താലിബാൻ ഭീകരർ പെൺകുട്ടിയെ കല്ലെറിഞ്ഞു കൊല്ലുന്നതിന്‍റെ ദൃശ്യങ്ങളിൽനിന്ന്.
ന്യൂഡൽഹി: 2015-ൽ അരങ്ങേറിയ കൊടും ക്രൂരത. 19 വയസുകാരിയെ കുഴിയിൽ തള്ളിയിട്ടശേഷം താലിബാൻ ഭീകരർ ചുറ്റുംനിന്നു കല്ലെറിഞ്ഞു കൊല്ലുന്നു. അവളുടെ ജീവനായുള്ള രോദനം ആ കാട്ടാളന്മാർ കേട്ടില്ല. അവർ വീണ്ടും വീണ്ടും കല്ലുകൾ വലിച്ചെറിഞ്ഞു, അസഭ്യവർഷത്തോടെ, ഒടുവിൽ നരകയാതനയോടെ ആ ജീവൻ പൊലിഞ്ഞു. ആ ദൃശ്യങ്ങൾ താലിബാന്‍റെ സ്ത്രീകളോടുള്ള കൊടുക്രൂരതയുടെ ഓർമപ്പെടുത്തലായി സമൂഹമാധ്യമങ്ങളിൽ വീണ്ടും വ്യാപകമായി പ്രചരിക്കുകയാണ്. തെരുവുനായയോടും പോലും ചെയ്യാത്ത ക്രൂരതയാണു പെൺകുട്ടിക്കുനേരേ അരങ്ങേറിയത്. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽവച്ച് റുക്‌ഷാന എന്ന പെൺകുട്ടിയെ താലിബാൻ കല്ലെറിഞ്ഞു കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ലോകമെന്പാടും വലിയ ചർച്ചയാകുകയാണ്.
ഇഷ്ടപ്പെടാത്ത വിവാഹത്തിൽനിന്ന് ഒളിച്ചോടി കാമുകനൊപ്പം ജീവിക്കാൻ ശ്രമിച്ചതിനാണ് താലിബാൻ ഈ കാട്ടാളനീതി നടപ്പാക്കിയത്. സാഗർ ജില്ലയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ താലിബാൻ സംഘം റുക്‌ഷാനയെയും കാമുകനെയും പിടികൂടുകയായിരുന്നു. തുടർന്ന് തുറുങ്കിലടച്ചു. യുവതിയെ വിട്ടയ്ക്കാൻ വലിയതുക മോചനദ്രവ്യമായി താലിബാൻ ആവശ്യപ്പെട്ടു. നിർധനരായ കുടുംബത്തിന് താലിബാൻ വിധിച്ച തുക നൽകാൻ കഴിഞ്ഞില്ല. ഇതോടെ അവിഹിതബന്ധം ആരോപിച്ചും താലിബാൻ നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയും യുവതിയെ കല്ലെറിഞ്ഞു കൊല്ലാൻ പ്രാദേശിക പുരോഹിതൻ ഉത്തരവിടുകയായിരുന്നു.
ക്രൂര പീഡനങ്ങൾക്കിരയാക്കിയശേഷം, മണ്ണിൽ വലിയ കുഴിയെടുത്ത് അതിൽ യുവതിയെ ഇറക്കിനിർത്തിയ ശേഷമായിരുന്നു പ്രാകൃതമായ ശിക്ഷ നടപ്പാക്കിയത്. അവിടെക്കൂടിയ ആളുകൾ ക്രൂരമായി യുവതിക്കുനേരേ കല്ലെറിയുകയും, ഓടി രക്ഷപ്പെടാൻ പോലും സാധിക്കാതെ യുവതി വേദനകൊണ്ട് നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അഫ്ഗാനിസ്ഥാന്‍റെ ഭരണം പിടിച്ചെടുത്തശേഷം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ കൊടിയ അടിച്ചമർത്തലുകൾ വീണ്ടും ആവർത്തിക്കുകയാണ് താലിബാൻ.