ഖലീഫയിൽ പൃഥ്വിരാജ്
പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് മാസ് ചിത്രം ഖലീഫ ഒടിടി റിലീസിന് ഒരുങ്ങുന്നു. തിയറ്ററുകളിൽ മികച്ച വിജയം നേടി പ്രദർശനം തുടരുന്നതിനിടയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് തീയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന ഒക്ടോബർ ഒമ്പത് മുതൽ ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. ആഗോളതലത്തിൽ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം റിലീസ് ദിവസം തന്നെ 14.5 കോടി രൂപ കളക്ഷൻ നേടി ഗംഭീര ഓപ്പണിംഗാണ് സ്വന്തമാക്കിയത്.
മാമ്പറക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായി പൃഥ്വിരാജ് തകർത്താടിയ ചിത്രത്തിൽ വൻതാരനിരയാണ് അണിനിരന്നിരിക്കുന്നത്. ചിത്രത്തിൽ മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാലും ഐവർ അലക്സാണ്ടർ എന്ന കഥാപാത്രമായി ടോവിനോ തോമസും അതിഥി വേഷങ്ങളിൽ എത്തിയത് തിയറ്ററുകളിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ഒപ്പം നീൽ നിതിൻ മുകേഷ്, മാളവിക ശർമ്മ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്.
ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്ന് ജിനു ഇന്നോവേഷസ് ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ആയ ദിവസം തന്നെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. മോഹൻലാൽ നായകനാകുന്ന രണ്ടാം ഭാഗവും സ്വർണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിലാണ് ഒരുങ്ങുന്നത്.
Tags : Prithviraj Khalifa OOT Release