ജൂനിയർ എൻടിആർ ഫഹദിനൊപ്പം
ഫഹദ് ഫാസിലിനെക്കുറിച്ച് വൈകാരികമായ പ്രസംഗവുമായി ജൂനിയർ എൻടിആർ. ഫഹദിനൊപ്പം വേദി പങ്കിടനായതിൽ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിൽ നടന്ന ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ വച്ചായിരുന്നു ഈ നിമിഷങ്ങൾ അരങ്ങേറിയത്.
‘‘കോവിഡ് കാലത്ത് നമ്മൾ എല്ലാവരും ഏറെ ബുദ്ധിമുട്ടുകൾ നേരിട്ട സമയത്താണ്, ആ മഹാമാരിക്കാലത്ത് ഫഹദ് ഫാസിലിന്റെ സിനിമകൾ ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചു.
ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ ആ കാലഘട്ടത്തിൽ നിരവധി പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടമായി. അത്തരമൊരു ദുരിതകാലത്ത് പതിയെ ഓരോ വീട്ടിലേക്കും കടന്നുവന്ന പ്രതിഭയായിരുന്നു ഫഹദ് ഫാസില് സർ.
അദ്ദേഹത്തിന്റെ 'ബാംഗ്ലൂർ ഡെയ്സ്' എന്ന സിനിമയാണ് ഞാൻ ആദ്യം കണ്ടത്. അതിനുശേഷമാണ് അദ്ദേഹത്തിന്റെ അഭിനയം ഞാൻ നിരീക്ഷിക്കാൻ തുടങ്ങിയത്. എനിക്ക് ഏറെ ഇഷ്ടമുള്ള ചുരുക്കം ചില നടന്മാരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഫഹദ് സർ ആണ്.
താങ്കളോടൊപ്പം ഈ വേദി പങ്കിടാൻ കഴിഞ്ഞതിൽ എനിക്ക് വലിയ അഭിമാനമുണ്ട്. ഒരു നടനെന്ന നിലയിലും ഒരു സഹോദരനെന്ന നിലയിലും ഞാൻ താങ്കളെ ഏറെ ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും അഭിമാനകരമായ നടന്മാരിൽ ഒരാളായ താങ്കൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' എന്ന ചിത്രത്തിലൂടെ ഒരു പ്രധാന നടനായി തെലുങ്കിലേക്ക് അരങ്ങേറുന്ന ഫഹദ് സാറിന് ഇതൊരു അവിസ്മരണീയമായ ചിത്രമായി മാറട്ടെ എന്നും സിനിമ വലിയ വിജയമാകട്ടെ എന്നും ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു.’’ ജൂനിയർ എൻ ടി ആർ പറഞ്ഞു.
ചടങ്ങിൽ നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുന്ന എസ്.എസ്. കാർത്തികേയയെക്കുറിച്ചും രാജമൗലിയുടെ കുടുംബവുമായുള്ള 25 വർഷത്തെ സൗഹൃദത്തെക്കുറിച്ചും സംസാരിക്കുമ്പോൾ എൻ.ടി.ആർ ഏറെ വൈകാരികനായി.
തന്റെ കരിയറിലെ ആദ്യ ചിത്രമായ 'നിന്നു ചൂഡാലനി'യുടെ പൂജാച്ചടങ്ങിൽ കുടുംബാംഗങ്ങളാരും കൂടെയില്ലാതെ തനിച്ചു നിൽക്കേണ്ടി വന്ന അനുഭവങ്ങൾ അദ്ദേഹം ഓർത്തെടുത്തു. ‘‘അന്ന് ആരും പ്രോത്സാഹിപ്പിക്കാനില്ലാതെ ഒറ്റപ്പെട്ടുപോയപ്പോൾ ദൈവം എനിക്ക് തന്ന കുടുംബമാണ് രാജമൗലിയുടേതും കീരവാണി ഗാരുവിന്റേതും. 17-ാം വയസ്സിൽ 'സ്റ്റുഡന്റ് നമ്പർ 1' ചെയ്യുമ്പോൾ കാർത്തികേയയ്ക്ക് ഒമ്പത് വയസ്സായിരുന്നു. എനിക്ക് ഒരു അനിയനുണ്ടെങ്കിൽ അത് കാർത്തികേയ മാത്രമാണ്.
എന്റെ സിനിമകൾ പരാജയപ്പെട്ട് തകർന്നുനിന്ന കാലത്ത് എനിക്ക് തണലായി നിന്നത് അവനാണ്. രാജമൗലിയുടെ ബാഹുബലി, ആർ.ആർ.ആർ തുടങ്ങിയ സിനിമകളുടെ വലിയ വിജയങ്ങൾക്ക് പിന്നിലും കാർത്തികേയയുടെ പങ്ക് വലുതാണ്. ഇന്ന് അവൻ നിർമ്മാതാവായി മാറുമ്പോൾ എന്നെ പിന്തുണച്ചതുപോലെ എല്ലാവരും കാർത്തികേയയെയും പിന്തുണയ്ക്കണം,’’ എൻ.ടി.ആർ പറഞ്ഞു.
Tags : Junior NTR Fahadh fasil actor cinema movie