അഭിജീത് ദീപ്കെ
ന്യൂഡൽഹി: കേന്ദ്രസർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് കോക്രോച്ച് ജനത പാർട്ടി സമരത്തിന് ഒരുങ്ങുന്നു. സെപ്റ്റംബർ അഞ്ചിന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യാ ഗേറ്റിൽ നിന്നാണ് പ്രതിഷേധത്തിന് തുടക്കമാകുക.
തുടർന്ന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങളും പോലീസ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികളുടെ കുടുംബങ്ങളും യുവജന സംഘടനകളും യുവാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സിജെപി വ്യക്തമാക്കി.
സിജെപി ദേശീയ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് സമരം വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചത്. രാജ്യത്തെ യുവാക്കൾക്ക് കേന്ദ്രസർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും നൽകിയ വാഗ്ദാനങ്ങളുടെ പുരോഗതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്നും പാർട്ടി അറിയിച്ചു.
പൊതുജനങ്ങൾക്ക് മുന്നിൽ നൽകിയ വാഗ്ദാനങ്ങൾ ഒരു മാസം പിന്നിട്ടിട്ടും സർക്കാർ നടപ്പാക്കിയിട്ടില്ലെന്നാണ് സിജെപിയുടെ ആരോപണം. വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന് പകരം സർക്കാർ നടപടികൾ വൈകിപ്പിക്കുകയാണെന്നും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും പാർട്ടി പറഞ്ഞു.
ഓഗസ്റ്റ് 18ന് രാജ്യത്താകമാനം വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ പട്ടിക സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
Tags : CochroachJanataParty CJP Central Government Protest DelhiProtest