പ്രീമിയം എസ്യുവി വിഭാഗത്തിൽ മത്സരത്തിന് കൂടുതൽ കരുത്തേകാൻ രണ്ടാം തലമുറ കൊഡിയാക് ഇന്ത്യൻ വിപണിയിൽ എത്തി. പുതിയ ഡിസൈൻ, കൂടുതൽ സാങ്കേതികവിദ്യ, മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ, ആഡംബര സൗകര്യങ്ങൾ എന്നിവയോടെയാണ് സ്കോഡയുടെ ഫ്ലാഗ്ഷിപ്പ് എസ്യുവി എത്തുന്നത്.
സാധാരണ ഉപയോഗത്തിനുള്ള മൂന്ന് വേരിയന്റുകൾക്കൊപ്പം പെർഫോമൻസ് പ്രേമികൾക്കായി പരിമിത യൂണിറ്റുകളിൽ കൊഡിയാക് ആർഎസ് പതിപ്പും കന്പനി അവതരിപ്പിച്ചിട്ടുണ്ട്.
പുതുമയാർന്ന ഡിസൈൻ
സ്കോഡയുടെ പുതിയ ‘മോഡേണ്‍ സോളിഡ്’ ഡിസൈൻ ശൈലിയാണ് കൊഡിയാകിന് നൽകിയിരിക്കുന്നത്. ഇലുമിനേറ്റഡ് ഫ്രണ്ട് ഗ്രിൽ, ക്രിസ്റ്റലീനിയം സാങ്കേതികവിദ്യയോടുകൂടിയ എൽഇഡി മാട്രിക്സ് ഹെഡ്ലാന്പുകൾ, സി-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാന്പുകൾ, ഡൈനാമിക് ടേണ്‍ ഇൻഡിക്കേറ്ററുകൾ, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് പുറംഭാഗത്തെ പ്രധാന സവിശേഷതകൾ.
മുൻതലമുറ മോഡലിനെക്കാൾ 59 മില്ലിമീറ്റർ നീളം വർധിപ്പിച്ചതോടെ വാഹനത്തിന്റെ റോഡ് പ്രെസെൻസ് കൂടുതൽ ശ്രദ്ധേയമായി.
പ്രീമിയം ക്യാബിൻ
13 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതുതായി അവതരിപ്പിച്ച സ്മാർട്ട് ഡയലുകൾ എന്നിവയാണ് ക്യാബിനിലെ പ്രധാന സവിശേഷതകൾ. ഹീറ്റഡ്-വെന്റിലേറ്റഡ് എർഗോ സീറ്റുകൾ, എട്ട് മോഡുകളുള്ള മസാജ് ഫംഗ്ഷൻ, 725 വാട്ട് ശേഷിയുള്ള 13 സ്പീക്കർ കാന്റണ്‍ ഓഡിയോ സിസ്റ്റം, പനോരമിക് സണ്‍റൂഫ്, കൂളിംഗ് സൗകര്യമുള്ള ഡ്യുവൽ വയർലെസ് ചാർജർ എന്നിവയും വാഹനത്തിലുണ്ട്. പിൻസീറ്റുകൾ മടക്കിവയ്ക്കുന്നതിലൂടെ ബൂട്ട് സ്പേസ് ആവശ്യാനുസരണം വർധിപ്പിക്കാനും കഴിയും.
എൻജിൻ കരുത്ത്
രണ്ട് ലിറ്റർ ടിഎസ്ഐ ടർബോ പെട്രോൾ എൻജിനാണ് പുതിയ കൊഡിയാകിന് കരുത്ത് നൽകുന്നത്. 201 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എൻജിൻ 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയത്. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി 4x4 ഓൾ-വീൽ ഡ്രൈവ് സംവിധാനം നൽകിയിട്ടുണ്ട്.
സുരക്ഷയ്ക്ക് പ്രാധാന്യം
എല്ലാ വേരിയന്റുകളിലും ഒന്‍പത് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കും. ഉയർന്ന വേരിയന്റുകളിൽ ലെവൽ-2 അഡാസ് സംവിധാനവും നൽകിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ലെയ്ൻ അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, 360 ഡിഗ്രി കാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, ഹിൽ ഡിസന്റ് കണ്ട്രോൾ എന്നിവയും വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമാണ്.
5 വർഷം അല്ലെങ്കിൽ 1.25 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റിയും 10 വർഷത്തെ കോംപ്ലിമെന്ററി റോഡ് സൈഡ് അസിസ്റ്റൻസും കന്പനി വാഗ്ദാനം ചെയ്യുന്നു.
വിലയും മൈലേജും
അഞ്ച് സീറ്റുകളുള്ള ലൗഞ്ച് വേരിയന്റിന് 36.99 ലക്ഷം രൂപയും ഏഴ് സീറ്റുകളുള്ള സ്പോർട്ട്ലൈൻ പതിപ്പിന് 44.99 ലക്ഷം രൂപയും ലോറിൻ ആൻഡ് ക്ലെമെന്റ് വേരിയന്റിന് 46.99 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. പരിമിത യൂണിറ്റുകളായി അവതരിപ്പിച്ച കൊഡിയാക് ആർഎസിന് 66.99 ലക്ഷം രൂപയാണ് വില. സ്കോഡ അവകാശപ്പെടുന്ന മൈലേജ് 14.86 കിലോമീറ്ററാണ്. ഏഴ് നിറങ്ങളിൽ വാഹനം ലഭ്യമാണ്.
ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ എന്നിവയുമായാണ് പുതിയ കൊഡിയാക് പ്രധാനമായും മത്സരിക്കുന്നത്. ഓഫ്-റോഡ് കഴിവുകൾക്കൊപ്പം പ്രീമിയം ക്യാബിൻ, ആധുനിക സാങ്കേതികവിദ്യ, സുരക്ഷാ സംവിധാനങ്ങൾ, യൂറോപ്യൻ ഡ്രൈവിംഗ് അനുഭവം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ഉപഭോക്താക്കളെയാണ് പുതിയ കൊഡിയാക് ലക്ഷ്യമിടുന്നത്.
പെർഫോമൻസിൽ ആർഎസ്
കൊഡിയാക് ആർഎസ് പതിപ്പിലെ 2.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 265 എച്ച്പി കരുത്തും 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലെത്താൻ 6.3 സെക്കൻഡ് മാത്രമാണ് വേണ്ടത്. 20 ഇഞ്ച് അലോയ് വീലുകൾ, ഡൈനാമിക് ചാസി കണ്ട്രോൾ പ്ലസ്, ബ്ലാക്ക് സ്റ്റൈലിംഗ് ഘടകങ്ങൾ എന്നിവ ആർഎസ് പതിപ്പിന്റെ പ്രത്യേകതകളാണ്. ഇന്ത്യക്കായി അനുവദിച്ച 50 യൂണിറ്റുകളും ബുക്കിംഗ് ആരംഭിച്ച ഉടൻ വിറ്റഴിഞ്ഞ് കഴിഞ്ഞു.