തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി
ഹൈദരാബാദ്: അമേരിക്കൻ സന്ദർശനത്തിന് അനുമതി നിഷേധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. കേന്ദ്രത്തിന്റെ നിലപാട് ഫെഡറലിസത്തിന് എതിരാണെന്നും ഇത് തെലങ്കാനയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു. യുകെ സന്ദർശനം പൂർത്തിയാക്കി ഹൈദരാബാദിൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ-കായിക മേഖലകളിൽ വികസനവും നിക്ഷേപവും ആകർഷിക്കുന്നതിനാണ് അമേരിക്കയിലെ സർവകലാശാലകൾ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നതെന്നും ഇതിൽ യാതൊരു തരത്തിലുള്ള രാഷ്ട്രീയ താത്പര്യങ്ങളുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സന്ദർശനത്തിന്റെ ഉദ്ദേശ്യവും പ്ലാൻ ചെയ്ത പരിപാടികളും മുഖ്യമന്ത്രി എന്ന പദവിക്ക് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം അമേരിക്കൻ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. അതേസമയം അദ്ദേഹത്തിന്റെ യുകെ സന്ദർശനത്തിന് അനുമതി നൽകി. ഗുജറാത്ത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾക്ക് വിദേശ സന്ദർശനത്തിന് അനുമതി നൽകുമ്പോൾ തെലങ്കാനയോട് പക്ഷപാതം കാണിക്കുന്നുവെന്ന് രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി.
വിഷയം പാർലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും വ്യക്തമാക്കിയതായി അദ്ദേഹം അറിയിച്ചു. വിദ്യാർഥികൾക്കും യുവാക്കൾക്കും അന്താരാഷ്ട്ര തലത്തിലുള്ള മികച്ച അവസരങ്ങൾ ലഭ്യമാക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് തടസം നിൽക്കുന്ന രാഷ്ട്രീയ നീക്കമാണിതെന്നും തെലങ്കാന സർക്കാർ ആരോപിച്ചു.
Tags : Telangana RevanthReddy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash