ടെഹ്റാൻ: ഹോർമുസ് ചട്ടങ്ങൾ ലംഘിച്ച 45 ടാങ്കർ കപ്പലുകളെ കരിന്പട്ടികയിൽ ഉൾപ്പെടുത്തിയതായി ഇറാൻ. ഈ കപ്പലുകളിൽനിന്ന് പിഴ ഇടാക്കാം, അല്ലെങ്കിൽ പിടിച്ചെടുത്ത് ചരക്ക് കണ്ടുകെട്ടാം എന്നാണ് ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി ഇറാൻ രൂപീകരിച്ച പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അഥോറിറ്റി അറിയിച്ചത്.
കപ്പലുകളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. വന്പൻ ക്രൂഡ് ടാങ്കറുകൾ, ദ്രവീകൃത പ്രകൃതിവാതകം, ദ്രവീകൃത പെട്രോളിയം വാതകം എന്നീ ഇനം ടാങ്കറുകൾ ഉൾപ്പെടുന്നു.
ചില കപ്പലുകൾ യുഎഇ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള അബുദാബി നാഷണൽ ഓയിൽ കന്പനി, സൗദിയിലെ ബാഹ്‌രി കന്പനി എന്നിവയുടെ ഉടമസ്ഥതയിലുള്ളവയാണ്.
ചരിത്രത്തിലിതുവരെ കാണാത്ത ഉപരോധങ്ങൾ ദിവസങ്ങൾക്കുള്ളിൽ ഇറാനെതിരേ പ്രഖ്യാപിക്കുമെന്ന് അമേരിക്ക അറിയിച്ചതിനു പിന്നാലെയാണ് കരിന്പട്ടിക ഇറാൻ പുറത്തുവിട്ടത്.
ഈ കപ്പലുകളിലെ ചരക്ക് കയറ്റാൻ തയാറാകുന്ന മറ്റു കപ്പലുകളും കരിന്പട്ടികളെയും കരിന്പട്ടികയിൽപ്പെടുത്തുമെന്നാണ് ഇറാന്‍റെ ഭീഷണി. പട്ടികയിൽനിന്ന് നീക്കം ചെയ്യാനായി കപ്പലുടമകൾ ഇറാന് അപേക്ഷ നല്കണം.
അതേസമയം, കപ്പലുകൾ ചെയ്ക കുറ്റം എന്താണെന്ന് ഇറാൻ വ്യക്തമാക്കിയില്ല. ഹോർമുസിലൂടെ പോകേണ്ട കപ്പലുടമകൾ മുൻകൂർ അനുമതി വാങ്ങണമെന്നും സുരക്ഷയ്ക്കും ഇതര സേവനങ്ങൾക്കും പണം അടയ്ക്കണമെന്നും ഇറാൻ മുന്പു നിർദേശിച്ചിരുന്നു.
യുഎസ്, ഇസ്രയേൽ ആക്രമണത്തിന് മറുപടിയായിട്ടാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത്. അതേസമയം, അമേരിക്കയുടെ സംരക്ഷണത്തിൽ ഹോർമുസിലൂടെ വാണിജ്യ കപ്പലുകൾ സഞ്ചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.