ചിത്രത്തിന്റെ പോസ്റ്റർ
ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.
തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്റർടൈനറാണ്.
മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

നിവിന്റെ സിഗ്നേച്ചർ ചിരിയും കണ്ണിറുക്കലുമൊക്കെ കാണുമ്പോൾ തന്നെ പ്രേക്ഷകരുടെ മനസ് നിറയും. ഒപ്പം ആഷ്ലിയായെത്തി മമിതയും ആരാധകരുടെ ഹൃദയം കവർന്നിട്ടുണ്ട്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഓരോ താരവും തങ്ങൾക്ക് ലഭിച്ച വേഷങ്ങൾ അങ്ങേയറ്റം ആത്മവിശ്വാസത്തോടെയും മികച്ച രീതിയിലും അവതരിപ്പിച്ച് കൈയടി നേടിയിട്ടുണ്ട്. സുരേഷ് കൃഷ്ണയുടെ അസാധ്യകോമഡിയും കൗണ്ടറും എടുത്തു പറയേണ്ടതാണ്.

ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നെഴുതിയ തിരക്കഥയും ചിത്രത്തിന്റെ കോമഡി ടൈമിംഗുമാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. സാധാരണക്കാരന് വളരെ പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റുന്ന രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.
വിഷ്ണു വിജയിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡിനെ കൃത്യമായി പിന്തുണയ്ക്കുമ്പോൾ, അജ്മൽ സാബുവിന്റെ കാമറക്കണ്ണിലൂടെയെത്തിയ ദൃശ്യങ്ങളും ആകാശ് ജോസഫ് വർഗീസിന്റെ എഡിറ്റിംഗും സിനിമയെ കൂടുതൽ മികവുറ്റതാക്കുന്നു.
ചിത്രത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോൾ തന്നെ തിയേറ്ററിലുള്ളവരുടെ മുഴുവൻ കൈയടിയും നേടാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. രണ്ടാം പകുതിയിൽ ചെറിയ രീതിയിൽ വേഗത കുറയുന്നുണ്ടെങ്കിലും, യാതൊരു മടുപ്പുമില്ലാതെ കുടുംബത്തോടൊപ്പം ആസ്വദിച്ച് തിയേറ്ററിൽ നിന്നും പുറത്തിറങ്ങാമെന്നത് ഉറപ്പാണ്. തികച്ചും ഒരു ക്ലീൻ ഫാമിലി കോമഡി എന്റർടൈനർ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി തിരഞ്ഞെടുക്കാവുന്ന മികച്ചൊരു ദൃശ്യവിരുന്നാണ് ബത്ലഹേം കുടുംബയൂണിറ്റ്.
Tags : BethlehemKudumbaUnit bku nivin pauly mamitha baiju gireesh AD fahad fazil review