നിതിൻ രാജ്, ഡോ. എം.കെ.റാം.
കണ്ണൂർ: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം.കെ.റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീർ കല്ലനെ സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സസ്പെൻഷൻ. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുധീർ കല്ലൻ സർവീസിൽ തുടരുന്നത് ആഭ്യന്തരവകുപ്പിന്റെ സമ്പൂർണ പരാജയമാണെന്ന് ജസ്റ്റീസ് എ. ബദറുദ്ദീൻ നേരത്തെ വിമർശിച്ചിരുന്നു. ഡോ. എം.കെ. റാമിനെ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്തതിനെതിരേ മാതാപിതാക്കൾ നൽകിയ ഉപഹർജി പരിഗണിക്കവെയാണ് കോടതി ഡിവൈഎസ്പിയുടെ സർവീസ് സംബന്ധിച്ച് ചോദിച്ചത്.
ഉദ്യോഗസ്ഥൻ ഇപ്പോഴും സർവീസിൽ തുടരുകയാണെന്ന് അറിയിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം. സുപ്രീംകോടതി നിർദേശിച്ച ഗ്രൗണ്ട് ഓഫ് അറസ്റ്റിലുണ്ടായ പിഴവുകളെ തുടർന്നാണ് ഡോ. റാമിനെ ആദ്യം അറസ്റ്റ് ചെയ്തപ്പോൾ വിട്ടയച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പാലിച്ച് പോലീസ് വീണ്ടും അറസ്റ്റ് ചെയ്ത ഡോ. റാം നിലവിൽ റിമാൻഡിലാണ്.
കേസിൽ ഡിവൈഎസ്പിയെ ഹൈക്കോടതി നേരത്തെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തിരുന്നു. അറസ്റ്റിലെ വീഴ്ച ആഭ്യന്തരവകുപ്പിനും ക്രൈംബ്രാഞ്ചിനും വലിയ തിരിച്ചടിയായതിനെ തുടർന്ന് അന്വേഷണസംഘത്തെയും മാറ്റിയിരുന്നു.
Tags : SudheerKallan Dysp Suspension Kannur NithinRaj DentalCollege