നാനാ പടേക്കർ
നടനും ചലച്ചിത്രകാരനുമായ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഗോവയിലെ വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിയ ഉടൻ ഡോക്ടർമാർ 45 മിനിറ്റിലധികം തുടർച്ചയായി സിപിആർ നൽകിയെങ്കിലും പ്രതികരിച്ചില്ലെന്നും പുലർച്ചെ 5:20-ഓടെ മരണം സ്ഥിരീകരിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. പൂനയിലായിരുന്ന മകൻ മൽഹാർ പടേക്കർ ഗോവയിലേക്ക് തിരിച്ചു.
1951 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലാണ് നാനാ പടേക്കർ ജനിച്ചത്. അഭിനയത്തിൽ തനതായ ഡയലോഗ് ഡെലിവറി കൊണ്ട് ഇന്ത്യൻ സിനിമയിൽ സ്വന്തം സ്ഥാനം ഉറപ്പിച്ച താരമാണ് അദ്ദേഹം. വ്യത്യസ്തമായ കഥാപാത്രങ്ങളെ കൊണ്ട് അനശ്വരമാക്കിയ നാനാ പടേക്കർ മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നടസമ്രാട്ട്, പരിന്ദ, യശ്വന്ത്, വജൂദ് തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റി.
1978-ൽ പുറത്തിറങ്ങിയ ഗമൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. 2000-ങ്ങളുടെ തുടക്കത്തിൽ ശക്തി: ദി പവർ (2002), അപഹരൺ (2005), ടാക്സി നമ്പർ 9211 (2006) തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചു. പൊളിറ്റിക്കൽ ത്രില്ലറായ രാജ്നീത് (2010) എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ നാമനിർദേശവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
സിനിമയ്ക്കു പുറമെ മഹാരാഷ്ട്രയിലെ കർഷകരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. 2013-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
മഹാരാഷ്ട്രയിലെ കർഷകരുടെ ആത്മഹത്യയും വൻ വരൾച്ചയും കണ്ടാണ് അദ്ദേഹം 2015-ൽ നാം ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്. ഇതിലൂടെ ദുരിതബാധിതരായ ആയിരക്കണക്കിനു കർഷക കുടുംബങ്ങൾക്കു സാമ്പത്തിക സഹായം എത്തിച്ചു. 1999 ൽ നടന്ന കാർഗിൽ യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കുകയും സൈനികർക്കൊപ്പം അതിർത്തിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഹോണററി ലഫ്റ്റനന്റ് കേണൽ പദവിയും അദ്ദേഹത്തിനുണ്ടായിരുന്നു.
വിശ്വനാഥ് പടേക്കർ എന്നാണ് യഥാർഥ പേര്. നീലകണ്ഠി പടേക്കറാണ് ഭാര്യ. ഹിന്ദി, മറാത്തി സിനിമകളിലൂടെ പതിറ്റാണ്ടുകളോളം പ്രേക്ഷകരുടെ മനസ് കീഴടക്കിയ അതുല്യ പ്രതിഭയാണ് വിടപറഞ്ഞത്.
Tags : NanaPatekar Actor Die CardiacArrest