മിസ് യൂണിവേഴ്സ് ഇന്ത്യ 2026 വിജയിയായ കെസിയ ലിസ് മെജോ, സുസ്മിത സെൻ തുടങ്ങിയവർ.
ഹരിപ്പാട്: മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടമാണ് ഹരിപ്പാട് മുട്ടം കിണറ്റുകരയിൽ മെജോ എബ്രഹാമിന്റെയും സുജയുടെയും ഇളയ മകളായ കെസിയ ലിസ് മെജോ സ്വന്തമാക്കിയിരിക്കുന്നത്.
ദ ഗ്ലമാനന്ദ് ഗ്രൂപ്പ് സംഘടിപ്പിച്ച മത്സരത്തിന്റെ ജയ്പുരില്‍ നടന്ന ആവേശകരമായ ദേശീയ ഫിനാലെയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 52 കരുത്തുറ്റ മത്സരാര്‍ഥികളെ പിന്നിലാക്കിയാണ് ഈ 19കാരി നിയമവിദ്യാര്‍ഥി ഇന്ത്യയുടെ സൗന്ദര്യകിരീടം സ്വന്തമാക്കിയത്.
നടിയും മോഡലുമായ അര്‍ച്ചന രവി ഇത്തവണത്തെ ബെസ്റ്റ് മിസ് യൂണിവേഴ്സ് സ്റ്റേറ്റ് ഡയറക്ടര്‍ കേരള പുരസ്കാരത്തിന് അര്‍ഹയായി. മിസ് യൂണിവേഴ്സ് കേരള ഓര്‍ഗനൈസേഷന്റെ സ്റ്റേറ്റ് ഡയറക്ടര്‍ എന്ന നിലയില്‍ കെസിയ ലിസ് മെജോയെ കൃത്യമായ പരിശീലനത്തിലൂടെ ദേശീയ തലത്തിലെ മികച്ച വിജയിയായി വാര്‍ത്തെടുക്കുന്നതില്‍ അര്‍ച്ചന രവിയുടെ മികച്ച നേതൃത്വവും മാര്‍ഗനിര്‍ദേശവും നിര്‍ണായക പങ്കുവഹിച്ചു.
വെല്ലുവിളികൾ തകർത്തെറിഞ്ഞ ആത്മവിശ്വാസം
അബുദാബിയിൽ വളർന്ന കെസിയ കൗമാരകാലത്ത് കടുത്ത അപകർഷതാബോധം നേരിട്ടിരുന്നു. ഇരുണ്ട ചർമത്തിന്റെ പേരിൽ അപമാനിക്കപ്പെടുമെന്ന ഭയത്താൽ സ്വന്തം ചിത്രങ്ങൾ ഫിൽട്ടറുകളില്ലാതെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ പോലും മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, നിരാശകളിൽ തളരാതെ തന്നിലെ വ്യക്തിത്വത്തെ വീണ്ടെടുത്താണ് നിയമവിദ്യാർഥികൂടിയായ കെസിയ തിരിച്ചുവരവ് നടത്തിയത്.
മോഡൽകൂടിയായ കെസിയ ഇതിനുമുമ്പും രാജ്യാന്തരവേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2024ൽ സൗന്ദര്യമത്സര രംഗത്തേക്ക് കടന്നുവന്ന കെസിയ ‘മിസ് ടീൻ ഡിവെ’ പട്ടവും തുടർന്ന് ‘മിസ് ടീൻ ഇന്റർനാഷണൽ’ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പും സ്വന്തമാക്കി.
‘ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന അനുഭവം’
‘ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന അനുഭവമാണ് എനിക്കിപ്പോൾ. മൂന്നു വർഷത്തിലേറെയായി ഞാൻ സ്വപ്നം കണ്ട നിമിഷമാണിത്. ഈ കിരീടം എന്റെ സ്വന്തം കേരളത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞതിലും എന്റെ നാടിനെ ലോകത്തിനുമുന്നിൽ പ്രതിനിധീകരിക്കാൻ സാധിച്ചതിലും ഞാൻ വളരെയധികം സന്തോഷിക്കുന്നു. നമ്മൾ അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വന്തം മനസിനോടാണ്.
നാം കരുതുന്നതിലും വലിയ കാര്യങ്ങൾ സാധിച്ചെടുക്കാൻ നമുക്ക് കഴിവുണ്ടെന്ന് നമ്മൾതന്നെ വിശ്വസിക്കണം. എല്ലാ ഭയങ്ങളെയും തരണം ചെയ്താണ് ഞാൻ ഇന്ന് ഈ കിരീടവുമായി നിൽക്കുന്നത്- വിജയത്തിനുശേഷം കെസിയ പ്രതികരിച്ചു.
മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലെത്തിക്കുക എന്നതാണു തന്റെ ആദ്യത്തെയും ഏറ്റവും വലുതുമായ ഭാവി ലക്ഷ്യമെന്ന് കെസിയ പറഞ്ഞു. താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഇന്ത്യയെയും കേരളത്തെയും പ്രതിനിധീകരിക്കാനും ഭാരതീയത എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനും ആഗ്രഹിക്കുന്നുവെന്ന് കെസിയ കൂട്ടിച്ചേർത്തു.
Tags : Kaziah Pride MissUniverseIndia Crown Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash