റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ.
വെള്ളരിക്കുണ്ട് (കാസർഗോഡ്): യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മർച്ചന്റ് നേവി ജീവനക്കാരൻ വാളിപ്ലാക്കൽ അഖിൽ ജോയന് (26) വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കണ്ണീരോടെ വിട നൽകി.
ഞായറാഴ്ച രാത്രി തുർക്കി എയർലൈൻസിൽ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ആംബുലൻസ് വഴിയാണ് നാട്ടിലെത്തിച്ചത്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ കണ്ണൂർ-കാസർഗോഡ് ജില്ലാ അതിർത്തിയായ ചെറുപുഴയിൽനിന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപിയും വെള്ളരിക്കുണ്ട് തഹസിൽദാർ കെ.ബി. രാമുവും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് ചിറ്റാരിക്കാൽ ടൗണിൽ പത്തു മിനിറ്റ് സമയം പൊതുദർശനത്തിനുവച്ചു.
12.45ഓടെ വെള്ളരിക്കുണ്ട് എകെജി നഗറിലെ വീട്ടിൽ എത്തിച്ചു. ഏകമകന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ മാതാപിതാക്കളായ ജോയന്റെയും സാലിയുടെയും കരച്ചിൽ അന്തിമോപചാരമർപ്പിക്കാനെത്തിയവരുടെ കണ്ണുകളെ ഈറനണിയിച്ചു. തുടർന്ന് 1.45ന് സംസ്കാരശുശ്രൂഷകൾക്കായി വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയിലേക്കു കൊണ്ടുപോയി.
രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ റീത്ത് സമർപ്പിച്ചു. മൃതസംസ്കാര ശുശ്രൂഷകൾക്കു വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിൽ കാർമികത്വം വഹിച്ചു.
വിവിധ ഫൊറോന വികാരിമാർ, ഇടവക വികാരിമാർ, എഡിഎം എം.എസ്. ബിജുകുമാർ, ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത, വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. രാജഗോപാലൻ, ഹരീഷ് പി. നായർ, ജോർജ്കുട്ടി കരിമഠം എന്നിവർ പങ്കെടുത്തു. നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
ജൂലൈ 19നാണ് യുക്രെയ്നിലെ ഒഡേസ തീരത്ത് അഖിൽ കൊല്ലപ്പെടുന്നത്. അഖിൽ ജോലി ചെയ്തിരുന്ന ഭക്ഷ്യധാന്യങ്ങളുമായി പോകുകയായിരുന്ന ഗോൾഡൻ ലിയോ എന്ന കപ്പലിനു നേരേ റഷ്യൻ സൈന്യം മിസൈൽ ആക്രമണം നടത്തുകയായിരുന്നു.
കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാർ ഉൾപ്പടെ 10 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ മലയാളി അഖിൽ മാത്രമായിരുന്നു. ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്.
Tags : AkhilJoyan TearfulFarewell Hometown Goodbye Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash