സൂര്യ പുറത്തുവിട്ട വീഡിയോയിൽ നിന്നും
സൂര്യ നായകനായെത്തി തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച പുതിയ ചിത്രം 'സീൻ' ബോക്സ് ഓഫീസിൽ റെക്കോർഡ് കുതിപ്പ് തുടരുകയാണ്. ഇതിനിടയിൽ ചിത്രത്തിലെ ഏറ്റവും മനോഹരമായ ഒരു സർപ്രൈസ് രംഗം അണിയറപ്രവർത്തകർ പുറത്തുവിട്ടത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.
ചിത്രത്തിൽ നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രം സൂര്യയെക്കുറിച്ച് വർണിക്കുന്ന രംഗത്ത് മനസിൽ കാണുന്ന മുഖമായി എത്തുന്നത് ജ്യോതികയാണ്. തിയേറ്ററുകളിൽ പ്രേക്ഷകരുടെ വലിയ കൈയടി നേടിയ ഈ രംഗം സൂര്യ തന്നെയാണ് തന്റെ എക്സ് പേജിലൂടെ പങ്കുവച്ചത്. "മൈ ലവ്, ജ്യോതിക" എന്ന കുറിപ്പോടെയാണ് സൂര്യ ഈ വീഡിയോ പങ്കുവച്ചത്. ഒപ്പം ചിത്രം വിജയമാക്കിയ എല്ലാ ആരാധകർക്കും ഭാഷാഭേദമന്യേ പിന്തുണ നൽകിയതിനും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയും ചെയ്തു.
സൂര്യ വീഡിയോ പങ്കുവച്ചതിന് പിന്നാലെ രസകരമായ ഒരു കമന്റുമായി ജ്യോതികയും രംഗത്തെത്തി. ഇൻസ്റ്റഗ്രാമിൽ ഈ രംഗം പങ്കുവച്ചുകൊണ്ട്, സോഷ്യൽ മീഡിയയിലെ പോസ്റ്റ് മാത്രം പോരാ, അതിഥി വേഷത്തിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം കൂടി വേണമെന്നാണ് താരം തമാശ രൂപേണ ആവശ്യപ്പെട്ടത്. താരങ്ങളുടെ ഈ ക്യൂട്ട് സംഭാഷണം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
'ആവേശം' എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത 'സീൻ' കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തിൽ ജ്യോതികയെ കൂടാതെ ടൊവിനോ തോമസും ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു. ഇതുവരെ ഏകദേശം 240 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടിയത്. സൂര്യയുടെ നിർമാണ കമ്പനിയായ 2ഡി എന്റർടെയ്ൻമെന്റസും ഴഗരം സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.