ഇരട്ടക്കിരീടം ചൂടിയ കട്ടിപ്പാറ നസ്രത്ത് യുപി സ്കൂള്‍ ടീം
കട്ടിപ്പാറ: താമരശേരി ഉപജില്ല കലാമേളയില്‍ മികച്ച നേട്ടം കൈവരിച്ച കട്ടിപ്പാറ നസ്രത്ത് യുപി സ്കൂള്‍ നാടിന്റെ അഭിമാനമായി. യുപി ജനറല്‍ വിഭാഗത്തില്‍ 80 പോയിന്റുമായാണ് കിരീടം ചൂടിയത്. സംസ്കൃതോത്സവത്തില്‍ 90 ല്‍ 88 പോയിന്റ് നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
താമരശേരി ഉപജില്ലയിലെ വന്‍കിട സ്കൂളുകളെ പിന്തള്ളിയാണ് നസ്രത്തിന്റെ കലാപ്രതിഭകള്‍ ഒന്നാം സ്ഥാനം നേടിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് ജോസ്, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി, താമരശേരി എഇഒ പ്രമോദ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
വിജയികള്‍ക്കും അധ്യാപകര്‍ക്കും സ്കൂള്‍ മാനേജര്‍ ഫാ. പ്രിയേഷ് തേവടിയില്‍, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സജിന, വൈസ് പ്രസിഡന്റ് പ്രേംജി ജെയിംസ്, വാര്‍ഡ് അംഗം ജംഷീന അസീസ്, പിടിഎ പ്രസിഡന്റ് സി.എം. ബഷീര്‍, എംപിടിഎ ചെയര്‍പേഴ്സണ്‍ ബിന്ദു ബൈജു എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. കുട്ടികളും അധ്യാപകരും ചേര്‍ന്ന് കട്ടിപ്പാറ ടൗണില്‍ വിജയാഹ്ലാദ റാലി നടത്തി. പ്രധാനാധ്യാപിക ലിസ സാലസ്, അധ്യാപകരായ സിസ്റ്റര്‍ ബിന്‍സി, കെ.യു. തോമസ്, പി.സുനിത, സി.ബുഷ്റ, കെ.എം.എലിസബത്ത്, ജിയ ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
Tags : Nazareth UP School, Kattippara Pride NattuVishesham DistrictNews