സുപ്രീംകോടതി.
ന്യൂഡൽഹി: പെരുമ്പാവൂരിൽ വിദ്യാർഥിനിയെ ബലാത്സംഗംചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് അമീർ ഉൾ ഇസ്ലാമിന്റെ ജയിൽമാറ്റവുമായി ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാനസർക്കാരിന്റെ പ്രതികരണം തേടി സുപ്രീംകോടതി.
വധശിക്ഷയ്ക്കുവിധിക്കപ്പെട്ടവരുടെ അന്തർസംസ്ഥാന ജയിൽമാറ്റവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതിവരുത്താൻ കഴിയുമോയെന്ന് അറിയിക്കാൻ ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാരിനോട് ചോദിച്ചു.
വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇടപെടുമെന്ന മുന്നറിയിപ്പും നൽകി.
ആസാമിലുള്ള കുടുംബത്തിന് കേരളത്തിലെ ജയിലിലെത്തി തന്നെ കാണാൻ കഴിയാത്ത സാഹചര്യത്തിൽ ജയിൽ മാറ്റണമെന്നാവശ്യപ്പെട്ടാണു പ്രതി കോടതിയെ സമീപിച്ചത്. എന്നാൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ മറ്റൊരു സംസ്ഥാനത്തെ ജയിലിലേക്കു മാറ്റാൻ ജയിൽചട്ടം 587 അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനസർക്കാർ എതിർത്തു.
മുഹമ്മദ് അമീർ ഉൾ ഇസ്ലാമിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ കേരള ഹൈക്കോടതി 2024ൽ ശരിവച്ചിരുന്നു. അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ഈസാഹചര്യത്തിൽ കേന്ദ്രനിയമപ്രകാരം ജയിൽമാറ്റത്തിനു തടസമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
Tags : PerumbavoorRapeCase CourtOrders Review JailTransfer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash SupremeCourt