തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
ചെന്നൈ: തമിഴ്നാട്ടിൽ ഒഴിവുള്ള നിയമസഭാ സീറ്റുകളിൽ ഉടൻ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് ഹർജികളിൽ വിധി വരുന്നതിന് മുമ്പ് ഉപതെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നാണ് കമ്മീഷന്റെ നിലപാട്.
1967ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. ഇതോടെ വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വൈകും.
തിരുനെൽവേലി സ്വദേശിയാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഈ ഹർജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അറിയിച്ചത്. കമ്മീഷന്റെ നിലപാടോടെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനായി ഭരണകക്ഷിയായ ടിവികെ ഇനിയും കാത്തിരിക്കേണ്ടിവരും.
ഈ മണ്ഡലങ്ങളിൽ വിജയിച്ച് നിയമസഭയിൽ സ്വന്തം നിലയിൽ കേവല ഭൂരിപക്ഷം ഉറപ്പിക്കാനാണ് ടിവികെയുടെ ശ്രമം. അതേസമയം ഹർജി സെപ്റ്റംബർ എട്ടിന് മദ്രാസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Tags : ByElection TamilNaduByElection TVK Vijay ElectionCommission MadrasHighCourt