Movies
തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ രാഘവ ലോറൻസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുമായുള്ള സൗഹൃദമാണ് തന്നെ ഈ തീരുമാനത്തിലെത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള വിവരം അദ്ദേഹം പങ്കുവച്ചത്. തിരുച്ചിപ്പള്ളി ഈസ്റ്റിലേക്ക് രാഘവ ലോറൻസ് ടിവികെ സ്ഥാനാർഥിയായി എത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ.
താൻ വിശ്വസിക്കുന്ന ഒരാൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്പോൾ അദ്ദേഹത്തോടൊപ്പം നിന്ന് സമൂഹത്തെ വലിയ രീതിയിൽ സേവിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. "നിങ്ങളുടെ കടമ ആത്മാർഥമായി നിറവേറ്റുക, പ്രത്യൂപകാരം പ്രതീക്ഷിക്കരുത്. എനിക്ക് നിങ്ങളുടെ ഉപദേശവും മാർഗർനിർദേശവും ആവശ്യമുണ്ട്. ഞാൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പണം സന്പാതിക്കാനോ സ്ഥാനമാനങ്ങൾ നേടാനോ ഉദ്ദേശവുമില്ലായിരുന്നു" അദ്ദേഹം പങ്കുവച്ചു.
നടൻ, സംവിധായകൻ, നിർമാതാവ്, കൊറിയോഗ്രാഫർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി രാഘവ ലോറൻസ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ലോകേഷ് കനക രാജ് സംവിധാനം ചെയ്യുന്ന ബെൻസ് എന്ന ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയത്.
Editorial
ചാർലി ചാപ്ലിന്റെ നർമങ്ങളിൽ ചിലയിടത്ത് മുള്ളുകളുണ്ടായിരുന്നു; ചിരിക്കുന്നതിനിടെ പ്രേക്ഷകന്റെ കണ്ണുനിറയാനും അധികാരികളോടുള്ള രോഷത്താൽ ഇടയ്ക്കു ചിരി നിർത്താനും അതിടയാക്കി. സലിം കുമാർ പക്ഷേ, ചിരിപ്പിച്ചു കൊല്ലുകയായിരുന്നു. കരയിക്കാനും രോഷാകുലരാക്കാനും കറുത്ത ഫലിതങ്ങൾ പറയാനും അദ്ദേഹം മറ്റൊരു രംഗമോ മറ്റൊരു സിനിമയോ തെരഞ്ഞെടുത്തു. ആദാമിന്റെ മകൻ അബുവും കറുത്ത ജൂതനുമൊക്കെ സലിംകുമാറിന്റെ മറുവശമായിരുന്നു.
അത്തറു കച്ചവടക്കാരനായ അബുവിനെയും കറുത്ത ജൂതനായ ആരോൺ ഇല്യാഹുവിനെയും ചുമന്നുകൊണ്ട് എത്രയോ കാഴ്ചക്കാരാണ് കണ്ണു തുടച്ച് തിയറ്ററിനു പുറത്തേക്കിറങ്ങിറങ്ങിയിട്ടുള്ളത്. ട്രോളുകളുടെയും ആക്ഷേപഹാസ്യത്തിന്റെയും പൂർണതയ്ക്ക് ഉപയോഗിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ തമാശകൾ സിനിമയ്ക്കു പുറത്തേക്കു വളർന്ന് കേരളത്തെ വലയം ചെയ്തിട്ടുമുണ്ട്. ഒടുവിലിതാ ‘ചിരിപ്പിച്ചു കൊന്നവന്റെ’ മൃതദേഹത്തിനു മുന്നിൽ ‘ചിരിച്ചു മരിച്ച’ കേരളം ആദരവോടെ നിൽപ്പായി. പ്രിയ സലിംകുമാർ, ആദരാഞ്ജലികൾ!
ശനിയാഴ്ച രാത്രിയിൽ മരിക്കുന്പോൾ നടൻ സലിംകുമാറിന് 56 വയസായിരുന്നു. എറണാകുളം വടക്കൻ പറവൂരിലെ വീടിന്റെ പേരുപോലും ചിരിയുടെ വിലാസമായി; ലാഫിംഗ് വില്ല. പേരു കേട്ടാൽ മതം തിരിച്ചറിയാതിരിക്കാനാണ് അച്ഛൻ ഗംഗാധരൻ ഇളയ മകന് സലിം എന്നു പേരിട്ടത്. അധ്യാപികയുടെ നിർബന്ധത്തിനു വഴങ്ങി കുമാർ എന്നുകൂടി ചേർത്തെങ്കിലും സലിമാണോ കുമാറാണോ എന്നതിനു പകരം നടനാണോ എന്നു മാത്രമാണ് കേരളം അന്വേഷിച്ചത്. മിമിക്രിയിലായിരുന്നു തുടക്കം. എംജി സർവകലാ കലോത്സവത്തിൽ മൂന്നു തവണ തുടർച്ചയായി ഒന്നാം സ്ഥാനം നേടി. കൊച്ചിൻ കലാഭവനിലും സാഗറിലും മികവ് തെളിയിച്ചു.
‘ഇഷ്ടമാണ് നൂറു വട്ടം’ ആദ്യ സിനിമയായി. 2000ൽ ഇറങ്ങിയ ‘തെങ്കാശിപ്പട്ടണം’ സൂപ്പർഹിറ്റായി. പിന്നീട് സിഐഡി മൂസ, മായാവി, മീശമാധവൻ... തുടങ്ങി മൂന്നൂറോളം ചിത്രങ്ങൾ! മൂന്നു തമിഴ് സിനിമകളിലും ഒരു ഒഡിയ സിനിമയിലും അഭിനയിച്ചു. പക്ഷേ, പ്രേക്ഷകനെ ചിരിക്കാൻ പോയിട്ട് ഇരുന്നിടത്തുനിന്ന് അനങ്ങാതാക്കിക്കളഞ്ഞു, ‘ആദാമിന്റെ മകൻ അബു’, ‘കറുത്ത ജൂതൻ’ എന്നീ സിനിമകൾ. ആദാമിന്റെ മകനിലെ അഭിനയത്തിന് സലിം കുമാറിനു മികച്ച നടനുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. ഹാസ്യനടനുള്ളതുൾപ്പെടെ നിരവധി അംഗീകാരങ്ങൾ വീണ്ടും അദ്ദേഹത്തെ തേടിയെത്തി.
‘കറുത്ത ജൂതൻ’ ഉൾപ്പെടെ നാലു സിനിമകൾ സംവിധാനം ചെയ്തു. മൂന്നു പതിറ്റാണ്ട് മലയാളസിനിമയിൽ സജീവമായിരുന്ന സലിംകുമാറിന്റെ ചിരി തന്നെ മലയാളിയെ ചിരിപ്പിക്കാൻ പോന്ന തമാശയായിരുന്നു. അദ്ദേഹത്തിന്റെ സിനിമയും സമൂഹമാധ്യമങ്ങളിലേക്കു പകർത്തപ്പെട്ട രംഗങ്ങളും ഇനിയും മലയാളിയെ വിടില്ല.
സിനിമയിൽനിന്നു സമൂഹമാധ്യമങ്ങളിലേക്കും അവിടെനിന്നു മലയാളിയുടെ ജീവിതത്തിലേക്കും ഓടിക്കയറിയ നിരവധി സംഭാഷണങ്ങൾ സലിംകുമാറിനെ ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. “കാണാന്‍ വലിയ ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ”, “ഐ ആം ദ സോറി അളിയാ... ഐ ആം ദ സോറി”, “എനിക്ക് ഭ്രാന്തായതാണോ അതോ നാട്ടുകാര്‍ക്ക് മൊത്തം പ്രാന്തായി പോയതാണോ”, “എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍”, “റേഷന്‍കട മറന്ന് മണ്ണെണ്ണ വാങ്ങണോ” ... തുടങ്ങിയ എത്രയോ ഡയലോഗുകളാണ് മലയാളി എടുത്തു പെരുമാറിക്കൊണ്ടിരിക്കുന്നത്.
ചിരിപ്പിച്ചതു മാത്രമല്ല, അവഗണിക്കപ്പെട്ട മനുഷ്യരുടെ ചിന്തകളെ നമ്മുടേതാക്കി മാറ്റിയതിലും സലിംകുമാർ മികവ് കാട്ടി. അദ്ദേഹംതന്നെ രചനയും തിരക്കഥയും സംവിധാനവും നിർവഹിച്ച് അഭിനയിച്ച ‘കറുത്ത ജൂതൻ’ പറയുന്നുണ്ട്: “കമ്യൂണിസ്റ്റാണെങ്കില്‍ അവന് കാള്‍ മാർക്സോ, ശാസ്ത്രജ്ഞനാണെങ്കില്‍ ഐൻസ്റ്റീനോ ആയിരിക്കുമെങ്കിലും കറുത്ത ജൂതന് ഇതൊന്നും ബാധകമായിരുന്നില്ല. ചരിത്രത്തിലും ജീവിതത്തിലും കറുത്തവനെന്നും കറുത്തവന് തന്നെയായിരുന്നു. ഉയിർപ്പുകളില്ലാത്ത കല്ലറകൾ തേടി അലയുന്നവനാണ് കറുത്ത ജൂതൻ.”
ജാഡയോ കാപട്യമോ സലിംകുമാറിനില്ലായിരുന്നു. തനൊരു കോൺഗ്രസുകാരനാണെന്നു തുറന്നു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും സംഭാഷണങ്ങളും തമാശകൾക്കൊപ്പം ചിന്തകളും പ്രകാശിപ്പിച്ചു. “ആരോ എഴുതിയ തിരക്കഥ പോലെയാണ് ജീവിതം. എന്തൊക്കെ അവാർഡ് വാങ്ങിയാലും ശരി, ജീവിതം ഒരു ഐസിയുവിൽ തീരാവുന്നതേയുള്ളൂ...” ഈ മനുഷ്യൻ ചിരിപ്പിച്ചു കൊല്ലുക മാത്രമല്ല, ജീവിക്കേണ്ടതെങ്ങനെയെന്നു ചിന്തിപ്പിക്കുകയും ചെയ്യുന്നു. വിട!
Kerala
മലയാളത്തിന്റെ പ്രയ നടൻ സലിം കുമാർ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.43ന് അന്ത്യം സംഭവിക്കുകയായിരുന്നു.
സലിം കുമാർ എന്ന പേരിന് പിന്നിലുമുണ്ട് ഒരു കഥ. ക്രിസ്ത്യനെന്നോ ഹിന്ദുവെന്നോ മുസ്ലിമെന്നോ ഒരു പേര് കേട്ട് അവന് ഏതാണ് മതമെന്ന് തിരിച്ചറിയാതിരിക്കാൻ അദ്ദേഹത്തിന്റെ അച്ഛൻ കണ്ടെത്തിയ പേരാണ് സലിം കുമാർ.
1969 ഒക്ടോബർ പത്തിന് വടക്കൻ പറവൂരിൽ ഗംഗാധരന്റെയും കൗസല്യയുടെയും ഇളയ മകനായി ജനിച്ചയാൾക്ക് എന്താണ് പേരിടേണ്ടെതെന്ന് അയാൾക്കുറപ്പുണ്ടായിരുന്നു.
നിരീശ്വരവാദിയും സാമൂഹിക പരിഷ്കർത്താവായ സഹോദരൻ അയ്യപ്പന്റെ അനുയായിയുമായിരുന്നു സലിം കുമാറിന്റെ അച്ഛൻ ഗംഗാധരൻ. ഇളയ മകന് മതപരമായ കൂട്ടുകെട്ടുകൾ ഒഴിവാക്കാൻ അദ്ദേഹം കണ്ടെത്തിയ പേരാണ് സലിം കുമാർ. ആ പേര് പിന്നീട് മലയാളികളുടെ ഇഷ്ടപേരുകളിലൊന്നായി മാറിയതും ചരിത്രം.
ചിറ്റാട്ടുകര നോർത്ത് പറവൂരിലെ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലായിരുന്നു സലിം കുമാറിന്റെ പ്രാഥമിക വിദ്യാഭ്യാസം. നോർത്ത് പറവൂരിലെ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ നിന്നും പത്താം ക്ലാസ് പൂർത്തിയാക്കിയ അദ്ദേഹം മാല്യങ്കരയിലെ മൂത്തകുന്നം ശ്രീ നാരായണ മംഗലം കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു.
ചെറുപ്പത്തിൽ തന്നെ ഗായകനാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് മിമിക്രിയിലാണ് എത്തിപ്പെട്ടത്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിഎ ബിരുദം നേടിയ അദ്ദേഹം അവിടെ മൂന്ന് തവണ യൂണിവേഴ്സിറ്റിയിൽ നിന്നും മികച്ച മിമിക്രിക്കാരനുള്ള കിരീടം നേടി.
കലാഭവനിൽ നിന്നാണ് അദ്ദേഹം തന്റെ നാടക ജീവിതം ആരംഭിച്ചത്. ഏഷ്യാനെറ്റിലെ കോമഡി പ്രോഗ്രാമായ കോമിക്കോളയിലും അദ്ദേഹം ഒരു അവതാരകനായിരുന്നു. ഏകദേശം നാല് വർഷത്തോളം കൊച്ചിയിലെ ആരതി തിയറ്ററുകളിൽ അദ്ദേഹം പ്രൊഫഷണൽ നാടകവുമായി ബന്ധപ്പെട്ട് ജോലി ചെയ്തു.
മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കോമിക്കോള എന്ന കോമഡി പ്രോഗ്രാമിന്റെ അവതാരകനായി സലിം കുമാറിനെ തെരഞ്ഞെടുത്തു.
1997-ൽ സിദ്ദിഖ് ഷമീർ സംവിധാനം ചെയ്ത ഇഷ്ടമാണ് നൂറു വട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത ശേഷം സിബി മലയിൽ തന്റെ നീ വരുവോളം എന്ന സിനിമയിൽ നല്ലൊരു വേഷം സലിം കുമാറിന് വാഗ്ദാനം ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ അഭിനയം ശരിയല്ലെന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ അദ്ദേഹത്തെ ലൊക്കേഷനിൽ നിന്ന് തിരിച്ചയച്ചു. പിന്നീട് ഇന്ദ്രൻസാണ് ആ വേഷം ചെയ്തത്.
പിന്നീട് 2000-ൽ പുറത്തിറങ്ങിയ സത്യമേവ ജയതേ എന്ന സിനിമയിലെ അഭിനയത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. സത്യമേവ ജയതേ എന്ന ചിത്രത്തിലെ അഭിനയത്തിൽ ആകൃഷ്ടനായ സംവിധായകൻ റാഫി മെക്കാർട്ടിൻ തന്റെ പുതിയ ചിത്രമായ തെങ്കാശിപ്പട്ടണം എന്ന സിനിമയിൽ സലിമിന് ഒരു വേഷം നൽകി. അത് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. 2000-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്.
പിന്നീട് ദിലീപിനൊപ്പം പറക്കും തളികയിൽ പാചകക്കാരനായ കോശിയുടെ വേഷവും 2002-ൽ പുറത്തിറങ്ങിയ മീശ മാധവൻ എന്ന കൾട്ട് കോമഡി സിനിമയിൽ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രവും അദ്ദേഹം അവതരിപ്പിച്ചു. ദിലീപിനൊപ്പം ഹിറ്റായി സലിമിന്റെ കരിയറും മുന്നോട്ട് പോയി.
മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനൻ, കല്യാണരാമൻ അങ്ങനെ ദിലീപും സലിമും ഒന്നിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു.
2003-ൽ ക്ലാസിക് കൾട്ട് സിനിമയായ സി.ഐ.ഡി മൂസയിൽ ഒരു മാനസിക രോഗിയുടെ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തിളക്കത്തിൽ ഓമനക്കുട്ടൻ, മോഹൻലാലിനൊപ്പം കിളിച്ചുണ്ടൻ മാമ്പഴത്തിൽ ഉസ്മാൻ, മമ്മൂട്ടി അഭിനയിച്ച പട്ടാളത്തിൽ എസ്.ഐ. ഗബ്ബാർ കേശവൻ എന്നീ വേഷങ്ങൾ അവിസ്മരണീയമായിരുന്നു.
റൊമാന്റിക്-കോമഡി ചിത്രമായ പുലിവാൽ കല്യാണത്തിലാണ് സലിം കുമാർ തന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രത്തെ അവതരിപ്പിച്ചത്. മണവാളന്റെ നിസഹായമായ മുഖം, ലജ്ജാകരമായ പുഞ്ചിരി, പൈപ്പ് വലിക്കുന്ന ധനികന്റെ അഭിനയം എന്നിവയുൾപ്പെടെയുള്ള നിരവധി ഭാവങ്ങൾ പിന്നീട് കേരള ട്രോൾ സമൂഹത്തിൽ ഒരു കൾട്ട് ഫോളോവേഴ്സിനെ വളർത്തിയെടുത്തു. ഇന്നും മീമുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് സലിമിന്റെ മുഖമാണ്. അങ്ങനെ മലയാളസിനിമയ്ക്ക് ഒഴിവാക്കാനാകാത്ത എത്രയെത്ര വേഷങ്ങൾ. ഒടുവിൽ ദിലീപിന്റെ ഭഭബയിൽ അഡ്വ. മുകുന്ദനുണ്ണി എന്ന കാമിയോ വേഷമാണ് അദ്ദേഹം അവസാനമായി ചെയ്തത്.
-
Kerala
കൊച്ചി: മലയാളത്തിന്റെ പ്രയ നടൻ സലിം കുമാർ (56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.43ന് അന്ത്യം സംഭവിക്കുകയായിരുന്നു. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ ബാധിതനായിരുന്നു.
1969 ഒക്ടോബര്‍ ഒമ്പതിന് വടക്കന്‍ പറവൂരിലാണ് സലിംകുമാര്‍ ജനിച്ചത്.കൊച്ചിന് കലാഭവനിലും സാഗറിലുമെല്ലാം സജീവമായി മിമിക്രി അവതരിപ്പിച്ചു. ഉറ്റസുഹൃത്തായ നാദിര്‍ഷയാണ് സലിംകുമാറിനെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്.1996ൽ ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിന്റെ അരങ്ങേറ്റം.
മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങിയ അദ്ദേഹം സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾക്ക് അർഹനായി.
അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരവും അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള പുരസ്കാരവും ലഭിച്ചു. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്കാരത്തിന് അർഹനായി.
2013 ൽ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും കരസ്ഥമാക്കി. കല്യാണരാമൻ, സിഐഡി മൂസ, മായാവി, മീശ മാധവൻ, തിളക്കം, തെങ്കാശിപ്പട്ടണം, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, ചെസ് എന്നിവ ഉൾപ്പെടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തമിഴ് സിനിമകളിലും അഭിനയിച്ചു.
കംപാർട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകൾ സംവിധാനം ചെയ്തു. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.
Movies
സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ശ്രീജക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിവാഹിതനായ വിവരം ശ്രീജിത്ത് തന്നെയാണ് പങ്കുവച്ചത്.
"നമ്മൾ ഒരിക്കലും അപരിചിതരാകേണ്ടവരല്ലായിരുന്നു. ഇന്ന്, നമ്മൾ ഒന്നിച്ച് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. അതേ... എന്റെ ജീവിതത്തിന് ഏറ്റവും അനുയോജ്യയായ ആളോടൊപ്പം സന്തോഷകരമായ ദാമ്പത്യജീവിതത്തിലേക്ക്... അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തികച്ചും ലളിതവും സ്വകാര്യവുമായ ചടങ്ങായിരുന്നു. ഞങ്ങളുടെ വിവാഹ വാർത്തയായി ഇതിനെ കണക്കാക്കണമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു'. ആനന്ദ് മധുസൂദനൻ കുറിച്ചു.
പി. ജയചന്ദ്രന്റെ ശബ്ദത്തിൽ വൻഹിറ്റായി മാറിയ പൊടിമീശ മുളയ്ക്കണ കാലം...(പാ.വ.) എന്ന ഗാനമാണ് ആനന്ദിനെ ഏറെ പ്രശസ്തനാക്കിയത്. പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്നത് ആനന്ദ് മധുസൂദനനാണ്.
സൂരജ് ടോം സംവിധാനം ചെയ്ത വിശേഷം എന്ന ചിത്രത്തിലൂടെ അദ്ദേഹം അടുത്തിടെ നായകനായും അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, ഗാനരചന, സംഗീതം എന്നിവ നിർവഹിച്ചതും ആനന്ദ് തന്നെയായിരുന്നു.
Movies
കുടുംബാംഗങ്ങൾക്കൊപ്പം ഭാര്യയുടെ ജന്മദിനം വിപുലമായി ആഘോഷിച്ച് നടൻ ബാല. തന്റെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കൾ മുഴുവൻ കോകിലയുടെ പേരിലേക്ക് മാറ്റിയെഴുതിയെന്ന വലിയ വെളിപ്പെടുത്തലും ബാല പിറന്നാളാഘോഷത്തിൽ നടത്തി. തന്റെ കൈയിൽ ഇപ്പോൾ ഒന്നുമില്ലെന്നും താനിപ്പോൾ പാപ്പരായി മാറിയെന്നും ബാല പറയുന്നു.
പിറന്നാൾ സമ്മാനമായി കോകിലയ്ക്ക് നൽകിയ മാലയുടെ വിലയെക്കുറിച്ച് ചോദിച്ച യൂട്യൂബർമാരോടാണ് ബാല സ്വത്തുവിവരങ്ങളെക്കുറിച്ച് പ്രതികരിച്ചത്.
‘‘മാലയുടെ വിലയൊന്നും ആരും ചോദിക്കേണ്ട. ഞാൻ എന്റെ സ്വത്തെല്ലാം കോകിലയ്ക് എഴുതിക്കൊടുത്തു. എന്റെ കൈയിൽ ഇപ്പോൾ ഒന്നുമില്ല, ഞാൻ പാപ്പരാണ്. വേണമെങ്കിൽ എന്നെ ഇനി അറസ്റ്റ് ചെയ്ത് കൊണ്ടുപോകാം. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞാൽ എനിക്ക് പോകേണ്ടി വരും. ഒന്നുമില്ലാത്ത സാധാരണക്കാരനാണ് ഞാൻ ഇപ്പോൾ.’’ ബാല വ്യക്തമാക്കി.
ഇത്രയുംവലിയ സ്വത്തുക്കൾ നൽകാൻ മാത്രം കോകില ബാലയ്ക്ക് എന്താണ് നൽകിയതെന്ന ചോദ്യത്തിന് "അവൾ എന്നെ പൂർണമായി വിശ്വസിച്ചു" എന്നായിരുന്നു നടന്റെ മറുപടി.
ആഘോഷത്തിനിടെ കോകിലയുടെ കഴുത്തിലണിഞ്ഞിരുന്ന മാലയെക്കുറിച്ചും ബാല സംസാരിച്ചു. ഏതാണ്ട് എട്ട് പവനോളം തൂക്കം വരുന്ന ഈ സ്വർണ്ണമാലയ്ക്ക് ഒൻപത് ലക്ഷത്തോളം രൂപ വിലവരുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, തന്റെ കഴുത്തിലുള്ള മാല സ്ഫടികം കൊണ്ടുണ്ടാക്കിയതാണെന്നും അത് കോകില സമ്മാനിച്ചതായതുകൊണ്ട് തന്നെ അതിന് വിലമതിക്കാൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: നടി അന്‍സിബ ഹസന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോം. തന്റെ ഭാഗത്ത് നിന്നും മോശമായ ഒരു പ്രവര്‍ത്തനവും ഉണ്ടായിട്ടില്ലെന്നും ഈ പ്രശ്നങ്ങള്‍ ടാര്‍ഗറ്റഡ് ആണെന്നും ടിനി ടോം മാധ്യമങ്ങളോട് പ്രതികരിച്ചു. അന്‍സിബ തന്റെ സഹോദരിയെ പോലെയായിരുന്നുവെന്നും നന്നായി പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണിതെന്നും ടിനി ടോം പറഞ്ഞു.
താന്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വയ്ക്കാന്‍ കാരണം ടിനി ടോം ആണെന്നായിരുന്നു അന്‍സിബ മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ ജിഹാദി എന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തുവെന്ന് ആരോപിച്ചു, അവിഹിത കഥകള്‍ പടച്ചുവിട്ടു എന്നൊക്കെയാണ് അന്‍സിബയുടെ ആരോപണങ്ങള്‍. നടി രാജി വച്ചതിനെ കുറിച്ചടക്കം പറഞ്ഞാണ് ടിനി പ്രതികരിച്ചത്.
ഒരു മോശമായിട്ടുള്ള പ്രവര്‍ത്തനവും എന്റടുത്തു നിന്നും ഉണ്ടായിട്ടില്ല. ഫെബ്രുവരി 21ന് ആണ് രാജിക്കത്ത് വന്നത്. ഫെബ്രുവരി 22ന് രാജി വയ്ക്കരുത് ജനറല്‍ മീറ്റിംഗ് വരെ കൊണ്ടുപോകണമെന്ന് മെയില്‍ വന്നു. മാര്‍ച്ച് രണ്ടിന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗില്‍ രാജി വച്ചത് പറഞ്ഞിട്ടില്ല. മെയ് 12ന് ആണ് രാജി വച്ചെന്ന് പറഞ്ഞല്ലോ എന്ന് പറഞ്ഞത്.
സ്വന്തമായ തിരക്കുകള്‍ കാരണമാണ് രാജി വച്ചത് എന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നടക്കുന്നതിനിടെ വിളിച്ചപ്പോള്‍ പറഞ്ഞത്. ഇന്ന് ഇവിടെ മെഡിക്കല്‍ ക്യാമ്പ് നടക്കുമ്പോഴാണ് പെട്ടെന്ന് പൊട്ടിത്തെറി പോലെ ഇത് വന്നത്. സ്റ്റേജ് ഷോ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളിച്ചിട്ടുണ്ടാകും. അല്ലാതെ വ്യക്തിപരമായി ഒന്നുമില്ല. ഞാന്‍ ഇങ്ങനെ വിളിച്ചുവെന്ന് വേറെ ആള് പറഞ്ഞുവെന്ന് പറഞ്ഞു.
ഞാന്‍ അങ്ങനെ വിളിച്ചിട്ടില്ല. എന്റെ കൂട്ടുകാര്‍ മൊത്തം മുസല്മാന്മാരാ. പരാതി വരണ്ട ആവശ്യം എന്താണെന്ന് എനിക്കറിയില്ല. എല്ലാം മൊത്തത്തില്‍ കൂട്ടികിഴിച്ച് നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാകും. ഈ പറയുന്നയാള്‍ എന്റെ സഹോദരിയെ പോലെയായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചതാണ്.
ഞാന്‍ അങ്ങനെ വിളിച്ചുവെന്ന് പറയുന്നതിന് തെളിവ് വേണം. മമ്മൂക്കയാണ് എന്നെ സിനിമയില്‍ കൊണ്ടുവന്നത്. ഞാന്‍ മിമിക്രിക്കാരാനാ അതില്‍ ജാതിയും മതവുമില്ല. അതൊന്നും എനിക്കറിയില്ല. ഈ പ്രശ്നങ്ങള്‍ ടാര്‍ഗറ്റഡ് ആണ് എന്ന് ടിനി ടോം പറഞ്ഞു.
National
അഹമ്മദാബാദ്: കൊലക്കേസിൽ അറസ്റ്റിലായി പരോൾ ലഭിച്ചതിന് ശേഷം ഒളിവിൽപോയ ബോളിവുഡ് നടൻ 12 വർഷത്തിനു ശേഷം അറസ്റ്റിൽ. ഹേമന്ത് മോദി(53) ആണ് അറസ്റ്റിലായത്.
അഹമ്മദാബാദിലെ ഘീകാന്ത മെട്രോ സ്റ്റേഷന് സമീപത്തു നിന്നാണ് ഹേമന്ത് മോദിയെ (ഹേമന്ത് നാഗിന്ദാസ് പുരുഷോത്തംദാസ്, വൈഷ്ണവ്) അറസ്റ്റ് ചെയ്തത്.
2014ൽ കൊലക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ ഗുജറാത്ത് ഹൈക്കോടതി അനുവദിച്ച 30 ദിവസത്തെ പരോൾ കാലാവധി അവസാനിച്ചിട്ടും കീഴടങ്ങാതെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
2005ൽ അഹമ്മദാബാദിലെ നരോദ പ്രദേശത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട ഒരു കൊലപാതകക്കേസിലാണ് ഹേമന്ത് വൈഷ്ണവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ബോംബെ പോലീസ് ആക്ടിലെ സെക്ഷൻ 135(1) നൊപ്പം ഐപിസി 302, 324, 147, 148, 149, 120(ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
2005 ജൂൺ 15 ന് രാത്രി ആസാദ് ചൗക്കിനടുത്തുള്ള പാർശ്വനാഥ് ടൗൺഷിപ്പ് പ്രദേശത്ത് ഭൂമി തർക്കത്തെച്ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. നരേന്ദ്ര (നന്നോ യശ്വന്ത് കാംബ്ലെ) ആണ് കൊല്ലപ്പെട്ടത്.
2008 ഓഗസ്റ്റ് 27 ന് കേസിലെ പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മെഹ്സാന ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഹേമന്ത് വൈഷ്ണവിന് 2014 ജൂലൈ 25 ന് ഗുജറാത്ത് ഹൈക്കോടതി 30 ദിവസത്തെ പരോൾ അനുവദിച്ചത്.
പരോൾ കാലാവധി അവസാനിച്ചിട്ടും ഹേമന്ത് മോദി തിരിച്ചെത്തിയില്ല. തുടർന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ, ജയേഷ്ഭായ് ജോർദാർ എന്നിവയുൾപ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങളിലും വാഗ്ലെ കി ദുനിയ പോലുള്ള ടെലിവിഷൻ പ്രോഗ്രാമുകളിലും നാടകങ്ങളിലും ഇയാൾ അഭിനയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കൂടുതൽ നിയമനടപടികൾ നടന്നുവരികയാണ്.
Kerala
കൂത്തുപറമ്പ്: കണ്ണവത്ത് നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടുപേർ മരിച്ചു. കണ്ണവം പോലീസ് സ്റ്റേഷന് മുൻ വശത്ത് ടയർ പഞ്ചർ കട നടത്തുന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശിയായ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം പേരാവൂർ ഭാഗത്തുനിന്ന് എത്തിയ കാർ കണ്ണവം ഭാഗത്തേക്ക് നടന്നുപോവുകയായിരുന്ന ഇരുവരെയും ഇടിച്ച ശേഷം പോലീസിന്റെ കാമറ പോസ്റ്റ് ഇടിച്ച് തകർത്താണ് നിന്നത്. ഇരുവരും സംഭവം സ്ഥലത്തുതന്നെ മരിച്ചു.
അപകടത്തിൽ മരിച്ച ഇസ്മായിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണവത്തെ പരേതരായ അബ്ദുറഹ്മാൻ-ആയിഷ ദന്പതികളുടെ മകനാണ്. ഭാര്യ: സാജിത. മക്കൾ: മുഹമ്മദ് റസൽ, റാഷിദ്. സഹോദരൻ: പരേതനായ അബ്ബാസ്.
മങ്ങാടൻ വാസു-കമല ദന്പതികളുടെ മകനാണ് സജീഷ്. ഭാര്യ: പ്രസീത. മക്കൾ: അനു (വിദ്യാർഥി, തലശേരി ബ്രണ്ണൻ കോളജ്), ആരോമൽ (വിദ്യാർഥി ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ലെനീഷ് (ഡ്രൈവർ), ലെനിത.
സജീഷിന്റെ സംസ്ക്കാരം ഉച്ചയ്ക്ക് ഒന്നിന് വലിയ വെളിച്ചം ശാന്തി വനത്തിലും ഇസ്മയിലിന്റെ കബറടക്കം കണ്ണവം വെളുമ്പത്ത് മഖാം കബർസ്ഥാനിലും നടക്കും.
Movies
വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചതിന്റെ പേരിൽ താൻ കടന്നു പോകുന്ന മാനസിക സമ്മർദങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് രവി മോഹൻ. ആത്മഹത്യയെക്കുറിച്ചുപോലും താന്‍ ചിന്തിച്ചുതുടങ്ങിയെന്ന് സ്വയം മുറിവേൽപ്പിച്ച കൈ ഉയർത്തിക്കാട്ടി രവി മോഹൻ വെളിപ്പെടുത്തി.
രവി മോഹന്റെ വാക്കുകൾ
‘ഒരാളുടെ ജീവിതത്തിൽ കഷ്ടപ്പാട് വരുമ്പോഴാണ് ആരാണ് ശരിക്കും അവർക്കൊപ്പം ഉള്ളതെന്ന് തിരിച്ചറിയുന്നത്. അങ്ങനെയാണ് കെനിഷ എന്റെ ജീവിതത്തിലേക്ക് വന്നത്. അവർ എങ്ങനെയാണ് വളർന്നത് എന്ന് അറിയാമോ? അവർക്കെതിരെയും സൈബറാക്രമണം അഴിച്ചുവിട്ടു.
ഒരു സ്ത്രീ എന്നെ മനസ്സിലാക്കി. അപ്പോൾ അവർക്കെതിരെ ആയി ആക്രമണം! ഞാൻ ആദ്യമായിട്ടാണോ സ്ത്രീകളെ കാണുന്നത്? സുന്ദരികളായ സ്ത്രീകൾക്കൊപ്പം അഭിനയിക്കുന്നത് എന്റെ ജോലിയാണ്.
അപ്പോഴൊക്കെ അന്വേഷിക്കാൻ ഓരോരുത്തരെ വിട്ടിരുന്നില്ലേ? എന്നിട്ട് എന്തെങ്കിലും തെളിവ് കിട്ടിയോ? ഇനി എന്റെ തെളിവുകൾ വരും. ഓരോ ദിവസവും വരും. അവളുടെ കുടുംബത്തിൽ നിന്നു തന്നെ വരും.
അവളുടെ കുടുംബത്തിലെ തന്നെ ചിലർ എന്നോടു പറഞ്ഞു, അവർ കാര്യങ്ങൾ തുറന്നു പറയട്ടെ എന്ന്. അവരോടൊക്കെ ഞാൻ ഇതുവരെ വേണ്ടെന്നേ പറഞ്ഞിട്ടുള്ളൂ. ഇതു ഞാൻ കൈകാര്യം ചെയ്യാമെന്നാണ് പറഞ്ഞത്. ആ വീട്ടിൽ പോയി ചോദിക്ക്! എന്തൊക്കെയാണ് നടന്നിട്ടുള്ളതെന്ന് ആ വീട്ടിലുള്ളവർ തന്നെ പറയും.
എന്റെ അപ്പയും അമ്മയും എന്റെ കാലു പിടിച്ചു പറഞ്ഞതാണ് ഈ കുടുംബം വേണ്ടെന്ന്. അന്ന് അവർ പറഞ്ഞത് കേട്ടില്ല. ഇന്ന് അവർ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. എന്റെ അപ്പയും അമ്മയും പറഞ്ഞിട്ട് ഞാൻ ആർതിയെ ജോലിക്ക് വിട്ടില്ലെന്നാണ് ആരോപണം.
ഞാൻ സമ്പാദിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആർതി ജോലി ചെയ്യുന്നതെന്ന് അവർ ചോദിച്ചു. അപ്പോഴാണ് ഞങ്ങൾ ആ വീട് വിട്ട് പുറത്തേക്ക് വന്നത്. അതിനുശേഷം ജോലിയുടെ കാര്യം ആർതി എന്തുകൊണ്ട് ചോദിച്ചില്ല? ഫെമിനിസ്റ്റ് ആയിരുന്നെങ്കിൽ എന്തു ചെയ്യണം? ഞാൻ ജോലിക്കു പോകുമെന്ന് പറയണ്ടേ?
എനിക്കെതിരെ ഇപ്പോൾ തന്നെ കുറെ കേസുണ്ട്. എന്നിട്ടും നിങ്ങളോട് എല്ലാവരോടും ഞാൻ ചിരിച്ചാണ് സംസാരിക്കുന്നത്. എപ്പോഴും ചിരിച്ചാണ് ഞാൻ സംസാരിച്ചിട്ടുള്ളത്. എപ്പോഴെങ്കിലും ഞാൻ സങ്കടത്തോടെ ഇരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? കാരണം, സന്തോഷത്തോടെയാണ് ഞാൻ ജീവിച്ചിരുന്നത്. ഒരിത്തിരിയെങ്കിലും സ്നഹം എന്നോടു കാണിച്ചിരുന്നുവെങ്കിൽ ഇതുപോലെയൊക്കെ എനിക്കു വന്നു സംസാരിക്കേണ്ടി വരുമോ?
എന്തുകൊണ്ടാണ് എന്നെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കാത്തത്? എന്തു തെറ്റാണ് ഞാൻ ചെയ്തത്? നിയമപരമായി ഞാനെന്തെങ്കിലും ചെയ്തോ? ഈ 45–ാം വയസ്സിൽ ഇതിന്റെയൊക്കെ പിന്നാലെ ഓടേണ്ടി വരുന്നുവെന്ന് ആലോചിക്കുമ്പോൾ സഹിക്കുന്നില്ല.
എന്റെ എല്ലാം ഞാൻ കൊടുത്തു. അതാണ് ഞാൻ ചെയ്ത വലിയ തെറ്റ്. എന്റെ വിശ്വാസം, ജീവിതം– എല്ലാം കൊടുത്തു. എന്റെ പേരിൽ ഒരു അക്കൗണ്ട് പോലും ഇല്ല. എനിക്കുണ്ടായിരുന്നത് ഒരു ജോയിന്റ് അക്കൗണ്ട് ആയിരുന്നു, എന്റെ മുൻഭാര്യയുടെ കൂടെ! കാർഡ് ഉപയോഗിച്ചാൽ ഉടനെ കോൾ വരും.
എന്താണ് ചെയ്തത്, എന്തിനാണ് അതു ചെയ്തത് എന്നു ചോദിച്ച്! ഞാനല്ലേ സമ്പാദിക്കുന്നത്. എന്റെ ജീവിതത്തിൽ വലിയ അന്യായം ആണ് നടന്നത്. പറയാൻ പോലും കഴിയാത്ത രീതിയിൽ അന്യായം നടന്നിട്ടുണ്ട്.
ഞാനിപ്പോൾ ജീവിച്ചിരിക്കാൻ പാടില്ല, അതാണ് അവരുടെ ആവശ്യം. അതു നടക്കും. പക്ഷേ, എന്നോടു ചെയ്തവർക്കുള്ളത് കൊടുത്തിട്ടേ ഞാൻ പോകൂ. സന്തോഷമായി ചിരിച്ചു പോകും. അതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
നോക്കൂ (കൈ തണ്ട ഉയർത്തിക്കാട്ടി)... ഞാൻ എന്നെത്തന്നെ ഉപദ്രവിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്റെ കുട്ടികളെ കാണാൻ സമ്മതിക്കുന്നില്ല. അന്നു മുതൽ ഞാൻ എന്നെത്തന്നെ വേദനിപ്പിക്കാൻ തുടങ്ങി. ഇതേ നടക്കൂ. അതാണ് അവർക്കു വേണ്ടത്.
ഞാനവർക്കു വേണ്ടി എല്ലാം നൽകി. ഇനിയില്ല. അവരോട് വരാൻ പറ. എല്ലാ തെളിവുകളും എന്റെ കൈയിലുണ്ട്. ആരാധകർ ക്ഷമിക്കണം. ഇനിയെന്ന് എന്റെയൊരു സിനിമ വരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. എന്നെക്കൊണ്ട് ഇപ്പോൾ അഭിനയിക്കാൻ കഴിയില്ല. എന്റെ ഇമേജ് തിരിച്ചു പിടിച്ച് ഞാൻ തിരികെ വരും. അത് എന്റെ കൈയിലല്ല, ദൈവത്തിന്റെ കൈയിലാണ്.’
Movies
ചെറിയ വേഷങ്ങളിലൂടെ മലയാളസിനിമയിൽ തന്റേതായ ഇടം നേടി നടനായിരുന്നു സന്തോഷ് കെ. നായർ.1982-ൽ ഇത് ഞങ്ങളുടെ കഥ എന്ന പി.ജി. വിശ്വംഭരൻ സിനിമയിലൂടെ മലയാളചലച്ചിത്ര ലോകത്തേയ്ക്കെത്തി. 44 വർഷമായി തുടരുന്ന ആ അഭിനയ ജീവിതം പെട്ടെന്നൊരു യാത്രയിൽ അവസാനിച്ചു.
2026 ഏപ്രിലിൽ പുറത്തിറങ്ങിയ മോഹിനിയാട്ടത്തിൽ ശ്രദ്ധേയമായ വേഷമായിരുന്നു സന്തോഷ് ഏറ്റവും ഒടുവിൽ ചെയ്തത്. അതിലെ ക്ഷേത്രകമ്മിറ്റിക്കാരനായിട്ടായിരുന്നു വേഷം. വേഷം ചെറുതാണെങ്കിലും നിർണായകമായ ഒരു കഥാപാത്രം തന്നെയായിരുന്നു അത്.
അമ്പലത്തിലെ കാണിക്കയിൽ നടത്തിയ തിരിമറി ഒളിപ്പിക്കാൻ ശ്രമിക്കുന്നതും പിന്നീട് അതേതുടർന്ന് അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളുമാണ് സന്തോഷിന്റെ കഥാപാത്രം അവതരിപ്പിച്ചത്. ചിത്രം തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി ഇപ്പോഴും പ്രദർശനം തുടരുന്നതിനിടിയിലാണ് ഈ അപ്രതീക്ഷിത വിയോഗം.
തുടക്കകാലം വില്ലൻ വേഷങ്ങളായിരുന്നു അവതരിപ്പിച്ചിരുന്നതെങ്കിലും പിന്നീടത് ഹാസ്യ റോളുകളിലേയ്ക്കും മാറിയിരുന്നു. ഇത്തരം വേഷങ്ങളേ ചെയ്യുകയുള്ളൂവെന്ന് യാതൊരു ശാഠ്യവും സന്തോഷിനില്ലായിരുന്നു. ഏത് സാഹസിക രംഗങ്ങളും അനായാസമായി അവതരിപ്പിക്കാൻ കഴിയുന്ന ചുരുക്കം ചിലരിലൊരാളായിരുന്നു അദ്ദേഹം.
നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം വില്ലനും ഹാസ്യതാരവും പ്രതിനായകനും സഹനടനും ഏതാനും ചിത്രങ്ങളിൽ നായകനായും തിളങ്ങി.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, രതീഷ്, ശഹ്കർ, ജയറാം, റഹ്മാൻ, ബാലചന്ദ്രമേനോൻ എന്നിവരുടേയെല്ലാം വില്ലൻ ജോഡിയായി സന്തോഷ് അഭിനയിച്ചിട്ടുണ്ട്. ഇതു ഞങ്ങളുടെ കഥയിലൂടെ തുടങ്ങിയ സന്തോഷ്, തൊട്ടടുത്ത വർഷം നാണയം, പിൻനിലാവ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
ഏപ്രിൽ 18, ഇവിടെ തുടങ്ങുന്നു എന്നീ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ തിരക്കുള്ള നടനായി. 1985-ൽ 18-ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ യുവജനോത്സവത്തിലെ പോസിറ്റീവ് റോളും പിന്നീട് വന്ന മോഹൻലാൽ ചിത്രം ഇരുപതാം നൂറ്റാണ്ടിലെ ജാക്കിയുടെ വലംകൈയായ ലോറൻസ് എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.
എംജി കോളജില്‍ പഠിക്കുന്ന സമയത്ത് മോഹന്‍ലാല്‍, സന്തോഷിനഎ സീനിയറായിരുന്നു. മോഹൻലാലുമായുള്ള കോളജ് കാലഘട്ടത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും സന്തോഷ് തുറന്നു പറഞ്ഞിട്ടുണ്ട്.
‘‘ഞാനും ലാലും ഒരേ കാലഘട്ടത്തിലാണ് എംജി കോളജില്‍ പഠിക്കുന്നത്. ഞാന്‍ ബിഎസ് സി മാത്തമാറ്റിക്സ് ആയിരുന്നു. മോഹന്‍ലാല്‍ കൊമേഴ്സ് ആയിരുന്നു. പ്രീഡിഗ്രി ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അത് കഴിഞ്ഞിട്ട് വേഗം എൻജിനീയറാകാനുള്ള ത്വരയില്‍ ഞാന്‍ ചിന്മയ ക്ലാസില്‍ പോയി ചേര്‍ന്നു.
ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ മനസിലായി എനിക്ക് അത് പറ്റില്ല എന്ന്. പിന്നെ തിരിച്ച് വന്ന് ബിഎസിക്ക് ചേര്‍ന്നു. അങ്ങനെ വന്നപ്പോള്‍ ലാല്‍ ഒരു വര്‍ഷം സീനിയറായി. ഞങ്ങള്‍ ഒരേ പ്രായമാണ്. നാലഞ്ച് മാസത്തിന്റെ വ്യത്യാസമേ ഉള്ളൂ. ഞാന്‍ അവിടെ മാഗസിന് എഡിറ്ററൊക്കെ ആയിട്ടുള്ള ആളായിരുന്നു.
അപ്പോള്‍ വേണമെങ്കില്‍ കോളജില്‍ കുട്ടി ഹീറോ കളിച്ച് നടന്നു എന്നൊക്കെ പറയാം. ബുള്ളറ്റിലൊക്കെ കറക്കവുമൊക്കെ ആയിട്ട് പോയിരുന്നു. മോഹന്‍ലാല്‍ എസ്എഫ്ഐയുടെ ഭാഗമായിരുന്നു. എസ്എഫ്ഐ എന്ന് പറയുമ്പോള്‍ ഇന്നത്തെ പോലെ തന്നെ അന്നും അതിന്റേതായിട്ടുള്ള ടെററൊക്കെ ഉണ്ടായിരുന്നു.
പക്ഷേ ഞങ്ങളുടെ പാര്ട്ടിയുമായിട്ട് അധികം അടിയും പിടിയും നടന്നിട്ടില്ല. ഞാന്‍ ഡിഎസ്യു ആയിരുന്നു. അന്ന് എന്‍എസ്എസിന്റെ ഒരു പാര്‍ട്ടി ഉണ്ടായിരുന്നു എന്‍ഡിപി. അതിന്റെ വിദ്യാര്‍ത്ഥി സംഘടനയായിരുന്നു ഡിഎസ് യു. എബിവിപിയല്ല. എല്ലാവരും പറയും ഞാന്‍ എബിവിപിയാണ് എന്ന്.
എബിവിപി അന്നും ഉണ്ട്. പക്ഷേ അവര്‍ തിരഞ്ഞെടുപ്പില്‍ നില്‍ക്കില്ല. തിരഞ്ഞെടുപ്പില്‍ നില്ക്കാന് വേണ്ടിയാണ് ഞാന്‍ ഡിഎസ്യുവില് ആയത്. ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു. ഞാന്‍ ശാഖയിലുണ്ടായിരുന്നു. ശിക്ഷക്, മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു. പിന്നീട് സിനിമയില്‍ എത്തി.’’ സന്തോഷിന്റെ വാക്കുകൾ.
Movies
നടൻ സന്തോഷിന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മോഹൻലാൽ. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട ആളായിരുന്നു സന്തോഷെന്നും പണ്ടു മുതലേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം തനിക്കെന്നും മോഹൻലാൽ കുറിച്ചു.
ഏറെ വിഷമിപ്പിക്കുന്ന ഒരു ദു:ഖവാര്‍ത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജില്‍ എന്റെ ജൂനിയറായിരുന്നു സന്തോഷ്.
ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസിന്റെയുടമ. സന്തോഷിന്റെ അകാലത്തിലുള്ള വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികൾ. മോഹൻലാൽ കുറിച്ചു.
പത്തനംതിട്ടയിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് സന്തോഷ് നായരുടെ അപ്രതീക്ഷിത വേർപാട്. സന്തോഷ് നായരും കുടുംബവും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
Movies
വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ സന്തോഷ് കെ. നായരുടെ വിയോഗം ഞെട്ടലോടെയാണ് മലയാളികൾ കേട്ടുണർന്നത്. ഇന്നു രാവിലെ ആറരയോടെ പത്തനംതിട്ട ഏനാത്തു വച്ചു നടന്ന വാഹനാപകടത്തിലാണ് സന്തോഷ് മരിച്ചത്.
സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരിക്കേറ്റിട്ടുണ്ട്.
1982ൽ പുറത്തിറങ്ങിയ ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തിയത്. തുടർന്നിങ്ങോട്ട് നൂറിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.
സൈജു കുറുപ്പ് നായകനായെത്തിയ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് സന്തോഷ് ഏറ്റവും അവസാവമായി അഭിനയിച്ച ചിത്രം.
1960 നവംബർ 12ന് തിരുവനന്തപുരത്ത് സി.എൻ. കേശവൻ നായരുടെയും പി. രാജലക്ഷ്മി അമ്മയുടെയും മകനായാണ് ജനനം. എംജി കോളജിൽ നടൻ മോഹൻലാലിന്റെ ജൂനിയറായിരുന്നു.
തിരുവനന്തപുരത്തെ പേട്ടയിലാണ് അദ്ദേഹം വളർന്നത്. സർക്കാർ ഉദ്യോഗസ്ഥരായിരുന്ന മാതാപിതാക്കൾ ഡെപ്യൂട്ടേഷനിൽ എത്യോപ്യയിലേക്ക് പോയതിനുശേഷം സന്തോഷ് മുത്തച്ഛനും മുത്തശിക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്.
അഭിഭാഷകരായിരുന്നു അവർ. തിരുവനന്തപുരത്തെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് സന്തോഷ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
Movies
സിനിമ നിർമിച്ച് കടക്കെണിയിലായെന്നും ഇനിയും പിടിച്ചുനിൽക്കാനാകില്ലെന്നും നടൻ സുബീഷ് സുധി. തന്റെ ഫോണിലേയ്ക്ക് ഇപ്പോൾ കടം വാങ്ങിയവർ പൈസ തിരികെ ചോദിക്കാൻ വിളിക്കുന്നതേയുള്ളൂവെന്നും സാമ്പത്തികബാധ്യത മൂലം രണ്ടു തവണ ജീവനൊടുക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വെളിപ്പെടുത്തി.
സുബീഷ് സുധിയുടെ വാക്കുകൾ
വലിയ സ്വപ്നങ്ങൾക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഒരു ജൂനിയർ ആർടിസ്റ്റ് ആയി വന്ന ഞാൻ 80 ഓളം സിനിമകളിൽ അഭിനയിച്ചു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പടത്തിൽ നായകനായി. ഞാനും എന്റെ സുഹൃത്തുകളും ചേർന്നാണ് നിർമ്മിച്ചത്.
2024 മാർച്ച് എട്ടിന് പ്രേമലുവും മഞ്ഞുമ്മൽ ബോയിസും തിയേറ്റർ നിറഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു. പിന്നെ നോമ്പ് മാസവും പരീക്ഷയും ആയിരുന്നു. പ്രതികൂല കാലാവസഥയിലും പടം കണ്ടവർ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാം റിവ്യൂവേഴ്സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. മാധ്യമങ്ങൾ 5 ൽ 4 സ്റ്റാർ തന്നു. എന്റെ ഭാഗ്യക്കേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.
സിനിമ ഇറങ്ങുന്നതിനു മുന്നേ പ്രശ്നങ്ങൾ ആയിരുന്നു. ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ സിനിമയുടെ പേരിൽ നിന്ന് ഭാരതം സെൻസർ ബോർഡ് കട്ട് ചെയ്തു. റിലീസിനു രണ്ടു ദിവസം മുന്നേ തിരക്കഥകൃത്തു നിസാംക്ക മരണപെട്ടു. പിന്നേ ഈ സിനിമ വിൽക്കാൻ ബോംബയിൽ പോയി അവിടെ കുറെ ഏജന്റുമാർ പൈസ വാങ്ങി പറ്റിച്ചു എന്നല്ലാതെ ഒന്നും നടന്നില്ല.
ഞാൻ നേരായ വഴിയിൽ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വിട്ടാൻ ഒരുപാടു ശ്രമിച്ചു. അതും നടക്കാതെ പോയി ഞാൻ വല്ലാത്ത അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്.
എന്റെ വീട് ജപ്തിയിൽ ആണ്. സിനിമയ്ക്കു വേണ്ടി ഫണ്ട് തന്നവർ എനിക്കു എതിരെ കേസ് കൊടുത്തു. അത് വാറണ്ട് ആയി. എന്നെ എപ്പോൾ വേണമെങ്കിലും ജയിലിൽ ഇടുന്ന അവസ്ഥയിൽ ആണ്. ഇപ്പോൾ എന്റെ ഫോണിലേക്കു പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവർ എന്റെ ഫോൺ പോലും എടുക്കാതായി. ഒരു ദിവസം നാൽപതോളം കോളുകൾ ആണ് വരുന്നത് കടക്കാരുടേത്.
പിടിച്ചു നിൽക്കാനാവാതെ രണ്ടു തവണ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചു. എന്നെ ദൈവത്തിനു പോലും വേണ്ട. ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനു മുന്നേ ഞാൻ രണ്ടു മൂന്ന് സുഹൃത്തുക്കൾക്ക് മെസേജ് അയച്ചിരുന്നു.
അവരിൽ ആരോ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ അറിയിക്കുകയും എന്നെ അവിടെ നിന്ന് വിളിപ്പിക്കുകയും ചെയ്തു. അശ്വതി മാഡം എന്റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും നിങ്ങളെ ആരെങ്കിലും സഹായിക്കാതിരിക്കില്ല ജീവിതത്തിൽ ധൈര്യമായി മുന്നോട്ടുപോകൂ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.
ഈ നല്ല സിനിമ തിയറ്ററിൽ എത്തിക്കാൻ ശ്രമിച്ച സതീഷേട്ടനും വർക്കിച്ചനും സാമ്പത്തിക ബാധ്യതയിൽ ആണ്. എന്റെ പടത്തിന്റെ പ്രൊഡ്യൂസർമാറും സമാന അവസ്ഥയിൽ ആണ്.
ഒരു അടിപോലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ്. എന്തു ചെയ്യണമെന്നറിയില്ല, ആരെങ്കിലും സഹായിക്കുമോ എന്നറിയില്ല, പക്ഷേ പ്രതീക്ഷയുണ്ട്. അതിജീവനത്തിന്റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്, കനിവ് ഉണ്ടാകണം.
Movies
തന്റെ 60-ാം ജന്മദിനത്തിൽ വീണ്ടും റെമോയായി വിക്രം. താരം പങ്കുവച്ചൊരു വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിലടക്കം വൈറലാണ്. ഈ പ്രായത്തിലും എന്തൊരു ലുക്കാണെന്നാണ് വീഡിയോ കണ്ട് ആരാധകർ ചോദിക്കുന്നത്. മകൻ ധ്രുവ് ആണ് വീഡിയോ പകർത്തിയിരിക്കുന്നത്.
റെമോ എന്ന കമന്റുമായി നടൻ ഉണ്ണി മുകുന്ദനും വിക്രത്തിന്റെ ഫീഡിലെത്തി.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘വീര ധീര സൂരൻ’ ആണ് വിക്രം അവസാനമായി അഭിനയിച്ച സിനിമ. ബോദി കെ. രാജ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടന്റെ പുതിയ പ്രോജക്ട്.
Movies
തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോലീസ് പരിശോധന ശക്തമാകുകയാണ്. ഇതിനിടെ തമിഴ് നടൻ അർജുൻ ദാസിന്റെ കാറിൽ നിന്ന് വലിയതോതിൽ പണം പിടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ചെന്നൈ മംഗളാപുരത്ത് വെച്ച് ഫ്ലൈയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നടൻ പണവുമായി കുടുങ്ങിയെന്നും പോലീസുകാരുമായി തർക്കമുണ്ടായെന്നുമാണ് വീഡിയോ സൂചിപ്പിക്കുന്നത്.
പരിശോധനയ്ക്കായി കാറിന്റെ ഡിക്കി തുറന്ന പോലീസുകാർ കണ്ടെത്തിയത് ബാഗുകളിൽ നിറയെ പണമാണ്. ഇതിന്റെ വീഡിയോയാണ് വൈറലാകുന്നത്. കാറിലുണ്ടായിരുന്ന സംഗീത സംവിധായകൻ ഷോൻ റോൾഡൻ സാഹചര്യം വിശദീകരിക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. അർജുനാണ് കാർ ഓടിച്ചത്.
എന്നാൽ, ഇത് തെരഞ്ഞെടുപ്പ് സമയമാണ്, നിങ്ങൾ ആരായാലും കുഴപ്പമില്ല, മുഖ്യമന്ത്രി വന്നാലും പരിശോധന കഴിഞ്ഞേ വിടൂ എന്ന് പോലീസ് കർശനമായി പറയുന്ന ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം ഇന്റർനെറ്റിൽ തരംഗമായി. എന്നാൽ ഈ വീഡിയോ ഒരു ബോധവത്കരണത്തിന്റെ ഭാഗമായി എടുത്തതാണ്.
National
ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്യുടെ റോഡ് ഷോകൾ റദ്ദാക്കി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയിൽ ഇന്ന് നടത്താനിരുന്ന റോഡ് ഷോകളാണ് റദ്ദാക്കിയത്. പ്രചാരണത്തിനായി ആവശ്യപ്പെട്ട സമയം പോലീസ് അനുവദിക്കാത്തതിനെത്തുടർന്നാണ് നടപടിയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ചെന്നൈയിലെ ടി. നഗർ, വില്ലിവാക്കം മണ്ഡലങ്ങളിലായിരുന്നു ഇന്ന് വിജയ് വോട്ടഭ്യർഥിച്ച് എത്തേണ്ടിയിരുന്നത്. വില്ലിവാക്കത്ത് രാവിലെ 11 മുതൽ ഒന്നു വരെയും ടി. നഗറിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ ആറ് വരെയുമാണ് അനുമതി തേടിയിരുന്നത്. എന്നാൽ രണ്ട് ഇടങ്ങളിലും ഒരു മണിക്കൂർ വീതം മാത്രമാണ് പോലീസ് അനുമതി നൽകിയത്. ഈ ചുരുങ്ങിയ സമയം കൊണ്ട് കാര്യക്ഷമമായ പ്രചാരണം സാധ്യമല്ലെന്ന് വിലയിരുത്തിയാണ് പരിപാടികൾ റദ്ദാക്കാൻ തീരുമാനിച്ചത്.
തിങ്കളാഴ്ച പെരമ്പൂരിലും വ്യാഴാഴ്ച തിരുച്ചിറപ്പള്ളിയിലും ശനിയാഴ്ച പുതുച്ചേരിയിലും വിജയ് വമ്പിച്ച റോഡ് ഷോകൾ നടത്തിയിരുന്നു. സ്ഥാനാർഥി പട്ടിക പൂർത്തിയാക്കി നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം എല്ലാ ദിവസവും പൊതുയോഗങ്ങളും പ്രചാരണ പരിപാടികളും ഉണ്ടാകുമെന്ന് പാർട്ടി നേരത്തെ അറിയിച്ചിരുന്നു.
മറ്റ് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ദിവസം മൂന്നും നാലും യോഗങ്ങളിൽ പങ്കെടുക്കുമ്പോഴാണ് വിജയിയുടെ പ്രചാരണ പരിപാടികൾ തടസപ്പെടുന്നത്. ടി. നഗറിൽ ബുസി ആനന്ദും വില്ലിവാക്കത്ത് ആധവ് അർജുനയുമാണ് ടിവികെ സ്ഥാനാർഥികളായി മത്സരിക്കുന്നത്.
National
ഭുവനേശ്വർ: ഷൂട്ടിംഗിനിടെ ഒഡീഷയിൽ കടലിൽ ബോട്ട് മറിഞ്ഞ് ബംഗാളി നടൻ മരിച്ചു. പ്രമുഖ ബംഗാളി ചലച്ചിത്ര-സീരിയൽ നടനായ രാഹുൽ അരുണോധയ് (42) ആണു മരിച്ചത്. ദിഗ്ഗയ്ക്കടുത്ത താൽസാരി ബീച്ചിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ടിവി സീരിയലിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി ബോട്ടിൽ യാത്ര ചെയ്തു കടലിലേക്കു ചാടിയപ്പോൾ തിരമാലകളിൽപ്പെടുകയായിരുന്നു. ഉടൻ യൂണിറ്റ് അംഗങ്ങളും ടെക്നീഷ്യന്മാരും ചേർന്നു രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1983 ഒക്ടോബർ 16ന് കോൽക്കത്തയിൽ ജനിച്ച രാഹുൽ 2008ലെ ചിരോധിനി തുമി ജെ ആമാർ എന്ന സിനിമയിലൂടെയാണു ശ്രദ്ധേയനായത്. തുടർന്ന് നിരവധി ചലച്ചിത്രങ്ങളിലും ടിവി സീരിയലുകളിലും അഭിനയിച്ചു. ആദ്യസിനിമയിലെ സഹതാരമായിരുന്ന പ്രിയങ്ക സർക്കാർ ആണു ഭാര്യ. ഒരു മകനുണ്ട്. 2017ൽ ദന്പതികൾ പിരിഞ്ഞെങ്കിലും 2021ൽ വീണ്ടും ഒന്നിച്ചു.
Movies
ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന സിനിമ കണ്ടിറങ്ങുമ്പോൾ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്ന് ഉണ്ണിത്തമ്പുരാന്റേതായിരുന്നു. ലാലിനൊപ്പം കളിയാട്ടത്തിൽ ഉണ്ണിത്തമ്പുരാനെ അവതരിപ്പിച്ചത് ഇ. എ. രാജേന്ദ്രൻ എന്ന നടനായിരുന്നു. കളിയാട്ടത്തിൽ ആടിത്തിമർത്ത രാജേന്ദ്രന് പിന്നെ മലയാള സിനിമയുടെ തട്ടകം വിട്ട് ഇറങ്ങിപ്പോരേണ്ടി വന്നില്ല.
സത്യത്തിൽ ഒരു രണ്ടാം വരവായിരുന്നു മലയാള സിനിമയിലേക്ക് കളിയാട്ടത്തിലൂടെ ജയരാജ് ഒരുക്കിയത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്തു വന്ന രാജേന്ദ്രൻ, വി.ആർ. ഗോപിനാഥിന്റെ ഗ്രീഷ്മം എന്ന സിനിമയിൽ അഭിനയിച്ചിരുന്നുവെങ്കിലും പിന്നീട് കുറേക്കാലം ചലച്ചിത്രമേഖലയിൽ നിന്ന് മറ്റ് അവസരങ്ങളൊന്നും ഇദ്ദേഹത്തെ തേടിയെത്തിയില്ല.
നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു തിരികെയെത്തിയത് ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ്.. ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്തതയാണ് രാജേന്ദ്രനെ കളിയാട്ടത്തിൽ പെട്ടെന്ന് ശ്രദ്ധേയനാക്കിയത്.
Kerala
കൊല്ലം: നാടക-സിനിമ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ(71) അന്തരിച്ചു. പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിൽ വച്ചാണ് അന്ത്യം.
പുലർച്ചെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.
നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച തൃശൂർ തൃത്തല്ലൂരിൽ. ഭാര്യ: സന്ധ്യ രാജേന്ദ്രൻ. മകൻ: ദിവ്യ ദർശൻ.
Kerala
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. കണ്ണൂരിൽ മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം. കെഎസ്യു ആക്രമണത്തെ തുടർന്നാണ് പരിക്കേറ്റതെന്നാണ് വീണാ ജോർജും സിപിഎമ്മും പറയുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ട് ജോയ് മാത്യു ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു.
അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണെന്നാണ് ജോയ് മാത്യു കുറിച്ചത്. മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്. എന്നും മികച്ച അഭിനേതാക്കൾക്കൊപ്പമെന്നും അദ്ദേഹം കുറിച്ചു.
നാടകം വളരട്ടെ എന്ന് കുറിച്ചുകൊണ്ടാണ് ജോയ് മാത്യു പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. എഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണെന്നും എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നുണ്ടെന്നും ജോയ് കുറിച്ചിട്ടുണ്ട്.
ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.
എ ഐ വന്നതോടെ
അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്.
എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക്
കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ
മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്.
മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്
എന്നും മികച്ച അഭിനേതാക്കൾക്കൊപ്പം
നാടകം വളരട്ടെ!
Kerala
തിരുവനന്തപുരം: ലൈംഗികാതിക്രമകേസിൽ പ്രതിയായ നടൻ സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ അനുമതി. ഇതു കൂടാതെ പാസ്പോർട്ടും തിരികെ നൽകി. ഷാർജയിൽ നടത്തുന്ന "രാജകീയം’ എന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്നതിനാണു കോടതി അനുമതി നൽകിയത്.
മാർച്ച് 31ന് പാസ്പോർട്ട് തിരികെ കോടതിയിൽ നൽകുവാനും ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സുപ്രീകോടതി അനുവദിച്ച ജാമ്യവ്യവസ്ഥകൾ പ്രകാരമാണു പ്രതി സിദ്ദിഖ് കോടതിയിൽ പാസ്പോർട്ട് നൽകിയത്.
ഈ ഉപാധിയിലാണു കോടതി മാർച്ച് 31 വരെ പ്രതിയുടെ ജോലി ആവശ്യങ്ങൾക്കായി ഇളവു നൽകിയത്. 2016 ജനുവരി 28ന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണു യുവ നടിയുടെ പരാതി. കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
Kerala
കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പു കേസില്‍ നടന് ജയസൂര്യയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡി. 39 ലക്ഷത്തിന്റെ സ്വത്തുകളാണ് ഇഡി മരവിപ്പിച്ചത്. ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്ന ജയസൂര്യയെ രണ്ടു തവണ കൊച്ചിയിലെ ഓഫീസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു.
തട്ടിപ്പിലൂടെ സേവ് ബോക്സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയും ഉള്‍പ്പെട്ടിരുന്നു. ആപ്പുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവന്‍ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ ഹാജരാക്കാന്‍ ജയസൂര്യയ്ക്കു സമയം അനുവദിച്ചിരുന്നു. നൂറോളം പേരില്‍നിന്നു കോടികള്‍ തട്ടിയ ആപ്പ് ഉടമയായ തൃശൂര്‍ സ്വദേശി സ്വാതിക് റഹീമിനെ 2023ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യ സരിത ജയസൂര്യയുടെയും പേരിലുളള അക്കൗണ്ടുകളിലേക്കു പല ഘട്ടങ്ങളായി ഈ സ്ഥാപനത്തില്‍നിന്നു വന്നതായി ഇഡി കണ്ടെത്തിയിരുന്നു. ഇതു തട്ടിപ്പുമായി ബന്ധപ്പെട്ട പണമായതിനെത്തുടര്‍ന്നാണ് സ്വത്ത് മരവിപ്പിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍. ചലച്ചിത്ര ചെയര്മാന് സ്ഥാനത്തുനിന്ന് നീക്കുമ്പോള്‍ കാണിക്കേണ്ട സാമാന്യ മര്യാദ പോലും തന്നോട് കാണിച്ചില്ല. മാന്യതയോടെ പറഞ്ഞുവിടണമായിരുന്നെന്നും പ്രേംകുമാര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആശാ വര്‍ക്കര്‍മാരുടെ സമരം പരിഹരിച്ചില്ലെങ്കില്‍ അത് സര്‍ക്കാരിന് ദോഷം ചെയ്യുമെന്ന് സദുദ്ദേശപരമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തന്നെ പുറത്താക്കിയതെന്നാണ് കരുതുന്നത്.- പ്രേംകുമാര്‍ പറഞ്ഞു.
"ഒരറിയിപ്പുമില്ലാതെയാണ് തന്നെ പുറത്താക്കിയത്. പുറത്താക്കുന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. അതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല. ഒരു സ്ഥാനത്ത് കുറച്ചുകാലമായി പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ നമുക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരുണ്ട്. അവരോട് ഒരു നന്ദി പറയാനുള്ള അവസരം പോലും ലഭിച്ചില്ലെന്നതാണ് വിഷമം'.
"മാന്യമായ യാത്ര അയപ്പ് പോലും ആവശ്യപ്പെടുന്നില്ല. നമ്മുടെ വീട്ടില്‍ ജോലി ചെയ്യുന്ന ഒരാളുണ്ടന്ന് കരുതുക. നാളെ മുതല്‍ അയാള്‍ വരേണ്ടെന്ന് തീരുമാനിച്ചാല്‍ നമ്മള് ഇന്നുതന്നെ അദ്ദേഹത്തോട് പറയും. കൂലി ബാക്കിയുണ്ടെങ്കില്‍ വാങ്ങിച്ചോണം. അല്ലെങ്കില്‍ എന്തെങ്കിലും സാധനങ്ങള്‍ ഉണ്ടെങ്കില്‍ അത് എടുക്കണമെന്ന് പറയുന്നത് സാമാന്യമര്യാദയാണ്. ആ ഒരു സാമാന്യ മര്യാദ എന്നോട് കാണിച്ചില്ല. താന്‍ പോയതിന് പിന്നാലെ നടന്ന സാസ്കാരിക സംഗമത്തിലേക്ക് തന്നെ ക്ഷണിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല'.
"ആ സ്ഥാനത്ത് തുടരുന്നത് അദ്ദേഹം തുടരുന്നത് വിധേയത്വമാണോ, വിനീതത്വമാണോ എന്നൊന്നും എനിക്കിറിയില്ല. കോളജില്‍ പഠിക്കുമ്പോള്‍ കെഎസ്യു പ്രവര്‍ത്തകനായിരുന്നു ഞാന്‍. പിഎ ബക്കര്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സ്ഥാപക നേതാവായ പി. കൃഷ്ണപിള്ളിയുടെ ജീവിതകഥ പറയുന്ന സഖാവ് എന്ന സിനിമയില്‍ ഞാനാണ് അദ്ദേഹത്തിന്റെ വേഷം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ജീവിത വിശുദ്ധി, മനുഷ്യപക്ഷത്തുനില്‍ക്കുന്ന നിലപാടുകളാണ് എന്നെ മാര്‍ക്സിസത്തോട് അടുപ്പിച്ചത്'.
"കഴിഞ്ഞ 35 വര്‍ഷമായി കമ്യൂണിസ്റ്റ് ആശയങ്ങളുമായി ചേര്‍ന്നുനിന്നാണ് പ്രവര്‍ത്തിച്ചത്. അതിനിടെ തന്റെ ചില ലേഖനങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധികരിച്ചു. അങ്ങനെയിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നത്'.
"ഒരു സിനിമ പോലും ചെയ്യാതെ പൂര്‍ണമായി പ്രവര്‍ത്തിച്ചപ്പോള്‍ എനിക്ക് ഓണറേറിയമായി ലഭിച്ചത് 10000 രൂപയായിരുന്നു. ആ സമയത്ത് സിനിമ നടന് എന്ന നിലയില്‍ പരിപാടിക്ക് പോകുമ്പോള്‍ ലഭിക്കുന്ന പ്രതിഫലം കൊണ്ടാണ് തന്റെ ജീവിതം മുന്നോട്ട് പോയത്. അവിടെ നിന്ന് പറഞ്ഞ് വിടുമ്പോള്‍ മാന്യമായി വേണമെന്ന ഒരു മനുഷ്യന്റെ സാമാന്യ പ്രതികരണമാണ് എന്നില്‍ നിന്ന് ഉണ്ടായത്. എന്താണ് പുറത്താക്കിയതിന്റെ കാരണം എന്ന് എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല.'- പ്രേംകുമാര്‍ പറഞ്ഞു.
National
തേനി: മലയാളി നടൻ റിയാസ് പത്താന് കാറപകടത്തിൽ പരിക്ക്. തമിഴ്നാട്ടിലെ തേനിയിലാണ് അപകടം. പുലർച്ചെ നാലിന് ആലപ്പുഴയിലെ വീട്ടിൽനിന്നാണ് റിയാസ് യാത്രതിരിച്ചത്. കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
റിയാസ് ഇരുന്ന ഭാഗമാണ് ഇടിച്ചുകയറിയത്. മകൻ അജ്മൽ റിയാസാണ് കാർ ഓടിച്ചിരുന്നത്. ഉടൻ 108 ആംബുലൻസിൽ തേനി താലൂക്ക് ആശുപത്രിയിലും അതിനുശേഷം തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
വിദഗ്ധ ചികിത്സ വേണ്ടതിനാൽ വൈകീട്ടോടെ വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഉടൻ ആശുപത്രിവിടുമെന്ന് അധികൃതർ അറിയിച്ചു.
Movies
അല്ലു അർജുനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിച്ച് താരത്തിന്റെ ടീം. അല്ലു അർജുനെ കാണുന്നതിന് മുൻപ് ‘താരത്തിന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്’ തുടങ്ങിയ 42 നിബന്ധനകൾ പാലിക്കണമെന്ന് ടീം നിർദ്ദേശിച്ചെന്ന ബ്രാൻഡ് മാനേജർ കാവേരി ബറുവയുടെ വെളിപ്പെടുത്തലിനെതിരെയാണ് താരം അപകീർത്തിക്കേസ് ഫയൽ ചെയ്തത്.
ആരോപണങ്ങൾ തികച്ചും അസത്യമാണെന്നും താരത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള നീക്കമാണിതെന്നും അല്ലു അർജുന്റെ ടീം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
കാവേരി ബറുവ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ നടത്തിയ പരിഹാസരൂപേണയുള്ള പരാമർശങ്ങളാണ് താരത്തെയും ടീമിനെയും ചൊടിപ്പിച്ചത്.
അല്ലു അർജുനെയും അദ്ദേഹത്തിന്റെ ടീമിനെയും ലക്ഷ്യമിട്ട് ബ്രാൻഡ് മാനേജർ കാവേരി ബറുവ നടത്തിയ വെളിപ്പെടുത്തലുകൾ കടുത്ത പരിഹാസം നിറഞ്ഞതായിരുന്നു. താരത്തെ നേരിട്ട് കാണുന്നതിന് മുൻപ് പാലിക്കേണ്ട 42 കർശന നിബന്ധനകൾ അടങ്ങിയ ഒരു പട്ടിക തനിക്ക് ലഭിച്ചിരുന്നുവെന്നാണ് കാവേരി അവകാശപ്പെട്ടത്.
‘സാറിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കരുത്, അദ്ദേഹത്തിന് ഹസ്തദാനം നൽകരുത്, നിശ്ചിത അകലം പാലിക്കണം’ തുടങ്ങിയ വിചിത്രമായ നിർദ്ദേശങ്ങൾ ഇതിലുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഫോൺ ഉപയോഗിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ അത് തടഞ്ഞുവെന്നും അവർ ആരോപിച്ചിരുന്നു.
താരത്തിന് ചുറ്റും നിരവധി മാനേജർമാരുടെ നിരയുണ്ടെന്നും ഈ സംവിധാനം വളരെ സങ്കീർണമാണെന്നും കാവേരി പരിഹസിച്ചു. ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ അല്ലു അർജുൻ ഇത്തരത്തിലുള്ള യാതൊരു നിബന്ധനകളും തന്റെ ടീമിനില്ലെന്നും ഇത് തന്റെ അന്തസിനെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നും പ്രതികരിച്ചു.
വിഷയം നിയമനടപടിയിലേക്ക് നീങ്ങിയതോടെ കാവേരി ബറുവ തന്റെ ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ് ഇൻ അക്കൗണ്ടുകൾ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എപ്പോഴും മാന്യമായും വിനയത്തോടെയുമാണ് അല്ലു അർജുൻ മറ്റുള്ളവരോട് പെരുമാറുന്നതെന്നും ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും താരത്തിന്റെ നിയമവിഭാഗം അറിയിച്ചു.
വസ്തുതകൾ പരിശോധിക്കാതെ ഇത്തരത്തിലുള്ള അവാസ്തവങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആരാധകരോട് അല്ലു അർജുന്റെ ടീം അഭ്യർഥിച്ചു.
Movies
ജീവിതത്തിൽ പിന്നിലേക്ക് സഞ്ചരിക്കാൻ ഒരവസരം ലഭിച്ചാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് കന്നട നടൻ കിഷോർ പറഞ്ഞ മറുപടി ചർച്ചകൾക്കിടയാക്കുന്നു.
അങ്ങനെ പിന്നിലേയ്ക്ക് പോകാൻ സാധിച്ചാൽ താൻ 2014-ലേക്ക് പോയി രാജ്യത്തെ പ്രധാനമന്ത്രിയെ മാറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ പുതിയ ചിത്രമായ മെല്ലിസൈയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് രാഷ്ട്രീയ നിലപാടുകൾ താരം വ്യക്തമാക്കിയത്.
ഇന്ന് നമ്മൾ കാണുന്ന വെറുപ്പിന്റെ അളവ് ഭയപ്പെടുത്തുന്നതാണെന്നും ഈ അവസ്ഥ തുടർന്നാൽ അത് മാറ്റിയെടുക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും കിഷോർ മുന്നറിയിപ്പ് നൽകി. ഇന്ത്യ ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് കിഷോറിന്റെ ഈ പരാമർശങ്ങൾ.
‘ജീവിതത്തില്‍ പിന്നിലേക്ക് പോയി എന്തെങ്കിലും ചെയ്യാന്‍ അവസരം കിട്ടുമോ എന്ന് എനിക്കറിയില്ല. എന്നാലും ഞാന്‍ പറയാം. ഞാൻ ആണെങ്കിൽ 2014 ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും. ഇന്ത്യ മാറിയിരിക്കുകയാണ്. ഇന്ന് നമ്മള് കാണുന്ന വെറുപ്പിന്റെ അളവ് കൂടുതലാണ്. വലിയ അപകടമാണിത്.
ഇങ്ങനെ മുന്നോട്ട് പോയാല്‍ ഈ അവസ്ഥ മാറ്റിയെടുക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും. പരസ്പരം വെറുത്തുകൊണ്ട് മനുഷ്യർക്ക് എങ്ങനെ ജീവിക്കാൻ സാധിക്കും? സ്നേഹമില്ലെങ്കിൽ മനുഷ്യജീവിതം അസാധ്യമാണ്.
ഒരു പ്രത്യേക വിഭാഗത്തോടോ നാടിനോടോ ഉള്ള വെറുപ്പ് രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്.’ കിഷോർ പറഞ്ഞു.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെയും കിഷോർ വിമർശിച്ചു. ട്രംപിനെപ്പോലെയുള്ള നേതാക്കളെ ചൂണ്ടിക്കാട്ടി എല്ലായിടത്തും ഇത്തരം പ്രവണതകളാണ് കണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം എന്നത് വെറുമൊരു അധികാരക്കസേരയല്ലെന്നും അത് ജനങ്ങളെ സേവിക്കാനുള്ള ഇടമാണെന്നും കിഷോർ ഓർമ്മിപ്പിച്ചു. ജവഹർലാൽ നെഹ്റു തന്നെത്തന്നെ പ്രഥമ സേവകൻ എന്ന് വിളിച്ചപ്പോൾ, നരേന്ദ്ര മോദി പ്രധാന സേവക് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനർത്ഥം താനാണ് പ്രധാനി എന്നാണെന്നും കിഷോർ വിമർശിച്ചു.
സാമൂഹിക വിഷയങ്ങളിൽ നേരത്തെയും കൃത്യമായ നിലപാടുകൾ അറിയിച്ചിട്ടുള്ള താരമാണ് കിഷോർ.
Movies
നടനും അഭിഭാഷകനുമായ സി. ഷുക്കൂറിനെ പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരം ഇപ്പോൾ.
പെട്ടെന്നുണ്ടായ സ്ട്രോക്ക് ആണെന്നും ദൈവത്തിന്റെ അനുഗ്രഹത്താൽ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഷുക്കൂറിന്റെ സഹോദരൻ മുനീർ വ്യക്തമാക്കി.
‘‘എന്റെ മൂത്ത സഹോദരൻ ഷുക്കൂർ വക്കീലിന് ജനുവരി 26ന് സ്ട്രോക്ക് ഉണ്ടായി. ഇപ്പോൾ അദ്ദേഹം കാസർഗോഡിലെ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്. പടച്ചവന്റെ അനുഗ്രഹത്താൽ ഇപ്പോൾ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നു.
ഇടത് വശത്ത് ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണ്. അദ്ദേഹത്തിന്റെ വേഗത്തിലുള്ള പൂർണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാർത്ഥനകൾ സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു. നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും പ്രാർഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദി.
ഒരുപക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ എഴുത്തുകൊണ്ടോ ബുദ്ധിമുട്ടുണ്ടായ ആളുകൾ ഉണ്ടായേക്കാം. അങ്ങനെ ആർക്കെങ്കിലും മനസിലൊരു വിഷമം തോന്നുന്നുണ്ടെങ്കിൽ അത് പൊറുത്തു കൊടുക്കണമെന്നു കൂടി ഈ സാഹചര്യത്തിൽ അഭ്യർഥിക്കുകയാണ്. അത് പൊറുത്ത് കൊടുത്ത് അദ്ദേഹം പൂർണ ആരോഗ്യസ്ഥിതിയിലേക്ക് എത്താൻ എല്ലാവരും പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു.’’മുനീറിന്റെ വാക്കുകൾ.
രതീഷ് ബാലകൃഷ്ണ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ താരമാണ് ഷൂക്കൂർ.
കണ്ണൂർ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ലോ വിഭാഗം മേധാവിയും കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മഞ്ചേശ്വരം ക്യാപംസ് ഡയറക്ടറുമായ അഡ്വ. ഷീനാ ഷുക്കൂറാണ് നടന്റെ ഭാര്യ.
സുപ്രീം കോടതിയിൽ ജസ്റ്റിസ് രാമസുബ്രഹ്മണ്യത്തിന്റെ ലോ ക്ലാർക്ക് ജാസ്മിൻ, ഇംഗ്ലിഷ് ലിറ്ററേച്ചർ, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം പൂർത്തിയാക്കിയ ജെബിൻ, ഒമ്പതാം ക്ലാസ് വിദ്യാർഥി ജെസാഹ് എന്നിവരാണ് മക്കൾ.
Leader Page
എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കുന്നത്; ഒരു നാടകത്തിൽ. അഞ്ചാങ്ങളമാർക്ക് ഒരു പെങ്ങൾ. പെങ്ങളുടെ വേഷം എനിക്കാണ് കിട്ടിയത്. ജോസെല്ല സിസ്റ്ററും മേഴ്സി ടീച്ചറും ചേർന്നാണ് എന്നെ സാരിയുടുപ്പിച്ചത്. ബ്ലൗസിനുള്ളിൽ പഴന്തുണി കുത്തിനിറച്ച് വലിച്ചുമുറുക്കി ഒരു നെടുങ്കൻ സേഫ്റ്റി പിൻ കുത്തിത്താഴ്ത്തുമ്പോൾ അതിനറ്റം നെഞ്ചിൽ കൊണ്ടു. മുറിഞ്ഞു. ചോരയൊലിച്ചു. ആ പ്രാണവേദനയും സഹിച്ചാണ് സ്റ്റേജിലെത്തിയത്. പക്ഷേ, എനിക്ക് സംഭാഷണമൊന്നുമില്ലായിരുന്നു. നാടകത്തിന്റെ അവസാനഭാഗത്താണ് എന്റെ സഭാപ്രവേശം. അഞ്ചാങ്ങളമാരുടെ കുഞ്ഞിപ്പെങ്ങൾ ഏതോ ഒരു ജാരഗോപാലനാൽ വഞ്ചിക്കപ്പെട്ട് ആത്മഹത്യ ചെയ്യുന്നു. അവളുടെ മൃതദേഹവും ചുമന്നുകൊണ്ടാണ് ആങ്ങളമാരുടെ വരവ്. എന്നെ എടുത്തുയർത്തിക്കൊണ്ട് ആങ്ങളമാർ ഗർജിക്കും. സ്ത്രീത്വത്തിനുനേരേയുള്ള കടന്നുകയറ്റത്തെക്കുറിച്ചും സ്ത്രീകൾ അബലകളല്ല, സുബലകളാണ് എന്നും നീചനരാധമൻമാരെ കാലം ശിക്ഷിക്കുമെന്നൊക്കെയാണ് ആങ്ങളമാരുടെ ഡയലോഗുകൾ. എന്നെ സമൂഹത്തിന് സമർപ്പിച്ചുകൊണ്ട്, കാണികളുടെ സഹതാപം ഏറ്റുവാങ്ങിക്കൊണ്ട് രംഗത്തിനു തിരശീല വീഴും.
പിന്നെ ഒരിക്കൽകൂടി ചായംതേച്ച് ഞാൻ സ്റ്റേജിൽ കയറി; പ്രീഡിഗ്രിക്കാലത്ത്. "കീചകൻ' എന്നായിരുന്നു നാടകത്തിന്റെ പേര്. പുരാണപ്രസിദ്ധം. ഒരൊറ്റ രംഗത്തിൽ അവസാനിക്കുന്ന കസർത്ത്. അതിൽ ഞാൻ വിരാടപത്നീസഹോദരനായ കീചകനാൽ ബുദ്ധിമുട്ടനുഭവിക്കുന്ന മാലിനിയാണ്. മാലിനി പാഞ്ചാലിയാണ്. പാണ്ഡവരുടെ അജ്ഞാതവാസക്കാലം. ആരുടെയൊക്കെയോ കല്പനപ്രകാരം കീചകഗൃഹത്തിലേക്കു പോയ മാലിനിയെ കീചകൻ കടന്നുപിടിക്കാൻ ശ്രമിക്കുന്നു. കീചകന്റെ വരുതിയിൽനിന്ന് കുതറിമാറിയ മാലിനി അത്ഭുതകരമായി രക്ഷപ്പെടുന്നു. പത്തുനിമിഷത്തോളം പിടിച്ചു പിടിച്ചില്ല എന്ന മട്ടിൽ അരങ്ങിൽ ഓടിച്ചാടി നിറയണം. സംഭാഷണമില്ല. ആക്രോശങ്ങൾ മാത്രം. ഇടയ്ക്കിടെ ഒരു തേങ്ങൽ എന്റെ ഭാഗത്തുനിന്നുണ്ടാകണം. ഞാനാ വേഷം ഭംഗിയായി ചെയ്തു. സഹപാഠികൾ കൈയടിച്ചു. അതിൽ ഒരുവളുടെ കൈയടി ഞാൻ വ്യക്തമായി കേട്ടു. അതിൽ വല്ലാത്ത വളകിലുക്കമുണ്ടായിരുന്നു.
പിന്നീടെപ്പൊഴോ ഒരു നാടകത്തിൽക്കൂടി അഭിനയിക്കാൻ അവസരം കിട്ടി. നാരദന്റെ വേഷം. പക്ഷേ, ഞാനത് മനഃപൂർവം ഒഴിഞ്ഞു. അതിന് എനിക്കെന്റേതായ കാരണമുണ്ടായിരുന്നു. എന്റെയൊപ്പം അഭിനയിക്കുന്നവർക്കെല്ലാം നായികമാരുണ്ടായിരുന്നു. അവരുമൊത്തുള്ള സല്ലാപങ്ങളുണ്ടായിരുന്നു. പക്ഷേ, നാരദന് നായികയില്ല. അതെന്നെ ചൊടിപ്പിച്ചു. അതിനാൽ ഞാനതിൽനിന്നൊഴിഞ്ഞു. അങ്ങനെ അഭിനയം എന്നെന്നേക്കുമായി ഞാൻ വിട്ടു. കാലങ്ങൾക്കുശേഷം ഒരു ചലച്ചിത്രത്തിൽ അഭിനയിച്ചു എന്നതൊഴിച്ചാൽ അഭിനയവുമായി ഇന്നെനിക്ക് ഒരു വിദൂരബന്ധമേയുള്ളൂ. പക്ഷേ, അഭിനയത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചാസ്വദിക്കുക പണ്ടെന്നപോലെ ഇന്നും എനിക്കാവേശമാണ്. അലസിപ്പോയ ഒരു നടൻ ഉള്ളിൽ പുറപ്പാടിനായി വേഷംകെട്ടി ഇരിപ്പുണ്ടെന്ന് എനിക്കിപ്പോഴും തോന്നാറുണ്ട്. ശാന്തി കിട്ടാത്ത ഒരാത്മാവ്. എന്റെ തൃഷ്ണകളെ ഒരളവുവരെ നിലയ്ക്കുനിർത്തുന്നത് അഭിനയത്തെക്കുറിച്ചുള്ള പുസ്തകങ്ങളും തിരക്കഥകളുമാണ്. പോൾ മുനിയുടെ "അഭിനയശാസ്ത്രം' എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നാണ്. മറ്റൊരു പുസ്തകം കുറോസോവയുടെയും ഇംഗ്മർ ബർഗ്മാന്റെയും ലോറൻസ് ഒളിവറുടെയും അഭിനയ സ്മരണകളുടെ ഒരു സമാഹാരമാണ്. ആ പുസ്തകം ഒരു അഭിനയപ്രാന്തൻ വായിക്കാൻ കൊണ്ടുപോയിട്ട് മടക്കിത്തന്നില്ല. പകരം, അവനെനിക്കൊരു പുസ്തകം കൊണ്ടുതന്നു. ബർഗ്മാന്റെ "സെവൻത് സീലി'ന്റെ തിരക്കഥ. അതിലെ സംഭാഷണങ്ങൾ കാണാതെ പഠിച്ച് അഭിനയം പരിശീലിക്കുകയായിരുന്നു അക്കാലത്തെ എന്റെ ഏക വിനോദം. അതിപ്പോഴും ഏറെക്കുറെ മനപ്പാഠമാണ്.
ഒരു സാഹിത്യക്യാമ്പിൽവച്ചാണ് നരേന്ദ്രപ്രസാദ് സാറിനെ ആദ്യവും അവസാനവുമായി കാണുന്നത്. അന്നദ്ദേഹം അഭിനയത്തെക്കുറിച്ച് കുറഞ്ഞ വാക്കുകളിൽ സംസാരിച്ചു. അത് വല്ലാത്തൊരു ക്ലാസായിരുന്നു. ക്യാമ്പംഗങ്ങൾക്ക് അദ്ദേഹത്തോടു ചോദ്യങ്ങൾ ചോദിക്കാൻ അവസരമുണ്ടായിരുന്നു. അഭിനയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു, “മുൻവശത്തിരിക്കുന്ന കാണികൾക്ക് വേണ്ടിയല്ല അഭിനയിക്കേണ്ടത്. എന്നാലത് നിങ്ങൾക്കുവേണ്ടിയുമാകരുത്. കാണികൾക്കും നിങ്ങൾക്കുമിടയിലാണ് അരങ്ങ്. അവിടെയാണ് നിങ്ങൾ ജീവിക്കേണ്ടത്.” അദ്ദേഹത്തിന്റെ വാക്കുകൾ ഒരു രംഗപാഠം മാത്രമായല്ല ഞാൻ അനുഭവിച്ചത്.
അതൊരു ജീവിതപാഠം കൂടിയായിരുന്നു. അത്തരം പാഠങ്ങൾ ഞാൻ അനുഭവിച്ച് ഫലിപ്പിച്ചത് ജീവിതനാടകത്തിലായിരുന്നു. എനിക്ക് കനപ്പെട്ട വേഷങ്ങൾ ലഭിച്ചത് ജീവിതത്തിൽനിന്നായിരുന്നു. ഇതെഴുതി നിർത്തുമ്പോൾ, ഇനി ഏതു വേഷം കെട്ടാനാണ് ആഗ്രഹമെന്ന് ഉള്ളിലിരുന്നൊരാൾ ചോദിക്കുന്നു. എനിക്ക് മറുപടിയില്ല.
Movies
സംവിധായകൻ ഷാഫിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണത്തിൽ സുഹൃത്തിനെക്കുറിച്ചുള്ള ഓർമകളുമായി നടൻ ദിലീപ്. പഞ്ചാബി ഹൗസ് മുതലുള്ള ബന്ധമായിരുന്നു ഷാഫിയുമായിട്ടുള്ളതെന്നും എന്തും തുറന്നു സംസാരിക്കാൻ പറ്റുന്ന സൗഹൃദമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. മലയാളസിനിമയിൽ ശത്രുക്കളില്ലാത്ത ഒരാളായിരുന്നു ഷാഫിയെന്നും ദിലീപ് പറയുന്നു.
''ഈ ചടങ്ങിന്റെ അധ്യക്ഷനും നമുക്കെല്ലാം പ്രിയപ്പെട്ടവനുമായ റാഫി ഭായ്, വേദിയിലുള്ള സിബി സർ, രഞ്ജിത്തേട്ടൻ, രാകേഷേട്ടൻ, ലാലേട്ടൻ, അഴകപ്പൻ, നായിക പ്രയാഗ എന്നിവർക്കും സദസിലുള്ള ഏവർക്കും നമസ്കാരം.
സിബി സാർ പറഞ്ഞതുപോലെ, ഷാഫി ഭായ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷമായി എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. കുറച്ചു മാസങ്ങൾക്കു മുമ്പ് നടന്ന വേർപാട് പോലെയാണ് ഇന്നും തോന്നുന്നത്; സമയം പോകുന്നത് അറിയുന്നില്ല. ‘പഞ്ചാബി ഹൗസ്’ ചെയ്യുന്ന കാലം മുതലുള്ള സുഹൃദ്ബന്ധമാണ് ഷാഫി ഭായിയുമായി എനിക്കുള്ളത്.
അന്നത്തെ ഹിറ്റുകൾ സമ്മാനിച്ച റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ട് എന്നെ ആ സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോഴാണ് ഷാഫിയുമായുള്ള സൗഹൃദം തുടങ്ങുന്നത്. റാഫി ഭായുടെ സഹോദരൻ എന്നതിലുപരി, ഒരേ വേവ്ലെംഗ്തുള്ള ആൾക്കാർ എന്ന നിലയിൽ എന്തും തുറന്നു സംസാരിക്കാൻ പറ്റുന്ന സൗഹൃദമായി അത് വളർന്നു.
എന്റെ കരിയറിൽ മൂന്ന് മെഗാ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ഷാഫി. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ പോകുക എന്നത് തികഞ്ഞ കംഫർട്ട് സോണിൽ നിന്ന് പെർഫോം ചെയ്യാൻ സാധിക്കുന്ന ഒന്നായിരുന്നു. ഒരു മറയുമില്ലാതെ എന്തും ഡിസ്കസ് ചെയ്യാനും സജഷനുകൾ നൽകാനും പറ്റുന്നത്ര ആഴമുള്ളതായിരുന്നു ഞങ്ങളുടെ ബന്ധം.
അദ്ദേഹം ഇത്ര പെട്ടെന്ന് വിട്ടുപോകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. എത്ര വിഷമിച്ചിരിക്കുന്ന സമയത്തും തമാശയിലൂടെ അതിനെ ലഘൂകരിക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്.
വലിയൊരു സന്തോഷമുള്ള ചടങ്ങല്ല ഇതെങ്കിലും, ഷാഫിയുടെ പേരിൽ ഒരു മെമ്മോറിയൽ അവാർഡ് നൽകാനും അത് നല്ല സംവിധായകർക്ക് നൽകണമെന്നുമുള്ള ചിന്ത വരികയും അതിന് സംഘാടകർ മുൻകൈ എടുക്കുകയും ചെയ്തതിൽ വലിയ സന്തോഷമുണ്ട്.
മലയാള സിനിമയിൽ ശത്രുക്കളില്ലാത്ത ഒരാളായാണ് ഷാഫിയെ എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാവരോടും ചിരിച്ചു കളിച്ച്, പരാതികളോ വിദ്വേഷമോ ഇല്ലാത്ത ഒരാൾ. അദ്ദേഹം ആരെയും കുറിച്ച് പരദൂഷണം പറയുകയോ മറ്റുള്ളവർ അദ്ദേഹത്തെ എതിർത്തു സംസാരിക്കുകയോ ചെയ്യുന്നത് ഞാൻ കേട്ടിട്ടില്ല.
ഇതൊരു വലിയ ചടങ്ങായിരുന്നെങ്കിൽ മലയാള സിനിമ മുഴുവൻ ഇവിടെ എത്തുമായിരുന്നു. ഒരു തുടക്കം എന്ന നിലയിൽ വളരെ ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തിയ ഒരു കൂട്ടായ്മയാണിത്. അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് പ്രഗത്ഭനായ ഒരു സംവിധായകന് തന്നെ നൽകുന്നതിൽ വലിയ സന്തോഷമുണ്ട്. ഈ ചടങ്ങിൽ പങ്കെടുക്കാനും പ്രിയപ്പെട്ടവരെയൊക്കെ കാണാനും സാധിച്ചതിൽ സർവ്വേശ്വരനോട് നന്ദി പറയുന്നു.’’ദിലീപ് പറഞ്ഞു.
Kerala
ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎ അധികാരത്തിലെത്തുമെന്ന് നടനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ ശരത് കുമാർ. എന്നാൽ എത്ര സീറ്റുകൾ നേടുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ശരത് കുമാർ പറഞ്ഞു.
'സംസ്ഥാനത്ത് വിജയ്യും ടിവികെയും ചലനമുണ്ടാക്കില്ല. ഫാൻസും ആൾക്കൂട്ടവും വോട്ടാകില്ല.വിജയ് ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. വിജയ്ക്ക് ഈ തിരഞ്ഞെടുപ്പ് ഒരു പരീക്ഷണമായിരിക്കും.'-ശരത് കുമാർ പറഞ്ഞു.
തമിഴക വെട്രി കഴകം (ടിവികെ) ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആരുമായി കൈകോർക്കുമെന്ന ചർച്ചകളും ഉയർന്നിരുന്നു. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാല്‍ ഏത് രാഷ്ട്രീയ പാർട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
National
ന്യൂഡൽഹി: വിജയ് ചിത്രം ജനനായകന്റെ സെൻസർഷിപ്പ് അനുമതിയുമായി ബന്ധപ്പെട്ട ഹർജി അടുത്ത തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന മദ്രാസ്ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് മരവിപ്പിച്ച ഡിവിഷൻ ബഞ്ചിനെതിരേ നിർമാതാവാണ് ഉന്നതനീതി പീഠത്തെ സമീപിച്ചത്.
ചിത്രത്തിന് അടിയന്തരമായി സെൻഷർഷിപ്പ് അനുവദിക്കാനുള്ള തീരുമാനം കഴിഞ്ഞ വെള്ളിയാഴ്ചയാണു ഡിവിഷൻ ബഞ്ച് താത്കാലികമായി തടഞ്ഞത്. പൊങ്കൽ പ്രമാണിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ജനനായകൻ റിലീസ് ചെയ്യാനാണ് അണിയറക്കാർ ശ്രമിച്ചിരുന്നത്.
Kerala
കൊച്ചി: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആവശ്യവുമായി പാർട്ടി ഇതുവരെ സമീപിച്ചിട്ടില്ലെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. മത്സരിക്കാന്‍ ആവശ്യപ്പെട്ടുതന്നെ ഇതുവരെ കോൺഗ്രസ് പാര്‍ട്ടി സമീപിച്ചിട്ടില്ല. പാര്‍ട്ടി സമീപിച്ചാലും ആലോചിച്ചിട്ടേ പറയാനാവൂ, കാരണം മത്സരത്തിന് ഇറങ്ങാനുള്ള സാമ്പത്തികം ഇപ്പോഴില്ലെന്ന് ധര്മജന് ദീപിക ഓൺലൈനിനോടു പ്രതികരിച്ചു.
അങ്ങനെയൊരു ആവശ്യം ഉന്നയിച്ച് പാര്‍ട്ടി എന്നെ സമീപിച്ചിട്ടില്ല. സ്വതന്ത്രനായി മത്സരിക്കാന്‍ താല്പര്യമില്ല. പാര്‍ട്ടി സമീപിച്ചാലും ആ സമയത്ത് ആലോചിച്ചിട്ടേ പറയാന്‍ പറ്റൂ. കാരണം ഇതിനു അത്യാവശ്യം സാമ്പത്തിക പിൻബലം ആവശ്യമാണ്. അതൊന്നും എന്റടുത്ത് ഇല്ല. അതുകൊണ്ട് ഒന്നും പറയാന്‍ പറ്റില്ല. പിന്‍വലിഞ്ഞു നില്‍ക്കാനാണ് സാധ്യത - ധര്മജന് പറഞ്ഞു.
അതേസമയം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്മജന് ബാലുശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടിരുന്നു. എല്‍ഡിഎഫിന്റെ സച്ചിന് ദേവ് ആണ് ബാലുശേരിയില്‍ ജയിച്ചത്. ധര്‍മജന്റെ പരാജയത്തിനു പിന്നാലെ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട തര്‍ക്കവും കോണ്‍ഗ്രസില്‍ നടന്നിരുന്നു.
ഒരു കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേർന്നു തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തുവെന്നു നടന് കെപിസിസി പ്രസിഡന്റിനു പരാതി നല്‍കിയിരുന്നു. ഈ പണം തെരഞ്ഞെടുപ്പില്‍ വിനിയോഗിച്ചിട്ടില്ലെന്നും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ആയിരുന്നു ധര്‍മജന്റെ പരാതി.
Movies
നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു. വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.
1965ൽ ഉദയ സ്റ്റുഡിയോ നിർമിച്ച സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഉദയയുടെ മിക്ക സിനിമകളിലും അപ്പച്ചൻ അഭിനയിച്ചു.
അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലാണ് അപ്പച്ചന് ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം കിട്ടുന്നത്. ചിത്രത്തിൽ തൊഴിലാളി നേതാവായിട്ടായിരുന്നു അദ്ദേഹം അഭിനയിച്ചത്.
വില്ലൻ വേഷങ്ങളിലും കാരക്ടർ വേഷങ്ങളിലുമാണ് പുന്നപ്ര അപ്പച്ചൻ അഭിനയിച്ചിട്ടുള്ളത്. അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം, പത്മരാജന്റെ ഞാൻ ഗന്ധർവൻ, ജലോല്‍സവം, സിന്ദൂരരേഖ, മൈ ഡിയര്‍ മുത്തച്ഛന്, സന്ദേശം, മതിലുകള്‍, വെനീസിലെ വ്യാപാരി, ദി കിംഗ് തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മുൻഷി എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ തിരുമല സ്വദേശി മുൻഷി ഹരി എന്നറിയപ്പെട്ട എൻ.എസ്. ഹരീന്ദ്രകുമാർ (52) അന്തരിച്ചു.
ഒരു യാത്ര കഴിഞ്ഞ് ഇലിപ്പോടുള്ള വീട്ടിലേക്കു നടന്നു പോകവേ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു.
തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി. രാഷ്ട്രപതിയുടെ അവാർഡ് ഉൾപ്പെടെ കരസ്ഥമാക്കിയ ഹരി തിരുവനന്തപുരത്തെ സാംസ്കാരിക രംഗത്തു സജീവ സാന്നിധ്യമായിരുന്നു.
Movies
നായകനായും പ്രതിനായകനായും മമ്മൂട്ടി വെള്ളിത്തിരയിൽ അവതരിച്ച വർഷമാണ് 2025. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് അദ്ദേഹത്തിന്റെ കരിയറിലെ സുവർണ നിമിഷങ്ങളിലൊന്നായിരുന്നു.
ഭ്രമയുഗത്തിൽ താരം നടത്തിയ സൂക്ഷ്മത ജൂറിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. മമ്മൂട്ടിയുടെ പ്രകടനം കണ്ട് തനിക്ക് അസൂയ തോന്നിയെന്ന് ജൂറി ചെയർമാൻ പ്രകാശ് രാജ് പറഞ്ഞിരുന്നു. 2025ൽ മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളാണ്.
* ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്
Movies
പുതുവത്സരാശംസകളും കഴിഞ്ഞ വർഷത്തിന്റെ ഓർമകളുമായി നടൻ ആന്റണി പെപ്പെ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. വേദനകളും പരിക്കുകളും നിറഞ്ഞ വർഷമായിരുന്നു 2025 എന്നു പറഞ്ഞ ആന്റണി നവംബറിൽ നടന്ന അപകടത്തെക്കുറിച്ചും കുറിപ്പിൽ പറയുന്നുണ്ട്.
നവംബര്‍ മാസത്തിലാണ് അപകടം സംഭവിച്ചതെന്നും അതിൽ നിന്നും ജീവന് നഷ്ടപ്പെടാതെ അദ്ഭുതകരമായി രക്ഷപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞതാണ് കുറിപ്പിലെ ഏറ്റവും ശ്രദ്ധേയഭാഗം.
ആന്റണിയുടെ കുറിപ്പ് വായിക്കാം
‘‘കൊല്ലാത്തതൊന്നും നമ്മളെ തളർത്തില്ല, കരുത്തരാക്കുകയേയുള്ളൂ എന്ന് കേട്ടിട്ടുണ്ട്. പക്ഷേ 2025 ആ വാചകം അൽപം കടത്തി കൈയിലെടുത്തു എന്നാണ് എന്റെയൊരു തോന്നൽ. ജിമ്മിലെ പരിക്ക്, ഷൂട്ടിനിടയിലെ അപകടം... അങ്ങനെ വർഷത്തിന്റെ മുക്കാൽ ഭാഗവും ആശുപത്രികൾക്കും വേദനകൾക്കും ഇടയിലായിരുന്നു.
അങ്ങനെ പോകുമ്പോൾ ആണ് 15 നവംബർ 2025, വാഗമൺ വച്ച് ഒരു അപകടം കൂടെ ബോണസ് ആയി അടിച്ചു കിട്ടി. അത്യാവശ്യം തരക്കേടില്ലാത്ത പരിക്കോടു കൂടി വണ്ടിയിൽ ഉണ്ടായിരുന്ന ഞങ്ങൾ മൂന്നു പേരും രക്ഷപെട്ടു.
എന്റെ പ്രിയപ്പെട്ട ആദ്യത്തെ വണ്ടി ‘ടോട്ടൽ ലോസ്’ ആയി മാറി. പക്ഷേ തകർന്നുപോയ ആ വണ്ടി ഞങ്ങളുടെ മൂന്ന് പേരുടെയും ജീവൻ കാത്തു. വണ്ടിയുടെ നമ്പർ 1818 എന്നായിരുന്നു. ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യത്തിലും ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. എന്റെ ആ വിശ്വാസം തെറ്റിയില്ലെന്ന് എനിക്ക് ബോധ്യമായി. വണ്ടി പോണേൽ പോട്ടെ...ജീവനോടെ ഉണ്ടല്ലോ, അത് മതി.
ഒരു വശത്ത്, ഇത് എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ വർഷമായിരുന്നു. എന്നാൽ ആ പ്രതിസന്ധികൾക്കിടയിലും ഒരു മാന്ത്രികതയുണ്ടായിരുന്നു. 2025-ൽ എനിക്ക് ചില നല്ല കാര്യങ്ങൾ ചെയ്യാനും സാധിച്ചു. മുറിവുണങ്ങാത്ത നിമിഷങ്ങളിൽ ഞാൻ പുതിയവ സൃഷ്ടിക്കുകയും, ചിത്രീകരിക്കുകയും, ഞാൻ എക്കാലവും സ്വപ്നം കണ്ട ഭാവിയിലേക്ക് കാലെടുത്തുവയ്ക്കുകയുമായിരുന്നു.
അപ്പൊ എല്ലാം പറഞ്ഞപോലെ...... പുതിയ പരിപാടികളുടെ ആവേശവുമായി 2026-ലേക്ക് കടക്കുന്നു. മുറിപ്പാടുകളുണ്ട്, പക്ഷേ മനസ് തകർന്നിട്ടില്ല. പുതിയൊരു തുടക്കത്തിനായി...
പുതുവത്സരാശംസകൾ, പറക്കൂ, ഫുൾ ഓണ്‍ ഫുൾ പവർ.’’
NRI
ദമാം: പ്രശസ്ത ചലച്ചിത്ര അഭിനേതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു.
മലയാളി മനസിന്റെ തുടിപ്പുകൾ തിരിച്ചറിഞ്ഞു, അതിനൊത്തു തൂലിക ചലിപ്പിച്ചും അഭിനയമികവ് കൊണ്ടും മലയാളസിനിമയിലെ ഇതിഹാസതാരമായി മാറിയ പ്രതിഭയായിരുന്നു ശ്രീനിവാസൻ.
തന്റെ കുറവുകളെ കളിയാക്കി അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങൾ മലയാളിയുടെ അപകർഷബോധത്തെയും രാഷ്ട്രീയബോധത്തെയും സ്വാധീനിക്കുകയും അദ്ദേഹം എഴുതിയ കഥാപാത്രങ്ങൾ മലയാളി സമൂഹത്തിന്റെ ഒരു കാരിക്കേച്ചർ രേഖാചിത്രമായി മാറുകയും ചെയ്തു.
മലയാള സിനിമയിലെ ഏറ്റവും മികച്ച ഒരു കലാകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ എല്ലാക്കാലത്തും ഓർമിക്കപ്പെടുക തന്നെ ചെയ്യുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
Kerala
കൊച്ചി: ഹോട്ടലിൽനിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ താന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന വിവരം ഇപ്പോൾ ദീപിക ഒാൺലൈനിൽനിന്നു വിളിക്കുമ്പോഴാണ് അറിയുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ.
അന്നു താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ റൂം സര്‍വീസ് എന്നു പറഞ്ഞു ഹോട്ടല്‍ ജീവനക്കാരല്ലാത്ത ചിലര്‍ വന്നതുകൊണ്ടാണ് താന്‍ ഇറങ്ങി ഓടിയത്- ഹോട്ടൽ മുറിയിൽനിന്ന് ഇറങ്ങി ഓടിയ സംഭവത്തെക്കുറിച്ചു ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
"ഞാന്‍ ഹോട്ടലില്‍നിന്ന് ഓടിപ്പോയ കേസിനു ലഹരിയുമായി ബന്ധമില്ല. അന്ന് അവര്‍ ബ്ലഡ് ഒക്കെ എടുത്തിരുന്നു. അതിനു ശേഷമാണ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ എന്നെ കൊണ്ടുപോയത്. അതൊക്കെ അവിടെ കഴിഞ്ഞതാണ്. അതിന്റെ പരിശോധനാ ഫലം വന്നത് ഇന്നാണ് എന്നല്ലേ ഉള്ളെന്നും നടൻ പറഞ്ഞു.
അന്നു ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടാനുള്ള കാരണമെന്തെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. "നമ്മളുടെ പിന്നാലെ ആരെങ്കിലും വന്നാല്‍ നമ്മള് ഇറങ്ങി ഓടില്ലേ. രാത്രി പതിനൊന്ന്-പതിനൊന്നര സമയത്താണ് എന്റെ ഹോട്ടല്‍ റൂമില്‍ രണ്ടുമൂന്നു പേര് യൂണിഫോം ഒന്നുമിടാതെ റൂം സര്‍വീസ് എന്നു പറഞ്ഞുവന്നത്. ഈ അപരിചിതരെ കണ്ടാൽ ഞാന്‍ എന്താ വിചാരിക്കുക? പോലീസ് ആണെന്ന് എങ്ങനെ മനസിലാക്കും. ഞാൻ ഉടനെ റിസപ്ഷനില്‍ വിളിച്ചു. അവിടെയുള്ളവര്‍ക്കും അറിയില്ല. റൂം സര്‍വീസ് ഞാന്‍ പറഞ്ഞിട്ടില്ല എന്നു പറഞ്ഞിട്ടും അവര്‍ പോകാൻ കൂട്ടാക്കിയില്ല. അവര്‍ അവിടെനിന്നു പരുങ്ങി കളിക്കുകയാണ്. അങ്ങനെ ആശങ്ക തോന്നി ഇറങ്ങി ഓടിയതാണ്'.
അതേസമയം, ഹോട്ടലില്‍ മുറിയെടുത്ത് നടനും സുഹൃത്തും ലഹരി ഉപയോഗിച്ചു എന്നായിരുന്നു പോലീസ് കേസ്. ഡാന്‍സാഫ് സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയത് വലിയ വാർത്തയായിരുന്നു. കേസില്‍ നടനെ മണിക്കൂറുകളോളം പിന്നീട് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, നടന് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് പരിശോധനയിൽ തെളിക്കാനായില്ല. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചിരുന്നതായി തെളിവില്ലെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ദീപിക ഓൺലൈൻ പ്രതികരണം തേടിയത്.
Movies
ജീവിതത്തില്‍ എല്ലാവര്ക്കും നന്മ മാത്രം ആഗ്രഹിച്ച ശ്രീനിവാസന് അവസാന കുറിപ്പ് എഴുതി സംവിധായകന് സത്യന് അന്തിക്കാട്. മക്കളുടെ അഭ്യര്‍ഥനപ്രകാരമാണു ശ്രീനിവാസന്റെ ചിതയില്‍ “എന്നും എല്ലാവര്ക്കും നന്മകള് മാത്രം വരട്ടെ’’ എന്ന കുറിപ്പ് സത്യന് അന്തിക്കാട് വച്ചത്.
സിനിമയില്‍ തനിക്കു ശക്തിയായിരുന്ന സുഹൃത്തിന്റെ വിയോഗത്തില്‍ വിങ്ങിനിന്ന സത്യന് അന്തിക്കാടിനോട് ശ്രീനിവാസന്റെ ഇളയ മകന് ധ്യാന്‍, അച്ഛന് അവസാനമായി ഒരു കുറിപ്പെഴുതാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ധ്യാനിന്റെ ആഗ്രഹം സഹോദരൻ വിനീത് ശ്രീനിവാസനും അംഗീകരിച്ചതോടെ ശ്രീനിവാസന്റെ മുറിയിൽനിന്നും എടുത്ത കടലാസില്‍ സത്യന് “എന്നും എല്ലാര്ക്കും നന്മകള് മാത്രം വരട്ടെ” എന്ന കുറിപ്പെഴുതി.
മൃതദേഹത്തിനൊപ്പം ചിതയില്‍ ആ സന്ദേശവും പേനയും വച്ചാണ് തീ കൊളുത്തിയത്. ശ്രീനിവാസന്റെ മനസാണ് താന്‍ കടലാസില്‍ എഴുതിയതെന്ന് സത്യന് അന്തിക്കാട് പറഞ്ഞു.
തന്റെ സിനിമയുടെ ദിശ തിരിച്ചറിഞ്ഞത് ശ്രീനിവാസനിലൂടെയാണെന്ന് അനുശോചനയോഗത്തില്‍ അദ്ദേഹം പറഞ്ഞു. തന്റെ സിനിമകളില്‍ ശ്രീനിവാസന് എഴുതാത്ത തിരക്കഥകളും അദ്ദേഹവുമായി ചര്‍ച്ചചെയ്തിരുന്നു. രാഷ്ട്രീയം പ്രമേയമാക്കി ഒരു സിനിമ ചെയ്യണമെന്ന് ആലോചിച്ചിരുന്നു. നടന് കൂടിയായതിനാല്‍ ശ്രീനിവാസനിലെ എഴുത്തുകാരനെ നാം വേണ്ടവിധം ആഘോഷിച്ചിട്ടില്ല.
ശ്രീനിവാസനെ കൂടുതല്‍ വായിക്കാനും തിരിച്ചറിയാനും പോകുന്നതേയുള്ളൂവെന്നും സത്യന് അന്തിക്കാട് പറഞ്ഞു. രണ്ടാഴ്ച കൂടുമ്പോാള് സത്യന് അന്തിക്കാട് കണ്ടനാട്ടിലെ ശ്രീനിയുടെ വീട്ടിലെത്തുമായിരുന്നു.
Kerala
കൊച്ചി: സിനിമയേക്കാള്‍ ഉപരി കാര്‍ഷിക മേഖലയിലാണ് തനിക്ക് ശ്രീനിവാസന് പ്രചോദനമായിട്ടുള്ളതെന്ന് നടന് കൃഷ്ണപ്രസാദ്.
ഇന്ന് അന്യം നിന്ന് പോകുന്ന കാര്‍ഷിക മേഖലയ്ക്ക് സെലിബ്രിറ്റികളായ തങ്ങള്‍ക്ക് വഴികാട്ടിയാകാന്‍ ശ്രീനിയേട്ടനെ പോലെ ഒരാള്‍ മുന്നിലുണ്ടായി എന്നത് അഭിമാനത്തോടു കൂടിയും അതിലേറെ കൃതജ്ഞതയോടു കൂടിയും ഓര്‍ക്കുകയാണെന്ന് കൃഷ്ണപ്രസാദ് കൊച്ചി ടൗണ്‍ ഹാളില്‍ ശ്രീനിവാസനെ അവസാനമായി കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
"മലയാള സിനിമയില്‍ തന്റേതായ കൈയോപ്പ് പതിപ്പിച്ച ശ്രീനിയേട്ടന്റെ പാവനസ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏതാണ്ട് പഞ്ചവടിപ്പാലം എന്ന സിനിമ തുടങ്ങിയ ഒരു ബന്ധമുണ്ട് ഞങ്ങള്‍ തമ്മില്‍. പക്ഷെ അതിനപ്പുറമായിട്ട് എനിക്ക്, ഒരു സിനിമാ നടന് എന്നതിനപ്പുറം ആത്മബന്ധം എന്ന് പറയുന്നത് ഒരു കര്ഷകന് എന്ന രീതിയിലാണ്. കാര്‍ഷിക മേഖലയില്‍ എനിക്ക് ഒരു വലിയ പ്രചോദനമായിരുന്നു ശ്രീനിയേട്ടന്.'
'അദ്ദേഹം സാമ്പത്തികമായി എത്ര ഉന്നതിയില്‍ വന്നിട്ടും ശ്രീനിയേട്ടന് താമസിക്കുന്ന പുരയിടത്തോട് ചേര്‍ന്നു തന്നെ കാര്‍ഷിക മേഖല അദ്ദേഹം വികസിപ്പിച്ചെടുത്തു. ടൗണ്‍ഷിപ്പ് ആയ തൃപ്പൂണിത്തുറ പോലുള്ള സ്ഥലത്താണ് അദ്ദേഹം കൃഷി ചെയ്തത് എന്നുള്ളത്, നമ്മള് അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍, അദ്ദേഹത്തിന്റെ മനസിന്റെ വലിപ്പം നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.'
'തീര്‍ച്ചയായും ഇന്ന് അന്യം നിന്ന് പോകുന്ന കാര്‍ഷിക മേഖലയ്ക്ക് ഞങ്ങളെ പോലെ സിനിമയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഒരു പ്രചോദനമായി നിന്നുകൊണ്ട്, ഞങ്ങള്‍ക്കൊരു വഴികാട്ടിയാകാന്‍ ശ്രീനിയേട്ടനെ പോലെ ഒരാള്‍ ഞങ്ങളുടെ മുന്നിലുണ്ടായി എന്നത് അഭിമാനത്തോടു കൂടിയും അതിലേറെ കൃതജ്ഞതയോടു കൂടിയും ഞങ്ങള്‍ ഓര്‍ക്കുകയാണ്. ജീവിതത്തില്‍ ഇനിയും ആരെങ്കിലുമൊക്കെ, സെലിബ്രിറ്റികള്‍ ഈ കാര്‍ഷിക മേഖലയിലേക്ക് വരുന്നുണ്ടെങ്കില്‍, അതിന്റെയെല്ലാം പ്രചോദനം ശ്രീനിയേട്ടന് ആയിരിക്കും'.-കൃഷ്ണ പ്രസാദ് പറഞ്ഞു.
അതേസമയം, എറണാകുളം കണ്ടനാട്ട് വാങ്ങിയ സ്ഥലത്ത് ശ്രീനിവാസന് ജൈവകൃഷിക്കുകയും വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും നെല്ലും ഉത്പാദിപ്പിക്കുകയും ചെയ്തിരുന്നു. ശ്രീനി ഫാംസ് എന്ന പേരില്‍ വില്പനയും ആരംഭിച്ചിരുന്നു. മത്സ്യകൃഷിയും പശുവളര്‍ത്തലും ശ്രീനിവാസന് നടത്തിയിരുന്നു.
NRI
കുവൈറ്റ് സിറ്റി: മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസന്റെ നിര്യാണം മലയാള സിനിമയ്ക്ക് തീരാനഷ്ടമെന്ന് കെഡിഎൻഎ അറിയിച്ചു. മലയാള സിനിമയുടെ ചരിത്രത്തിൽ അതുല്യമായ മുദ്ര പതിപ്പിച്ച പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണം മലയാളി സമൂഹത്തെ മുഴുവൻ ആഴത്തിലുള്ള ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
കലാപരവും സാമൂഹികബോധമുള്ളതുമായ സിനിമകളിലൂടെ അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ കാലാതീതവും അനശ്വരവുമാണ്. സാധാരണ മനുഷ്യരുടെ ജീവിത യാഥാർഥ്യങ്ങൾ, സാമൂഹിക വൈരുദ്ധ്യങ്ങൾ, രാഷ്ട്രീയവും സാംസ്കാരികവുമായ ചോദ്യങ്ങൾ എന്നിവ ഹാസ്യത്തിന്റെ നേർത്ത സ്പർശത്തോടെ അവതരിപ്പിക്കുന്നതിൽ ശ്രീനിവാസൻ അപൂർവ പ്രതിഭയായിരുന്നു.
നടനെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും സിനിമകളും മലയാള സിനിമയിൽ എക്കാലവും നിലനിൽക്കും. ചിന്തിപ്പിക്കുകയും സാമൂഹിക പ്രതിബദ്ധത പുലർത്തുകയും ചെയ്ത ഒരു കലാകാരന്റെ വേർപാട് സിനിമാ ലോകത്തിനും മലയാളി സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്.
കോഴിക്കോട് ഡിസ്ട്രിക്ട് എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) ശ്രീനിവാസന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും ലോകമെമ്പാടുമുള്ള ആരാധകർക്കും കെഡിഎൻഎയുടെ അനുശോചനങ്ങൾ അറിയിക്കുന്നതായും അറിയിച്ചു.
NRI
മനാമ: മലയാള സിനിമാ ലോകത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ഒരുപോലെ തിളങ്ങിയ ശ്രീനിവാസന്റെ വിയോഗവാർത്ത അത്യന്തം ദുഃഖകരമാണെന്നും കൊല്ലം പ്രവാസി അസോസിയേഷന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് അനോജ് മാസ്റ്റർ, ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, കലാ-സാഹിത്യ വിഭാഗം സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.
സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയും ആഴമുള്ള തിരക്കഥകളിലൂടെയും സാമൂഹിക പ്രസക്തിയുള്ള സിനിമകളിലൂടെയും മലയാള സിനിമയ്ക്ക് എല്ലാമായിരുന്ന ഒരു സമ്പൂർണ കലാകാരനായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ സംഭാവനകൾ തലമുറകളോളം മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ നിലനിൽക്കും. മലയാള സിനിമാ ലോകത്തിന് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ശ്രീനിവാസന്.
ലളിതമായ കഥാപാത്രങ്ങളിലൂടെ സാധാരണക്കാരന്റെ ജീവിതത്തെ അഭ്രപാളിയില്‍ എത്തിക്കാന്‍ ശ്രീനിവാസന് കഴിഞ്ഞിരുന്നു. അതിലൂടെ പ്രേക്ഷകരുടെ മനസിൽ ജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍ക്ക് ആഴത്തിലുള്ള സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അദ്ദേഹത്തിന്റെ നിര്യാണം മലയാള സിനിമയ്ക്കും കലാസാംസ്കാരിക രംഗത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നതോടൊപ്പം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും പ്രയാസകരമായ ഈ സാഹചര്യം അതിജീവിക്കാനുള്ള കരുത്ത് ലഭിക്കട്ടെയെന്നും കെപിഎ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചന തെളിയണമെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും നടനും ചലചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. കേസിന്റെ തുടക്കം മുതൽ മഞ്ജുവാര്യർ പറഞ്ഞത് ഗൂഢാലോചന ഉണ്ടെന്നാണ്. പ്രോസിക്യൂഷൻ കണ്ടെത്തിയതും അതാണെന്നും പ്രേംകുമാർ പറഞ്ഞു.
ഒന്നാംപ്രതി ക്വട്ടേഷൻ ഉണ്ടെന്നാണ് പറഞ്ഞത്. അതിജീവിതയും ക്വട്ടേഷൻ നടന്നു എന്നാണ് പറഞ്ഞത്. ക്വട്ടേഷൻ എങ്കിൽ അതിൽ ഗൂഢാലോചന ഉണ്ടാകുമല്ലോ? ആരാണ് ഗൂഢാലോചന നടത്തിയത് എന്ന് അറിയണം എന്നും പ്രേംകുമാർ പറഞ്ഞു.
കേസിൽ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ശിക്ഷാവിധിയെന്നുമാണ് കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാർ പറഞ്ഞത്. പ്രോസിക്യൂഷന് ഒരു തിരിച്ചടിയും ഇല്ല. അപ്പീൽ നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യും. ശിക്ഷയിൽ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
Movies
പ്രണയത്തിന്റെ കാൽപനികതയും വിരഹത്തിന്റെ വേദനയും സൗഹൃദത്തിന്റെ നിറങ്ങളും ആക്ഷന്റെ ചടുലതയുമെല്ലാം ഒരുകാലത്ത് ഇന്ത്യൻസിനിമ ദർശിച്ചത് ഈ മനുഷ്യനിലൂടെയാണ്. ഒരു കാലഘട്ടത്തെയാകെ സ്വാധീനിച്ച ഇതിഹാസതാരം. ഇന്നും ബോളിവുഡിൽ ധർമേന്ദ്രയ്ക്ക് പകരക്കാരനില്ല.
ബോളിവുഡ് എന്ന സ്വപ്നലോകത്തെ രാജകുമാരനായി അദ്ദേഹം വിലസിയ എഴുപതുകളും എൺപതുകളും... സ്വന്തം സിനിമകൾ പോലെ ജീവിതം ഒരു ആഘോഷമായി കൊണ്ടുനടന്ന അദ്ദേഹം അവസാനകാലം വരെ കർമനിരതനായിരുന്നു. ഒടുവിൽ എല്ലാ ആഘോഷങ്ങളും ബാക്കിവച്ച് അദ്ദേഹം വിടപറയുമ്പോൾ ഇന്ത്യൻ സിനിമയ്ക്ക് ധർമേന്ദ്ര സമ്മാനിച്ച വസന്തം ഇനിയും പൂത്തുലഞ്ഞുകൊണ്ടേയിരിക്കും.
ആദ്യ പ്രതിഫലം 51 രൂപ
കുട്ടിക്കാലം മുതൽ സിനിമയായിരുന്നു ധർമേന്ദ്രയുടെ സ്വപ്നം. അതിനായ് മുംബൈയ്ക്ക് വണ്ടികയറുന്പോൾ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ. ഫിലിം ഫെയര്‍ നടത്തിയ നാഷണല്‍ ന്യൂ ടാലന്റ് കോണ്ടസ്റ്റിൽ വിജയിച്ചത് സിനിമയിലേക്കുള്ള വാതിൽ തുറന്നു.. 1960ല്‍ പുറത്തിറങ്ങിയ ദില്‍ ഭി തേര ഹം ഭി തേര ആയിരുന്നു ആദ്യസിനിമ. ആദ്യസിനിമയ്ക്ക് ധര്മേന്ദ്രയ്ക്ക് പ്രതിഫലമായി കിട്ടിയത് 51 രൂപയായിരുന്നു. ആദ്യചിത്രം പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ചില സിനിമകളില്‍ സഹതാരമായി അഭിനയിച്ചു. 1965ല്‍ പുറത്തിറങ്ങിയ ഹഖീഖത്ത് ആണ് തലവിധി മാറ്റിയത്. പിന്നാലെ വന്ന ഫൂല് ഓര് പഥർ വൻ വിജയമാതോടെ ധര്‍മേന്ദ്ര താരമായി മാറി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഏഴുപതുകളുടെ അവസാനത്തോടെ ബോളിവുഡിലെ മുന്‍നിര നായകനായി ധര്‍മേന്ദ്ര.
ബോളിവുഡിന്റെ ഹീമാൻ
റൊമാന്റിക് വേഷങ്ങളിൽനിന്ന് 80കളോടെ അദ്ദേഹം ആക്ഷന്‍ ചിത്രങ്ങളിലേക്കു തിരിഞ്ഞു. ഇതോടെ ബോളിവുഡിന്റെ ‘ഹീമാന്‍’ ഉദയം കൊണ്ടു. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച നായകന് എന്ന റെക്കോര്‍ഡ് ഇന്നും ധര്‍മേന്ദ്രയുടെ പേരിലാണ്. ധര്‍മേന്ദ്ര തന്റെ ഏഴ് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ നല്‍കിയത് 75 ഹിറ്റുകളാണ്. അമിതാഭ് ബച്ചനും രാജേഷ് ഖന്നയും ഷാരൂഖ് ഖാനും സല്മാന്ഖാനുമെല്ലാം അതിനു പിന്നിലാണ്. ഷോലെയില്‍ അഭിനയിക്കാന്‍ ബച്ചനേക്കാളും പ്രതിഫലം വാങ്ങിയതും ധര്‍മേന്ദ്രയായിരുന്നു. അഭിനയമികവ് തെളിയിക്കുന്ന ഒരുപിടി സിനിമകളും അദ്ദേഹം നല്‍കിയിട്ടുണ്ട്. ആക്ഷന്‍ പുറമെ കോമഡിയും ഇമോഷണല്‍ കഥാപാത്രങ്ങളുമെല്ലാം അദ്ദേഹത്തിന്റെ കൈയിൽ ഭദ്രമായി.
മറക്കാനാവാത്ത ഗാനരംഗങ്ങൾ
ബോളിവുഡ് സംഗീതത്തിന്റെ സുവര്ണകാലഘട്ടമായിരുന്ന എഴുപതുകളിൽ ധർമേന്ദ്രയുടെ മാസ്മരിക സാന്നിധ്യം കൊണ്ട് സൂപ്പർഹിറ്റുകളായ ഗാനങ്ങൾ നിരവധി. ബോളിവുഡിലെ ഐക്കോണിക്കായി മാറിയ ഒട്ടേറെ പാട്ടുകള്‍ക്ക് ജീവന് നല്കാൻ അദ്ദേഹത്തിനു സാധിച്ചു. ബ്ലാക്ക്മെയ്ൽ എന്ന ചിത്രത്തിൽ കിഷോര്‍ കുമാര്‍ പാടിയ പൽ പൽ ദിൽകേ പാസ്, സഹൃദത്തിന്റെ പുത്തൻ അനുഭവങ്ങൾ സമ്മാനിച്ച ഷോലെയിലെ യേ... ദോസ്തി, ലോഫര്‍ എന്ന ചിത്രത്തിലെ ആജ് മോസം ബഡാ, ധരം വീറിലെ ഓ മേരി മെബബൂബ തുടങ്ങിയ ഗാനങ്ങൾ ഇന്നും അനശ്വരമായി നിൽക്കുന്നു.
വിവാദമായ പ്രണയവും വിവാഹവും
സിനിമയിൽ വരുന്നതിനു മുന്‍പ് 19-ാം വയയിൽ ധർമേന്ദ്ര വിവാഹിതനായിരുന്നു. പ്രകാശ് കൗർ ആയിരുന്നു ഭാര്യ. ദമ്പതികൾക്ക് സണ്ണി, ബോബി, അജിത, വിജേത എന്നീ മക്കളും ജനിച്ചു. എന്നാൽ ഇന്ത്യൻ സിനിമയിലെ ഡ്രീം ഗേൾ എന്നു വിശേഷിപ്പിക്കുന്ന ഹേമമാലിനിയുമായുള്ള പ്രണയവും വിവാഹവും ധർമേന്ദ്രയെ ഏറെ വിവാദങ്ങളിൽ എത്തിച്ചു. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ഷോലെയുടെ സെറ്റിൽ മൊട്ടിട്ട ഈ പ്രണയം ഒട്ടേറെ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് സഫലമായത്. ഹേമമാലിനിയെ വിവാഹം കഴിച്ചുവെങ്കിലും ആദ്യഭാര്യയുമായും മക്കളുമായെല്ലാം അദ്ദേഹം നല്ല ബന്ധം പുലർത്തിപ്പോന്നു.
ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ
മികച്ച ബോളിവുഡ് താരം എന്നതിലുപരി 335 കോടി രൂപ വിലമതിക്കുന്ന സാമ്രാജ്യത്തിന്റെ ഉടമ കൂടിയാണ് ധർമേന്ദ്ര. പാചക, ഹോസ്പിറ്റാലിറ്റി മേഖലകളിൽ പടർന്നുപന്തലിച്ചുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ ബിസിനസ്. 2015ൽ ന്യൂഡൽഹിയിലെ ഗരം ധരം ധാബയിലൂടെയാണ് അദ്ദേഹം ആദ്യമായി റസ്റ്ററന്റിന് തുടക്കമിട്ടത്. 2022ൽ കർണാൽ ഹൈവേയിൽ ‘ഹേ മാൻ’ എന്ന പേരിൽ മറ്റൊരു റസ്റ്ററന്റ് കൂടി തുറക്കാനിരിക്കെയാണ് രോഗബാധിതനായത്. മുംബൈ നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി ലോണവാലയിലെ 100 ഏക്കർ വരുന്ന ഫാംഹൗസിൽ കുടുംബത്തോടൊപ്പം താമസിക്കാൻ എത്താറുണ്ടായിരുന്നു. ഈ ഫാം ഹൗസിനു സമീപം റിസോർട്ട് വികസിപ്പിച്ച് ഹോസ്പിറ്റാലിറ്റി ബിസിനസ് വ്യാപിപ്പിക്കാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു. മഹാരാഷ്ട്രയിൽ ധർമേന്ദ്രയ്ക്ക് 17 കോടിയിലേറെ സ്വത്തുക്കളുണ്ട്. അതിനു പുറമേ ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെയുണ്ട്.
അവസാനം വരെ സിനിമയിൽ
സിനിമയായിരുന്നു ധര്മേന്ദ്രയ്ക്ക് എല്ലാം. അതുകൊണ്ട് ഇടവേളകളില്നിന്നും അദ്ദേഹം സിനിമയിലേക്ക് തിരികെ വന്നു കൊണ്ടേയിരുന്നു. മക്കളായ സണ്ണിയും ബോബിയുമെല്ലാം തന്നോളം വളരുകയും താരങ്ങളായി മാറുകയും ചെയ്തതോടെ കാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറി ധര്‍മേന്ദ്ര. നീണ്ട ഇടവേളയ്ക്കുശേഷം കരണ്‍ ജോഹറിന്റെ റോക്കി ഓര് റാണി കി പ്രേം കഹാനിയിലൂടെയാണ് അദ്ദേഹം തിരികെ വരുന്നത്. തുടർന്ന് തേരി ബാത്തോം മേം ഐസ ഉല്‍ജാ ജിയയിലും അഭിനയിച്ചു. മരിക്കുന്നതിനു തൊട്ടുമുൻപ് അഭിനയിച്ച ഇക്കിസ് ഡിസംബറിലില്‍ റിലീസിന് തയാറെടുക്കുകയാണ്.
National
മുംബൈ: ബോളിവുഡിലെ മുതിർന്ന നടനും ലോക്സഭ മുൻ എംപിയുമായ ധർമേന്ദ്ര (89) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. സംവിധായകൻ കരൺ ജോഹറാണ് മരണവാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. അതേസമയം, ഇതു സംബന്ധിച്ച് താരത്തിന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഒരാഴ്ച മുമ്പ് ശ്വാസതടസത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സ തേടിയ താരം പിന്നീട് വീട്ടിലെത്തിയിരുന്നു. ഡിസംബർ എട്ടിന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു.
ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.
നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ ആറു മക്കളാണ് താരത്തിനുള്ളത്.
Movies
ഒരു തമിഴ് സിനിമയിലേക്ക് കാരക്ടര്‍ റോള്‍ ചെയ്യാന്‍ ഓഫര്‍ വന്നിട്ടുണ്ട്. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലായതിനാല്‍ ഞാന്‍ ഡിസംബര്‍ 13 വരെ സമയം ചോദിച്ചിരിക്കുകയാണ്.
ചെല്ലാനം ഹാര്‍ബറിലെത്തുന്ന വള്ളങ്ങളില്‍ നിന്ന് ലേലം വിളിക്കാനുള്ള മത്സ്യക്കുട്ടകള്‍ നോക്കിക്കൊണ്ട് സിനിമാ നടനായ ഒ.എഫ് സെബാസ്റ്റ്യന്‍ എന്ന ചെല്ലാനത്തുകാരുടെ സ്വന്തം മാള പറഞ്ഞു.
ചെല്ലാനം ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം. മിമിക്രി കലാകാരന് കൂടിയായ സെബാസ്റ്റ്യന്‍ കൂടുതലായും ചെയ്യുന്നത് മാള അരവിന്ദന്റെ ഫിഗറാണ്. അതുകൊണ്ടുതന്നെയാണ് മാള എന്ന ഓമനപ്പേര് ചെല്ലാനത്തുകാര്‍ അദ്ദേഹത്തിനു സമ്മാനിച്ചതും. പ്രചാരണയോഗങ്ങളിലൊക്കെ സിനിമാ നടന്മാരെ അനുകരിച്ച് സെബാസ്റ്റ്യൻ വോട്ടു ചോദിക്കുമ്പോള്‍ നിറഞ്ഞ കൈയടിയാണ് കിട്ടുന്നത്.
തെക്കേ ചെല്ലാനം കൂട്ടുപറമ്പില്‍ സെബാസ്റ്റ്യന്‍ കുട്ടിക്കാലം മുതല്‍ അഭിനയത്തോടെ താല്പര്യമുണ്ടായിരുന്നു. കൊച്ചിന് കലാഭവനില്‍ ഒന്നര വര്‍ഷം വയലിന് പഠിച്ചെങ്കിലും അഭിനയമാണ് തന്റെ തട്ടകമെന്ന് സെബാസ്റ്റ്യന്‍ തിരിച്ചറിഞ്ഞു. മാള അരവിന്ദന്, പ്രേം നസീര്‍, മധു, ജനാര്ദ്ദനന്, കൊച്ചിന് ഹനീഫ എന്നിവരെ അനുകരിക്കുന്നതാണ് സെബാസ്റ്റ്യന്റെ മാസ്റ്റര്‍ പീസ് ഐറ്റം.
ഇതിനിടെ ചെല്ലാനം വേളാങ്കണ്ണി മാതാ ആര്‍ട്സ് ട്രൂപ്പിനു കീഴില്‍ തെരുവുനാടകങ്ങളിലും സ്റ്റേജ് നാടകങ്ങളിലും വര്‍ഷങ്ങളായി അഭിനയിച്ചുവരുന്നു. ഇതിനകം പത്തിലധികം വേദികളില്‍ അരങ്ങേറിയ കാറ്റാടിമലയിലെ സൂര്യന് എന്ന നാടകത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ വേഷം സെബാസ്റ്റ്യനെ ജനപ്രിയനാക്കി.
ദേവസഹായം പിള്ള, അന്നമ്മയുടെ അവറാച്ചന്, അമ്മ ഉറങ്ങാത്ത വീട് എന്നീ നാടകങ്ങളഇലും മികച്ച വേഷം ചെയ്തു. ബിജു മേനോന്റെ ആന്റപ്പന് ആന്‍ഡ് സണ്‍സ്, വെടിക്കെട്ട്, വിമാനം, ഇടിയന് ചന്ദു ഉള്‍പ്പെടെ പത്തിലധികം മലയാളം ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിലെ തരകനായ ഇദ്ദേഹം 2010 ല്‍ ചെല്ലാനം ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതാണ്.
Movies
നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കുറിപ്പുമായി സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. വെല്ലൂർ സിഎംസി ആശുപത്രിയിൽ വന്നതിനു ശേഷമുള്ള വാർത്തകൾ ഏറെ പ്രതീക്ഷ നൽകുന്നവയാണെന്നും രാജേഷിനെ ആക്ടീവ് ആക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രതാപ് കുറിപ്പിൽ പറയുന്നു.
പ്രിയപ്പെട്ട രാജേഷ് വെല്ലൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ട് നാളെ 2 മാസമാകുന്നു, ഈ കിടപ്പിന് 87 ദിവസത്തിന്റെ വേദനയും. അവൻ ഹോസ്റ്റ് ചെയ്ത, ‘ലോക’ 300 കോടി ചിത്രമായി റെക്കോർഡ് ഇട്ടതും അവന്റെ പ്രിയപ്പെട്ട മമ്മൂക്ക രോഗ മുക്തനായി സിനിമയിൽ സജീവമായതും, ലാലേട്ടൻ ഫാൽകെ അവാർഡ് മേടിച്ചതും ഞാൻ പറഞ്ഞു കൊടുത്തു, സുരേഷേട്ടനൊപ്പമുള്ള ‘ഒറ്റക്കൊമ്പൻ’ സിനിമയിലെ രാജേഷിന്റെ ഇനിയുള്ള സീൻ വേദനയോടെ ഒഴിവാക്കേണ്ടി വന്നതു മാത്രം പാവം അവൻ അറിഞ്ഞിട്ടില്ല.
രാജേഷ് ഉഷാറായി വരുമ്പോൾ ആദ്യത്തെ ഷോ എനിക്ക് വേണ്ടി ചെയ്യണമെന്ന് സുരേഷ് ഗോപി വാക്ക് തന്നിട്ടുണ്ട്. രാജേഷ് അഭിനയിച്ച ‘ഇന്നസന്റ്’ സിനിമ റിലീസ് ആയതും, അവനു ഏറെ പ്രതീക്ഷയുള്ള ‘വടക്കൻ തേരോട്ടം’ എന്ന സിനിമ റിലീസിന് തയാറെടുക്കുന്നതും എല്ലാം പറഞ്ഞത് അവൻ മനസിലാക്കിക്കാണും എന്നാണ് ഞങ്ങളുടെ വിശ്വാസം.
ഇങ്ങനെ സിനിമയും സംഗീതവും യാത്രകളും, സൗഹൃദവും, ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞു ഞങ്ങൾ അവനെ ആക്ടീവ് ആക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. അതിന്റെ ഒക്കെ റിസൽട്ട്/റെസ്പോൺസ് ഉണ്ട്, അത് അവനിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇടയ്ക്ക് സുഹൃത്തുക്കൾ വന്നു അവനോടു സംസാരിക്കുന്നതും, ഉണർത്താൻ ശ്രമിക്കുന്നതുമെല്ലാം അത്ഭുതകരമായ മാറ്റം ഉണ്ടാക്കുന്നുണ്ട്. അതിനു സമയം കണ്ടെത്തുന്ന നല്ല മനസുകൾക്ക് നന്ദി. ശ്രീരാമൻ വനവാസത്തിനു ഇറങ്ങിയപ്പോൾ എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന സീതയും ലക്ഷ്മണനും കഴിഞ്ഞ മൂന്നു മാസമായി രാജേഷിനൊപ്പമുണ്ട്.. സിന്ധുവിന്റെയും രൂപേഷിന്റെയും സ്നേഹത്തിനും കരുതലിനും, ആത്മ സമർപ്പണത്തിനും മുന്നിൽ പകരം വയ്ക്കാൻ ഈ ജന്മത്തിൽ ഒന്നുമില്ല.
ക്ഷമയോടെ സഹന ശക്തിയോടെ അവരോടൊപ്പം സിഎംസിയിലെ ഡോക്ടർമാരും, തെറാപ്പിസ്റ്റുകളും ഒപ്പമുണ്ട് എന്നുള്ളത് ഏറെ പ്രതീക്ഷ നൽകുന്നു. പ്രാർഥനയും സ്നേഹവും തുടരുക.. പലരുടെയും സ്നേഹാന്വേഷണങ്ങൾക്ക് കൃത്യമായി മറുപടി തരാൻ പറ്റാത്തതിന് ക്ഷമാപണം. ഈ വനവാസം കഴിഞ്ഞു അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല.. വരും...എന്റെ ചങ്ക് വീണ്ടും സ്റ്റേജിലും സിനിമയിലും ആടിത്തിമിർക്കുന്ന നാളുകൾക്കായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു.. നന്ദി...സ്നേഹം.. പ്രാർഥന.’’
National
മുംബൈ: ബോളിവുഡിലെ മുതിർന്ന ഹാസ്യതാരം സതീഷ് ഷാ (74)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ബാന്ദ്ര ഈസ്റ്റിലെ വസതിയിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം.
1983ലെ കുന്ദൻ ഷായുടെ ക്ലാസിക് ചിത്രം ജാനേ ഭീ ദോ യാരോയിലെ അഴിമതിക്കാരനായ മുനിസിപ്പൽ കമ്മീഷണറുടെ വേഷമാണ് സതീഷിനെ ബോളിവുഡിലെ പ്രിയങ്കരനാക്കിയത്. തുടർന്ന് മേ ഹൂ നാ, കൽഹോ ന ഹോ, മലാമാൽ, കഭീ ഹാ കഭീ നാ, കൽ ഹോന ഹോ, ഓം ശാന്തി ഓം, ഫനാ, അകേലേ ഹം അകേലെ തും എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളിലെത്തി.
സാരാഭായി വെസ് സാരാഭായി, യേ ജോ ഹെ സിന്ദഗി, ഫിലിമി ചക്കർ തുടങ്ങിയ ടെലിവിഷൻ ഡ്രാമകളിലൂടെയും ഹാസ്യതാരമായി തിളങ്ങി.
Movies
കാത്തിരുന്നു കിട്ടിയ സുവർണാവസരം! "മിന്നല്‍ മുരളി' നിര്‍മിച്ച സോഫിയ പോളിന്റെ പുത്തന്‍ പടം "ഡിറ്റക്ടീവ് ഉജ്വലനി'ലെ ഇരട്ട വില്ലന്‍വേഷം. ക്ലൈമാക്സ് വരെയും മുഖംമൂടിയണിഞ്ഞ വില്ലന്‍. സിനിമ റിലീസായിട്ടും ഉജ്വലനിലെ ബൂഗിമാൻ താനാണെന്നു നാലാളോടു പറയാൻ പറ്റാത്ത അവസ്ഥ!
സിനിമയുടെ സസ്പെന്‍സ് നിലനിര്‍ത്താന്‍, വില്ലൻവേഷം ചെയ്ത പുതുമുഖം "മുഖംമൂടി'യില്‍ തുടര്‍ന്നു. ഒടുവില്‍ ഒടിടി റിലീസിനുശേഷം നെറ്റ്ഫ്ളിക്സ് കാരക്ടർ പോസ്റ്ററിലൂടെ സസ്പെൻസിനു വിരാമമായി. തൃശൂര്‍ കൊരട്ടി സ്വദേശി മാത്യു ബേബി പുതുക്കാടനെ നാടറിഞ്ഞു.
“ഞാനാണു വില്ലനെന്നു വെളിപ്പെട്ട നിമിഷം സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ തിയറ്ററില്‍ ഞെട്ടി. ആ ഷോക്ക് ഫാക്ടര്‍ ആയിരുന്നു എന്റെ സന്തോഷം. പെര്‍ഫോമന്‍സ് ഇഷ്ടമായെന്നു കൂടിയറിയുമ്പോള്‍ ഇരട്ടിമധുരം. ഒരു ഭാഷയില്‍ മാത്രം റിലീസായ സിനിമ നെറ്റ്ഫ്ളിക്സ് ഇന്ത്യ ട്രെൻഡിംഗ് ടോപ്പ് 5ല്‍ എത്തിയതു വലിയ കാര്യം തന്നെയാണ്”- ബേബി മാത്യു പുതുക്കാടന്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.
സിനിമാപ്രേമം
പന്ത്രണ്ടാം ക്ലാസ് വരെ ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം ദുബായിലാണ്. അച്ഛന് ബേബി അവിടെ ഒരു കമ്പനിയിൽ സെയില്‍സ് മാനേജരാണ്. അമ്മ മിനി വീട്ടമ്മയും. സഹോദരന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിൽ ഡോക്ടറാണ്. സിനിമാപ്രേമിയായ അപ്പൻ, വീക്കെന്‍ഡുകളില്‍ കൊണ്ടുവന്ന വീഡിയോ കാസറ്റുകളിലെ സിനിമകള്‍ കണ്ടു വളർന്ന കുട്ടിക്കാലം.
പന്ത്രണ്ടിലെത്തിയപ്പോള്‍ ഞാനും സുഹൃത്ത് ഇജാസും സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലെ ഒരു ഷോട്ടില്‍ ഞാന്‍ അഭിനയിച്ചു. അഭിനയത്തോട് ഒരിഷ്ടം തോന്നിയെങ്കിലും ഡിഗ്രിക്കു ശേഷം മതി സിനിമയെന്നു വീട്ടുകാര്‍. അങ്ങനെ 2014ല്‍ നാട്ടിലെത്തി. കൊല്ലം ടികെഎമ്മിൽ ബിടെക്കിനു ചേര്‍ന്നു.
അക്കാലത്തു സൂര്യയുടെ 24, വാരണം ആയിരം ഉള്‍പ്പെടെയുള്ള സിനിമകളിലെ സീനുകള്‍ പുനഃസൃഷ്ടിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുതുടങ്ങി. സുഹൃത്ത് അരവിന്ദായിരുന്നു എഡിറ്റർ. കുറേപ്പേര്‍ക്ക് അത് ഇഷ്ടമായി. അതെനിക്കു കിക്കായി. കഥാപാത്രത്തിനനുസരിച്ചു മുടിയും താടിയും വളര്‍ത്തിയും മൊട്ടയടിച്ചുമൊക്കെ പിന്നെയും വീഡിയോകള്‍ ചെയ്തു. അഭിനയത്തോട് അഭിനിവേശമായി.
മാസ്റ്റര്‍പീസിന്റെ ഷൂട്ടിംഗ് ഫാത്തിമ കോളജിൽ നടക്കുമ്പോള്‍ ക്ലാസ് കട്ട് ചെയ്ത് ഞാനും സുഹൃത്തും അവിടെ ഓഡിഷനു പോയെങ്കിലും ഫലമുണ്ടായില്ല. ബിടെക്കിനു ശേഷം മുംബൈയില്‍ സുഭാഷ് ഘായിയുടെ വിസിലിംഗ് വുഡ്സ് ഫിലിം സ്കൂളില്‍ ചേര്‍ന്നു.
ഒന്നര വര്‍ഷം തിയറ്ററും ഷോര്‍ട്ട് ഫിലിംസുമായി അഭിനയം അടുത്തറിഞ്ഞു. പരസ്യചിത്രങ്ങളിൽ അവസരങ്ങളും പ്രതിഫലവും വന്നുതുടങ്ങിയതോടെ വീട്ടുകാര്‍ സപ്പോർട്ടായി. വാശിയോടെ ഹിന്ദി വശമാക്കി ആമസോണ്‍ വെബ് സീരിസിലും ഹിന്ദി സിനിമയിലും വേഷമിട്ടു.
District News
വൈക്കം: ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ ഹാസ്യ പരിപാടിയായ ഉപ്പും മുളകിലെ കേശുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അൽസാബിത്ത് വൈക്കം കൊതവറ സെന്റ് സേവ്യേഴ്സ് കോളജിൽ ബിരുദപഠനത്തിനു പ്രവേശനം നേടി. ബിഎ പൊളിറ്റിക്സിനു പ്രവേശനം നേടാൻ പത്തനാപുരം സ്വദേശിയായ കേശു അമ്മയ്ക്കൊപ്പമാണ് കോളജിലെത്തിയത്.
കലാജീവിതവും പഠനവും ഒരുമിച്ചു കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന കേശു ഇപ്പോൾ ഇടപ്പള്ളിയിലാണ് താമസിക്കുന്നത്.