അസം മേഘാലയ തർക്കത്തിൽപെട്ട് വഴിമേധ്യ അകപ്പെട്ടുപോയ യാത്രക്കാർ
ഷില്ലോംഗ്: അസം-മേഘാലയ അതിർത്തി തർക്കത്തെയും സംഘർഷങ്ങളെയും തുടർന്ന് മേഘാലയയിലെ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഷില്ലോംഗ്, സോഹ്റ (ചിറാപുഞ്ചി) തുടങ്ങി പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന 80 മുതൽ 90 ശതമാനം വരെയുള്ള ബുക്കിംഗുകൾ റദ്ദാക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഓഗസ്റ്റ് 19-ന് ഷില്ലോംഗിൽ ഖാസി സ്റ്റുഡന്റ്സ് യൂണിയൻ നടത്തിയ റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളും അതിനു പിന്നാലെ ഇരു സംസ്ഥാനങ്ങൾക്കുമിടയിലുള്ള ഗതാഗത തടസങ്ങളുമാണ് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായത്. സ്ഥിരീകരിച്ച ബുക്കിംഗുകൾ പോലും വിനോദസഞ്ചാരികൾ വൻതോതിൽ റദ്ദാക്കുകയാണ്. വരാനിരിക്കുന്ന ദുർഗാ പൂജ, ക്രിസ്മസ് സീസണുകളെ ഇത് സാരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്.
അസമിലെ ഗുവഹാത്തി, ജോർബത് വഴിയാണ് ഭൂരിഭാഗം വിനോദസഞ്ചാരികളും മേഘാലയയിലേക്ക് എത്തുന്നത്. റോഡ് ഉപരോധവും വാഹനം തടയലും കാരണം സഞ്ചാരികൾക്ക് എത്താനാകാത്ത സാഹചര്യമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ടൂറിസം സർക്യൂട്ടുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഒരു സംസ്ഥാനത്തുണ്ടാകുന്ന സംഘർഷം മേഖലയെ ഒന്നാകെ ബാധിക്കുമെന്ന് ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ വ്യക്തമാക്കി.
സംഘർഷങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ട് ഗതാഗതം പുനഃസ്ഥാപിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ നഷ്ടം നേരിടേണ്ടി വരുമെന്ന് മേഖലയിലെ വ്യാപാരികളും സംഘടനകളും മുന്നറിയിപ്പ് നൽകുന്നു.
Tags : Assam Meghalaya Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash