Movies
വില്ലനിസത്തിന്റെ സമസ്തഭാവങ്ങളും വാരിവിതറി ഇങ്ങനെയൊരു വേഷപ്പകര്‍ച്ചയില്‍ പ്രേക്ഷകര്‍ ഇതേവരെ മമ്മൂട്ടിയെ കണ്ടിട്ടുണ്ടാവില്ല. വേറിട്ട അഭിനയമൂഹൂര്ത്തങ്ങള്ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി ദാഹിക്കുന്ന മമ്മൂട്ടിയിലെ നടന് സംവിധായകന് ജിതിന് കെ. ജോസ് സമ്മാനിച്ച ഉജ്ജ്വല വില്ലന്‍. അതാണു കളങ്കാവലിലെ സ്റ്റാന്‍ലി ദാസ്.
എന്നാലും ഇങ്ങനെയുണ്ടാകുമോ ഒരു വില്ലന്‍? തുടക്കം മുതല്‍ ഒടുക്കം വരെയും വില്ലനിസത്തിന്റെ ഗ്രാഫ് മേലേയ്ക്കുതന്നെ വരച്ചുനീട്ടുന്ന അപൂർവ കഥാമൂഹൂര്ത്തങ്ങളുടെ ഘോഷയാത്ര. ഇനിയൊരാള്‍ക്കും മമ്മൂട്ടിയെ ഇതുക്കുംമേലെ വില്ലനായി അവതരിപ്പിക്കാന്‍ കഴിയാത്തവിധത്തിലുള്ള കാഴ്ചകളും കാര്യങ്ങളുമാണ് ജിതിനും ജിഷ്ണുവും ചേര്‍ന്നു പടച്ചുവിട്ടിരിക്കുന്നത്.
ഒരു പ്രാദേശിക കലാപത്തിന്റെ അന്വേഷണത്തിനിടെ അന്വേഷണ സംഘം ചില സ്ത്രീകളെ കാണാതാകുന്ന കേസുകളിലേക്ക് എത്തിപ്പെടുകയാണ്. അത്തരം കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലുള്ളവരാണ് വിനായകന് അവതരിപ്പിക്കുന്ന ജയകൃഷ്ണനും ജിബിന്‍ ഗോപിനാഥിന്റെ ആനന്ദും. തുടര്‍ന്ന് അവര്‍ എത്തിപ്പെടുന്ന ഞെട്ടിക്കുന്ന സംഭവപരമ്പരകളിലൂടെയാണ് കളങ്കാവൽ യാത്രകൾ.
വാസ്തവത്തിൽ, ദാരികനെത്തേടി ഭദ്രകാളി നടത്തുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു ചടങ്ങാണു കളങ്കാവല്‍. ഈ സിനിമയിലുമുണ്ട് ദാരികനും ഭദ്രകാളിയും. ദാരികനെത്തേടിയുള്ള ഭദ്രകാളിയുടെ യാത്രകളുമുണ്ട്. കഥാന്ത്യം വലിയൊരു സസ്പെന്‍സാണ്, അതിലൊരു ട്വിസ്റ്റുമുണ്ട്. അതൊക്കെ തിയറ്ററില്‍ കണ്ടറിയുന്നതല്ലേ ത്രില്‍.
Movies
എല്ലാവരിലുമുണ്ടാവും മറ്റാരുമറിയാത്ത ഒരുപിടി രഹസ്യങ്ങള്‍. അവസാന നിമിഷം വരെയും ആര്‍ക്കും പിടികൊടുക്കാതെ വഴുതി നീങ്ങാനാവും ഒരോരുത്തരുടെയും ശ്രമം. പക്ഷേ, മറ്റുള്ളവരുടെ രഹസ്യങ്ങളും നിഗൂഢതകളുമറിയാനുള്ള മോഹം ഒടുങ്ങുകയുമില്ല.
നമ്മുടെ ഈ വിചിത്രസ്വഭാവം തന്നെയാണു ത്രില്ലര്‍ സിനിമകളുടെ വിജയരഹസ്യം. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ അനുഭവങ്ങളിലൊന്നു തിയറ്ററുകളില്‍ കത്തിപ്പടരുകയാണ്. ഈ അടുത്തകാലത്തൊന്നും അത്രമേല്‍ സംതൃപ്തിയോടെ പ്രേക്ഷകര്‍ തിയറ്റര്‍ വിട്ട് ഇറങ്ങിയിട്ടുണ്ടാവില്ല.
പറഞ്ഞുവരുന്നതു ദിന്‍ജിത്ത് അയ്യത്താന്‍ - ബാഹുല്‍ രമേഷ് ടീമിന്റെ പുത്തൻപടം എക്കോ എന്ന ത്രില്ലിംഗ് പീക്കിനെക്കുറിച്ചു തന്നെ. നെഗറ്റീവില്ലാതെ, ലാഗില്ലാതെ പ്രേക്ഷക മനസുകളിൽ ഫ്രഷ്നെസിന്റെ സംതൃപ്തി നിറയ്ക്കു യാണ് എംആർകെ ജയറാം നിർമിച്ച മിസ്റ്ററി ഡ്രാമ ത്രില്ലർ എക്കോ.
ശീതക്കാറ്റു വീശിയടിക്കുന്ന മലമുകളിലെ കരിങ്കല്‍ വീട്ടില്‍ കുര്യച്ചനെ കാത്തിരിക്കുന്ന അയാളുടെ മലേഷ്യന്‍ ഭാര്യ മ്ലാത്തിച്ചേടത്തി. അവരെ പരിചരിക്കാന്‍ ഒപ്പം തങ്ങുന്ന പിയൂസെന്ന പയ്യന്. മലമുകളിലേക്കുള്ള ജീപ്പിന്റെ ഡ്രൈവര്‍ അപ്പൂട്ടി.
Movies
മറയൂര്‍ കാടുകളില്‍ അപൂര്‍വമായി കാണപ്പെടുന്ന അമൂല്യവും വിശേഷപ്പെട്ടതുമായ ചന്ദനമരമാണ് വിലായത്ത് ബുദ്ധ. ഗുണനിലവാരമുള്ള ലക്ഷണമൊത്ത ചന്ദനമരം. ബുദ്ധശില്പങ്ങള് നിര്‍മിക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. അങ്ങനെയാണ് ഈയിനത്തിനു വിലായത്ത് ബുദ്ധയെന്നു പേരുവീണത്.
അങ്ങനെയുള്ള വിലായത്ത് ബുദ്ധയെ വീട്ടുപറമ്പില്‍ പരിപാലിച്ചു വളര്‍ത്തുന്ന മറയൂരിലെ റിട്ട. അധ്യാപകനും മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ ഭാസ്കരനും ആ ചന്ദനമരം മോഷ്ടിക്കുമെന്ന് ഭാസ്കരന് മാസ്റ്ററെ പരസ്യമായി വെല്ലുവിളിച്ച അദ്ദേഹത്തിന്റെ ശിഷ്യന് ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കടത്തുകാരനും തമ്മിലുള്ള പോരാട്ടത്തിന്റെയും പ്രതികാരത്തിന്റെയും സംഭവബഹുലമായ നാള്വഴിച്ചിത്രമാണു വിലായത്ത് ബുദ്ധ.
ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം. അയ്യപ്പനും കോശിയും എഴുതി സംവിധാനം ചെയ്ത സച്ചിയുടെ ശിഷ്യന് ജയന് നമ്പ്യാര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം. പക്ഷേ, അയ്യപ്പനും കോശിയുമായി വിലായത്ത് ബുദ്ധയെ താരതമ്യം ചെയ്യാന്‍ മുതിര്‍ന്നാല്‍ സച്ചിയുടെ തട്ട് താണുതന്നെയിരിക്കും. അതാണു സച്ചിയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്. അതങ്ങനെ തന്നെ തുടരട്ടെ.