നവീകരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ ഒന്നാംഘട്ടം ടാറിംഗ് പൂര്‍ത്തിയായ നിലയില്‍.
ഇരിങ്ങാലക്കുട: കുണ്ടും കുഴിയും വെള്ളക്കെട്ടുമായി യാത്രാദുരിതത്തിന്റെ പര്യായമായി മാറിയിരുന്ന ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിന് ഒടുവില്‍ ശാപമോക്ഷം. റോഡിന്റെ സമഗ്ര നവീകരണത്തിന്റെ ഭാഗമായി ബിറ്റുമിന്‍ മെക്കാഡം ടാറിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 1160 മീറ്റര്‍ നീളത്തില്‍ ഏകദേശം ഒമ്പത് മീറ്റര്‍ വീതിയില്‍ നാലു കോടിയിലേറെ രൂപ ചെലവഴിച്ചാണ് റോഡ് ആധുനിക നിലവാരത്തില്‍ നവീകരിക്കുന്നത്.
കാനകളുടെയും നടപ്പാതയുടെയും നിര്‍മാണം, വൈദ്യുതിത്തൂണുകള്‍ മാറ്റിസ്ഥാപിക്കല്‍, പൈപ്പ്ലൈന് ഉള്‍പ്പടെയുള്ള അനുബന്ധ ജോലികള്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാണ് ബിറ്റുമിന്‍ മെക്കാഡം ടാറിംഗ് ആരംഭിച്ചത്. ആദ്യഘട്ട ടാറിംഗ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. അടുത്ത ദിവസം ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിക്കും. ജനുവരി ആദ്യവാരത്തോടെ ബിറ്റുമിന്‍ കോണ്‍ക്രീറ്റ് (ബിഎംബിസി) ടാറിംഗും ആരംഭിക്കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ബൈപ്പാസ് റോഡ് നവീകരണത്തിന് അഞ്ചു കോടി രൂപ അനുവദിച്ചത്. ടെന്‍ഡര്‍ നടപടികള്‍ക്കു ശേഷം ഇരിങ്ങാലക്കുട സ്വദേശി ചക്കാലമറ്റത്ത് വീട്ടില്‍ ബിജോയിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ജില്ലാ പഞ്ചായത്തുമായാണ് കരാര്‍. നഗരസഭയുടെ എന്‍ജിനീയറിംഗ് വിഭാഗത്തിനാണ് നിര്‍മാണ മേല്‍നോട്ട ചുമതല.
വര്‍ഷങ്ങളായി തകര്‍ച്ചയിലായിരുന്ന ബൈപ്പാസ് റോഡ് യാത്രക്കാരുടെ ദുരിതയാത്രയ്ക്കും പ്രതിഷേധങ്ങള്‍ക്കും വേദിയായിരുന്നു. മഴ പെയ്താല്‍ വെള്ളം നിറയുന്ന കുഴികളില്‍ വീണ് ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥ നഗരസഭാ ഭരണസമിതിക്കെതിരായ സമൂഹമാധ്യമ ട്രോളുകള്‍ക്കും വിഷയമായി. വെള്ളക്കെട്ട് നിറഞ്ഞ കുഴികളില്‍ വഞ്ചിയിറക്കിയുള്ള പ്രതിഷേധങ്ങളും അരങ്ങേറി.
ഒടുവില്‍ തീര്‍ത്തും തകര്‍ന്ന 161 മീറ്റര്‍ ഭാഗത്ത് 27 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ ടൈല്‍ വിരിച്ചിരുന്നു. ഈ ഭാഗം ഒഴിവാക്കിയാണ് ശേഷിക്കുന്ന 1160 മീറ്റര്‍ റോഡിന്റെ സമഗ്ര നവീകരണം നടപ്പാക്കുന്നത്. ബൈപ്പാസ് റോഡിനെ രാജപാതയാക്കി മാറ്റുമെന്നായിരുന്നു പുതിയ നഗരസഭാ ഭരണസമിതിയുടെ പ്രഖ്യാപനം. ജൂലൈയില്‍ ആരംഭിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 11 മാസമാണ് കരാര്‍ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
ജനുവരിയോടെ നവീകരണം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ദീര്‍ഘകാലത്തെ യാത്രാദുരിതത്തിന് പരിഹാരമാകുന്നതിനൊപ്പം നഗരത്തിലെ ഗതാഗത സൗകര്യങ്ങള്‍ക്കും പുതിയ റോഡ് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
Tags : Irinjalakuda Bypass Road Nattuvishesham DistrictNews