വി.കെ. ശ്രീകണ്ഠൻ എംപി, ഇ.എൻ. സുരേഷ് ബാബു
പാലക്കാട്: റെയിൽവേ വിഭജനത്തിനെതിരായ പ്രതിഷേധത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവും വി.കെ. ശ്രീകണ്ഠൻ എംപിയും തമ്മിൽ വാക്പോര്. ബിജെപിക്കെതിരെ പ്രതിഷേധിക്കാൻ ധൈര്യമുണ്ടെങ്കിൽ ശ്രീകണ്ഠൻ അനിശ്ചിതകാല നിരാഹാര സമരം നടത്തണമെന്നായിരുന്നു സുരേഷ് ബാബുവിന്റെ വെല്ലുവിളി.
ഇതിന് മറുപടിയുമായി ശ്രീകണ്ഠനും രംഗത്തെത്തി. ആണത്തമുണ്ടെങ്കിൽ ബിജെപിക്കെതിരെ പ്രതിഷേധം ഉയർത്തൂ എന്നായിരുന്നു എംപിയുടെ തിരിച്ചടി. എംപിയെ അധിക്ഷേപിക്കുന്നതിന് പകരം ബിജെപിക്കെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്നും ശ്രീകണ്ഠൻ പറഞ്ഞു. ബിജെപിയെ ഭയന്നാണ് സിപിഎമ്മിന്റെ രാഷ്ട്രീയ പ്രവർത്തനമെന്നും അദ്ദേഹം ആരോപിച്ചു.
ഇതോടെ റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരായ പ്രതിഷേധം പാലക്കാട് രാഷ്ട്രീയ വാക്പോരിനും വേദിയായി. അതേസമയം പാലക്കാട് ഡിആർഎം ഓഫീസിലേക്ക് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും നടത്തിയ പ്രതിഷേധ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. ഒലവക്കോട് ഡിആർഎം ഓഫീസിന്റെ ഗേറ്റുകൾ ഉപരോധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസിന്റെ പ്രതിരോധം തകർത്ത് കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Tags : Palakkad Railway Division Railway Division CPM CPMKerala E.N.SureshBabu