തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്
ചെന്നൈ: കാഞ്ചീപുരം പരന്തൂരിൽ നിർദേശിച്ചിരുന്ന രണ്ടാമത്തെ ചെന്നൈ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതി ഉപേക്ഷിക്കാനുള്ള തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. സർക്കാരിന്റെ ഈ നീക്കം സംസ്ഥാനത്തിന്റെ വികസനത്തെ വർഷങ്ങളോളം പിന്നോട്ടടിക്കുമെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
നിയമസഭയിൽ ചട്ടം 110 പ്രകാരം കൃഷിഭൂമിയും കർഷകരുടെ ഉപജീവനമാർഗവും സംരക്ഷിക്കുന്നതിനാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വിജയ് അറിയിക്കുകയായിരുന്നു. തുടർന്ന് വിഷയത്തിൽ ചർച്ചയ്ക്കുള്ള അനുവാദം നിഷേധിച്ചതിനെ തുടർന്ന് ഡിഎംകെ എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഭൂമി ഏറ്റെടുക്കൽ നടപടികളും പ്രാഥമികാനുമതികളും പൂർത്തിയായ പദ്ധതി ഉപേക്ഷിക്കുന്നത് തമിഴ്നാടിന്റെ വികസന ഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും, 1 ട്രില്യൺ ഡോളർ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിന് ഇത് തടസമാകുമെന്നും സ്റ്റാലിൻ ആരോപിച്ചു.
കൃഷിഭൂമിയും ജലാശയങ്ങളും നശിപ്പിച്ച് വിമാനത്താവളം നിർമിക്കില്ലെന്നും, പൊതുജനങ്ങൾക്ക് ആഘാതം കുറഞ്ഞ മറ്റ് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടുപിടിക്കുമെന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. പുതിയ വിമാനത്താവളം വരുന്നതുവരെ നിലവിലുള്ള മീനമ്പാക്കം വിമാനത്താവളത്തിൽ പുതിയ ടെർമിനൽ ഉൾപ്പെടെ നിർമിച്ച് ശേഷി വർധിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു.
Tags : Vijay TamilNadu Parandur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash