'ദര്യ' പോസ്റ്റര്‍, രാകേഷ് കേശവന്, കിഷോര്‍ അര്ജുന്
ഗോവയിൽ നടക്കുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ 'ഗോവൻ സ്റ്റോറീസ്' വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്നുള്ള 'ദര്യ' എന്ന ഹ്രസ്വചിത്രം തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്നുള്ള സംഗീതജ്ഞൻ രാകേഷ് കേശവനും ചലച്ചിത്രകാരൻ കിഷോർ അർജുനും ഈ നേട്ടത്തിലൂടെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
നവംബർ 20 മുതൽ 28 വരെയാണ് ഇത്തവണത്തെ ചലച്ചിത്രമേള നടക്കുന്നത്. ചലച്ചിത്രമേളയിൽ തന്നെയാണ് 'ദര്യ'യുടെ വേൾഡ് പ്രീമിയറും അരങ്ങേറുന്നത്. കൊച്ചിയിൽ താമസിക്കുന്ന കിഷോർ അർജുൻ തിരക്കഥയെഴുതി സംവിധാനം ചെയ്തതാണ് ഈ ചിത്രം. സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ഹ്രസ്വചിത്രം തുടർച്ചയായി മൂന്നാം തവണയാണ് ഐഎഫ്എഫ്ഐയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല, തിരക്കഥാകൃത്ത് എന്ന നിലയിൽ അദ്ദേഹത്തിന്റെ സൃഷ്ടികൾ തുടർച്ചയായി ഏഴ് വർഷങ്ങളായി ഈ മേളയിൽ ഇടംനേടുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന രാകേഷ് കേശവന് കരിയറിൽ ലഭിക്കുന്ന ആദ്യത്തെ ഐഎഫ്എഫ്ഐ തെരഞ്ഞെടുപ്പാണിത്.
ഇതിന് മുമ്പും ഈ കൂട്ടുകെട്ട് ശ്രദ്ധേയമായ സംരംഭങ്ങളിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കേരളപ്പിറവി ആഘോഷവേളയിൽ പുറത്തിറങ്ങിയ 'നിയതം' എന്ന സംഗീത സമർപ്പണത്തിലൂടെയാണ് ഇവർ നേരത്തെ കൈകോർത്തത്. ഡോ. ശ്രീദാസ് എസ്. സംവിധാനം ചെയ്ത ആ ഗാനത്തിൽ കിഷോർ അർജുൻ ക്രിയേറ്റീവ് ഹെഡ് ആയി പ്രവർത്തിച്ചപ്പോൾ, രാകേഷ് കേശവൻ ഗാനരചനയും ആലാപനവും സംഗീത സംവിധാനവും നിർവഹിച്ചിരുന്നു. അന്നത്തെ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ രാജ്ഭവനിൽ വച്ചായിരുന്നു ആ ഗാനം പ്രകാശനം ചെയ്തത്. സംഗീത ജീവിതത്തിലെ വലിയൊരു നാഴികക്കല്ലായാണ് രാകേഷ് കേശവൻ ഈ നേട്ടത്തെ കാണുന്നത്.
Tags : Darya IFFI GoanStories