ചിത്രത്തിന്റെ പോസ്റ്റർ
പൃഥ്വിരാജ് നായകനായെത്തിയ ഖലീഫ നിരാശപ്പെടുത്തിയെന്ന് ഒരു പറ്റം പ്രേക്ഷകർ. പൃഥ്വിരാജിന്റെയും വൈശാഖിന്റെയും ചിത്രമെന്ന നിലയിലും മോഹൻലാലിന്റെ അതിഥിവേഷവും കൊണ്ട് വലിയ പ്രതീക്ഷകളോടെയാണ് ചിത്രം ഓണം റിലീസായി എത്തിയത്. ചിത്രം സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണെങ്കിലും തിരക്കഥയുടെ ദുർബലത കൊണ്ട് ശരാശരിയിലേക്ക് ഒതുങ്ങുന്നു.
പൃഥ്വിരാജിന്റെ ആക്ഷനും മോഹൻലാലിന്റെ അതിഥി വേഷവും ഒഴികെ ബാക്കിയെല്ലാം പാളിയെന്നാണ് ആരാധകർ കുറിക്കുന്നത്. മാത്രമല്ല തിരക്കഥയുടെ ദൗർബല്യവും എടുത്തുപറയേണ്ടതാണ്. ജിനു വി. എബ്രാഹമിന്റെ പാളിപ്പോയ തിരക്കഥയെ മേക്കിംഗിലൂടെ പരമാവധി മറികടക്കാൻ വൈശാഖ് ശ്രമിച്ചിട്ടുണ്ട്.
സ്വർണക്കടത്തിന്റെ പശ്ചാത്തലമാണ് ചിത്രത്തിന്റെ പ്രമേയം. കോഴിക്കോട് കൊടുവള്ളിയിലെ സാധാരണക്കാരനായ ആമിർ അലി എങ്ങനെ ഇതിലേയ്ക്ക് വരുന്നുവെന്നതും പിന്നീട് അയാളുടെ ജീവിതവുമാണ് ചിത്രം പറയുന്നത്.
സ്വർണക്കടത്ത് ഒരാളെ എങ്ങനെ ഭ്രമിപ്പിക്കുന്നുവെന്നും അതിന്റെ പിന്നിലെ ചതിയും ചിത്രം പറഞ്ഞുവയ്ക്കുന്നു.
പൃഥ്വിരാജിന്റെ സീനുകളെല്ലാം മാസ് ആക്കാനാണ് സംവിധായകൻ ശ്രമിച്ചതെങ്കിലും അത് ഫലവത്തായോ എന്നതാണ് സംശയം. എന്നാൽ ഈ ചിത്രത്തിലെ ആക്ഷനുകൾ നന്നായിട്ടുണ്ട്. അതേസമയം അതിഥി വേഷത്തിലെത്തിയ മോഹൻലാൽ തന്റ കഥാപാത്രം ഗംഭീരമാക്കിയിട്ടുണ്ട്. മറ്റു താരങ്ങളും അവരുടെ വേഷം കൃത്യമായി ചെയ്തിട്ടുണ്ട്. മോഹൻലാലിന്റെ വേഷം കൂടാതെ മറ്റൊരു സർപ്രൈസ് കാമിയോയും ചിത്രത്തിലുണ്ട്.
ജെക്സ് ബിജോയ് ആണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ബിജിഎം ഗംഭീരമായിട്ടുണ്ട്.
ജോമോൻ ടി. ജോണാണ് കാമറ. ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.
പ്രത്യേകിച്ച് വൗ മൊമന്റുകളൊന്നും നൽകാത്ത ചിത്രം ശരാശരി അനുഭവം മാത്രമാണ് സമ്മാനിക്കുന്നത്. അധികം പ്രതീക്ഷകളൊന്നും ഇല്ലാതെ പോയാൽ ഒരു സിനിമ കണ്ടു എന്ന ഫീലിൽ നിങ്ങൾക്കിറങ്ങി വരാം. അതാണ് ഈ ചിത്രം.
Tags : Khalifa review Prithviraj Sukumaran Vysakh Jinu V Abhraham