ടോമിച്ചൻ മുളകുപാടം പങ്കുവച്ച ചിത്രം
മലയാള സിനിമയിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്റെ പത്താം വാർഷിക വേളയിൽ സിനിമാ ആസ്വാദകരെ ആവേശത്തിലാക്കി നിർമാതാവ് ടോമിച്ചൻ മുളകുപാടത്തിന്റെ പുതിയ പ്രഖ്യാപനം. വർഷങ്ങൾക്ക് മുമ്പ് ചിത്രീകരണം പാതിവഴിയിൽ മുടങ്ങിപ്പോയ 'അന്ന' എന്ന ചിത്രത്തിനെ അവകാശം മുളകുപാടം ഫിലിംസ് സ്വന്തമാക്കി. ചിത്രത്തിന്റെ വിശേഷങ്ങൾ ടോമിച്ചൻ മുളകുപാടം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
90-കളിൽ ജോഷിയുടെ സംവിധാനത്തിൽ അരവിന്ദ് സ്വാമി നായകനായി എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു അന്ന. എൻ. മോഹനന്റെ കഥയിൽ ഔസേപ്പച്ചൻ സംഗീതം നൽകാനിരുന്ന ചിത്രം, പ്രധാന താരങ്ങളുടെ ഡേറ്റ് പ്രശ്നങ്ങളും മറ്റ് സാങ്കേതിക കാരണങ്ങളുംകൊണ്ടാണ് മുടങ്ങിപ്പോയത്. എന്നാൽ, അടുത്തിടെ പുറത്തിറങ്ങിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിൽ 'അന്ന'യ്ക്കായി ഒരുക്കിയ 'യവനകഥയിലെ ഇടയകന്യകേ' എന്ന ഗാനം ഉൾപ്പെടുത്തുകയും അത് വലിയ തരംഗമാവുകയും ചെയ്തതോടെയാണ് ചിത്രം വീണ്ടും ചർച്ചകളിലേക്ക് തിരിച്ചെത്തിയത്.
ഇതിന് പിന്നാലെയാണ് സിനിമയുടെ അവകാശം ടോമിച്ചൻ മുളകുപാടം ഏറ്റെടുത്തിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് മുടങ്ങിപ്പോയ ആ ക്ലാസിക് കഥ പുതിയ കാലഘട്ടത്തിന് ഇണങ്ങുന്ന രീതിയിൽ, പുതിയ രചയിതാക്കളുടെ സഹായത്തോടെ വലിയ മാറ്റങ്ങളോടെയാണ് വെള്ളിത്തിരയിൽ എത്തിക്കാൻ ഉദേശിക്കുന്നതെന്ന് നിർമാതാവ് വ്യക്തമാക്കി. ചിത്രത്തിന്റെ സംവിധായകൻ, മറ്റ് താരങ്ങൾ, അണിയറപ്രവർത്തകർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
Tags : YavanakadhayileIdayakanyake TomichanMulakupadam Anna Bku