Movies
അമ്മയുടെ ജനറൽ ബോഡി യോഗത്തിന് പിന്നാലെ നടി മല്ലികാ സുകുമാരൻ പങ്കുവെച്ച ഒരു ഇംഗ്ലിഷ് കുറിപ്പ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഇത്രയും മികച്ച ഭാഷയിലുള്ള കുറിപ്പ് മകൻ പൃഥ്വിരാജ് എഴുതി നൽകിയതാണോ എന്ന ചോദ്യങ്ങളുമായി നിരവധിപേരാണ് കമന്റ് സെക്ഷനിൽ എത്തിയത്. ഇതിന് പിന്നാലെ ചില വാർത്തകളിൽ തലക്കെട്ട് പോലും പൃഥ്വിരാജിന്റെ ഇംഗ്ലീഷാണോ ഇതെന്ന തരത്തിലായി. തുടർന്ന് ഇതിന് കൃത്യമായ മറുപടിയുമായി മല്ലിക തന്നെ രംഗത്തെത്തി.
തനിക്ക് ഇംഗ്ലിഷ് എഴുതാൻ മക്കളുടെ സഹായം ആവശ്യമില്ലെന്ന് വ്യക്തമാക്കുമ്പോഴും മകന്റെ ഭാഷാ പരിജ്ഞാനത്തിന് കിട്ടിയ പ്രശംസയെന്ന നിലയിൽ ഒരു അമ്മയെന്ന നിലയ്ക്ക് ഈ ചോദ്യത്തെ താൻ അഭിമാനപൂർവം സ്വാഗതം ചെയ്യുന്നുവെന്നും മല്ലികാ സുകുമാരൻ കുറിച്ചു.
മല്ലികാ സുകുമാരന്റെ കുറിപ്പിന്റെ പൂർണരൂപം
"മനോരമ മലയാളം ഓൺലൈൻ സാരഥികളോട് ഒരു അപേക്ഷ..... ഇംഗ്ലിഷിൽ ഒരു കുറിപ്പ് എഴുതിയാൽ അത് എന്റെ മകനാണോ എഴുതിയത് എന്ന് ചോദിക്കുന്നവർക്കുള്ളതാണ് ഈ പോസ്റ്റ്. ഏതാണ്ട് പത്തു മുപ്പതു വർഷങ്ങൾക്കു മുൻപ് ചലച്ചിത്ര വികസന കോർപറേഷൻ തലപ്പത്ത് ഒരു ചെയർമാൻ ഉണ്ടായിരുന്നു... യശശരീരനായ ശ്രീ.സുകുമാരൻ.
അദ്ദേഹം അക്കാലത്തു ആദരണീയനായ ശ്രീ.കെ. കരുണാകരനുമായി ആലോചിച്ച് തയ്യാറാക്കിയ ഒരു പ്രോജക്ട് ഉണ്ട്. ആ ഫയൽ സുരക്ഷിതമായി എന്റെ കൈയിൽ ഇന്നും ഉണ്ട്. അതു പരസ്യപ്പെടുത്തുന്നതിനു മുൻപ് തിരഞ്ഞെടുപ്പ് വരുന്നു എന്ന് അറിഞ്ഞപ്പോൾ പൊളിറ്റിക്കൽ മര്യാദയും ചട്ടവും അനുസരിച്ച് എന്റെ സുകുവേട്ടൻ അത് മാറ്റിവെച്ചു.
പുതിയ സർക്കാർ വന്നപ്പോൾ വേണ്ടപ്പെട്ടവർ പലരും ഉണ്ടായിരുന്നിട്ടും, ലീഡറുടെ സ്വപ്നമായിരുന്നു എന്ന കാരണത്താൽ അദ്ദേഹം അത് വീണ്ടും അവതരിപ്പിക്കാൻ കൂട്ടാക്കിയില്ല.
രണ്ടാഴ്ച മുൻപ് ഈ പ്രോജക്ടിന്റെ കാര്യം ഇന്നത്തെ ഭരണ നേതൃത്വത്തിൽ ഉള്ള ഒരു പ്രമുഖ വ്യക്തിയോട് ഞാൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു. അതാണ് എന്റെ കുറിപ്പിന്റെപ്രധാന സാരാംശം. അന്ന് എ ഐയും വി എഫ് എക്സും പോലെയുള്ള പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകളൊന്നും പ്രയോഗത്തിൽ ഇല്ല. പുതിയ സർക്കാർ സിനിമാ വ്യവസായത്തിന് വേണ്ടി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ വായിച്ചപ്പോൾ, വേണ്ട മാറ്റങ്ങൾ വരുത്തി കാണേണ്ടവർക്ക് കൊടുത്താലോ എന്ന് തോന്നി.
മനോരമ ബാലജനസഖ്യം ആണ് കലാകാരിയായും പ്രസംഗികയായും എന്നെ പരിപോഷിപ്പിച്ചെടുത്തത്. അത് അവിടുത്തെ അഗ്രഗണ്യരായ സാരഥികൾക്കറിയാം. എനിക്കുവേണ്ടി ഒരു വരി പോലും എഴുതാൻ എന്റെ മക്കളോട് നാളിതുവരെ ഞാൻ പറഞ്ഞിട്ടില്ല. അത്യാവശ്യം നാലു ഭാഷ ഒരുവിധം കൈകാര്യം ചെയ്ത് ഒപ്പിക്കുന്ന ആളാണ് ഞാൻ. പോരെങ്കിൽ ഒരു ഇംഗ്ലിഷ് അധ്യാപകനും വക്കീലും ആയിരുന്ന സുകുമാരൻ എം.എ എൽ.എൽ.ബിയുടെ ഇംഗ്ലിഷ് ഭാഷാജ്ഞാനം അത്ര മോശമാകാൻ വഴിയില്ല. എങ്കിലും എന്റെ മകന്റെ ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനത്തിന് കിട്ടിയ ഒരു പ്രശംസയായി അമ്മ എന്ന നിലയിൽ ഞാൻ ഈ ചോദ്യത്തെ അഭിമാനപൂർവം സ്വാഗതം ചെയ്യുന്നു.
ചലച്ചിത്ര രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ കൂടി ഉൾപ്പെടുത്തി ഇങ്ങനെ ഒരു കത്ത് ചിലരുടെയൊക്കെ കൈകളിൽ എത്തിക്കാൻ എന്നെ ഒരുപാട് നിർബന്ധിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത, എന്നെപ്പോലെ മക്കൾക്കുവേണ്ടി ജീവിതം മാറ്റിവെച്ച ഒരു സഹോദരിയുണ്ട്..... സ്നേഹം കണ്മണി.
അമ്മ ജനറൽ ബോഡി മീറ്റിംഗിൽ, അന്തരീക്ഷം മേഘാവൃതം ആയതിനാൽ ഒന്നും പറയാതെ മടങ്ങി...
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മല്ലികാ സുകുമാരൻ തയ്യാറാക്കിയ കത്തിന്റെ മലയാള പരിഭാഷ
സ്വീകർത്താവ്:
എക്സിക്യൂട്ടീവ് കമ്മിറ്റി,
അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (AMMA),
കൊച്ചി.
വിഷയം: കേരള സർക്കാരിന്റെ 2026-27 ബജറ്റിലെ വ്യവസായ പദവി സിനിമാ മേഖലയ്ക്ക് പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച്.
ആദരണീയരായ അംഗങ്ങളെ,
2026-27 ലെ ബജറ്റിൽ സിനിമയ്ക്ക് വ്യവസായ പദവി നൽകാനുള്ള കേരള സർക്കാരിന്റെ തീരുമാനം ചരിത്രപരമായ ഒരു അവസരമാണ്. കിൻഫ്ര (KINFRA) വഴി കുറഞ്ഞ നിരക്കിൽ ഭൂമി, വ്യവസായ അധിഷ്ഠിത വൈദ്യുതി നിരക്ക്, KSIDC/KFC വായ്പകൾ, വർധിപ്പിച്ച സബ്സിഡി (വനിതാ സിനിമകൾക്ക് പ്രത്യേക ആനുകൂല്യം), വിഎഫ്എക്സ് (VFX) പാർക്ക് നിർദ്ദേശം എന്നിവ കഴിഞ്ഞ 75 വർഷമായി നമ്മുടെ വ്യവസായത്തിന് ആവശ്യമായിരുന്ന ഘടനാപരമായ അടിത്തറയാണ്.
എന്നാൽ, ഈയിടെ നടന്ന അമ്മയുടെ യോഗം പ്രധാനമായും ആഭ്യന്തര തർക്കങ്ങളിലും വ്യക്തിപരമായ പ്രശ്നങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്ത്രീകളുടെ അന്തസും സുതാര്യതയും വിട്ടുവീഴ്ചയില്ലാത്ത കാര്യങ്ങൾ തന്നെയണെങ്കിലും, ഈ ബജറ്റ് ആനുകൂല്യങ്ങൾ എങ്ങനെ നടപ്പിലാക്കണം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാതിരുന്നത് വലിയൊരു നഷ്ടമാണ്. മുതിർന്ന പ്രതിഭകളുടെ സാന്നിധ്യത്തിൽ, പ്രതീക്ഷിച്ച ചില പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
അടിസ്ഥാന സൗകര്യങ്ങൾ: പുതിയ ഭൂമി, വൈദ്യുതി ആനുകൂല്യങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി ഒരു വിഎഫ്എക്സ്/പോസ്റ്റ്-പ്രൊഡക്ഷൻ ഹബ്ബ് സ്ഥാപിക്കുന്നതിനായി 'അമ്മ'-ഗവൺമെന്റ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുക.
നിലവിൽ ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും വർഷത്തിൽ ഏകദേശം 800 കോടി രൂപയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളാണ് കേരളത്തിൽ നിന്ന് നഷ്ടപ്പെടുന്നത്.
നൈപുണ്യവും പങ്കാളിത്തവും: വനിതാ സിനിമകൾക്കുള്ള സബ്സിഡി പ്രയോജനപ്പെടുത്തി, അടുത്ത 2 വർഷത്തിനുള്ളിൽ 500 സ്ത്രീകളെ അസിസ്റ്റന്റ് ഡയറക്ടർമാർ, എഡിറ്റർമാർ, ക്യാമറ വുമൺ, വിഎഫ്എക്സ് ആർട്ടിസ്റ്റുകൾ എന്നിവരായി അമ്മയുടെ പ്ലാറ്റ്ഫോമിലൂടെ പരിശീലിപ്പിക്കുക.
ഭരണം: ബാഹ്യ ഓഡിറ്റിങ്ങോടു കൂടി ഐസിസി (ICC)/ആന്റി-ഹാരാസ്മെന്റ് പോളിസികൾ നടപ്പിലാക്കുക. തൊഴിലിട സംസ്കാരം ആഗോള നിലവാരത്തിലേക്ക് ഉയരുമ്പോൾ മാത്രമേ 'വ്യവസായ പദവി' നിക്ഷേപകരിൽ ആത്മവിശ്വാസം ഉണ്ടാക്കൂ.
സർക്കാർ സിനിമയ്ക്ക് വ്യവസായത്തിന്റെ താക്കോൽ നൽകിയിരിക്കുകയാണ്. എന്നാൽ അമ്മ കൃത്യമായ തൊഴിൽ സംസ്കാരവും പ്രാപ്തിയും വളർത്തിയെടുക്കാതെ വെറും ഭൂമിയും വായ്പയും കൊണ്ട് മാത്രം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടില്ല. സമീപകാല ചിത്രങ്ങളുടെ ആഗോള വിജയത്തിന് ശേഷം ലോകം മലയാള സിനിമയെ ഉറ്റുനോക്കുകയാണ്. ഈ ബജറ്റിനെ വെറും വാർത്താ തലക്കെട്ടുകളാക്കാതെ സ്റ്റുഡിയോകളും ജോലികളും സുരക്ഷിതമായ തൊഴിലിടങ്ങളുമായി നമുക്ക് മാറ്റാം.
ഈ മാറ്റത്തിന് നേതൃത്വം നൽകാനുള്ള ധാർമ്മിക അധികാരവും അംഗബലവും അമ്മയ്ക്കുണ്ട്. ഈ ആനുകൂല്യങ്ങൾ ഉപയോഗിച്ച് 5 വർഷത്തെ ഒരു കർമ്മപദ്ധതി തയ്യാറാക്കുന്നതിനായി സർക്കാരും സാങ്കേതിക പ്രവർത്തകരും വനിതാ പ്രൊഫഷണലുകളും ഒത്തുചേരുന്ന ഒരു പ്രത്യേക യോഗം എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചുചേർക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
ബഹുമാനത്തോടെയും പ്രതീക്ഷയോടെയും,
മല്ലികാ സുകുമാരൻ
തുടർനടപടികൾ: ഈ കത്തിന്റെ ഇമെയിലും ഹാർഡ് കോപ്പിയും കൊച്ചിയിലെ അമ്മ ഓഫീസിലേക്ക് അയയ്ക്കുന്നതിനൊപ്പം ബഹുമാനപ്പെട്ട മുഖ്യമന്ത്രി, സാംസ്കാരിക വകുപ്പ് മന്ത്രി, കെ.എസ്.എഫ്.ഡി.സി ചെയർമാൻ എന്നിവർക്കും ഇതിന്റെ പകർപ്പ് നൽകുന്നതാണ്
Movies
എമ്പുരാന് നേരെ ഉയർന്ന വിമർശനങ്ങളൊന്നും തന്നെ പിന്നോട്ട് വലിക്കില്ലെന്നും മൂന്നാം ഭാഗം കാത്തിരിക്കുന്നവർ ഒരുപാടുണ്ടെന്നും നടൻ പൃഥ്വിരാജ്. പള്ളിച്ചട്ടമ്പിയുടെ ടീമിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പൃഥ്വിരാജ് ‘എൽ3’യെക്കുറിച്ച് മനസുതുറന്നത്.
“കുറച്ചധികം സിനിമകൾ അഭിനയിച്ചു തീർക്കാനുണ്ട്. കുറേ നാളുകളായി എനിക്കു വേണ്ടി കാത്തിരിക്കുന്ന സിനിമകളാണ്, അപ്പോൾ ഞാൻ വീണ്ടും അടുത്ത ഒരു കൊല്ലം ‘സംവിധാനം ചെയ്യട്ടേ’ എന്നു പറഞ്ഞു പോയാൽ, അതവരോട് ചെയ്യുന്ന ക്രൂരതയാകും.
‘എമ്പുരാൻ’ കഴിഞ്ഞിട്ട് ചെയ്യാമെന്നു പറഞ്ഞ സിനിമകളാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് സംവിധാനത്തിനു കുറച്ച് സമയം എടുക്കും. ഒന്നുരണ്ട് പരിപാടികൾ മനസിലുണ്ട്. സംവിധാനം ചെയ്യണമെന്ന് എനിക്കു മാത്രമല്ല എല്ലാവർക്കും ആഗ്രഹമുണ്ട്.
വിമര്‍ശനങ്ങള്‍ കാരണം ഒരു സിനിമ ചെയ്യാനോ ചെയ്യാതിരിക്കാനോ, അങ്ങനെയൊരു തീരുമാനം എടുക്കുന്ന ആളല്ല ഞാന്‍. ‘എമ്പുരാന്’ എന്ന സിനിമ ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകള്‍ ഉണ്ടാവും. പക്ഷേ എന്നിരുന്നാലും എനിക്ക് തോന്നുന്നു, പൊതുവായി അതിന്റെയൊരു അടുത്ത ഭാഗം വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുമുണ്ട്.
അപ്പോള്‍ എനിക്ക് അതാണ് വലിയൊരു പ്രചോദനം. കാരണം ഞാന്‍ ഇപ്പോഴും എവിടെയെങ്കിലും പോയാല്‍ ഒരു ചോദ്യമെങ്കിലും ‘എല്‍ 3’ എന്നു വരുമെന്നാണ്. ഇന്നുവരെ ഒരു പ്രസ് മീറ്റില്‍ പോയിട്ട് എല്‍ 3 യെക്കുറിച്ച് ചോദിക്കേണ്ടെന്ന് ആരും കരുതിയിട്ടില്ല.
അത് ഉള്ളിടത്തോളം കാലം അത് ചെയ്യാന്‍ എനിക്ക് ഒരു പ്രചോദനം ഉണ്ട്. അതിന്റെ ഏറ്റവും വലിയ തടസം എന്ന് പറയുന്നത് എന്റെ സമയമാണ്. തീര്‍ച്ചയായും ലാലേട്ടന്റെയൊക്കെ സമയം എന്റെ സമയത്തേക്കാള്‍ വിലപ്പെട്ടതാണ്.
പക്ഷേ ഞാന്‍ അതിനുവേണ്ടി ഒരു സമയം മാറ്റിവയ്ക്കുക എന്നുള്ളതാണ് അതിന്റെ ഏറ്റവും വലിയ ചാലഞ്ച് എന്ന് പറയുന്നത്. പിന്നെ എനിക്ക് അല്ലാതെ ഒന്നുരണ്ട് കമ്മിറ്റ്മെന്റ്സ് ഉണ്ട്, ഡയറക്റ്റ് ചെയ്യാനുള്ളത്. സിനിമ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞിട്ടുള്ള ഒന്നു രണ്ട് പ്രൊഡ്യൂസേഴ്സ് ഒക്കെയുണ്ട്. അതിന്റെയൊക്കെ കാര്യങ്ങള്‍ നോക്കണം” പൃഥ്വിരാജ് പറഞ്ഞു.
ലൂസിഫർ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തിന് ‘അസ്രയേൽ’ എന്നാണ് പേരിട്ടിരിക്കുന്നത്.
Movies
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പോളിംഗ് പുരോഗമിക്കുകയാണ്. മലയാളസിനിമ ലോകത്ത് നിന്നും ഒട്ടുമിക്ക താരങ്ങളും രാവിലെയോടെ തന്നെ സമ്മതിദാന അവകാശം രേഖപ്പെടുത്താനെത്തി.
മമ്മൂട്ടി ഭാര്യ സുൽഫത്തിനൊപ്പം എറണാകുളം പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിംഗ് കോണ്വെന്ഷന് സ്കൂളില്‍ 106-ാം ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്.
മോഹൻലാൽ രാവിലെ ഏഴിന് തന്നെ സ്കൂളിലെത്തി. നേമം മണ്ഡലത്തിലെ മുടവൻമുഗൾ സ്കൂൾ ബൂത്ത് 36ൽ എത്തിയാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്.
തേവര സർക്കാർ ഫിഷറീസ് സ്കൂളിൽ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും വോട്ട് ചെയ്തു.
കളമശേരി അംബേദ്കർ തൊഴിൽ പരിശീലന കേന്ദ്രം ബൂത്ത് നമ്പർ 190ൽ സിനിമ താരം അജു വർഗീസ് വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്.
ടൊവീനോ തോമസ് കുടുംബസമേതമാണ് എത്തിയത്. ഇരിങ്ങാലക്കുടയിലാണ് താരത്തിന്റെ വോട്ട്. നടി മമിത ബൈജു കിടങ്ങൂരിൽ വോട്ട് രേഖപ്പെടുത്തി. നടൻ ആസിഫ് അലിയും സഹോദരൻ അസ്കർ അലിയും തൊടുപുഴ കുമ്പംകല്ല് ബിടിഎം സ്കൂളിലാണ് വോട്ട് ചെയ്തത്.
Movies
മകൻ പൃഥ്വിരാജിനെ ഏറെ നാളുകൾക്ക് ശേഷം കണ്ട മല്ലിക സുകുമാരന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. കോഴിക്കോട് വച്ചായിരുന്നു അമ്മയുടെയും മകന്റെയും കൂടിക്കാഴ്ച.
തിരക്കു പിടിച്ചുള്ള ഓട്ടത്തിനിടയിൽ പൃഥ്വിയെ കാണാനുള്ള ഒരവസരം കൊണ്ടാണ് സിനിമയിൽ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്നും മല്ലിക പറയുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയുടെ ലൊക്കേഷനിനടുത്താണ് മല്ലിക അഭിനയിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
‘‘നമ്മുടെ വൈശാഖിന്റെ ഖലീഫ കോഴിക്കോട്. അടുത്ത് കൊയിലാണ്ടിയിൽ പ്രശാന്ത് ചില്ലയുടെ സംവിധാന ചിത്രത്തിൽ ഭരത്, സുനിൽ ഗോപി അടക്കമുള്ള യുവനിരയുടെ ചിത്രത്തിൽ ഒരു ഗസ്റ്റ് റോളിൽ അഭിനയിക്കാൻ സ്നേഹപൂർവം ക്ഷണിച്ചപ്പോൾ അതിലേറെ സ്നേഹത്തോടെ സമ്മതിച്ചു..തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എന്റെ പൃഥ്വി മോനേ കാണാൻ ഒരവസരം....രണ്ടു ദിവസം ഒന്നിച്ചു നിൽക്കാം..
അങ്ങനെ രണ്ടു ദിവസം ആമിർ അലിയുടെ കൂടെ. ഫോട്ടോ എടുത്തതിന്റെ കൂലിയാണ് എന്റെ സാരഥിക്കുള്ള ഒരു പുതിയ സെൽഫി.’’ മല്ലിക സുകുമാരന്റെ വാക്കുകൾ.
പോക്കിരിരാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നു. ആമിർ അലിയെന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.
Movies
പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങളെ അണിനിരത്തി വിപിൻദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഗുരുവായൂരമ്പലനടയിൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്നുള്ള വിപിൻദാസിന്റെ സംവിധാന ചിത്രമാണിത്. ലിസ്റ്റിൻ സ്റ്റീഫനുമായുള്ള ആദ്യ ചിത്രവും.
ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തിരുവല്ലയിൽ വച്ച് നടത്തിയ ഓഡീഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്ത് വച്ച് നടത്തിയ ഫൈനൽ ഓഡിഷനിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ വിപിൻ ദാസിന്റേതാണ്.കൊ - പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ഛായാഗ്രഹണം അരവിന്ദ് പുതുശേരി. എഡിറ്റിംഗ് ജോൺ കുട്ടി, സംഗീതം അങ്കിത്ത് മേനോൻ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്. ലൈൻ പ്രൊഡ്യൂസർ അഖില്‍ യശോധരൻ. പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കുമാരൻ. കോസ്റ്റ്യൂം അശ്വതി ജയകുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിവൻ അബ്ദുൽ ബഷീർ.
അസോസിയേറ്റ് ഡയറക്ടേഴ്സ് രോഹിത് ജി.ആർ., അമിതാഭ് പണിക്കർ. മേക്കപ്പ് സുധി സുരേന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. സൗണ്ട് ഡിസൈനിംഗ് അരുൺ എസ്. മണി. സൗണ്ട് മിക്സിംഗ് എം.ആർ. രാജാകൃഷ്ണൻ.
കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ. ലൊക്കേഷൻ മാനേജർ ഹാരിസ് മണ്ണഞ്ചേരി. പിആർഓ മഞ്ജു ഗോപിനാഥ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനിൽ. ജി. നമ്പ്യാർ. പ്രൊഡക്ഷൻ മാനേജർ കെ.സി. ഗോകുലൻ. മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. അഡ്വെർടൈസിംഗ് കൺസൾറ്റന്റ് : ബ്രിംഗ്ഫോർത്ത്. ചിത്രത്തിന്റെ വിതരണം മാജിക് ഫ്രെയിംസ് റിലീസ്.
Movies
ഐഎംഡിബി പുറത്തുവിട്ട സിനിമതാരങ്ങളുടെ ഈ വർഷത്തെ ജനപ്രിയ പട്ടികയിൽ ഇടംപിടിച്ച് പൃഥ്വിരാജും കല്യാണി പ്രിയദർശനും. ജനപ്രിയ സംവിധായകരുടെ പട്ടികയിലാണ് പൃഥ്വി ഇടംനേടിയത്.
വർഷാന്ത്യത്തോടനുബന്ധിച്ച് ഐഎംഡിബി തയാറാക്കുന്നതാണ് ഈ പട്ടിക.
ജനപ്രിയ സംവിധായകരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ ഇടം പിടിച്ചപ്പോൾ ജനപ്രിയ താരങ്ങളുടെ പട്ടികയിൽ നടി കല്യാണി പ്രിയദർശൻ ഏഴാം സ്ഥാനത്തെത്തി.
മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത എൽ2: എമ്പുരാൻ ഒരുക്കിയ സംവിധായകനായാണ് പൃഥ്വിരാജ് സുകുമാരൻ ഐഎംഡിബി പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചത്.
പുതുമുഖ സംവിധായകരിൽ ലോകഃ ചാപ്റ്റർ വൺ- ചന്ദ്ര ഒരുക്കിയ ഡൊമിനിക് അരുൺ എട്ടാം സ്ഥാനത്തുമുണ്ട്. ഈ പട്ടികയിൽ ഉൾപ്പെട്ട മൂന്ന് തെന്നിന്ത്യൻ സിനിമകളിൽ രണ്ടെണ്ണവും മലയാള ചിത്രങ്ങളാണെന്നത് നേട്ടമാണ്.
റൊമാന്റിക് കോമഡി ഡ്രാമയായ സയ്യാരയുടെ സംവിധായകൻ മോഹിത് സൂരിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ദ് ബാഡ്സ് ഓഫ് ബോളിവുഡ് സംവിധായകനും ഷാരുഖ് ഖാന്റെ മകനുമായ ആര്യൻ ഖാൻ രണ്ടാം സ്ഥാനത്തും വിജയ് ചിത്രം കൂലിയുടെ സംവിധായകൻ ലോകേഷ് കനകരാജ് മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു. അനുരാഗ് കശ്യപ്, ആർ.കെ. പ്രസന്ന, അനുരാഗ് ബസു, ലക്ഷ്മൺ ഉത്തേക്കർ, നീരജ് ഗെയ്വാൻ എന്നിവരാണ് പട്ടികയിലുള്ള മറ്റ് സംവിധായകർ.
Movies
മലയാളികൾ മറക്കാനിടിയില്ലാത്ത ചിത്രമാണ് ലാൽ ജോസിന്റെ സംവിധാനമികവിൽ സൂപ്പർഹിറ്റായ ക്ലാസ്മേറ്റ്സ്. കലാലയവും പ്രണയവും സൗഹൃദവും രാഷ്ട്രീയവുമെല്ലാം പറഞ്ഞുപോയ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു എഐ വീഡിയോയാണ് ശ്രദ്ധേയമായിരിക്കുന്നത്.
മുരളിയുടെ ഓർമദിനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ മെസേജ് വരികയും എല്ലാവരും ആ കാലഘട്ടം ഓർത്തെടുക്കുകയും ചെയ്യുകയാണ്.
Movies
മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ് രാജമൗലി ഒരുക്കുന്ന വാരാണസി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ഇതു വരെ കാണാത്ത ബ്രഹ്മാണ്ഡ കാഴ്ചകളാണ് രാജമൗലി പുതിയ ചിത്രത്തിൽ ഒരുക്കിവച്ചിരിക്കുന്നത്.
സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നു. ട്രെയിലറിന്റെ അവസാന ഭാഗത്താണ് നായകൻ മഹേഷ് ബാബു എത്തുന്നത്. കൈയിൽ ത്രിശൂലമേന്തി കാളയുടെ പുറത്താണ് മഹേഷ് ബാബുവിന്റെ എൻട്രി.
Movies
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ഡബിൾ മോഹൻ. മറയൂരിലെ സമ്പന്നമായ ചന്ദനക്കാടുകളിൽ നിന്നും ചന്ദനമരങ്ങൾ മോഷ്ടിക്കുന്ന കഥാപാത്രം.
ഫോറസ്റ്റ്, പോലീസ് ഫോഴ്സുകളുടെ വലയങ്ങൾ ഭേദിച്ച് ചന്ദനം കടത്തുന്ന ഇരട്ടച്ചങ്കനാണ് ഡബിൾ മോഹൻ. അവന്റെ ചങ്കൂറ്റത്തിനു മുന്നിൽ അധികാരിവർഗങ്ങൾക്കുപോലും പിടിച്ചു നിൽക്കാൻ കഴിയുന്നില്ല.
സംഘർഷഭരിതമായി നീങ്ങുന്ന മോഹന്റെ ജീവിതത്തിന് അൽപ്പം ആശ്വാസം പകരുന്ന ഒരു കഥാപാത്രമുണ്ട്. ചൈതന്യം. ചെറുപ്പം മുതൽ മോഹന്റെ സാഹസികമായ ജീവിതം കണ്ടറിഞ്ഞ ചൈതന്യത്തിന് ഈ തന്റേടിയോട് അറിയാതെ മോഹം കടന്നുവന്നു.
അവനെ ഉള്ളറിഞ്ഞ് സ്നേഹിക്കുന്ന അന്നാട്ടിലെ സാധാരണ പെൺകുട്ടി. സംഘർഷം നിറഞ്ഞ അവന്റെ ജീവിതത്തിൽ ചൈതന്യത്തിന്റെ സാന്നിധ്യം ഏറെ സന്തോഷകരമാക്കുന്നു.
രതിയും, പ്രതികാരവും, പ്രണയവും കോർത്തിണക്കിയുള്ള അവതരണമാണ് ഈ ചിത്രത്തിന്റേത്. തുടക്കം മുതൽ ഉദ്വേഗം നിലനിർത്തിയാണ് ചിത്രത്തിന്റെ കഥാ പുരോഗതി. പ്രിയംവദാ കൃഷ്ണനാണ് നായിക. അനു മോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്, ടി. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥാകൃത്ത് ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ.ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം -അരവിന്ദ് കശ്യപ് - രണദിവെ. എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്. പ്രൊഡക്ഷൻ ഡിസൈൻ - ബംഗ്ളാൻ. കലാസംവിധാനം - ജിത്തു സെബാസ്റ്റ്യൻ. മേക്കപ്പ് - മനു മോഹൻ, കോസ്റ്റ്യും ഡിസൈൻ-സുജിത് സുധാകരൻ. സൗണ്ട് ഡിസൈൻ- അജയൻ അടാട്ട്, പയസ്മോൻ സണ്ണി. ചീഫ് അസോസിയേറ്റ് ഡയറക്ടർ -കിരൺ റാഫേൽ. അസോസിയേറ്റ് ഡയറക്ടർ - വിനോദ് ഗംഗ. ആക്ഷൻ- രാജശേഖരൻ, കലൈകിംഗ്സ്റ്റൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു. സ്റ്റിൽസ് - സിനറ്റ് സേവ്യർ. പബ്ളിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്. പ്രൊജക്റ്റ് ഡിസൈനർ - മനു ആലുക്കൽ. ലൈൻ പ്രൊഡ്യൂസർ - രഘു സുഭാഷ് ചന്ദ്രൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സംഗീത് സേനൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - രാജേഷ് മേനോൻ, നോബിൾ ജേക്കബ്. പ്രൊഡക്ഷൻ കൺട്രോളർ - അലക്സ് ഇ. കുര്യൻ.
മറയൂർ, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. നവംബർ 21-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പിആർഒ- വാഴൂർ ജോസ്.
Kerala
കൊച്ചി: പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിലടക്കം 30 ഇടങ്ങളിൽ പരിശോധനയുമായി കസ്റ്റംസ്. ഓപ്പറേഷൻ നുംകൂർ എന്നു പേരിട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി ഇന്ന് നടത്തുന്ന റെയ്ഡിൽ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പരിശോധന നടക്കുന്നുണ്ട്.
കേരളത്തിലെ പ്രമുഖരായ വ്യവസായികളുടെ വീടുകളിലും കാർ ഷോറൂമുകളിലും പരിശോധന നടക്കുന്നുണ്ട്.
വില കൂടിയ ആഢംബര വാഹനങ്ങൾ ഭൂട്ടാനിൽ നിന്നും രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ നുംകൂർ. ഇത്തരത്തിൽ വാഹനങ്ങൾ കൈപ്പറ്റിയ ഉപഭോക്താക്കളെ തേടിയാണ് ഇന്ന് പരിശോധന നടത്തുന്നത്. നുംകൂർ എന്നാൽ ഭൂട്ടാൻ ഭാഷയിൽ വാഹനം എന്നാണ് അർഥം.
പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും വാഹനങ്ങളൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ മടങ്ങി പോയെന്നാണ് വിവരം. കൊച്ചിയിൽ തേവരയിലെ പൃഥ്വിരാജിന്റെ ഫ്ലാറ്റിലും പനമ്പള്ളി നഗറിലെ ദുൽഖറിന്റെ വീട്ടിലും പരിശോധന തുടരുകയാണ്.
റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസും കേസ് അന്വേഷിക്കുന്നത്.
ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്യുവികൾ, മഹീന്ദ്ര–ടാറ്റ ട്രക്കുകൾ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ ഉൾപ്പെടുന്നു. ഭൂട്ടാനിൽ രജിസ്റ്റർ ചെയ്ത വാഹനം പിന്നീട് ഹിമാചൽ പ്രദേശിലെത്തിക്കുന്നു. അവിടെ നിന്നുമാണ് കേരളത്തിലേക്ക് എത്തുന്നത്.
ഹിമാചൽ പ്രദേശിലെ എച്ച്പി–52 റജിസ്ട്രേഷൻ നമ്പറിലാണ് കൂടുതൽ വാഹനങ്ങളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. അവിടത്തെ രജിസ്ട്രേഷൻ അതോറിറ്റിയുടെ എൻഒസി ഉൾപ്പെടെയാണ് കേരളത്തിൽ കാറുകൾ വിൽക്കുന്നത്.
കേരളത്തിൽ എത്തിച്ച പല വാഹനങ്ങളും റീ രജിസ്റ്റർ ചെയ്ത് ‘കെഎൽ’ നമ്പറുകളാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയിൽ താഴെ വിലയ്ക്കാണ് ഭൂട്ടാൻ പട്ടാളം വാഹനങ്ങൾ ഒരുമിച്ച് വിറ്റത്. ഇത്തരം വാഹനങ്ങൾ കേരളത്തിൽ 40 ലക്ഷം രൂപയ്ക്ക് വരെ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
Movies
പൃഥ്വിരാജ്, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സംവിധായകൻ നിസാം ബഷീറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നീ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ അശോകൻ, മധുപാൽ, വിനയ് ഫോർട്ട്, ഹക്കിം ഷാജഹാൻ, ലുക്മാൻ ആവറാൻ, ഗണപതി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
കെട്ട്യോളാണ് മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നോബഡി. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സമീർ അബ്ദുൾ തിരക്കഥ സംഭാഷണമെഴുതുന്നു. മമ്മൂട്ടി ചിത്രമായ റോഷാക്കിനു ശേഷം സമീർ അബ്ദുള്ള തിരക്കഥ എഴുതുന്ന ചിത്രമാണ് നോബഡി.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,എഡിറ്റർ-റെമീസ് എം.ബി., പ്രൊഡക്ഷൻ ഡിസൈൻ-അർഷാദ് നക്കോത്ത്, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്-റോണെക്സ് സേവ്യർ, അസോസിയേറ്റ് ഡയറക്ടർ-ബെനിലാൽ ബി., ബിനു ജി. നായർ, ആക്ഷൻ-കലൈ കിംഗ്സൺ, സൗണ്ട് ഡിസൈൻ-നിക്സൺ ജോർജ്ജ്, വിഎഫ്എക്സ്-ലവകുശ,സ്റ്റിൽസ്-രോഹിത് കെ. സുരേഷ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, പ്രമോഷൻസ് –പോഫാക്റ്റിയോ, ഡിസൈൻ-യെല്ലോ ടൂത്ത്സ്, പി ആർ ഒ-എ.എസ്. ദിനേശ്.
Movies
പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബോളിവുഡ് ചിത്രം സർസമീൻ ടീസർ എത്തി. കജോൾ നായികയാകുന്ന സിനിമയിൽ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ വില്ലൻ വേഷത്തിലെത്തുന്നു.
ഇബ്രാഹിമിന്റെ രണ്ടാമത്തെ സിനിമയാണിത്.പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബോളിവുഡ് ചിത്രം സർസമീൻ ടീസർ എത്തി. കജോൾ നായികയാകുന്ന സിനിമയിൽ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ വില്ലൻ വേഷത്തിലെത്തുന്നു. ഇബ്രാഹിമിന്റെ രണ്ടാമത്തെ സിനിമയാണിത്.
Movies
പൃഥ്വിരാജ് ചിത്രം എംപുരാന്റെ വ്യാജപ്പതിപ്പ് പ്രചരിച്ചതിന് പിന്നിൽ വൻ സംഘമെന്ന് പോലീസ്. വളപട്ടണം പോലീസിന്റെ അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
കണ്ണൂർ പാപ്പിനിശേരിയിലെ തംബുരു കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ നിന്ന് സിനിമയുടെ വ്യാജപ്പതിപ്പ് പിടിച്ചെടുത്ത കേസിലാണ് പോലീസിന്റെ കണ്ടെത്തൽ.പൃഥ്വിരാജ് ചിത്രം എംപുരാന്റെ വ്യാജപ്പതിപ്പ് പ്രചരിച്ചതിന് പിന്നിൽ വൻ സംഘമെന്ന് പോലീസ്.
വളപട്ടണം പോലീസിന്റെ അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കണ്ണൂർ പാപ്പിനിശേരിയിലെ തംബുരു കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ നിന്ന് സിനിമയുടെ വ്യാജപ്പതിപ്പ് പിടിച്ചെടുത്ത കേസിലാണ് പോലീസിന്റെ കണ്ടെത്തൽ.
വ്യാജപ്പതിപ്പ് ഒരു തിയറ്ററിൽ നിന്നാണ് പകർത്തിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വളപട്ടണം പോലീസ് കൊച്ചിയിലെത്തി മോഹൻലാലിന്റെയും സംവിധായകൻ പൃഥ്വിരാജിന്റെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
വളപട്ടണം എസ്ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ സംഘമാണ് കൊച്ചിയിലെത്തി സിനിമയുടെ അണിയറപ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തിയത്. പാപ്പിനിശേരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ജനസേവന കേന്ദ്രമാണ് തംബുരു കമ്മ്യൂണിക്കേഷൻസ്.