കൂത്താട്ടുകുളം കന്നുകാലി ചന്ത
കൂത്താട്ടുകുളം: മധ്യകേരളത്തിലെ പ്രശസ്തമായ കൂത്താട്ടുകുളം കന്നുകാലി ചന്ത കൂടുതല്‍ പ്രൗഢിയോടെ പുനരുജ്ജീവിപ്പിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ സമഗ്രമായ നവീകരണ നടപടികള്‍. കച്ചവടം സുതാര്യവും സമയബന്ധിതമാക്കുന്നതിനായി മാര്‍ക്കറ്റിന്റെ പ്രവേശന കവാടങ്ങളില്‍ പുതിയ ഗേറ്റുകള്‍ സ്ഥാപിച്ചതോടെ വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും ദീര്‍ഘകാല ആവശ്യത്തിനാണ് പരിഹാരമാകുന്നത്.
വെള്ളിയാഴ്ചകളിലെ പ്രധാന കച്ചവടത്തില്‍ ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥ ഒഴിവാക്കാന്‍ കൃത്യമായ സമയക്രമീകരണമാണ് നഗരസഭ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ കന്നുകാലികളെ മാര്‍ക്കറ്റിനുള്ളില്‍ പ്രവേശിപ്പിക്കാമെങ്കിലും വില്പന വൈകുന്നേരം നാലു മണിക്ക് മാത്രമേ ആരംഭിക്കൂ. സമയം കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മാര്‍ക്കറ്റിന്റെ ഇരുവശങ്ങളിലുമുള്ള ഗേറ്റുകള്‍ അതുവരെ അടച്ചിടുകയും, കൃത്യം നാലു മണിയോടെ ഒരേസമയം തുറന്നു നല്‍കുകയും ചെയ്യും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ് ചന്ത ദിവസങ്ങളില്‍ ഇവിടെയെത്തുന്നത്. ദൂരദേശങ്ങളില്‍ നിന്നുള്ളവര്‍ എത്തുമ്പോഴേക്കും മികച്ച ഉരുക്കളുടെ വില്പന നേരത്തെ തന്നെ അവസാനിച്ചിരുന്ന പതിവ് രീതിക്ക് ഇതോടെ മാറ്റം വരും. പുതിയ സമയക്രമം നിലവില്‍ വന്നതോടെ വാങ്ങാന്‍ എത്തുന്ന എല്ലാവര്ക്കും മികച്ച ഉരുക്കളെ തെരഞ്ഞെടുക്കാന്‍ തുല്യ അവസരം ലഭിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്കും വില്പനക്കാര്ക്കും ന്യായമായ വിലയും ഉറപ്പാക്കാനാകും.
നഗരസഭാ ചെയര്‍പേഴ്സണ്‍ റെജി ജോണ്‍ ഉള്‍പ്പെടെയുള്ള ഭരണസമിതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മാര്‍ക്കറ്റിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് മേഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ താത്കാലിക പാര്‍ക്കിംഗ് നിയന്ത്രണ സംവിധാനങ്ങള്‍ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. ഓണക്കാല വിപണി കൂടി മുന്നില്‍ക്കണ്ട് കൂത്താട്ടുകുളത്തിന്റെ പഴയകാല പ്രതാപം തിരികെ കൊണ്ടുവരാനുള്ള വിപുലമായ ക്രമീകരണങ്ങളാണ് നഗരസഭ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
Tags : Koothattukulam Cattle Market Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash