സീനുകളും കണ്ട് ചിലര് കരയാറുണ്ടെങ്കിലും അതു ഷൂട്ട് ചെയ്തപ്പോള് തനിക്ക് അത്തരം വൈകാരിക പ്രശ്നങ്ങളൊന്നുമുണ്ടായില്ലെന്നു നക്ഷത്ര പറയുന്നു.
ഡാന്സും സൂപ്പറാ!
ഇരുമുടിയില് ജി.വി. പ്രകാശ്കുമാര് ഒരുക്കിയ പാട്ടുകള്ക്കൊപ്പംതന്നെ ഹിറ്റാണ് രവിതേജയ്ക്കൊപ്പമുള്ള നക്ഷത്രയുടെ ചുവടുകളും. ഡാന്സ് ശാസ്ത്രീയമായി പരിശീലിച്ചു കളിക്കുകയല്ല നക്ഷത്ര. ഒക്കെയും സ്വതസിദ്ധം. അച്ഛന്-മകള് ആത്മബന്ധവും സ്നേഹവുമൊക്കെ പ്രമേയമായ ചിത്രങ്ങളാണ് ഇപ്പോൾ നക്ഷത്രയെ തേടിയെ ത്തുന്നത്.
ഐ നോബഡിയിലാണ് അതിന്റെ തുടക്കം. ഇരുമുടിയിലെ കഥാപാത്രം പെർഫോമ ൻസിന് ഏറെ ഇടമുള്ള വൈകാരിക സന്ദര്ഭങ്ങളിലൂടെ കൂടുതല് ദൂരം സഞ്ചരിക്കുന്നുണ്ട്.
ഇനി, ഡാഡ്
റീല്സിനും ഡാന്സിനും അഭിനയത്തിനുമൊപ്പം പഠനത്തിനും തുല്യപ്രാധാന്യം നല്കി മുന്നേറുകയാണ് കണ്ണൂര് കടമ്പൂര് ഹയര് സെക്കന്ഡറി സ്കൂളിലെ ഈ ഏഴാം ക്ലാസുകാരി.
അടുത്ത റിലീസ് ‘ഡാഡും’ അച്ഛന്-മകള് ഹൃദയബന്ധത്തിന്റെ ആഴങ്ങള് തേടുകയാണ്. ഇരുമുടിക്കു മുന്പേ ചിത്രീകരണം ആരംഭിച്ച ഇതിലേക്കു വഴിതുറന്നതും സൂപ്പർഹിറ്റ് റീലുകൾ തന്നെ. അനീല് കന്നേഗണ്ടി സംവിധാനം ചെയ്യുന്ന ഡാഡിലൂടെ നടൻ സുരാജ് വെഞ്ഞാറമൂടും കന്നടയില് അരങ്ങേറുന്നു.
Movies
78–ാമത് എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘ദ് പിറ്റ്’, ‘വിഡോസ് ബേ’, എന്നീ സീരീസുകളാണ് പുരസ്കാരനേട്ടത്തിൽ മുന്നിൽ. എച്ച്ബിഒ മാക്സിന്റെ മെഡിക്കൽ ഡ്രാമയായ ‘ദ് പിറ്റ്’ മികച്ച ഡ്രാമ സീരീസായി തിരഞ്ഞെടുക്കപ്പെട്ടു.
തുടർച്ചയായ രണ്ടാം വർഷമാണ് സീരീസ് ഈ നേട്ടം കൈവരിക്കുന്നത്. ‘പിറ്റി’ലെ പ്രകടനത്തിന് നോവാ വെൽ മികച്ച നടനുള്ള പുരസ്കാരവും സ്വന്തമാക്കി.
കോമഡി വിഭാഗത്തിൽ ‘വിഡോസ് ബേ’ മികച്ച സീരീസായി തിരഞ്ഞെടുക്കപ്പെട്ടു. സീരീസിലെ അഭിനയത്തിന് മാത്യു റിസ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.
രണ്ട് സീരീസുകളിലെ പ്രകടനത്തിന് രണ്ട് എമ്മി അവാർഡ്സ് നേടുന്ന ആദ്യ നടൻ കൂടിയായി മാത്യു. ആപ്പിൾ ടിവിയുടെ ഹൊറർ കോമഡി സീരീസായ ‘വിഡോസ് ബേ’യിലെ പ്രകടനത്തിനും ‘ദ് ബീസ്റ്റ് ഇൻ മി’യിലെ പ്രകടനത്തിനുമാണ് ഈ അപൂർവനേട്ടം.
നെറ്റ്ഫ്ലിക്സിന്റെ ‘ദി ബീസ്റ്റ് ഇൻ മി’ എന്ന സീരീസിലെ പ്രകടനത്തിനായിരുന്നു നേരത്തെ മികച്ച നടനുള്ള പുരസ്കാരം നേടിയത്. ഒരേ സീസണിൽ രണ്ട് ലീഡ് ആക്ടർ പുരസ്കാരം നേടുന്ന ആദ്യ നടനെന്ന റെക്കോർഡും മാത്യു റിസിന് സ്വന്തമായി.
കോമഡി സീരീസിലെ പ്രധാന നടിക്കുള്ള പുരസ്കാരം തുടർച്ചയായ അഞ്ചാം തവണയും നടി ജീൻ സ്മാർട്ടിന് ലഭിച്ചു. എച്ച്ബിഒയിൽ സ്ട്രീം ചെയ്ത ‘ഹാക്സ്’ സീരീസിന്റെ അഞ്ചാം സീസണിലും എമ്മി പുരസ്കാരം ജീൻ സ്മാർട്ടിന് സ്വന്തമായി.
ഒരു ഷോയുടെ എല്ലാ സീസണിലും എമ്മി പുരസ്കാരം നേടിയ ഏക വനിത എന്ന റെക്കോർഡും ജീൻ സ്മാർട്ടിന് സ്വന്തമായി. ഇതോടെ ഏറ്റവും കൂടുതൽ എമ്മി പുരസ്കാരങ്ങൾ നേടിയ ആലിസൺ ജാനിയുടെ റിക്കാർഡിന് ഒപ്പത്തിനൊപ്പമായി ജീനിന്റെ പുരസ്കാര നേട്ടം.
ഔട്ട് സ്റ്റാൻഡിംഗ് ഡ്രാമ സീരീസായി ‘ദ് പിറ്റ്’, മികച്ച കോമഡി സീരീസായി ‘വിഡോസ് ബേ’, ലിമിറ്റഡ് ആന്തോളജി സീരീസ് ‘ഡിടിഎഫ് സെന്റ്.ലൂയിസ്’, മികച്ച റിയാലിറ്റി മത്സരപരമ്പര ‘ദ് ട്രെയിറ്റേഴ്സ്’, ഡ്രാമ സീരീസുകളിലെ മികച്ച നടനായി നോവ വെയ്ൽ, നടിയായി ‘പ്ലൂരിബസി’ലെ പ്രകടനത്തിന് റിയ സീഹോൺ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 'വിഡോസ് ബേ'യിലെ അഭിനയത്തിന് കേറ്റ് ഒഫ്ലിൻ മികച്ച സഹനടിയായും സ്റ്റീഫൻ റൂട്ട് മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു.
Movies
ക്രോണിക് ബാച്ച്ലർ, രാക്ഷസരാജാവ് തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി എത്തി ശ്രദ്ധനേടിയ ജോമോൻ ജോഷി വിവാഹിതനാകുന്നു. കോട്ടയം സ്വദേശിയായ അഷ്ന ആൻഡ്രിയയാണ് വധു.
ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സൗദിയിൽ നഴ്സാണ് അഷ്ന. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്.
1999 ൽ റിലീസ് ചെയ്ത ‘പുരസ്ക്കാരം’ എന്ന സിനിമയിലൂടെയാണ് ജോമോൻ അഭിനയത്തിൽ തുടക്കം കുറിച്ചത്. എറണാകുളം സ്വദേശിയായ ജോമോന്റെ മാതാപിതാക്കൾ ജോഷിയും ടെസ്സിയുമാണ്. ജേർണലിസത്തിൽ ബിരുദം നേടിയിട്ടുണ്ട് താരം.
സഹയാത്രികയ്ക്ക് സ്നേഹപൂർവം’,‘കവർ സ്റ്റോറി’, ‘അണുകുടുംബം ഡോട്ട് കോം’, ‘ക്രോണിക് ബാച്ചിലർ’, ‘ഫാന്റം‘രാക്ഷസ രാജാവ്’ തുടങ്ങി നിരവധി സിനിമകളിൽ ബാല താരമായി അഭിനയിച്ചു. ‘ക്രോണിക് ബാച്ചിലർ’ സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
നിതീഷ് കെ. നായർ സംവിധാനം ചെയ്യുന്ന ‘അമാനുഷികം’ ആണ് ജോമോന്റെ പുതിയ റിലീസ്. ചിത്രം ഈ മാസം 25ന് തിയറ്ററുകളിൽ എത്തും.
Movies
നിർമാതാവ് സുപ്രിയ മേനോന് പിന്നാലെ സിനിമ ഇംഗ്ലിഷിൽ സംസാരിച്ച അവതാരകയെ പിന്തുണച്ച് നടി അവന്തിക മോഹനും.
ആശ സിനിമയുടെ പ്രമോഷിനിടെയാണ് ഇംഗ്ലീഷിൽ സംസാരിച്ച അവതാരകയെ ദക്ഷ രവീന്ദ്രനാഥിനെ നടി ഉർവശി പരിഹസിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു.
മലയാളം അറിയാമെന്നത് മറ്റൊരാളെ പരിഹസിക്കാനുള്ള അവകാശമല്ലെന്നും, മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ് യഥാർഥ ‘സീനിയോറിറ്റി’ പ്രതിഫലിക്കുന്നതെന്നും അവന്തിക തുറന്നടിച്ചു.
‘‘മലയാളം അറിയാം എന്നത് ഇംഗ്ലിഷ് സംസാരിക്കുന്ന ഒരാളെ പരിഹസിക്കാനുള്ള അവകാശമൊന്നും ആർക്കും നൽകുന്നില്ല, ഇംഗ്ലിഷ് സംസാരിക്കുന്നത് കൊണ്ട് ആരും ഉയർന്നവരാകുന്നുമില്ല. ഒരാളെ മലയാളത്തിൽ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് ഒരു കാര്യമാണ്, എന്നാൽ ഇംഗ്ലിഷ് സംസാരിച്ചതിന്റെ പേരിൽ അവരെ കേവലം പരിഹസിക്കുന്നത് വേറൊരു കാര്യമാണ്. ഭാഷകൾ കഴിവുകളാണ്, അല്ലാതെ ബുദ്ധിയുടെയോ വർഗത്തിന്റെയോ സ്വഭാവത്തിന്റെയോ അളവുകോലുകളല്ല
ആ അവതാരക അസ്വസ്ഥാജനകമായ നിമിഷത്തെ വളരെ മാന്യതയോടെയും അത്യന്തം ശാന്തതയോടെയുമാണ് കൈകാര്യം ചെയ്തത്. മറ്റുള്ളവരോട്, പ്രത്യേകിച്ച് തങ്ങളാൽ കഴിയുന്നത്ര നന്നായി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നവരോട് നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതിലാണ് യഥാർഥ സീനിയോറിറ്റി പ്രതിഫലിക്കുന്നത്.
അവർ തീർച്ചയായും ഒരു മികച്ച നടി തന്നെയാണ്, എന്നാൽ നിർഭാഗ്യവശാൽ ഇത്തരം നിമിഷങ്ങൾ ഒരാളുടെ സ്വഭാവത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഈ രംഗം സത്യത്തിൽ എന്നെ വളരെ അസ്വസ്ഥയാക്കി; ആ ആങ്കറുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് എനിക്ക് ഒരു ഊഹവുമില്ല. അവരോട് എനിക്ക് ഒരുപാട് സ്നേഹം തോന്നുന്നു.’’–അവന്തികയുടെ വാക്കുകൾ.
വിമർശനം സ്വകാര്യമാകാം, ബഹുമാനം പരസ്യമായി നൽകണം’ എന്ന് വ്യക്തമാക്കി കാൾ ലഫ്രനൈസ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സിനിമാ രംഗത്തുള്ളവരുടെ പ്രധാന ചർച്ചാകേന്ദ്രം.
ഈ പോസ്റ്റിന് താഴെ തന്നെയാണ് ഇംഗ്ലീഷ് ഭാഷയോടുള്ള മലയാളികളുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രിയ മേനോനും കമന്റ് ചെയ്തത്. നമ്മുടെ മക്കളെ ഇംഗ്ലിഷ് മീഡിയത്തിൽ പഠിപ്പിക്കുകയും വിദേശത്തേക്ക് അയക്കുകയും ചെയ്യുന്ന സമൂഹം, ഒരാൾ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ അതിനെ ധാർഷ്ട്യമായി കാണുന്നത് എന്തുകൊണ്ടാണെന്ന് സുപ്രിയ ചോദിച്ചിരുന്നു.
Movies
ഓണക്കാലം ചാര്ജാക്കാന് ഗിരീഷ് എ.ഡി. ഒരുക്കിയ നിവിന്-മമിത റൊമാന്റിക് കോമഡി, "ബെത്ലഹേം കുടുംബയൂണിറ്റ്' തിയറ്ററുകളില്. തണ്ണീര്മത്തന് ദിനങ്ങളും സൂപ്പര് ശരണ്യയും പ്രേമലുവുമൊക്കെ സംവിധാനംചെയ്ത ഗിരീഷ് എ.ഡിയും നിവിന് പോളിയും ആദ്യമായി ഒന്നിച്ച ചിത്രത്തില് സംഗീത് പ്രതാപും പ്രധാന വേഷത്തില്. സംവിധായകനും കിരൺ ജോസിയുമാണു തിരക്കഥയൊരുക്കിയത്.
" ഇതില് ഹ്യൂമറുണ്ട്. എന്നാൽ, ഞാൻ ഇതുവരെ ചെയ്ത സിനിമകളില് കുറച്ചുകൂടി ഇമോഷണല് കണ്ടന്റ് ഇതിലാണുള്ളത്'- ഗിരീഷ് സണ്ഡേ ദീപികയോടു പറഞ്ഞു.
ബെത്ലഹേമിലേക്ക് എത്തിയത്..?
ആദ്യ പടത്തിന്റെ സമയത്തൊക്കെ ഈ കഥയുടെ ബേസിക് ത്രെഡ് മനസിലുണ്ടായിരുന്നു. തണ്ണീര്മത്തന് അന്നു ചെയ്യാന് പറ്റിയില്ലായിരുന്നെങ്കില് ഇതു ചെയ്യാം എന്ന പ്ലാനിലായിരുന്നു. അന്ന് ആ കഥാപാത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ഏഴു വര്ഷം കൊണ്ടാണ് കഥ ഇത്രത്തോളമെത്തിയത്.
Movies
സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന സമരസ ഒക്ടോബറിൽ പ്രദർശനത്തിനെത്തുന്നു.
ഇലവീഴാ പൂഞ്ചിറ, മന്ദാകിനി,റോന്ത്, കുട്ടന്റെ ഷിനിഗാമി തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്നസമരസയിൽ ഹരീഷ് പേരടി ശക്തമായ ഒരുപ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രദീപ് ബാലൻ, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ, എം.എം. സേവ്യർ, രത്നാകരൻ,
നിലമ്പൂർ ആയിഷ, മാളവിക ഷാജി, ബിനി ജോൺ, സുനിത എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
മായക്കാവ് ഗ്രാമത്തിൽ ഒറ്റപ്പെട്ട കൊച്ചു വീട്ടിൽ തനിച്ചു താമസിക്കുന്ന ദുർഗ നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവളാണ് . എന്നാൽ അതിസങ്കീർണമായ ജീവിതാവസ്ഥകളിലൂടെ കടന്നു പോകുന്ന ദുർഗയുടെ ദുരൂഹത നിറഞ്ഞ ഭൂതകാലവും അന്വേഷിച്ച് ആ നാട്ടിൽ പുതുതായി ചുമതലയേറ്റ ബാങ്ക് മാനേജർ സേതുരാമൻ പൊതു പ്രവർത്തകനായ പോരാളി രാജനെ സമീപിക്കുന്നതോടെ സമരസ വൈകാരികമായ സംഘർഷമുഹൂർത്തങ്ങളിലേക്ക് കടക്കുന്നു.
രാഷ്ട്രീയ കൊലപാതകക്കേസിൽ ജയിൽ ശിക്ഷകഴിഞ്ഞെത്തുന്ന രാജീവനും ദുർഗയുടെ ജീവിതം തന്റെ ആദ്യ സിനിമയുടെ തിരക്കഥയാക്കാൻ തീരുമാനിക്കുന്ന യുവസംവിധായകൻ സരിത് സാഗറും മായക്കാവിൽ എത്തുന്നതോടെ ദുർഗയുടെ നടുക്കുന്ന ജീവിത പശ്ചാത്തലം പ്രേക്ഷകരുടെ മുന്നിൽ തെളിയുകയാണ്.
ജഗളയിലൂടെ ശ്രദ്ധേയനായ സുമേഷ് സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രഭാകരൻ നറുകരയുടെ വരികൾക്ക് അഭയ് എ.കെ., ബാബുരാജ് ഭക്തപ്രിയം എന്നിവർ സംഗീതം പകരുന്നു.
എഡിറ്റർ-ജോമോൻ സിറിയക്. ആർട്ട് ഡയറക്ടർ-ഷിജു മാങ്കൂട്ടം, മേക്കപ്പ്-നീന പയ്യാനക്കൽ, കോസ്റ്റ്യൂംസ്-ശ്രീനി ആലത്തിയൂർ, സ്റ്റിൽസ്-സുമേഷ് ബാലുശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ-ഗിജേഷ് കൊണ്ടോട്ടി,ചീഫ് അസോസിയേറ്റ്, ഡയറക്ടർ-ദേവ് രാജ്, അസോസിയേറ്റ് ഡയറക്ടർ-ബേബി പുല്പറ്റ, സുധീഷ് സുബ്രമണ്യൻ,ഡിസൈൻ-ഡാവഞ്ചി സ്റ്റുഡിയോ, വിതരണം-സങ്കല്പ ഫ്രെയിംസ് റിലീസ്,പി ആർ ഒ-എ എസ് ദിനേശ്.
Movies
കേരള ബോക്സ്ഓഫിസിൽ ഏറ്റവുമധികം കലക്ഷൻ നേടുന്ന ചിത്രമായി മാറി നിവിൻ പോളിയുടെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ഏകദേശം 130 കോടിയാണ് ചിത്രം കേരളത്തിൽ നിന്നു മാത്രം വാരിയത്.
ഈ വര്ഷം തന്നെ പുറത്തിറങ്ങിയ ‘വാഴ 2’വിനെ തകർത്താണ് ‘ബെത്ലഹേം’ ഇന്ഡസ്ട്രി ഹിറ്റെന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.123 കോടിയായിരുന്നു വാഴ 2വിന്റെ കേരള ബോക്സ് ഓഫിസ് കലക്ഷന്.
സിനിമ മൂന്നാം വാരത്തിലെത്തുമ്പോൾ ആഗോള ബോക്സ്ഓഫിസ് കലക്ഷൻ 288 കോടിയാണ്. അതേസമയം ആഗോള കലക്ഷനിൽ (300 കോടി) ഇപ്പോഴും മുന്നിൽ ലോകയാണ്.
കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ അഞ്ച് ഇൻഡസ്ട്രി ഹിറ്റുകളാണ് മലയാളത്തിനുണ്ടായത്.
എമ്പുരാൻ, തുടരും, ലോക, വാഴ 2, ഇപ്പോൾ ബെത്ലഹേം. ഈ വർഷം തന്നെ രണ്ട് ഇൻഡസ്ട്രി ഹിറ്റുകൾ ആണ് സംഭവിച്ചത്.
മഞ്ഞുമ്മൽ ബോയ്സിന്റെ റെക്കോർഡ് തകർത്ത് ഇൻഡസ്ട്രി ഹിറ്റായി മാറിയ എമ്പുരാന്റെ റിക്കാർഡ് മാസങ്ങളുടെ ഇടവേളകളിലായിരുന്നു കഴിഞ്ഞ വർഷം ലോക തകർത്തെറിഞ്ഞത്.
തെലുങ്കിലും തമിഴിലും കലക്ഷൻ കുതിക്കുകയാണെങ്കിൽ ‘ലോക’ നേടിയ ആഗോള കലക്ഷൻ റിക്കാർഡും ബത്ലഹേം ഉടൻ മറികടക്കും.
Movies
മലയാളസിനിമയുടെ ഇൻഡസ്ട്രി ഹിറ്റിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ് നിവിൻ പോളി ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ്. ഇപ്പോഴിതാ നിവിൻ പോളിയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആത്മാർഥ സുഹൃത്തും നടനുമായ അജു വർഗീസ്. നിവിനെക്കുറിച്ച് വൈകാരികമായ കുറിപ്പാണ് അജു പങ്കുവെച്ചത്.
അജുവിന്റെ വാക്കുകൾ
‘വർഷങ്ങൾക്ക് മുൻപ് നിനക്ക് നഷ്ടമായതിനെ, ക്ഷമയോടെയും കഷ്ടപ്പാടുകളോടും കൂടിയുള്ള കാത്തിരിപ്പിനൊടുവിൽ, എല്ലാ ഉയർച്ച താഴ്ചകളെയും കടുത്ത വിമർശകരെയും ഒരു പുഞ്ചിരിയോടെ നേരിട്ട് നീ നേടിയെടുത്തതിന് അഭിനന്ദനങ്ങൾ. നീ ഒരു പ്രചോദനമാണ്!. ഇനിയും ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ.
വിനീതിന്റെ ഒരു ദീർഘവീക്ഷണത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ ചിത്രം. 'നിതിൻ മോളിവുഡ്' എന്ന് എഴുതിയ ഒരു പ്ലക്കാർഡ് വയ്ക്കുന്നതിനെക്കുറിച്ചുള്ള ആ രംഗം വിവരിച്ച ശേഷം, വിനീത് എന്നോട് പറഞ്ഞിരുന്നു ഇത് വളരെ വേഗം, അതിവേഗം സംഭവിക്കുമെന്ന്’ അജു കുറിച്ചു.
വർഷങ്ങൾക്ക് ശേഷം സിനിമയിൽ നിതിൻ മോളി എന്ന സൂപ്പർതാരമായാണ് നിവിൻ വേഷമിട്ടിരുന്നത്. നിരവധി പരാജയ ചിത്രങ്ങൾക്കുശേഷം ഗംഭീര ഹിറ്റ് സ്വന്തമാക്കിയ കഥാപാത്രമായിരുന്നു നിവിന്റെ നിതിൻ മോളി.
നിവിന്റെ തന്നെ കരിയറിലെ ചില കഥാപാത്രങ്ങളെയും താരപദവിയെയും സ്പൂഫ് ചെയ്ത കഥാപാത്രമായിരുന്നു നിതിൻ മോളി. ഈ കഥാപാത്രത്തിന്റേതിന് സമാനമായാണ് മലയാളത്തിൽ ഇന്ഡസ്ട്രി ഹിറ്റ് അടിച്ച് നിവിൻ മുന്നേറുന്നത്.
Movies
അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം.പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം വെള്ളിയാഴ്ച്ച ആരംഭിച്ചു.രാജ് സാഗർ ഫിലിംസിന്റെ ബാനറിൽ രമേഷ് ഗോപിനാഥ് ഈ ചിത്രം നിർമിക്കുന്നു.
പോണ്ടിച്ചേരി മുൻ ആഭ്യന്തര വകുപ്പുമന്ത്രി ഇ.വത്സരാജ്, സുധാകരൻ പൂക്കോട് ഉൾപ്പെടെ ചലച്ചിത്ര പ്രവർത്തകരും ബന്ധുമിത്രാദികളും ചേർന്ന് ഈ ചടങ്ങ് പൂർത്തികരിച്ചു. ലിബർട്ടി ബഷീർ സ്വിച്ചോൺ കർമ്മവും മാഹി എംഎൽഎ അഡ്വ. ടി.ഷോട്ടിൽ കുമാർ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണത്തിലേക്കു കടന്നു.
കോട്ടയം നസീറാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. പൂർണമായും ഹൊറർ ത്രില്ലർ ജോണറിലുള്ള ഒരു ചിത്രമാണിത്. ഏറെക്കാലമായി കണ്ണൂരും പരിസരങ്ങളിലും പ്രമാദമായി മാറിയ ഒരു കേസിന്റെ അന്വേഷണത്തിനായി അസിന്റന്റ് കമ്മീഷണർ അനുപമ ഇക്ബാൽ നിയോഗിക്കപ്പെടുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഹൊറർ ത്രില്ലറായി അവതരിപ്പിക്കുന്നത്.
അമലാ പോളിനു പുറമേ വിജയ് ബാബു, ഇർഷാദ്, കോട്ടയം നസീർ, ഇന്ദ്രൻസ്, ബിനു പപ്പു, മുക്ത, റോണി ഡേവിഡ് രാജ്, ഉയിർ ഹരീഷ്, ദീപൻ ശിവരാമൻ, ആദ്യാ അമിത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
എം.പി. സുനീഷിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ്- സൂരജ് ഇ. എസ്. ഗാനങ്ങൾ - ഹരി നാരായണൻ, മുത്തു വിവേക് മൂഴുക്കുന്ന്. സംഗീതം - നന്ദഗോപൻ & കെ.കെ. നിഷാദ്. കലാസംവിധാനം - സാബു റാം. മേക്കപ്പ് - രഞ്ജിത്ത് അമ്പാടി. കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.ജെ. വിനയൻ. അസോസിയേറ്റ് ഡയറക്ടേർസ്- ആകാശ് എം, സജി മുണ്ടൂർ, രാഹുൽ കൃഷ്ണൻ വി. സൗണ്ട് ഡിസൈൻ - -രംഗനാഥ് രവി. കോറിയോഗ്രാഫി- ദിനേശ് കുമാർ, അനു വിശ്വനാഥ്. ആക്ഷൻ - പി.സി. സ്റ്റണ്ട്സ്, മൈക്കിൾ, അഷറഫ് ഗുരുക്കൾ. സ്റ്റിൽസ്- ഷിബി ശിവദാസ്.ഫിനാൻസ് കൺട്രോളർ- ലൈൻ പ്രൊഡ്യൂസർ- സുജൻ കുമാർ. അനിൽകുമാർ മാങ്കാവ് - ഫിനാൻസ് മാനേജേഴ്സ് - ദിലീപ് കുമാർ എം.കെ, ബിജു പാറക്കൽ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- ഷംനാസ്. എം.അഷറഫ്. പ്രൊഡക്ഷൻ, പ്രൊഡക്ഷൻ എക്സികുട്ടീവ്- അഷറഫ് പഞ്ചാര.പ്രൊഡക്ഷൻ കൺട്രോളർ - തോബിയാസ്. തലശ്ശേരി, മാഹി വടകര, കണ്ണൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർജോസ്.
Movies
ഭാര്യ റീത്തുവും താനും വിവാഹമോചിതരായെന്ന് വെളിപ്പെടുത്തി നടൻ ശ്രീനാഥ് ഭാസി. 2024ൽ ഭാര്യയുമായി വേർപിരിഞ്ഞെന്നും ഇപ്പോൾ മാതാപിതാക്കൾക്കൊപ്പമാണ് താൻ താമസിക്കുന്നതെന്നും നടൻ തുറന്നുപറഞ്ഞു.
‘അവറാച്ചൻ ആൻഡ് സൺസ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി രേഖ മേനോന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രീനാഥ് ഭാസി.
‘‘ഞാനിപ്പോൾ എന്റെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. വിവാഹമോചനത്തിന് ശേഷം എന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം തന്നെയാണ് ഞാൻ.
2024 ലാണ് ഭാര്യയുമായി വേർപിരിയുന്നത്. അത് അങ്ങനെ ആർക്കുമറിയില്ല. ഇപ്പോൾ ഇതിലൂടെ എല്ലാവർക്കുമറിയാം. വീട്ടിൽ അച്ഛനോട് വഴക്കിട്ടിട്ട് സ്റ്റെപ്പ് കയറി ഞാൻ മുകളിലത്തെ നിലയിലേക്ക് പോകും.
‘നമ്മളിനി ഒരുമിച്ച് താമസിക്കൽ നടക്കൂല, ശരിയാകില്ല’ എന്നൊക്കെ ഞാൻ പറയും. നമ്മൾ തമ്മിൽ വഴക്കൊക്കെ ഇട്ടിട്ട് സ്റ്റെപ്പ് കയറി ഞാൻ മുകളിലേക്ക് പോകാൻ നേരത്താണ് ഞാനത് തിരിച്ചറിയുന്നത്. അവരില്ലാതെ പറ്റില്ലെന്ന കാര്യം. അത് ഭയങ്കര കഠിനമാണ്. പിന്നെ ഈ നിമിഷം ആസ്വദിക്കുകയാണ്.
കുറച്ച് കോയി ഫിഷും ഒരു പട്ടിയെയും ഒക്കെ മേടിച്ചു കൊടുത്ത് അവർക്ക് ആക്റ്റിവിറ്റികൾ കൂട്ടി കൊടുക്കും.’’ശ്രീനാഥ് ഭാസിയുടെ വാക്കുകൾ.
2016ലായിരുന്നു ശ്രീനാഥിന്റെയും തിരുവനന്തപുരം സ്വദേശി റീതു സക്കറിയയുടെയും വിവാഹം. ശ്രീനാഥ് വിജെ ആയി പരിപാടികൾ അവതരിപ്പിക്കുന്ന സമയത്താണ് റീത്തുവിനെ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. പത്ത് വർഷം നീണ്ടുനിന്ന സൗഹൃദത്തിനു ശേഷമായിരുന്നു വിവാഹം.
Movies
നടൻ ജയം രവിയും ഗായിക കെനീഷ ഫ്രാൻസിസും ഒന്നിച്ച് പുകവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ മുൻഭാര്യആർതി രവി പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു.
കഴിഞ്ഞ ദിവസങ്ങളിലാണ് ജയം രവിയും കെനീഷയും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ജയം രവിയുടെ മുൻനിലപാടുകളെയും മാധ്യമങ്ങൾക്ക് മുന്നിലെ പ്രകടനങ്ങളെയും പരിഹസിച്ചുകൊണ്ട് ആരതി രംഗത്തെത്തിയത്.
‘‘സൂര്യ, അജിത്ത്, വിക്രം, കമൽ ഇവരേക്കാളൊക്കെ എന്റെന്റെ ജീവിതത്തിൽ വന്ന ഒരുത്തൻ അഭിനയിച്ചൊരു അഭിനയമുണ്ട്, അതിന് 100 ഓസ്കാർ അവാർഡ് വരെ കൊടുക്കാം ഡാ’’ എന്നായിരുന്നു ആര്തി പങ്കുവെച്ച വാക്കുകൾ.
താൻ കടുത്ത വിഷാദരോഗത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഭാര്യയും കുടുംബവും തന്നെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും കാണിച്ച് മുൻപ് ജയം രവി മാധ്യമങ്ങൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടിയിരുന്നു.
എന്നാൽ, നടന്റെ ഈ കരച്ചിലും പ്രതികരണങ്ങളും ജനങ്ങളുടെ സഹതാപം നേടിയെടുക്കാനുള്ള തന്ത്രമായിരുന്നുവെന്ന് ആരോപിക്കുന്നതാണ് ആർതിയുടെ പുതിയ കുറിപ്പ്.
തമിഴകത്തെ മികച്ച നടന്മാരായ കമൽഹാസൻ, വിക്രം, സൂര്യ, അജിത്ത് എന്നിവരുടെ അഭിനയത്തേക്കാൾ വലിയ 'നാടകമാണ്' ജയം രവി സ്വന്തം ജീവിതത്തിൽ കളിച്ചതെന്ന് ആരതി ഓർമ്മിപ്പിക്കുന്നു.
ഇരുവരും തമ്മിലുള്ള വിവാഹമോചന കേസ് നിലവിൽ ചെന്നൈ കുടുംബ കോടതിയുടെ പരിഗണനയിലാണ്. ആരതിക്ക് പ്രതിമാസം 3 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകാൻ കോടതി ജയം രവിക്ക് നിർദേശം നൽകിയിരുന്നു.
തുടക്കത്തിൽ വിവാഹമോചന വിഷയത്തിൽ ജയം രവിയെ പിന്തുണച്ചിരുന്ന ആരാധകരിൽ ഭൂരിഭാഗവും പുതിയ വിഡിയോയും ആരതിയുടെ കുറിപ്പും പുറത്തുവന്നതോടെ നിലപാട് മാറ്റിയിട്ടുണ്ട്.
Movies
രവീന്ദ്രന് മാസ്റ്റര് മ്യൂസിക്കല് ട്രസ്റ്റ് ഏര്പ്പെടുത്തിയ 2026ലെ രവീന്ദ്ര പുരസ്കാരത്തിന് പിന്നണി ഗായിക സുജാത മോഹന് അര്ഹയായി.
നവംബര് 14ന് തൃശൂര് പഴുവില് അസീസിയ കണ്വന്ഷന് സെന്ററില് നടക്കുന്ന രവീന്ദ്ര സംഗീതസന്ധ്യയിൽ പുരസ്കാരം സമര്പ്പിക്കും. 50,001 രൂപയാണു പുരസ്കാരം.
21-ാമത് രവീന്ദ്ര സംഗീതോത്സവം നവംബര് ഒന്പതിന് എറണാകുളം പാടിവട്ടം അസീസിയ കണ്വന്ഷന് സെന്ററില് അരങ്ങേറും. 13 മണിക്കൂര് അഖണ്ഡ സംഗീതാര്ച്ചനയില് മലയാളത്തിലെ പിന്നണി ഗായകരും യുവതലമുറയിലെ പ്രതിഭകളും രവീന്ദ്രസംഗീതം ആലപിക്കുമെന്നു രവീന്ദ്രന് മാസ്റ്ററുടെ പത്നി ശോഭന രവീന്ദ്രന് അറിയിച്ചു.
Movies
ഹോളിവുഡ് സംവിധായകൻ മനോജ് നൈറ്റ് ശ്യാമളന്റെ പുതിയ ചിത്രമായ റിമെയ്ൻ ആദ്യ ടീസർ എത്തി. വാർണർ ബ്രദേഴ്സ് നിർമിക്കുന്ന ചിത്രം സൂപ്പർ നാച്വറൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണ്.
നിക്കോളാസ് സ്പാർക്ക്സിന്റേതാണ് കഥ. ജെയ്ക്ക് ജില്ലെൻഹാൾ, ഫീബി ഡിനോവർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം 2027 ഫെബ്രുവരിയിൽ വാലന്ന്റൈൻസ് ദിനത്തിൽ റിലീസ് ചെയ്യും.
Movies
മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ പണംവാരിയ ചിത്രമായി മാറി നിവിൻ പോളിയുടെ ബെത്ലഹേം കുടുംബയൂണിറ്റ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തിന്
ആഗോളതലത്തിൽ 270 കോടിയാണ് ഇതുവരെയുള്ള കലക്ഷൻ.
ബികെയു ഹിറ്റായതോടെ മോഹൻലാൽ–പൃഥ്വിരാജ് ചിത്രമായ എമ്പുരാന്റെ റിക്കാർഡാണ് ഇതോടെ തകർന്നത്.
268 കോടി ആയിരുന്നു എമ്പുരാന്റെ ആജീവനാന്ത ആഗോള ഗ്രോസ്. വെറും 18 ദിവസം കൊണ്ടാണ് ബെത്ലഹേം കുടുംബ യൂണിറ്റ് ഈ നേട്ടം വൈകരിച്ചത്. 304 കോടിയുമായി ലോകയാണ് മലയാളത്തിലെ പണംവാരിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്.
തുടരും സിനിമ കേരളത്തിൽ നിന്നും കലക്ട് ചെയ്ത തുകയെ മറി കടന്ന് കേരള ബോക്സ് ഓഫിസിൽ മൂന്നാം സ്ഥാനത്താണ് ബെത്ലഹേം.
പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും വീണ്ടും ഒന്നിച്ച ബെത്ലഹേം കുടുംബ യൂണിറ്റ് ഇൻഡസ്ട്രി ഹിറ്റ് ആകുമെന്ന സൂചനയാണ് ബോക്സ്ഓഫിസ് കലക്ഷന് സൂചിപ്പിക്കുന്നത്.
Movies
ജന്മദിനാശംസകൾക്ക് നന്ദി അറിയിച്ച് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. ആരാധകരുടെ ഉപാധികളില്ലാത്ത സ്നേഹവും പിന്തുണയുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് മമ്മൂട്ടി കുറിച്ചു.
"നിങ്ങളുടെ മനോഹരമായ ജന്മദിനാശംസകളെല്ലാം വായിച്ചറിഞ്ഞ് ഹൃദയം നിറഞ്ഞു, ഹൃദയംഗമമായ നന്ദി പറയുന്നു. വർഷങ്ങളായി നിങ്ങളുടെ ഉപാധികളില്ലാത്ത സ്നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. നിങ്ങളിൽ ഓരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി', മമ്മൂട്ടിയുടെ വാക്കുകൾ.
സിനിമയിൽ 55-ാം വർഷത്തിലെത്തിനിൽക്കുന്ന മമ്മൂട്ടിയുടെ 75-ാം പിറന്നാൾ ആയിരുന്നു തിങ്കളാഴ്ച. നിരവധി പേരാണ് മെഗാസ്റ്റാറിന് ആശംസകളുമായെത്തിയത്.
സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ ലോകത്തെ പ്രമുഖർ മമ്മൂട്ടിക്ക് ആശംസ അറിയിച്ചു.
Movies
മകൾ അലംകൃതയ്ക്ക് ജന്മദിനാശംസകളുമായി പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. അലംകൃതയുടെ പന്ത്രണ്ടാം പിറന്നാളാണിന്ന്.
‘‘പിറന്നാൾ ആശംസകൾ, ഞങ്ങളുടെ വെളിച്ചമേ! നീ നീയായിരിക്കുന്ന രീതിയിലും, നീ ഒരു നല്ല വ്യക്തിയായി വളരുന്നതിലും അമ്മയ്ക്കും അച്ഛനും അളവറ്റ അഭിമാനമുണ്ട്.
ചുറ്റുമുള്ളവരോടുള്ള നിന്റെ ആർദ്രത ഒരു വലിയ പ്രചോദനമാണ്. കേവലം നിന്റെ സാന്നിധ്യം കൊണ്ടുതന്നെ ജീവിതത്തിന്റെ എത്രയോ മനോഹരമായ പാഠങ്ങളാണ് നീ ഞങ്ങളെ പഠിപ്പിച്ചത്! ചിറകുകൾ വിടർത്തി ഇനിയും ഉയരങ്ങളിലേക്ക് പറക്കുക. ജീവിതത്തെ എന്നും ഇതുപോലെ അനുരാഗത്തോടെ ചേർത്തുവെക്കുക!.’’പൃഥ്വിരാജിന്റെ വാക്കുകള്.
Movies
സിനിമയെന്ന ദൃശ്യമാധ്യമത്തിന്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ മാധ്യമങ്ങൾക്ക് പ്രത്യേകിച്ചും മെയിൻ സ്ടീം സിനിമക്ക് കഴിയും.
തലയണ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേയ്ക്കെത്തുകയാണ് സിനി സ്കറിയ എന്ന വനിത. മനുഷ്യജീവിതത്തിലെ നഷ്ടപ്പെട്ട് പോകുന്ന മൂല്യങ്ങളുടേയും ബന്ധങ്ങളുടേയും കഥ പറയുകയാണ് ചിത്രം. സിനി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ആലപ്പി ടാക്കീസ് ഈ ചിത്രം നിർമിക്കുന്നു.
കുട്ടനാടിന്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥയാണ് സിനി പറയുന്നത്. ഒരു കുടുംബത്തിലെ മൂന്നുതലമുറകളിലൂടെയാണ് കഥാ വികസനം. മൂന്നുതലമുറക്കാരുടെ ഇടയിലെ ആത്മബന്ധം, സ്നേഹം, സ്വാർത്ഥ മോഹങ്ങൾ ഇതെല്ലാം ഇഴചേർത്ത് ഹൃദയസ്പർശിയായ ഒരു ചിത്രത്തെ ഒരുക്കുന്നു സിനി സ്കറിയ.
ഹരിപ്പാട് ബ്രഹ്മൻ, ദുർഗ ഹരിപ്പാട്, പൊന്നു കോട്ടയം, സുനിൽ സി.പി., ശശി പള്ളുരുത്തി, പ്രണവം ഉണ്ണികൃഷ്ണൻ, റിസ മരിയ സിറിൾ, ജനീഷ് കുട്ടനാട്, ആന്റണി ആപ്പിച്ചേരി , ആലപ്പി ജോൺസൺ, അനിൽ വിളവനാൽ, ബിജു മാങ്ങാട്, മെറിൻ ഫോർട്ട് കൊച്ചി, സാജൻ കിടങ്ങറ, രതീഷ് ശശിധരൻ മാണിക്യൻ, മനോഹരൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം- വി.ജി. റുഡോൾഫ്. ഛായാഗ്രഹണം, എഡിറ്റിംഗ്- സിറിൾ ജോർജ്. പ്രൊഡക്ഷൻ കൺട്രോളർ- ജനീഷ് കെ.ടി.ഡി. ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പിആർഒ-വാഴൂർ ജോസ്.
Movies
തമിഴ് നടി നിവേദിത സതീഷ് വിവാഹിതയാകുന്നു. ബിസിനസുകാരനും ഫോട്ടോഗ്രാഫറുമായ സുഹൈബ് മുഹമ്മദ് ആണ് വരൻ. വിവാഹനിശ്ചയ ചടങ്ങിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളും നടി പങ്കുവച്ചു.
1998 സെപ്റ്റംബർ 26 ന് ചെന്നൈയിൽ ആണ് ജനനം. മോഡലിംഗിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 2017-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം മകളിർ മട്ടും എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. സംവിധായകൻ ബ്രഹ്മജിയുടെ കീഴിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ ശരണ്യയുടെ ചെറുപ്പകാലമാണ് നടി അവതരിപ്പിച്ചത്.
Movies
തിയറ്ററിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ കഴിയാതെ പോയ ഗീതു മോഹൻദാസ് ചിത്രത്തിന് ഇപ്പോൾ ഒടിടിയിലും തിരിച്ചടി. ഡിജിറ്റൽ റൈറ്റ്സിലും കനത്ത പ്രതിസന്ധിയാണ് ഗീതുവും യാഷും നേരിടുന്നത്.
റിലീസിന് മുൻപ് 150 കോടി രൂപയുടെ ഒടിടി ഓഫർ ലഭിച്ചിരുന്ന ചിത്രത്തിന് ബോക്സ്ഓഫിസിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഇപ്പോൾ ലഭിക്കുന്നത് വെറും 30 കോടി രൂപയുടെ ഓഫർ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ.
യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമിച്ചത്.
ഏകദേശം 500 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രത്തിന് റിലീസിന് മുൻപ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം 150 കോടി രൂപ ഓഫർ ചെയ്തിരുന്നു. എന്നാൽ തിയറ്ററുകളിൽ ചിത്രം വൻ ഹിറ്റാകുമെന്നും റിലീസിന് ശേഷം ഡിജിറ്റൽ റൈറ്റ്സ് 200 കോടിക്ക് മുകളിൽ വിറ്റഴിക്കാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു യഷും അണിയറ പ്രവർത്തകരും. തുടർന്ന് തുടക്കത്തിൽ ലഭിച്ച 150 കോടിയുടെ ഓഫർ നിർമാതാക്കൾ നിരസിക്കുകയായിരുന്നു.
എന്നാൽ, തിയറ്ററുകളിൽ ചിത്രം പ്രതീക്ഷിച്ച മുന്നേറ്റം നടത്താതെ പോയതോടെ ഒടിടി പ്ലാറ്റ്ഫോമുകൾ ഓഫർ തുക കുത്തനെ കുറച്ചു. നിലവിൽ എല്ലാ ഭാഷകളിലെയും സ്ട്രീമിംഗ് അവകാശങ്ങൾക്കായി 30 കോടി രൂപ വരെ മാത്രമാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വാഗ്ദാനം ചെയ്യുന്നത്. പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ5 ആണ് ഇതിൽ പ്രധാന ഓഫർ നൽകിയിട്ടുള്ളതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Movies
വീടിനു സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ ചോദ്യം ചെയ്ത മണിപ്പുരി സംഗീതജ്ഞനെ സംഘംചേർന്ന് മർദിച്ചുകൊന്നു. മണിപ്പുർ സ്വദേശി സി. വിക്രം സിംഗ് (54) ആണ് മരിച്ചത്. കിലോകരി ഗ്രാമത്തിലെ ഫ്ളാറ്റിനു സമീപം ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
വിക്രം സിംഗിനു മർദനമേറ്റതായി ഡൽഹി സണ്ലൈറ്റ് കോളനി പൊലിസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയും തുടർന്ന് പൊലിസ് അന്വേഷണം നടത്തുകയുമായിരുന്നു.
വീടിന് പുറത്ത് ആറ് യുവാക്കൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് സിംഗ് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് പൊലിസ് പറഞ്ഞു. ഡെലിവറി ജീവനക്കാരും ധാബ ജീവനക്കാരും ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
ഗുരുതര പരിക്കേറ്റ സിംഗിനെ മകൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ ചിലരെ കസ്റ്റഡിയിലെടുത്തതായി പൊലിസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലിസ് പറഞ്ഞു.
Movies
72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. സെപ്റ്റംബർ 22-ന് ഗുജറാത്തിലെ കെവാഡിയയിൽ (ഏകതാ നഗർ) നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സർദാർ വല്ലഭ്ഭായി പട്ടേലിന്റെ 'സ്റ്റാച്യു ഓഫ് യൂണിറ്റി' സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 1954-ൽ ആരംഭിച്ചതു മുതൽ ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് പ്രധാനമായും പുരസ്കാര ചടങ്ങുകൾ നടന്നിരുന്നത്.
ജൂലൈയിൽ പ്രഖ്യാപിച്ച 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തിലൂടെ ദീർഘകാലമായി തുടരുന്ന ഈ പാരമ്പര്യത്തിനാണ് മാറ്റം വരുന്നത്.
Movies
അക്ഷയ പുസ്തകനിധി എബനേസര് എഡ്യുക്കേഷണല് അസോസിയേഷനുമായി സഹകരിച്ചു നല്കുന്ന പ്രഫ. എം.പി.മന്മഥന് അക്ഷയ പുരസ്കാരത്തിന് കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരന് തമ്പി അര്ഹനായി.
ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില് നല്കിയ മികവാര്ന്ന സേവനത്തെ പരിഗണിച്ച് നല്കുന്ന അക്ഷയ പുരസ്കാരത്തിന് പി. രാമചന്ദ്രന് (സെക്രട്ടറി, എറണാകുളം കരയോഗം), എന്. നന്ദകുമാര് (പ്രസിഡന്റ് , കൊച്ചി പുസ്തകോത്സവ സമിതി), സുരേഷ് പി.നായര് (പ്രസിഡന്റ്, കേരള കലാസമിതി സൂറത്ത്) എന്നിവര് അര്ഹരായി.
എം.ലീലാവതി, പ്രഭാവര്മ, പായിപ്ര രാധാകൃഷ്ണന് എന്നിവരടങ്ങുന്ന സമിതിയാണു വിധിനിര്ണയം നടത്തിയത്.
Movies
സൈജു കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിക്ക് തിരി തെളിഞ്ഞു. സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം അരുൺ ഗോപി എക്സൈമെന്റിന്റെ ബാനറിൽ അരുൺ ഗോപി നിർമിക്കുന്നു.
അരുൺ ഗോപി കമ്പനി നിർമിക്കുന്ന രണ്ടാമതു ചിത്രം കൂടിയാണിത്. ആദ്യ ചിത്രമായ മെൽ കൗ പോണ്ടിച്ചേരി നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്.
കൊച്ചി, ഇടപ്പള്ളി അഞ്ചു മനദേവീ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങിൽ ഖാലിദ് നാലകത്തും ചിത്രത്തിലെ അഭിനേതാക്കളും ആണിയറപ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്.
നിർമാതാവ് ആന്റണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും നിതേഷ് നായർ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണത്തിനു തുടക്കമായി.
പ്രൈവറ്റ് ഡിറ്റക്ടീവ് ചാണ്ടിക്കുഞ്ഞ് ഒരു കേസ് ഏറ്റെടുക്കുന്നതും അതിന്റെ ഇൻവസ്റ്റിഗേഷനും മുഴുനീള കോമഡി ത്രില്ലറായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
സായ് കുമാർ, അൽത്താഫ് സലിം, ഹരിശ്രീ അശോകൻ, സുധീഷ്, അഭിറാം രാധാകൃഷ്ണൻ, മധുപാൽ, ഷാൻ റഹ്മാൻ, ജയകൃഷ്ണൻ, രാജേഷ് ശർമ്മ, ഷാജു ശ്രീധർ, അഖിൽ (പാൻ ഇന്ത്യൻ), ഷമീർ ഖാൻ, റിയാ ജിത്തു, വിൻസി അലോഷ്യസ്, ആൽഫി പഞ്ഞിക്കാരൻ, ഉത്തരാ ഉണ്ണി, ശ്രീരേഖ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സംഗീതം - സനൽ ദേവ്, ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി, എഡിറ്റിംഗ് - രതീഷ് രാജ്.കലാസംവിധാനം- ജീമോൻ. മേക്കപ്പ്- സ്വെതിൻ. കോസ്റ്റ്യും, ഡിസൈൻ - ആരുൺ മനോഹർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - അരുൺലാൽ. സ്റ്റിൽസ് -രാംദാസ് മാത്തൂർ. പ്രൊഡക്ഷൻ മാനേജർ- വിവേക്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- വിനോദ് വേണുഗോപാൽ. പ്രൊഡക്ഷൻ കൺട്രോളർ - ഷ ഹാബ് വെണ്ണല. കൊച്ചിയിലും പരിസരങ്ങളിലുമായി പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Movies
പ്രകമ്പനം എന്ന സിനിമക്കു ശേഷം നവരസാ ഫിലിംസും സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രത്തിന് ഇടുക്കിയിലെ പന്ന്യാർകുട്ടിയിൽ തുടക്കമായി. എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം സംവൃത സുനിൽ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. സംവൃതയ്ക്കൊപ്പം ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശ്രീജിത്ത് കെ.എസും കാർത്തികേയൻ എസുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ധിലോർ, റിജോഷ്, മോൻസി, ബ്ലെസി എന്നിവരാണ് കോ-പ്രൊഡ്യൂസേർസ്. എക്സികുട്ടീവ് പ്രൊഡ്യൂസർ -അഭിജിത്ത് സുരേഷ്.
സംവിധായകൻ ഷഹീദ് അറഫാത്ത്, നിർമാതാക്കളായ ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്, ദിലീഷ് പോത്തൻ, അൽഫോൻസ് പുത്രൻ, സംവൃതാ സുനിൽ എന്നിവരും മറ്റ് അണിയറപ്രവർത്തകരും ചേർന്ന് തിരിതെളിയിച്ചു.
ദിലീഷ് പോത്തൻ സ്വിച്ചോൺ കർമ്മവും അൽഫോൻസ് പുത്രൻ ഫസ്റ്റ് ക്ലാപ്പും നൽകി. ബിജു മേനോനും, വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ തങ്കം എന്ന ചിത്രത്തിനു ശേഷം സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
കെട്ട്യോളാണ് എന്റെ മാലാഖ , അഡിയോസ് അമിഗോസ് എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ തങ്കമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
മലയോര മേഖലയായ ഇടുക്കിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുനിൽ കെ.എസ് നിർവഹിക്കുന്നു. ആടുജീവിതം എന്ന ചിത്രത്തിനു ശേഷം സുനിൽ ഒരു മലയാള സിനിമക്കു വേണ്ടി കാമറ ചലിപ്പിക്കുന്നത് ഈ ചിത്രത്തിലാണ്.
ഗപ്പി, അമ്പിളി, ആശാൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു പ്രിയങ്കരനായ സംവിധായകൻ ജോൺ പോൾ ജോർജാണ് സംഗീത സംവിധായകൻ.
ദിലീഷ് പോത്തൻ, അൽഫോൻസ് പുത്രൻ, സംവൃതാ സുനിൽ എന്നിവർ കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജിബിൻ ഗോപിനാഥ് , അഭിജിത്ത് സുരേഷ്, അശ്വതി മനോഹരൻ, റിയാസ് ഖാൻ, ശ്രുതി ജയൻ, ബിസാൽ പ്രസന്ന എന്നിവരും പ്രധാന താരങ്ങളാണ്.
എഡിറ്റിംഗ് -കിരൺ ദാസ്. പശ്ചാത്തല സംഗീതം- അജേഷ് ആന്റോ.
പ്രൊഡക്ഷൻ ഡിസൈൻ- സുഭാഷ് കരുൺ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - വിപിൻ വിജയൻ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ. ഡിസൈൻ-യെല്ലോ ടുത്ത്. പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി. വാഴൂർ ജോസ്.
Movies
മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ് ആക്ഷൻ എന്റർടെയ്നർ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ‘മേള’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ തകർപ്പൻ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തു വിട്ടത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ഒൻപതാം ചിത്രമാണിത്. മാത്രമല്ല, മമ്മൂട്ടി കമ്പനി ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലിയ ചിത്രം കൂടിയാണിത്. ഒരു പക്കാ മാസ്സ് എന്റർടെയ്നർ ആയാണ് ചിത്രം ഒരുങ്ങുന്നത്.
സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ.ബി.യും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ആരാധകരുടെ ആവേശവും പ്രതീക്ഷയും പതിന്മടങ്ങ് വർധിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ചിത്രം 2027 ൽ തിയേറ്ററുകളിലെത്തും.
സര്ക്കസ് കമ്പനി ഉടമയായ ഗ്യാംഗ്സ്റ്ററായാകും മമ്മൂട്ടി ‘മേള’യില് പ്രത്യക്ഷപ്പെടുകയെന്നാണ് സൂചന. ഫസ്റ്റ് ലുക്കിനപ്പുറം ചര്ച്ചയാകുന്നത് ചിത്രത്തിന്റെ ടൈറ്റിലാണ്. ഈ പേരിന് മമ്മൂട്ടിയുടെ കരിയറില് വലിയൊരു പ്രാധാന്യമുണ്ട്.
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യ സിനിമയുടെ പേര് ‘മേള’ എന്നായിരുന്നു. കെ.ജി .ജോര്ജിന്റെ സംവിധാനത്തില് 1980ല് പുറത്തിറങ്ങിയ ചിത്രത്തില് വിജയന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അതും സർക്കസ് ആസ്പദമാക്കി എടുത്ത സിനിമയായിരുന്നു.
46 വര്ഷങ്ങള്ക്കിപ്പുറം മറ്റൊരു ‘മേള’യുമായി മമ്മൂട്ടി എത്തുമ്പോള് ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ആരാധകര്ക്ക് ആഘോഷിക്കാനുള്ള എല്ലാ വകയും ചിത്രത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ഒരുപാട് നാളുകൾക്കുശേഷം വരുന്ന ഔട്ട് ആൻ ഔട്ട് മമ്മൂട്ടി മാസ് കമേഴ്സ്യൽ ചിത്രമാകും ഈ ‘മേള’.
ജിംഷി ഖാലിദ് ആണ് ചിത്രത്തിന് കൈമറ ചലിപ്പിക്കുന്നത്. ജൂലൈ അവസാനം ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ഗംഭീര മാസ് ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ആക്ഷൻ, കോമഡി, മാസ് എന്നിവ കോർത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മെഗാ കാൻവാസ് ചിത്രമായാണ് ഇതൊരുങ്ങുന്നത്.
മമ്മൂട്ടിക്കൊപ്പം വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ‘ഫാലിമി’ എന്ന സൂപ്പർ ഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴിൽ ‘തലൈവർ തമ്പി തലൈമയിൽ’ എന്ന സൂപ്പർ ഹിറ്റും ഒരുക്കിയിരുന്നു. അദ്ദേഹം വീണ്ടും മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും ഈ പ്രോജക്ട് പ്രേക്ഷകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുന്നുണ്ട്. ജീന് പോള് ലാല്, സിദ്ധാര്ത്ഥ് ഭരതന് എന്നിവര് പ്രധാനവേഷം കൈകാര്യം ചെയ്യുമ്പോള് ഹാഷിറും മേളയുടെ ഭാഗമായേക്കുമെന്നാണ് റിപ്പോര്ട്ടുകള്.
കളംകാവൽ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണിത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ എട്ട് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ കൂടി വലിയ പ്രതീക്ഷകളോടെയാണ് ആരാധകരും സിനിമാ പ്രേമികളും മേള കാത്തിരിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, കഥ, തിരക്കഥ- നിതീഷ് സഹദേവ്, അനുരാജ് ഓ ബി, പ്രൊജക്റ്റ് ഡിസൈനർ - അഗ്നിവേഷ് രഞ്ജിത്ത്, ഛായാഗ്രഹണം - ജിംഷി ഖാലിദ്, എഡിറ്റർ- ബ്ലെസ് തോമസ്, പ്രൊഡക്ഷൻ ഡിസൈൻ - ഷാജി നടുവിൽ, ആക്ഷൻ- കാർത്തികേയൻ, മേക്കപ്പ്- റോണക്സ് സേവ്യർ, സലാം, കോസ്റ്റും ഡിസൈൻ - മെൽവി ജെ , അഭിജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് എസ് പിള്ളൈ, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ -തൗഫീഖ് ഹുസൈൻ, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡിറക്ടർസ്- ആഷിഖ് സലാം, റിത്വിക് ലിമ രാമദാസ്, സ്റ്റിൽസ് - നവിൻ മുരളി, ടൈറ്റിൽ ആൻഡ് പോസ്റ്റെർസ് - യെല്ലോടൂത്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, പിആർഒ - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Movies
ടോവിനോ തോമസ് നായകനായ നരിവേട്ടയ്ക്ക് ശേഷം പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ മൂന്നിന്റെ പൂജാ ചടങ്ങുകൾ മൈസൂരിൽ നടന്നു.
ഷറഫുദ്ദീനും വാഴ 2വിലൂടെ ഏറെ പ്രശസ്തിയാർജിച്ച അലൻ ബിൻ സിറാജുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ വൈശാഖ് സി. വടക്കേവീട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പറശ്ശിനി, പ്രൊഡക്ഷൻ കൺട്രോളർ ഷിബു സി സുശീലൻ എന്നിവരാണ്.
സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കോളേജ് മുക്ക് എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ ജിതേഷ്. ഒരു ഫാമിലി കോമഡി എന്റർടൈയിനർ ആയാണ് ചിത്രം ഒരുക്കുന്നത്. ‘നരിവേട്ട’യ്ക്ക് ശേഷം വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ചിത്രങ്ങളുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യൻ സിനിമാ കമ്പനി. പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, വാഴൂർ ജോസ്.
Movies
ദുൽഖർ സൽമാനൊപ്പം പ്രമോഷന് വരാനായി ജി.വി. പ്രകാശിന്റെ സിനിമയുടെ പ്രമോഷൻ ഒഴിവാക്കിയെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടി കയാദു ലോഹർ.
ഒരേ ആഴ്ചയിൽ തിയറ്ററുകളിലെത്തിയ രണ്ട് ചിത്രങ്ങളിൽ ഒന്നിൽ മാത്രം നായിക സജീവമായി പ്രമോഷന് പങ്കെടുത്തത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
ദുൽഖർ സൽമാൻ നായകനായ ഐ ആം ഗെയിം, ജി.വി. പ്രകാശ് കുമാർ പ്രധാനവേഷത്തിലെത്തുന്ന ഇമ്മോർട്ടൽ എന്നീ ചിത്രങ്ങളിൽ കയാദുവായിരുന്നു നായിക.
തനിക്ക് ഒരു ദിവസം മാത്രമേ പ്രമോഷനായി ഒഴിവുണ്ടായിരുന്നുള്ളൂ എന്നും ഷൂട്ടിംഗ് തിരക്കുകൾ കാരണമാണ് 'ഇമ്മോർട്ടൽ' പ്രൊമോഷന് എത്താൻ സാധിക്കാതിരുന്നതെന്നും കയാദു വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കാക്കനാട് നടന്ന ഐ ആം ഗെയിം ഓഡിയോ ലോഞ്ചിൽ കയാദു പങ്കെടുത്തതോടെയാണ് ഇമ്മോർട്ടൽ പ്രചാരണ പരിപാടികളിലെ നടിയുടെ അസാന്നിധ്യം ചർച്ചയായത്. തുടർന്ന് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് നടി വിഷയത്തിൽ പ്രതികരിച്ചത്.
‘‘ഐ ആം ഗെയിം പ്രൊമോഷനായി ഒരുദിവസം മാത്രമാണ് പോയത്. അന്ന് മാത്രമേ എനിക്ക് ഒഴിവുണ്ടായിരുന്നുള്ളൂ. എന്നാൽ ആ സമയത്ത് ‘ഇമ്മോർട്ടൽ’ ടീമിന് പരിപാടികൾ ഒന്നും ഉണ്ടായിരുന്നില്ല.
സൂര്യക്കൊപ്പമുള്ള പുതിയ ചിത്രത്തിന്റെ തിരക്കിലായിരുന്നു ഞാൻ. ഐ ആം ഗെയിമിന്റെ മറ്റു പ്രമോഷൻ പരിപാടികളിലും എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല,’’ കയാദു പറഞ്ഞു.
അതേസമയം സമൂഹ മാധ്യമങ്ങളിലൂടെയും ഇമ്മോർട്ടൽ സിനിമയെ നടി പ്രമോട്ട് ചെയ്യുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. തനിക്കെതിരെ ഉയർന്നുവരുന്ന വിമർശനങ്ങളിൽ ആശങ്കയില്ലെന്നും ഓരോരുത്തർക്കും ഓരോ ചിന്താഗതിയാണെന്നും കയാദു പറയുന്നു. ഇത്തരം വിമർശനങ്ങൾ നേരിട്ട് ശീലമായതാണെന്നും അവർ വ്യക്തമാക്കി.
Movies
ഇപ്പോഴിറങ്ങുന്ന ചില സിനിമകള് കാണുമ്പോൾ അത്തരം സിനിമകളിൽ അഭിനയിക്കുന്നതിലും നല്ലത് അഭിനയത്തിൽ നിന്നും വിരമിക്കുന്നതാണ് എന്നു തോന്നുന്നുവെന്ന് നടി തപ്സി പന്നു.
ഏതാണ് സിനിമയെന്നോ നടീ–നടന്മാർ ആരെന്നോ വ്യക്തമാക്കിയിട്ടില്ലെങ്കിലും തപ്സി ‘ടോക്സിക്കി’നെയും കിയാര അദ്വാനിയെയുമാണ് ഈ പറഞ്ഞതിലൂടെ ലക്ഷ്യമിട്ടതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
‘ഗാന്ധാരി’യുമായി ബന്ധപ്പെട്ട് സുചിൻ മെഹ്റോത്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തപ്സിയുടെ പരാമർശം.
‘പത്ത് വർഷം മുൻപ് സിനിമയിൽ കരിയർ തുടങ്ങിയതിൽ ഇപ്പോൾ എനിക്ക് അഭിമാനം തോന്നുന്നുണ്ട്. ഹിന്ദി സിനിമ ആ സമയങ്ങളിൽ വൈവിധ്യമുള്ള കഥാപാത്രങ്ങളും സിനിമകളുമായിരുന്നു ചെയ്തിരുന്നത്. അന്ന് അത്തരം സിനിമകളുടെ ഭാഗമായത് എനിക്ക് വലിയ പ്രിവിലേജ് ആണ്.
സമീപകാലത്തിറങ്ങിയ ചിത്രങ്ങൾ കാണുമ്പോൾ ഇപ്പോഴാണ് ഞാൻ എന്റെ സിനിമ കരിയർ ആരംഭിച്ചതെങ്കിൽ എന്റെ ഭാവി ഇരുളടഞ്ഞതായേനെ. ഇത്തരം ചിത്രങ്ങളുടെ ഭാഗമാകുന്നതിലും നല്ലത് അഭിനയം നിർത്തുന്നതാണ്.
അത്തരം സിനിമകൾക്ക് പ്രേക്ഷകർ ഉണ്ട് എന്നത് വസ്തുതയാണ്. എന്നാൽ എനിക്ക് അത്തരം നിലവാരമില്ലാത്ത സിനിമകളുടെ ഭാഗമാകാൻ എനിക്ക് താൽപര്യമില്ല. എനിക്ക് എന്റെ ജോലിയിഷ്ടമാണ്, അതിനോട് അന്ധമായ ഇഷ്ടമില്ല.
അതിനർഥം മോശപ്പെട്ട സിനിമകളുടെ ഭാഗമാകാൻ എനിക്ക് താൽപര്യമില്ല എന്നതുതന്നെയാണ്. കാലാതിവർത്തിയായി നിലനിൽക്കുന്ന സിനിമകളുടെ ഭാഗമാകണം.
കുറേക്കാലം കഴിഞ്ഞ് ഞാൻ ചെയ്ത സിനിമകളെ തിരിഞ്ഞുനോക്കുമ്പോൾ എനിക്കോ എന്നെ സ്നേഹിക്കുന്നവർക്കോ നാണക്കേട് തോന്നരുത്. അത്തരം സിനിമകൾ ചെയ്യണമെന്നാണ് എനിക്ക് ആഗ്രഹം’
അഭിമുഖത്തിലെ തപ്സിയുടെ വാക്കുകൾ വൈറലായതിനു പിന്നാലെ തപ്സി ‘ടോക്സിക്ക്’ സിനിമയിലെ കിയാരയെ ആണ് ഉദ്ദേശിച്ചത് എന്ന കണ്ടെത്തലിലാണ് സോഷ്യൽ മീഡിയ. ഇതിൽ കിയാരക്കെതിരെയുള്ള പരാമർശങ്ങൾ എന്നതരത്തിൽ വലിയ വിമർശനവും തപ്സി നേരിടുന്നുണ്ട്.
‘തപ്സി കരിയറിന്റെ തുടക്കത്തിൽ ഇത്തരം ചിത്രങ്ങൾ തന്നെയാണ് ചെയ്തത്. ഇപ്പോൾ അവസരങ്ങൾ ഇല്ല, ദയവു ചെയ്തു കരച്ചിൽ നിർത്തൂ’, ‘കിയാര കുറച്ചു സിനിമകളേ ചെയ്തുള്ളൂ, പക്ഷേ അവയെല്ലാം തിയറ്ററുകളിൽ റിലീസായവയാണ്, നിങ്ങളുടെ സിനിമകള് ഒടിടിയിൽ അല്ലേ ഇറങ്ങുന്നത്’ എന്നിങ്ങനെയാണ് വിമർശനങ്ങൾ ഉയരുന്നത്.
Movies
യാഷിനെ നായകനാക്കി ഗീതു മോഹന്ദാസ് സംവിധാനം ചെയ്ത ടോക്സിക്കിനെ പുകഴ്ത്തി നടൻ ശരത് കുമാർ. ടോക്സിക്കിനായി ധീരമായ കാൽവയ്പ്പ് നടത്തിയ യാഷിനെയും സംവിധായിക ഗീതു മോഹൻദാസിനെയും അഭിനന്ദിക്കുകയാണെന്ന് ശരത് കുമാർ പറഞ്ഞു.
ഇന്നലെ 'ടോക്സിക്' എന്ന ചിത്രം കണ്ടു. ചിത്രം കാണാൻ സൗകര്യമൊരുക്കിയതിന് എന്റെ പ്രിയ സുഹൃത്ത് യാഷിന് നന്ദി. സിനിമാ സങ്കൽപ്പങ്ങൾക്കപ്പുറം കഥയെ ആവിഷ്കരിക്കുകയും രംഗങ്ങളെ അതിമനോഹരമായി ചിത്രീകരിക്കുകയും ചെയ്ത സംവിധായിക ഗീതു മോഹൻദാസിന്റെ മികവിൽ ഞാൻ അത്ഭുതപ്പെട്ടുപോയിരുന്നു.
ക്ലൈമാക്സിലെ പ്രയാസമേറിയ രംഗങ്ങൾ യാഷ് അനായാസം കൈകാര്യം ചെയ്തത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
സാങ്കേതിക മികവ്, മികച്ച വ്യക്തിഗത പ്രകടനങ്ങൾ, ഗംഭീരമായ ദൃശ്യാവിഷ്കാരം എന്നിവകൊണ്ടുതന്നെ ഈ ചിത്രം പല കാരണങ്ങൾകൊണ്ടും കാണേണ്ടതാണെന്ന് എനിക്ക് തോന്നുന്നു.
തന്റെ കാലത്തിന് ഒരുപടി മുന്നിൽ നിൽക്കുന്ന ഒരു ചിത്രം കൂടിയാണിത്. ടീമിന്റെ പ്രയത്നങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ദയവായി ചിത്രം കണ്ട് ‘ടോക്സിക്കിനെക്കുറിച്ച്’ നിങ്ങളുടെ സ്വന്തം അഭിപ്രായം രൂപീകരിക്കുക’, ശരത് കുമാർ പറയുന്നു.
Movies
ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം നടി സംവൃത സുനിൽ വീണ്ടും മലയാളസിനിമയിലേയ്ക്ക് തിരിച്ചു വരുന്നു. സഹീദ് അർഫാത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്.
സംവൃതയ്ക്കൊപ്പം ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തങ്കമാണ് ചിത്രത്തിന്റെ കഥ ഒരുക്കുന്നത്. ഇടുക്കിയിൽ സെപ്റ്റംബർ ഏഴിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ജോൺ പോൾ ജോർജാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. സുനിൽ കെ.എസ്. ആണ് ഛായഗ്രാകൻ.
Movies
ചെന്നൈ വിട്ട് മുംബൈയിലേക്ക് സ്ഥിരമായി താമസം മാറിയെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നടൻ സൂര്യ.
താൻ ചെന്നൈയിൽ തന്നെയാണ് താമസിക്കുന്നതെന്നും മുംബൈയിലേക്ക് സ്ഥിരമായി മാറിയിട്ടില്ലെന്നും സൂര്യ വ്യക്തമാക്കി.
സഹോദരൻ കാർത്തിയുടെ പുതിയ ചിത്രമായ സർദാർ 2വിന്റെ ഓഡിയോ-ട്രെയിലർ ലോഞ്ചിനെത്തിയപ്പോഴാണ് താരം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
‘‘ഞാൻ ഇവിടെ ചെന്നൈയിൽ തന്നെയുണ്ട്. അങ്ങനെ പോകുന്ന ആളല്ല. ഒട്ടേറെ ആളുകൾക്ക് ഈ കാര്യത്തിൽ സംശയമുള്ളതായി അറിയാം. ‘നാൻ ഇങ്ക താൻ ഇറുക്കേ’. മുംബൈയിൽ വല്ലപ്പോഴും പോയി തിരിച്ചു വരാറാണ് പതിവ്,’’എന്ന് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സൂര്യ പറഞ്ഞു.
സിനിമയുടെ ഷൂട്ടിംഗിന്റെയും മറ്റും ഭാഗമായുള്ള യാത്രകളിലാണ് തന്നെ സ്ഥിരമായി എയർപോർട്ടിൽ കാണുന്നതെന്നും സൂര്യ കൂട്ടിച്ചേർത്തു.
എല്ലാ സൗകര്യങ്ങളും തനിക്കു മാത്രം കിട്ടിയാൽ പോരാ അത് ജ്യോതികയ്ക്കും കിട്ടണം. കുട്ടികൾക്ക് സ്കൂൾ സൗകര്യവും കൂടുതൽ അവസരങ്ങളും മുംബൈയിൽ ആണ് ഉളളത്. ഒരു മാസത്തിൽ ഇരുപത് ദിവസം ജോലി ചെയ്യുകയും ബാക്കി പത്തു ദിവസം ഫോൺ കോൾ പോലും എടുക്കാതെ മുംബൈയിൽ മക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിൽ സന്തോഷം കണ്ടെത്തുകയാണെന്നും സൂര്യ പറയുകയുണ്ടായി.
ജ്യോതികയും മക്കളും മുംബൈയിലാണ് താമസിക്കുന്നത്. ജ്യോതികയുടെ മാതാപിതാക്കളും ഇവർക്കൊപ്പമാണ് താമസം. തനിക്കും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ ഇത്രയും വർഷം ജീവിച്ച ജ്യോതിക ഇനിയെങ്കിലും സ്വന്തം മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മുംബൈയിലെ ജീവിത ശൈലിയിലേക്ക് മടങ്ങണം എന്ന തോന്നലാണ് മുംബൈയിലേക്ക് താമസം മാറ്റാൻ കാരണമെന്ന് സൂര്യ നേരത്തെ പറഞ്ഞിരുന്നു.
Movies
‘കെജിഎഫി’ന് മുൻപ് യഷ് ആരായിരുന്നു എന്ന തെലുങ്ക് നിർമാതാവ് അല്ലു അരവിന്ദിന്റെ പഴയ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ.
അല്ലു അരവിന്ദിന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് അനാവശ്യ വിവാദമുണ്ടാക്കുന്നത് തികച്ചും തമാശയാണെന്ന് രാംഗോപാൽ തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.
‘‘കെജിഎഫിന് മുൻപ് യഷിനെക്കുറിച്ച് തനിക്കറിയില്ലായിരുന്നു എന്ന അല്ലു അരവിന്ദിന്റെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദം തികച്ചും ചിരിച്ചു തള്ളേണ്ട ഒന്നാണ്.
പ്രശസ്തരല്ലാത്ത അഭിനേതാക്കളെ വച്ച് വലിയ സിനിമകൾ നിർമിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ‘ബാഹുബലി’ക്ക് മുൻപ് ഹിന്ദി പ്രേക്ഷകർക്ക് പ്രഭാസിനെ അറിയില്ലായിരുന്നു ‘കാന്താര’യ്ക്ക് മുൻപ് ഋഷബ് ഷെട്ടിയെ അറിയില്ലായിരുന്നു.
‘ദ് ഗോഡ്ഫാദറി’ന് മുൻപ് എനിക്ക് മർലൺ ബ്രാണ്ടോയെ അറിയില്ലായിരുന്നു. അതിനു മുൻപ് 'എ സ്ട്രീറ്റ് കാർ നെയിംഡ് ഡിസയർ', 'ഓൺ ദി വാട്ടർഫ്രണ്ട്' തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം സ്റ്റാറായിരുന്നിരിക്കാം, ആ സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല.
കാരണം, ആ സിനിമകളാണ് അവരെ വലിയ താരങ്ങളാക്കിയത്; അല്ലാതെ താരങ്ങളായതുകൊണ്ടല്ല ആ സിനിമകൾ വലിയ വിജയം നേടിയത്. ഹോളിവുഡ് എപ്പോഴും പണം മുടക്കുന്നത് ആശയങ്ങളിലാണ്, താരങ്ങളിലല്ല.
ക്രിസ്റ്റഫർ നോളനെപ്പോലുള്ള സംവിധായകർ താരമൂല്യം നോക്കിയല്ല, അഭിനേതാക്കളുടെ അഭിനയ മികവ് മാത്രം നോക്കിയാണ് ആളെ തിരഞ്ഞെടുക്കുന്നത്. അത് 'ഓപ്പൺഹൈമർ' ആയാലും 'ഒഡീസി' ആയാലും അതിൽ ആര് അഭിനയിച്ചാലും ഒരുപോലെ വിജയിക്കും.
അല്ലു അരവിന്ദിന്റെ വിഷയത്തിലേക്ക് വന്നാൽ, പൊതുവായതും നല്ല ഉദ്ദേശത്തോടെയുള്ളതുമായ ഒരു ആശയത്തെ ഇത്രയധികം വ്യക്തിപരമായി എടുക്കുന്നത് വലിയ ഈഗോയുള്ള ആളുകൾ മാത്രമാണ്. ഇത്തരം പ്രതികരണങ്ങൾ തന്നെയാണ് ഇങ്ങനെയുള്ള സിനിമകൾ നിർമിക്കപ്പെടുന്നതിന്റെ കാരണം വ്യക്തമാക്കുന്നത്." രാം ഗോപാൽ വർമ്മ പറഞ്ഞു.
2023-ൽ, പ്രശസ്ത നിർമാതാവും അല്ലു അർജുന്റെ പിതാവുമായ അല്ലു അരവിന്ദ്, കെജിഎഫിന്റെ വിജയത്തിന് ശേഷമാണ് യഷിന് ജനപ്രീതി ലഭിച്ചതെന്നും അദ്ദേഹത്തിന്റെ കരിയറിനെക്കുറിച്ചും നടത്തിയ ഒരു പരാമർശം വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.
‘കെജിഎഫ്’ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് യഷ് ആരായിരുന്നു? എന്തുകൊണ്ടാണ് ആ സിനിമ ഇത്ര വലിയ തരംഗമായത്? ആ സിനിമയുടെ നിർമാണ മികവും ദൃശ്യ സമ്പന്നതയുമാണ് അതിനെ വിജയത്തിലെത്തിച്ചത്. ഇത് ഒരു ഉദാഹരണം മാത്രമാണ്. സിനിമയിലെ നായകൻ ആരായാലും, സിനിമയുടെ മേക്കിംഗ് തന്നെയാണ് കാണികളെ ആകർഷിക്കുന്നത്.
കെജിഎഫിന്റെ വമ്പൻ മേക്കിംഗ് ആണ് യഷിന് പാൻ-ഇന്ത്യൻ തലത്തിൽ വൻ പ്രചാരം നൽകിയതെന്നും അതിനു മുൻപ് അദ്ദേഹത്തെ വലിയൊരു വിഭാഗത്തിന് അറിയില്ലായിരുന്നു എന്നതുമാണ് അല്ലു അരവിന്ദ് ഉദ്ദേശിച്ചതെന്നാണ് വർമ ചൂണ്ടിക്കാണിക്കുന്നത്.
സിനിമയുടെ ഉള്ളടക്കവും നിർമ്മാണ മികവുമാണ് താരങ്ങളെ സൃഷ്ടിക്കുന്നത് എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതാണ് ആർജിവിയുടെ കുറിപ്പ്.
Movies
കത്രീന കൈഫിന്റെ രൂപമാറ്റത്തിൽ വലിയ രീതിയിലുള്ള പരിഹാസങ്ങളാണ് അവർ ഏറ്റുവാങ്ങുന്നത്. ബോഡി ഷെയിമിംഗ് പലരീതിയിലാണ് അവരെ വേട്ടയാടുന്നത്.
ഭർത്താവും നടനുമായ വിക്കി കൗശാലിനൊപ്പം പൊതുവേദിയിലെത്തിയ കത്രീനയുടെ ചിത്രങ്ങള് പുറത്തായതിനു പിന്നാലെയാണ് ഈ ബോഡി ഷെയിമിംഗ്.
കത്രീനയ്ക്കെതിരെ നടക്കുന്ന അതിരുകടന്ന ബോഡിഷെയ്മിങ്ങിനെതിരെയാണ് ശിവലീക ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്.
പ്രസവാനന്തരം സ്ത്രീകൾക്ക് സംഭവിക്കുന്ന ശാരീരികമാറ്റങ്ങളെ വിമർശിക്കുന്നതിനെതിരെ കടുത്ത ഭാഷയിലാണ് നടി വിമർശിച്ചത്. ‘ഇതിന് മാത്രം എന്താണ് സംഭവിച്ചത് എന്നു ചോദിക്കുന്നവരോടാണ്, ഇതാണ് മാതൃത്വം. പ്രസവാനന്തരഘട്ടമെന്നാൽ നല്ലതും ചീത്തയും കലർന്നതാണ്. നല്ലതും മോശവും ക്ഷീണവും ശരീരം നീരുവയ്ക്കുന്നതും അസ്വസ്ഥതകളും നിറഞ്ഞതാണ്.
ആളുകളുടെ ഇത്തരം പോസ്റ്റുകൾ കാണുമ്പോൾ ചിലരുടെ മനോഭാവം എത്രമാത്രം മോശമാണെന്നു ചിന്തിച്ചുപോവുകയാണ്’, ശിവലീക കുറിച്ചു. ഏതാനും മാസങ്ങൾക്കു മുന്പാണ് ശിവലീകയും ഒരു കുഞ്ഞിന് ജന്മം നൽകിയത്.
അന്തരിച്ച സംവിധായകൻ കുക്കു കോഹ്ലിയുടെ പ്രാർഥന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കത്രീനയുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായത്.
‘ഇത് എന്തുപറ്റി, വൃദ്ധയെപ്പോലുണ്ടല്ലോ’ , ‘പഴയ ലുക്ക് നഷ്ടമായി’ എന്നിങ്ങനെയുള്ള കമന്റുകളുമായാണ് രൂക്ഷമായ ബോഡിഷെയിമിങ് കത്രീനയ്ക്ക് നേരെ ഉയർന്നത്. 2025 നവംബറിലായിരുന്നു കത്രീനയ്ക്കും വിക്കി കൗശാലിനും ആൺകുഞ്ഞ് ജനിച്ചത്.
Movies
രജിസ്റ്റർ വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി നിലീൻ സാന്ദ്ര. അടുത്തിടെയാണ് ‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി നിലീൻ സാന്ദ്ര വിവാഹിതയായത്. വിവാഹത്തിന് മുന്നോടിയായി നേരത്തെ അവർ വിവാഹം രജിസറ്റർ ചെയ്തിരുന്നു.
യുവ സംവിധായകൻ ശ്യാമിൻ ഗിരീഷ് ആണ് വരൻ. 2017 മുതൽ നിലീന്റെസുഹൃത്താണ് ശ്യാമിൻ. ഉത്രാടം ദിനത്തിലായിരുന്നു തന്റെ വിവാഹചിത്രങ്ങൾ നിലീൻ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യുന്ന കാര്യങ്ങളും ഒരു ചെറിയ വിവാഹാഘോഷം പോലെയാണ് ഇരുവരും നടത്തിയത്.
Movies
സിനിമാ തിയറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയ്ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയറ്ററുകളിൽ 250 രൂപയാണ് ഈടാക്കുന്നതെ ന്നും തിയറ്ററിൽ കയറി ഒരു ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട അവസ്ഥയാണെന്നും മേയർ പറഞ്ഞു.
വില നിശ്ചയിക്കുന്നത് കോർപ്പറേഷന്റെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെങ്കിലും രാഷ്ട്രീയ പ്രവർത്തകർ എന്ന നിലയിൽ ഇത്തരം ജനകീയ വിഷയങ്ങളിൽ കൃത്യമായ നിലപാട് ഉന്നയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിയറ്ററുകളിലെ അമിതവില നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ലീഗൽ മെട്രോളജി വകുപ്പ് ഇത്തരം വിഷയങ്ങളിൽ ശക്തമായി ഇടപെടണമെന്നും വി.വി. രാജേഷ് ആവശ്യപ്പെട്ടു.
‘‘തിയറ്ററുകളിൽ ആഹാര സാധനങ്ങൾക്ക് വാങ്ങുന്ന വില വളരെ കൂടുതലാണ്. പുറത്ത് 25- 30 രൂപയ്ക്ക് കിട്ടുന്ന പോപ്കോണിന് തിയറ്ററിൽ 250- 300 രൂപയാണ്. തിയറ്ററിനകത്ത് അത് കയറിയാൽ അത്ഭുത ലോകത്ത് എത്തിയ പോലെയാണ്.
ചായ വാങ്ങിക്കാൻ ലോണെടുത്ത് പോകേണ്ട അവസ്ഥയാണ്. കൊച്ചുകുട്ടികളുമായി പോവുമ്പോൾ, പോപ്കോൺ ഒക്കെ വാങ്ങിക്കണമെങ്കിൽ ആയിരം രൂപയെങ്കിലും ഇല്ലാതെ പോവാൻ കഴിയില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. അത് ആരോഗ്യകരമായ കാര്യമല്ല.
വില നിശ്ചയിക്കുന്നത് ഞങ്ങളുടെ പരിധിയിൽ അല്ല. പക്ഷേ നിയന്ത്രണം വേണം. ശ്രദ്ധയിൽപ്പെടുത്തേണ്ട സ്ഥലത്ത് അത് ചെയ്യും. ലീഗൽ മെട്രോളജിയൊക്കെ അതിൽ ഇടപെടണം.
പുറത്തുനിന്ന് ചായ കുടിക്കാൻ പത്ത് രൂപയെ ആകുകയുള്ളൂ. എന്നാൽ അതിനകത്ത് കയറിയാൽ ആ ചായയ്ക്ക് 200 രൂപ. മാത്രമല്ല പുറത്തുനിന്നുള്ള സാധനങ്ങൾകൊണ്ട് കയറാനും സമ്മതിക്കില്ല.
അങ്ങനെയൊന്നും ജനാധിപത്യ സംവിധാനത്തിൽ ഒരു സിസ്റ്റത്തിനു പ്രവർത്തിക്കാൻ സാധിക്കില്ല. ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണം, അല്ലെങ്കിൽ തിരുത്തണം. കൊള്ളയടിക്കുന്ന സമീപനത്തോട് വിയോജിപ്പുണ്ട്.’’വി.വി. രാജേഷിന്റെ വാക്കുകൾ.
Movies
നടി മമിത ബൈജുവിന് പനി. കടുത്ത പനിയെത്തുടർന്ന് താരം ആശുപത്രിയിൽ അഡ്മിറ്റാണ്. ഇതേ തുടർന്ന് ഈ ആഴ്ച നടത്താനിരുന്ന നടിയുടെ ഓസ്ട്രേലിയൻ സന്ദർശനം മാറ്റിവച്ചു.
ക്ലൈഡ് മലയാളി സംഘടന സംഘടിപ്പിക്കുന്ന ഓണപ്പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു മമിത.
‘‘നിർഭാഗ്യവശാൽ, നമ്മൾ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനായി സാധിക്കില്ല. ഞാനിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കിൽ ഞാൻ വന്നേനെ, പക്ഷേ ഡോക്ടർമാര് പൂർണമായും വിശ്രമം നിർദേശിച്ചിരിക്കുകയാണ്.
കൂടാതെ ശരീര വേദനയും അലർജിയും ആസ്മാറ്റിക്കും ആയതിനാൽ ഒരുകാരണവശാലും യാത്ര സാധ്യമല്ലെന്നാണ് അവർ പറയുന്നത്.
എനിക്ക് വേറൊരു നിവൃത്തിയില്ലാതായിപ്പോയി, അല്ലായിരുന്നെങ്കിൽ എന്തായാലും വന്നേനെ. എനിക്കിത് വലിയ നഷ്ടം തന്നെയാണ്.
ഈ കുടുംബത്തിലേക്ക് വരാൻ ആഗ്രഹമുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇങ്ങനെയൊരു അവസ്ഥ ആയതിനാലാണ്. മറ്റൊരു അവസരത്തിൽ ഇത് നടക്കട്ടയെന്ന് പ്രതീക്ഷിക്കുന്നു.’’മമിത ബൈജുവിന്റെ വാക്കുകൾ.
Movies
തന്റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി ആളുകൾക്ക് സന്ദേശങ്ങൾ അയക്കുന്നതിനെതിരെ നടൻ ടൊവീനോ തോമസ്.
താനാണെന്ന പേരിൽ സന്ദേശങ്ങൾ അയച്ച് ഇത്തരക്കാർ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും താരം വ്യക്തമാക്കി.
[email protected] എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ടൊവീനോയുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്.
ഈ ഇമെയിൽ വിലാസവുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും തന്റെ പേരിൽ ആശയവിനിമയം നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ടൊവിനോ അറിയിച്ചു.
ടൊവീനോ പങ്കുവച്ച കുറിപ്പ്
‘‘പ്രധാനപ്പെട്ട അറിയിപ്പ് - വ്യാജ സന്ദേശങ്ങളെക്കുറിച്ച്
എന്റെ പേര് വ്യാജമായി ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികൾ വിവിധ ആളുകളിലേക്ക് ഇമെയിലുകൾ അയക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. താഴെ പറയുന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ഈ സന്ദേശങ്ങൾ വരുന്നത്: [email protected]
ഈ ഇമെയിൽ വിലാസവുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നും, എന്റെ പേരിൽ സന്ദേശങ്ങൾ അയയ്ക്കാൻ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
ഈ ഇമെയിൽ വിലാസത്തിൽ നിന്ന് വരുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ, വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ, അതിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, പണമിടപാടുകൾ നടത്തുകയോ ചെയ്യരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു.
ഈ ഇമെയിലിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ, ദയവായി അത് സ്പാം/ഫിഷിംഗ് (Spam/Phishing) ആയി റിപ്പോർട്ട് ചെയ്ത് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുക. മറ്റാരും ഈ വ്യാജ പ്രചാരണത്തിന് ഇരയാകാതിരിക്കാൻ ഈ വിവരം ഇത്തരം സന്ദേശങ്ങൾ ലഭിക്കാൻ സാധ്യതയുള്ള മറ്റുള്ളവരുമായും പങ്കുവയ്ക്കുക.
എന്റെ പേരിൽ വരുന്ന ഏതൊരു സന്ദേശവും പ്രതികരിക്കുന്നതിന് മുൻപ് അതിന്റെ ഉറവിടം പരിശോധിച്ച് ഉറപ്പുവരുത്തുക. നിങ്ങളുടെ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി.’’
Movies
മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ആരാധക സംഘടനയായ മമ്മൂട്ടി ഫാന്സ് & വെല്ഫെയര് അസോസിയേഷന് ഇന്റര്നാഷണല് രൂപം നല്കിയ മെഗാ രക്തദാന ക്യാമ്പയിന് ലോകമെമ്പാടും മികച്ച പ്രതികരണം.
40,000 പേരുടെ രക്തദാനം ലക്ഷ്യമിട്ട് ആരംഭിച്ച ക്യാമ്പയിനില് ഇതിനോടകം തന്നെ പകുതിയിലധികം ആളുകള് പങ്കാളികളായി.
ക്യാമ്പയിനിന്റെ ഭാഗമായി രമേഷ് പിഷാരടി എംഎല്എ അങ്കമാലി ലിറ്റില് ഫ്ലവര് ആശുപത്രിയിലെത്തി രക്തദാനം നടത്തി. സാമൂഹിക രംഗത്തും പൊതുരംഗത്തുമുള്ള നിരവധി പ്രമുഖരും ക്യാമ്പയിന്റെ ഭാഗമായി.
എംജിഎം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില് 11 സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 7,500 വിദ്യാര്ഥികള് ക്യാമ്പയിന്റെ ഭാഗമാകും. ക്യാമ്പയിനിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സെപ്റ്റംബര് എട്ടിന് തിരുവനന്തപുരത്ത് നിര്വഹിക്കും.
കേരളത്തിലെ വിവിധ സ്വകാര്യ മെഡിക്കല് കോളേജുകളിലും രക്തബാങ്കുകളിലുമായാണ് വിദ്യാര്ഥികള് രക്തദാനം നടത്തുക.
ഡോക്ടര്മാര്, സാമൂഹിക പ്രവര്ത്തകര്, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര് തുടങ്ങി വിവിധ മേഖലകളിലുള്ള നിരവധി വ്യക്തികള് ക്യാമ്പയിനോട് ഐക്യദാര്ഢ്യം പ്രഖ്യാപിക്കുകയും രക്തദാനത്തില് പങ്കാളികളാകുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
യൂറോപ്പിലെ വിവിധ രാജ്യങ്ങള്, ഗള്ഫ് രാജ്യങ്ങള് എന്നിവിടങ്ങളിലുള്പ്പെടെ രക്തദാന ക്യാമ്പയിന് സജീവമായി തുടരുകയാണ്.
പ്രാദേശിക രക്തബാങ്കുകളുടെയും ആശുപത്രികളുടെയും സഹകരണത്തോടെ മലയാളി സംഘടനകളും ആരാധക കൂട്ടായ്മകളും വിവിധ കേന്ദ്രങ്ങളില് രക്തദാന ക്യാമ്പുകള് സംഘടിപ്പിച്ചു വരുന്നു. ദുബായ്, യുഎഇ, ഖത്തര് തുടങ്ങിയ ഗള്ഫ് രാജ്യങ്ങളിലും ക്യാമ്പയിന്റെ ഭാഗമായി പരിപാടികള് നടന്നു. ക്യാമ്പയിന് സെപ്റ്റംബര് 8 വരെ തുടരും.
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളെ ഒരു വലിയ സാമൂഹിക സേവന പ്രവര്ത്തനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് 40,000 പേരുടെ രക്തദാനം ലക്ഷ്യമിട്ടുള്ള ക്യാമ്പയിന് സംഘടിപ്പിച്ചിരിക്കുന്നത്. യുവതലമുറയില് രക്തദാനത്തിന്റെ പ്രാധാന്യം വളര്ത്തിയെടുക്കുന്നതിനും ക്യാമ്പയിന് വലിയൊരു സന്ദേശമാണ് നല്കുന്നത്. ജന്മദിനാഘോഷങ്ങള്ക്ക് ഒരു സാമൂഹിക മുഖം നല്കുന്ന മാതൃകാപരമായ പ്രവര്ത്തനമായി ക്യാമ്പയിന് മാറുകയാണ്.
Movies
യഷ് കേന്ദ്രകഥാപാത്രമായെത്തിയ ടോക്സിക്കിനെ വിമർശിക്കുന്നവർക്ക് തലയിൽ വിവരമില്ലെന്ന് തുറന്നടിച്ച് നടി ഹർഷിത പിഷാരടി.
ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം നടക്കുന്ന നിഷേധാത്മകമായ പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. അമ്മയോടൊപ്പമാണ് താൻ ചിത്രം കണ്ടതെന്നും അമ്മയ്ക്ക് സിനിമ ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും ഹർഷിത ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി.
ചിത്രത്തെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ കമന്റുകൾ ഇടുന്നവർക്കെതിരെ ശക്തമായ ഭാഷയിലാണ് താരം സംസാരിച്ചത്. ‘മൂൺവാക്ക്’, ‘ഡൊമിനിക്ക് ആൻഡ് ദ് ലേഡീസ് പഴ്സ്’ എന്നീ സിനിമകളിൽ അഭിനയിച്ച താരമാണ് ഹർഷിത.
‘‘ഞാൻ ടോക്സിക് കാണുകയായിരുന്നു. ശരിക്കും പറഞ്ഞാൽ ഈ സിനിമയ്ക്ക് എന്തുകൊണ്ട് ഇത്രയും ഹേറ്റ് വരുന്നതെന്ന് എനിക്ക് അറിയില്ല. ഒന്നുകിൽ നിങ്ങളുടെ തലയ്ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും അത് മനസ്സിലാക്കാനുള്ള കഴിവില്ലാത്തത്. സത്യം പറയുകയാണെങ്കിൽ ഇതൊരു നല്ല സിനിമയാണ്.
തലയിൽ മൂളയും വിവരവും ഉള്ളവർ വന്നു കാണുക. എന്റെ അമ്മ സിനിമ കണ്ടിട്ട് പറഞ്ഞത് ‘ഐ ലവ്ഡ് ഇറ്റ്’ എന്നാണ്. വിവരമുള്ളവർ, തലയിൽ ആള് താമസം ഉള്ളവർ, വികാരങ്ങൾ മനസിലാകുന്നവർ പോയി കാണുക. അല്ലാത്തവർ അവിടെ കുറ്റം പറഞ്ഞുകൊണ്ട് ഒരു പണിയും ഇല്ലാതെ കമന്റ് ഇട്ടുകൊണ്ടിരിക്കുക. മറ്റൊന്നും പറയാനില്ല.
ഇതു മുതിർന്നവർക്കുള്ള സിനിമയാണ്, വികാരങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാത്ത അപക്വമതികൾക്കുള്ളതല്ല ഈ സിനിമ. അത് വ്യക്തമായി അണിയറക്കാർ തന്നെ പറയുന്നുണ്ട്. . ഓഹോ, മൂന്ന് സെക്കൻഡ് റീലിൽ കാണുന്ന എന്തൊക്കെയോ ആണ് നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ പിന്നെ...
ഈ സിനിമയെ ലൈംഗികതയുടെ പേരിൽ ആളുകൾ വിമർശിക്കുന്നത് കാണുമ്പോൾ എനിക്ക് ശരിക്കും ലജ്ജ തോന്നുന്നു. ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ പറയുകയാണ്, ഈ സിനിമയിൽ സ്ത്രീശക്തിയും പുരുഷ ഊർജ്ജവും യാതൊരുവിധ അശ്ലീലതയുമില്ലാതെ, തികച്ചും മികച്ച രീതിയിൽ, തുല്യമായി അവതരിപ്പിച്ചിട്ടുണ്ട്.
മാത്രമല്ല ഈ സിനിമയെ വിമർശിക്കുന്ന നിങ്ങൾ '365 ഡേയ്സോ', '50 ഷേഡ്സോ' കണ്ടിട്ടുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പാണ്.’’ഹർഷിതയുടെ വാക്കുകൾ.