പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ഖലീഫയ്ക്കു പാക്കപ്പ്. ദുബായിൽ വച്ചാണ് സിനിമയുടെ ചിത്രീകരണത്തിന് അവസാനമായത്.
സ്വർണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റർറ്റൈനെർ ആണ് ഖലീഫ. മാസ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമാകും. പ്രതികാരം സുവർണ ലിപികളാൽ എഴുതപ്പെടും എന്നാണ് സിനിമയുടെ ടാഗ്ലൈൻ.
പോക്കിരി രാജയ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം കഴിഞ്ഞ വർഷം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ദുബായി, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ.
ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം 2026 ഓണം റിലീസായാണ് ഖലീഫയുടെ ആദ്യ ഭാഗം എത്തുക.
ഛായാഗ്രഹണം ജോമോൻ ടി. ജോൺ, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിങ് ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്, ആക്ഷൻ യാനിക്ക് ബെൻ, കോ-ഡയറക്ടർ സുരേഷ് ദിവാകർ, കോസ്റ്റ്യൂംസ് മഷർ ഹംസ, കലാസംവിധാനം വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് ജാബിർ സുലൈം, ഫൈനൽ മിക്സ് എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡിഐ കളർ പ്ലാനറ്റ്, വിഎഫ്എക്സ് പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് സിനറ്റ് സേവ്യർ.
സിനിമയിൽ വില്ലനായി ബോളിവുഡ് താരം നീൽ നിഥിൻ മുകേഷ് എത്തുന്നു. നടന്റെ മോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. പൃഥ്വിരാജിനൊപ്പം മോഹൻലാലും ‘ഖലീഫ’യിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ‘ഖലീഫ’യുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തും.