പിഎംഎ സലാം
മലപ്പുറം: സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനഃക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ലയ്ക്കും 10 ലക്ഷത്തോളം ജനസംഖ്യയുള്ള പത്തനംതിട്ട ജില്ലയ്ക്കും ഭരണതലത്തിൽ ഒരേ സൗകര്യങ്ങളാണ് ലഭിക്കുന്നതെന്നും, ഇത് മലപ്പുറത്തോട് കാണിക്കുന്ന വലിയ വിവേചനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് മുസ്ലിം ലീഗ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ജനസംഖ്യ മാത്രം കണക്കിലെടുക്കുകയാണെങ്കിൽ മലപ്പുറത്തിനെ മൂന്നോ നാലോ ജില്ലകളാക്കേണ്ടി വരുമെന്ന് സലാം ചൂണ്ടിക്കാട്ടി. ഒരേയൊരു കളക്ടറും തുല്യമായ ഓഫീസുകളും മാത്രം ലഭിക്കുന്നത് വിഭവവിനിയോഗത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഡി-ലിമിറ്റേഷൻ കമ്മീഷനെ നിയോഗിക്കുമെന്ന പ്രഖ്യാപനത്തോടെ നെയ്യാറ്റിൻകര, മൂവാറ്റുപുഴ, തിരൂർ കേന്ദ്രീകരിച്ച് പുതിയ ജില്ലകൾക്കായുള്ള ആവശ്യങ്ങൾ സജീവമായിരിക്കുകയാണ്.
Tags : PMASalam Reorganisation Population Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash