കോൺഗ്രസ്
ഗാന്ധിനഗർ: മൂന്നര പതിണ്ടാറ്റിലേറെയായി തുടർച്ചയായി പരാജയം നേരിടുന്ന ഗുജറാത്തിൽ ഭരണം പിടിക്കാൻ ജെൻ സി പദ്ധതിയുമായി കോൺഗ്രസ്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി യുവാക്കളെ രംഗത്തിറക്കാനാണു പാർട്ടി ആലോചിക്കുന്നത്.
കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുകയെന്നതാണു കോൺഗ്രസിന്റെ ലക്ഷ്യം. ഗുജറാത്ത് പിസിസി അധ്യക്ഷൻ അമിത് ചാവ്ഡയും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് തുഷാർ ചൗധരിയും കഴിഞ്ഞയാഴ്ച ഹൈക്കമാൻഡുമായി ചർച്ച നടത്തിയിരുന്നു.
സംഘടനാ പുനഃസംഘടനയാണ് പാർട്ടിയുടെ ആദ്യ ലക്ഷ്യം. ശക്തിസിംഗ് ഗോഹിൽ രാജിവച്ചതിനെത്തുടർന്നാണ് ചാവ്ഡ പിസിസി അധ്യക്ഷനായത്.
ഗുജറാത്തിൽ 40 വർഷത്തിനിടെ കോൺഗ്രസ് ഏറ്റവും മികച്ച വിജയം നേടിയത് 2017ലായിരുന്നു. അന്ന് 77 സീറ്റാണു കോൺഗ്രസിനു കിട്ടിയത്. പട്ടേൽ സംവരണ പ്രക്ഷോഭം ആളിക്കത്തിയ അക്കാലത്ത് ഒട്ടേറെ യുവ പട്ടേൽ നേതാക്കളെ അന്ന് കോൺഗ്രസ് രംഗത്തിറക്കിയിരുന്നു.
ഇതുകൂടാതെ ഒബിസി വിഭാഗം നേതാവ് അൽപേഷ് ഠാക്കൂർ, ദളിത് നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങിയ യുവ പ്രക്ഷോഭകാരികളെയും കോൺഗ്രസ് മത്സരിപ്പിച്ചു. എന്നാൽ, 2022ൽ കോൺഗ്രസ് വെറും 17 സീറ്റിലൊതുങ്ങി. ഹാർദിക് പട്ടേൽ, അൽപേഷ് ഠാക്കൂർ എന്നിവർ ഉൾപ്പെടെയുള്ള യുവ നേതാക്കൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു.
Tags : Congress GujaratVictory GenZ Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash