ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ ഓണോഘോഷത്തിനിടെ
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ഒന്നാംപ്രതി നിതിൻ രാജ്, പതിനാറാം പ്രതി ഐ.പി. ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സന്തോഷ് കുമാർ മുഖേനയാണ് അപേക്ഷ നൽകിയത്.
തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പ്രതികൾ പങ്കെടുത്തതും അവിടെ വെച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതുമാണ് വിവാദമായത്.ജാമ്യവ്യവസ്ഥകളുടെ ഭാഗമായി ഒപ്പിടാൻ സ്റ്റേഷനിലെത്തിയ പ്രതികൾ, നിർദിഷ്ട സമയപരിധി ലംഘിച്ച് അധികനേരം അവിടെ തുടരുകയും ഓണാഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു.
സ്റ്റേഷനിലെ സാക്ഷികളെയോ അന്വേഷണ ഉദ്യോഗസ്ഥരെയോ സ്വാധീനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് കാണിക്കുന്നതിനായി പ്രതികൾ സ്റ്റേഷൻ പരിസരത്തെ ഊഞ്ഞാലാട്ടവും ആഘോഷങ്ങളും വീഡിയോ റീൽസുകളാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.
ഒപ്പിട്ടയുടൻ പ്രതികളെ വേഗത്തിൽ അവിടെനിന്ന് ഒഴിവാക്കുന്നതിന് പകരം ആഘോഷങ്ങളുടെ ഭാഗമാകാൻ അനുവദിച്ചത് പോലീസുകാരുടെ ഗുരുതരമായ വീഴ്ചയാണെന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ഭാഗത്തുനിന്നാണ് പ്രധാന വീഴ്ച സംഭവിച്ചതെന്നാണ് കണ്ടെത്തൽ.
സംഭവത്തിൽ ആഭ്യന്തര അന്വേഷണം ശക്തമാക്കിയതോടൊപ്പം, വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
Tags : EDAttackCase BailCancellation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash