സുപ്രീംകോടതി ജസ്റ്റിസ് പ്രസന്ന ബി. വരാളെ
മുംബൈ: മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ ബജറ്റിലെ കുറവിലും മറാഠി മീഡിയം സ്കൂളുകൾ അടച്ചുപൂട്ടുന്നതിലും ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പ്രസന്ന ബി. വരാളെ. മഹാരാഷ്ട്രയിൽ സംഘടിപ്പിക്കുന്ന നാസിക് കുംഭമേളയ്ക്ക് മാറ്റിവെക്കുന്ന തുകയുടെ 0.1 ശതമാനം ചെലവഴിച്ചിരുന്നെങ്കിൽ പോലും സംസ്ഥാനത്ത് അടച്ചുപൂട്ടിയ 100-ലധികം മറാഠി മീഡിയം സ്കൂളുകൾ സംരക്ഷിക്കാമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
ധൂളെ ജില്ലയിലെ ഒരു സ്കൂളിൽ സ്മാർട്ട് ക്ലാസുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പദ്ധതികൾക്ക് തുക നീക്കിവെക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും, എന്നാൽ വിദ്യാഭ്യാസത്തിന് ആവശ്യമായ ധനസഹായം നൽകാൻ സർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. കുംഭമേളയ്ക്കായി 32,000 കോടി രൂപയും കോറിഡോർ പദ്ധതികൾക്കായി 11,000 കോടി രൂപയുമാണ് സർക്കാർ അനുവദിക്കുന്നത്.
ഇതിൽ നിന്ന് വെറും 32 കോടി രൂപ (0.1%) മാറ്റിവെച്ചിരുന്നെങ്കിൽ പോലും 100 മുതൽ 125 വരെ സ്കൂളുകളുടെ പൂട്ടൽ ഒഴിവാക്കാമായിരുന്നു. താൻ പത്താം ക്ലാസ് വരെ പഠിച്ചത് ജില്ലാ പരിഷത്ത്/മുനിസിപ്പൽ മറാഠി മീഡിയം സ്കൂളുകളിലാണെന്നും പ്രാദേശിക ഭാഷയിലെ പഠനം കരിയറിന് ഒരിക്കലും തടസമായിട്ടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ചില ഗ്രാമീണ സ്കൂളുകളിൽ സൗകര്യങ്ങളുടെ കുറവുണ്ട്. ഒരു ആശ്രമശാലയിൽ തറയിൽ ഉറങ്ങേണ്ടി വന്ന മൂന്ന് വിദ്യാർഥിനികൾ പാമ്പുകടിയേറ്റ് മരിച്ച ദാരുണ സംഭവവും അദ്ദേഹം പരാമർശിച്ചു. വിദ്യാർഥികളുടെ എണ്ണം കൂടുമ്പോഴും വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം കുറയുന്ന പ്രവണത മാറ്റണമെന്നും സ്കൂളുകളിൽ ആധുനിക സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് പ്രസന്ന ബി. വരാളെ ആവശ്യപ്പെട്ടു.
Tags : KumbhMela JusticePrasanna LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash