പ്രതീകാത്മക ചിത്രം
കൊല്ലം: കൊട്ടിയത്തെ ടാർ മിക്സിംഗ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ച് സ്കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതായി ആരോപണം. കൊട്ടിയത്തെ ഓക്സിലിയം സ്കൂളിലെ 30ൽ അധികം വിദ്യാർഥികളാണ് വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലായത്.
ശ്വാസംമുട്ടൽ, തലവേദന, ഛർദി തുടങ്ങിയ പ്രശ്നങ്ങളെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓക്സിജൻ സഹായമടക്കം നൽകിയാണ് കുട്ടികളെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. നേരത്തെയും ഇത്തരത്തിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 20ൽ അധികം കുട്ടികൾക്ക് ചികിത്സ നൽകിയിരുന്നു.
രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വ്യാപക പരാതി ഉയർന്നതിന് പിന്നാലെ പഞ്ചായത്ത് ഇടപെട്ട് പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവച്ചിരുന്നു. എന്നാൽ പിന്നീട് കോടതിയുടെ അനുമതിയോടെ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുകയായിരുന്നു. രണ്ടുദിസവം മുമ്പായിരുന്നു വീണ്ടും പ്രവർത്തനം ആരംഭിച്ചത്.
പ്ലാന്റ് പ്രവർത്തിക്കുന്നത് കാരണം തങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് എന്നാണ് നാട്ടുകാരും ആരോപിക്കുന്നത്. എന്നാൽ പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചല്ല കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്നാണ് പ്ലാന്റുമായി ബന്ധപ്പെട്ടവർ പറയുന്നത്.
Tags : Kottiyam Kollam Students Hospitalized NewsUpdate Headlines